തിലകന്‍ ബാക്കിവെച്ച കഥാപാത്രങ്ങള്‍ എനിക്ക് തൊടാന്‍ പറ്റില്ല... പേടി കൂടും: മനസ്സു തുറന്ന് ഇന്ദ്രന്‍സ്

Posted by Farsana Jaleel, 14 Mar, 2018

 

37 വര്‍ഷത്തെ അഭിനയ ജീവിതം....500ല്‍ പരം സിനിമകള്‍... വസ്ത്രാലങ്കാരത്തില്‍ തുടങ്ങി ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ മുഖം കാണിച്ച് ജനശ്രദ്ധ നേടി ഒടുവില്‍ പ്രേക്ഷകശ്രദ്ധ നേടി മികച്ച നടനായി മാറിയിരിക്കുകയാണ് ഇന്ദ്രന്‍സ്. നിരവധി കഥാപാത്രങ്ങളിലൂടെ കഴിവു തെളിയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഇന്ദ്രന്‍സ് വര്‍ഷങ്ങളേറെയായി വെള്ളിത്തിരയില്‍ സജീവമായിരുന്നെങ്കിലും പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് അന്യമായിരുന്നു. 37 വര്‍ഷമെടുത്തു ഈയൊരു അംഗീകാരത്തിനായി.

 

ഇന്ദ്രന്‍സിനെ എല്ലാവര്‍ക്കും സുപരിചിതം. പക്ഷേ കൊച്ചുവേലു സുരേന്ദ്രനെ അധികമാര്‍ക്കും അറിയില്ല. കൊച്ചുവേലു സുരേന്ദ്രനായി വസ്ത്രാലങ്കാരത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരജാഡകളൊന്നുമില്ലാത്ത സാധുവായൊരു മനുഷ്യനാണ് ഇന്നും ഈ പുരസ്‌കാര ജേതാവായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോഴും ഇന്ദ്രന്‍സ്. മികച്ച നടന്റെ അഭിമുഖങ്ങള്‍ക്കും മറ്റുമായി കുമാരപുരത്തെ ഇന്ദ്രന്‍സിന്റെ വീട്ടിലെത്തുന്ന മാധ്യമപ്രവര്‍ത്തകരോടും മറ്റും മികച്ച നടന്റെ തലക്കനമോ താരജാഡയോ ഒന്നും തന്നെയില്ലാതെ നിറഞ്ഞ മനസ്സോടെ പുഞ്ചിരിച്ച് ഹസ്തദാനവും നല്‍കി അകത്തേയ്ക്ക് ക്ഷണിച്ചിരുത്താനും ചെറിയ ശരീരമുള്ള വലിയ മനസ്സിനുടമയായ ഇന്ദ്രന്‍സിന് മടിയില്ല. തീര്‍ന്നില്ല സല്‍ക്കാരം. അവാര്‍ഡിന്റെ തിളക്കത്തില്‍ അകത്തേയ്ക്ക് ക്ഷണിച്ചിരുത്തിയവര്‍ക്ക് ചായയും പായിസവും മധുരവുമായി ഭാര്യയുമെത്തും.....

പുരസ്‌കാര ജേതാവാണെങ്കിലും ഇന്നും ഇന്ദ്രന്‍സിന് തിലകന്റെ കഥാപാത്രങ്ങളെ പേടിയാണ്. തിലകന്‍ ബാക്കിവെച്ച കഥാപാത്രങ്ങള്‍ താങ്കള്‍ ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. വെള്ളിനക്ഷത്രം ഓണ്‍ലൈനിനോട് പുരസ്‌കാര വിശേഷങ്ങള്‍ പങ്കുവെച്ച് ഇന്ദ്രന്‍സ്.

 അവാര്‍ഡ് കിട്ടിയതിന്റെ സന്തോഷത്തിലാണല്ലോ.... ഈ അവസരത്തില്‍ എന്താണ് പറയാനുള്ളത്?

എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. അവാര്‍ഡ് കിട്ടിയതിന്റെ സന്തോഷത്തില്‍ ഒന്നും ഇങ്ങോട്ടു വരുന്നില്ല. നല്ല സന്തോഷമുണ്ട്.... വെറുതെയൊന്നും കിട്ടുന്നതല്ലല്ലോ... സര്‍ക്കാര്‍ ജനങ്ങളെയൊക്കെ ചേര്‍ത്തുവെച്ച് നമ്മുക്ക് തരുന്നതല്ലേ... അതുകൊണ്ട് കുറച്ചു കൂടി ഉത്തരവാദിത്വം, കുറച്ചുകൂടി ശ്രദ്ധയൊക്കെ വേണമെന്നൊരു ബോധ്യം.

