ജൂഡിന്റെ പ്രേരണ പികു... തൃഷയുടെ ഡബ്ബിംഗ് പാളി: ശ്യാമപ്രസാദ്

Posted by Online Desk, 24 Feb, 2018

താരങ്ങളെ താരപ്പകിട്ടില്ലാതെ അഭിനേതാക്കളായും കഥാപാത്രങ്ങളായും പ്രേക്ഷകര്‍ക്കിഷ്ടമാകും വിധത്തില്‍ പരുവപ്പെടുത്തിയപ്പോള്‍ ഹേയ് ജൂഡ് ശ്യാമപ്രസാദ് എന്ന സംവിധായകന്റെ പ്രതിഭ പതിഞ്ഞ ചലച്ചിത്ര കാവ്യമായി. ജൂഡിന്റെയും ക്രിസ്റ്റലിന്റെയും അതി സങ്കീര്‍ണ്ണമായ മാനസികാവസ്ഥയും ജീവിതാവസ്ഥയും കലര്‍ത്തിയ ഫീല്‍ ഗുഡ് എന്റര്‍ടൈനര്‍. അപ്രതീക്ഷിതമായതൊന്നുമില്ലെങ്കിലും പ്രണയവും വിരഹവും നിരാശയും കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പവും ഹേയ് ജൂഡിനെ വേറിട്ട സിനിമയാക്കുന്നു.

താരമെന്ന ഭാരം ചുമക്കാതെ തന്നിലെ നടന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുവാന്‍ നിവിന്‍ പോളിയിലെ നടന് ഇടമനുവദിക്കുകയായിരുന്നു ജൂഡിലൂടെ ശ്യാമ പ്രസാദ്. തൃഷയും സിദ്ദിഖും നീനാ കുറുപ്പും ഉഷയും വിജയ് മേനോനും തങ്ങളുടെ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി സിനിമയോടൊപ്പം നിന്നു. അവരും അഭിനേതാക്കളും ഈ വിജയത്തില്‍ അഭിനന്ദനമര്‍ഹിക്കുന്നു. മികച്ച അഭിപ്രായം നേടി ഹേയ് ജൂഡ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ശ്യാമ പ്രസാദ് സംസാരിക്കുന്നു.....


എല്ലായിടത്തു നിന്നും ഹേയ് ജൂഡിന് നല്ല അഭിപ്രായങ്ങള്‍ ലഭിക്കുന്നു. ആരും മോശം എന്നു പറയുന്നില്ല. പക്ഷേ പൊതുവായി പലരും പങ്കു വച്ച ഒരു സംശയം ശ്യാമ പ്രസാദ് ട്രാക്ക് മാറിയോ എന്നതാണ്?

എന്റെ സിനിമകളെ കുറച്ചു കൂടി സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ പ്രസ്താവന ഒരു ലളിതവത്കരണമാണെന്ന് മനസ്സിലാക്കാം. ഓരോ സിനിമയിലും ഓരോ വഴിയിലൂടെയാണ് ഞാന്‍ സഞ്ചരിച്ചത്. അഗ്‌നിസാക്ഷി പോലെയല്ല ഒരേ കടല്‍. അതല്ല ഋതുവും ആര്‍ട്ടിസ്റ്റും. ഓരോന്നിനും ഓരോരോ യോണറനുസരിച്ചുള്ള ചെറിയ ചെറിയ വ്യത്യാസങ്ങളുണ്ട്. ഇത്തരം വ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരു പ്രേക്ഷകനോ വിമര്‍ശകനോ അത് മനസ്സിലാകും. അല്ലത്തവരാണ് മറിച്ച് പറയുന്നത്. ഞാനെന്തായാലും കരുതിക്കൂട്ടി ഒരു മാറ്റം വരുത്താന്‍ ശ്രമിച്ചിട്ടില്ള. ഹേയ് ജൂഡ് വളരെ ഇരുണ്ട ഒരു ആശയമാണ്. അത് ദൈന്യതയോടെ ദീനമായ സ്വരത്തില്‍ പറയുന്നത് ഗുണകരമല്ല. സിനിമ ഉദ്ദേശിക്കുന്ന തരത്തില്‍ ആളുകളിലേക്കെത്തില്ല. മറ്റൊരു രീതില്‍ കഥ പറയണം എന്നുണ്ടായിരുന്നു. അങ്ങനെ അവതരിപ്പിച്ചാലേ ജീവിതത്തിന്റെ വൈവിധ്യത്തെക്കുറിച്ചും രസങ്ങളെക്കുറിച്ചും പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ പറ്റൂ.

ഹേയ് ജൂഡില്‍ ഹാസ്യത്തിന് കുറച്ച് കൂടി പ്രാധാന്യം നല്‍കിയതായി തോന്നുന്നു?

അതെ. സിനിമ മൊത്തത്തില്‍ ലളിതമാണ്. പക്ഷേ ഹാസ്യത്തിനു വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. കഥാപാത്രങ്ങളുടെ വൈവിധ്യവും കിറുക്കുകളും അവരെ ഒരേ സമയം രസികരും ദുരന്ത കഥാപാത്രങ്ങളുമാക്കുന്നു.

ഇത്രയും ഗൗരവമുള്ള ഒരു കഥ ഫീല്‍ ഗുഡ് സിനിമയാക്കി അവതരിപ്പിക്കുകയെന്നാല്‍ വലിയ വെല്ലുവിളിയല്ലേ ?

ഹേയ് ജൂഡ് ചെയ്യാന്‍ എനിക്ക് പ്രേരണയായ സിനിമ സുധീപ് ചാറ്റര്‍ജിയുടെ പികുവാണ്. അത് കണ്ടവര്‍ക്ക് മനസ്സിലാകും അതിന്റെ ആശയം വളരെ ഇരുണ്ടതാണ്. പ്രായാധിക്യത്തിന്റെയും മരണത്തെയും ജീവിതത്തെയും മുഖാമുഖം കാണുന്നതിന്റെയും ഏകാന്തതയുടെയും പ്രശ്നങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. പക്ഷേ അത് വളരെ ലളിതവും രസകരവുമായാണ് അവതരിപ്പിച്ചിരിക്കുന്നത്. അതെനിക്ക് പ്രേരണയും മാതൃകയുമായി. ഇത്തരം കാര്യങ്ങള്‍ ഇങ്ങനെയും പറയാം എന്നു തോന്നി. എനിക്കത് വലിയ വെല്ലുവിളിയായിരുന്നില്ല. നല്ല അഭിനേതാക്കളെ കിട്ടിയാല്‍ കഥാപാത്രങ്ങളെ കോമാളികളാക്കാതെ പ്രേക്ഷകരുടെ അനുകമ്പ ലഭിക്കും വിധത്തില്‍ പരുവപ്പെടുത്തിയെടുക്കാമെന്ന ഉറപ്പുണ്ടായിരുന്നു.

നിവിന്‍ പോളിയിലെ മികച്ച നടനെ ആദ്യമായി വെളിപ്പെടുത്തിയ സിനിമയാണ് ഹേയ് ജൂഡ്. എങ്ങനെയാണ് ജൂഡ് എന്ന കഥാപാത്രം നിവിനിലേക്കെത്തുന്നത്?