സൂപ്പര്‍താരങ്ങളൊക്കെ വിളിച്ച് അഭിനന്ദിച്ചിരുന്നോ?

മമ്മൂക്ക, ലാല്‍ സാര്‍, സുരേഷ് ഗോപി സാര്‍, പൃഥ്വിരാജ് തുടങ്ങീ യുവ താരങ്ങള്‍ ഉള്‍പ്പെടെ മലയാള സിനിമയിലെ ഒട്ടുമിക്ക്യപ്പേരും വിളിച്ചിരുന്നു.

ഈ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ?

അങ്ങനെയൊന്നുമില്ല.. എപ്പോഴെങ്കിലും കിട്ടും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. ഇപ്രാവശ്യം അങ്ങനെയൊന്നും അറിയാന്‍ പറ്റിയില്ലായിരുന്നു. സൂചന പോലും കിട്ടിയില്ലായിരുന്നു.....

ഇതൊരു തുടക്കം മാത്രമായാണോ...?

ഞാന്‍ തുടങ്ങിയിട്ടേ എന്നുള്ളത് കൊണ്ട് അങ്ങനെ കരുതുന്നുള്ളൂ........ ഞാനിത് കുറേ നേരത്തെ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമയുടെ ഒരു നല്ലപേര്...സിനിമയുടെ ആരോഗ്യപരമായ അല്ലെങ്കില്‍ സിനിമയെ കുറിച്ച് അറിയാനോ പഠിക്കാനോ അന്വേഷിക്കാനോ ശ്രമിക്കുവാണെങ്കില്‍ അക്കൂട്ടത്തില്‍ പരതിയാല്‍ ഞങ്ങളെയൊന്നും കണ്ടു പിടിക്കാന്‍ പറ്റാതെയായി പോകും. കാരണം ഇതുവരെയും നമ്മള്‍ അങ്ങനെയൊന്ന് അടയാളപ്പെടുത്തിയിട്ടില്ല. സിനിമയ്ക്ക് നല്ലൊരു അഭിനയം നല്ലൊരു വിഷയത്തില്‍ നല്ല ആളുകളുമായി ഇതുവരെയും സഹകരിച്ചിട്ടില്ല. ഇതുവരെ അങ്ങനെ വന്നു, ഇനി എനിക്ക് തുടങ്ങണം. അതുകൊണ്ട് ഞാന്‍ തുടക്കക്കാരനെന്ന് പറയുന്നു, സിനിമയുടെ നല്ല വശത്തേയ്ക്ക് ആത്മാര്‍ത്ഥമായൊരു തുടക്കം....

 

 

ആളൊരുക്കത്തില്‍ ഒരു ഓട്ടന്‍ത്തുള്ളല്‍ കാരനായാണല്ലോ വേഷമിടുന്നത്....അതിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാമോ?

ഓട്ടന്‍ത്തുള്ളല്‍ കലാകാരനാണെങ്കിലും അങ്ങനെ ഒരുപാട് ആടുന്നൊന്നുമില്ല സിനിമയില്‍. ആടുന്നുണ്ട്. അയാളുടെ ഓര്‍മ്മയില്‍ ഒരിക്കല്‍ മാത്രമെ ആടുന്നുള്ളു. അതും എന്നെപ്പോലൊരാള്‍ക്ക് സ്വായത്തമാക്കി എടുക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ടായിരുന്നു.. എങ്കിലും കലാമണ്ഡലത്തിലുള്ള കലാകാരന്‍മാരൊക്കെ വന്നു പഠിപ്പിച്ചു തന്നു. അത്യാവശ്യം പടത്തിന് വേണ്ടുന്നത്് ഞാന്‍ പഠിച്ചെടുത്തു. അവര്‍ വിചാരിച്ച കണക്ക് വന്നിട്ടുണ്ടാകില്ലെന്ന് ഉറപ്പായും അറിയാം. എന്നാല്‍ പോലും അങ്ങനെ ചെയ്‌തെടുത്തു. അല്ലാതെയൊരു ഓട്ടന്‍ത്തുള്ളന്‍ കാരന്റെ ബാക്കിയുള്ള ചേശ്ട്ടകളും ശ്ലോകവും കാര്യങ്ങളുമൊക്കെ പഠിക്കേണ്ടതായിട്ടുണ്ടായിരുന്നു.

ഇങ്ങനെയുള്