തിരുവനന്തപുരം കോവളത്തെ ബീറ്റില്‍സ് കഫേയില്‍ ഞാന്‍ സ്ഥിരം സന്ദര്‍ശകനാണ്. അവിടെ വച്ചു കണ്ട ഒന്നു രണ്ടു ചെറുപ്പക്കാരുടെ മാതൃകയിലാണ് ജൂഡ് എന്ന കഥാപാത്രം സൃഷ്ടിക്കപ്പെട്ടത്. ഏകാനും അന്തര്‍മുഖനുമായ ഒരു യുവ സംഗീതകാരന്‍ അവിടെ അലഞ്ഞു നടക്കുന്നുണ്ടാകും. അതില്‍ നിന്നും ലോണ്‍ലി മാഡ് യംഗ് മാന്‍ എന്ന ചിന്തയുണ്ടായി. അന്നു മുതലേ ഹേയ് ജൂഡ് എന്ന ബീറ്റില്‍സ് ഗാനത്തിലെ വരികള്‍ ഈ സിനിമയുടെ പേരാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിനിടെ നിവിനുമായുള്ള സംസാരത്തില്‍ ഞാന്‍ ചെയ്യുന്ന അടുത്ത സിനിമയുടെ കഥയെന്ന തരത്തില്‍ ഈ ആശയം പറഞ്ഞു. കേട്ടപ്പോള്‍ തന്നെ നിവിന്‍ ആവേശത്തിലായി. ചെയ്യാം എന്നു സമ്മതിച്ചു.

തൃഷ വേണമായിരുന്നോ എന്നൊരു ചോദ്യം കേട്ടു. ചിലര്‍ അതിനെ മിസ് കാസ്റ്റിംഗ് എന്നും വിശേഷിപ്പിച്ചു?

അങ്ങിനെയൊരു ചോദ്യം ചോദിക്കാം. കേരളത്തിന് വെളിയില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടി എന്ന ചിന്തയില്‍ വിശാലമായ തിരഞ്ഞെടുപ്പിനുള്ള അവസരമുണ്ടായി. എങ്കില്‍ വിപണി സാധ്യതയുള്ള ആളായിക്കോട്ടേയെന്നും കരുതി. തൃഷയുടെ അഭിനയമല്ല പ്രശ്നം. മറ്റെല്ലാ കഥാപാത്രങ്ങളും സ്വാഭാവികമായി സംസാരിച്ചപ്പോള്‍ തൃഷയുടെ ശബ്ദം മാത്രം കടം വാങ്ങേണ്ടി വന്നു. അത്തരമൊരു കൃത്രിമത്വം സിനിമയിലുണ്ടെന്നത് ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ അത് നിവൃത്തി കേടുകൊണ്ട് സംഭവിച്ചതാണ്. തൃഷ മലയാളി പശ്ചാത്തലമുള്ള ആളാണെങ്കിലും മലയാളം തീരെ സംസാരിക്കാനറിയില്ല. ഒരുപാട് ശ്രമിച്ചിട്ടും അവരുടെ അഭിനയത്തിന് അത് പ്രശ്നമായി മാറിയപ്പോള്‍ ഡബ്ബ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഥാപാത്രത്തിന്റെ സാന്നിധ്യത്തിലും ഊര്‍ജ്ജത്തിലും പെരുമാറ്റത്തിലും തൃഷ അനുയോജ്യയായിരുന്നു.

വിജയ് മേനോനാണ് വിസ്മയിപ്പിച്ച മറ്റൊരാള്‍. പകരക്കാരനായി വന്ന് ആ കഥാപാത്രം അദ്ദേഹം തന്റേതാക്കി മാറ്റി?

വിജയ് മേനോന്‍ നല്ല നടനാണ്. ഞാന്‍ നേരത്തേ തന്നെ അദ്ദേഹത്തെ ശ്രദ്ധിച്ചിട്ടുണ്ട്. ഒരുമിച്ച് ജോലി ചെയ്യണമെന്നുണ്ടായിരുന്നു. ഇതു പക്ഷേ അപ്രതീക്ഷിതമായിരുന്നു. പ്രതാപ് പോത്തന്‍ അവതരിപ്പിക്കേണ്ട കഥാപാത്രമായിരുന്നു. അദ്ദേഹത്തിന് അസുഖം കാരണം ലൊക്കേഷനില്‍ നിന്നും പോകേണ്ടി വന്നപ്പോള്‍ അവസാന നിമിഷം വിജയ് മേനോനെ വിളിക്കുകയായിരുന്നു. അഭിനേതാക്കളെ നമ്മള്‍ എങ്ങനെ കഥാപാത്രത്തിലേക്ക് ബന്ധപ്പെടുത്തുന്നു എന്നതാണ് പ്രധാനം. വിജയ് ആയതു കൊണ്ട് വേറെയും ഒരുപാട് ഗുണങ്ങളുണ്ടായി. ഒരു സംഗീത കുടുംബത്തിന്റെ കഥയാണല്ലോ സിനിമയില്‍ പറയുന്നത്. വിജയ് ശാസ്ത്രീയമായി ഗിറ്റാര്‍ പഠിച്ച, പാടാന്‍ കഴിവുള്ള ആളാണ്. സിനിമയുടെ സംസ്‌ക്കാരവുമായി വിജയ് നന്നായി ചേര്‍ന്നു നിന്നു.

അടുത്ത കാലത്തായി പ്രേക്ഷകരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് സിനിമകളുടെ അവതരണം കൂടുതല്‍ ലളിതമാക്കുന്നുണ്ടോ?

അങ്ങനെയൊന്നുമല്ല. ഈ കഥ പറയാന്‍ ഈ രീതി സ്വീകരിച്ചു എന്നേയുള്ളു. അല്ലാതെ ഇനിയുള്ള എല്ലാ സിനിമയും ഞാന്‍ ഇങ്ങനെയാകും ചെയ്യുക എന്ന ഒരു ധാരണയും വേണ്ട. ഒരു പക്ഷേ ഇതേ പോലെ ഒരു സര്‍പ്രൈസാകും അടുത്ത സിനിമയും.

പുതിയ സിനിമ?

എഴുതിക്കഴിഞ്ഞു. പറയാറായിട്ടില്ല.

ഹേയ് ജൂഡ് തിയേറ്ററില്‍ കണ്ടോ?

പൂര്‍ണ്ണമായും കണ്ടില്ല. അവിടെയും ഇവിടെയുമായി കുറച്ചൊക്കെ കണ്ടു. എനിക്ക് പൊതുവേ ആദ്യ ദിവസങ്ങളില്‍ സിനിമ കാണാന്‍ ബുദ്ധിമുട്ടാണ്. ആളുകള്‍ ചുമയ്ക്കുമ്പോഴും ഇടയ്ക്ക് ഇറങ്ങി പോകുമ്പോഴും കയറി വരുമ്പോഴും വലിയ അസ്വസ്ഥതയാണ്. അതു കൂടെയുള്ളവരെ ബാധിക്കണ്ട എന്നു കരുതി പരമാവധി മാറി നില്‍ക്കും.

ഇത്തരമൊരു നല്ല സിനിമയോടൊപ്പം നില്‍ക്കുന്ന നിര്‍മ്മാതാവും അതിന്റെ വിജയത്തില്‍ പ്രധാന പങ്കാളിയാണല്ലോ?

തീര്‍ച്ചയായും. നിര്‍മ്മാതാവെന്ന നിലയില്‍ അനില്‍ അമ്പലക്കരയുടെ പിന്തുണ എടുത്തു പറയണം. നാല് ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്. ക്ലൈമാക്സ് ആദ്യം ചിത്രീകരിച്ചത് എനിക്ക് തൃപ്തിയാകാതെ വീണ്ടും ചിത്രീകരിച്ചു. അപ്പോഴൊക്കെ അദ്ദേഹം ഒപ്പം നിന്നു. ഒരു നല്ല സിനിമയ്ക്കായുള്ള ശ്രമത്തില്‍ മികച്ച നിര്‍മ്മാതാവും പ്രധാന ഘടകമാണ്.

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram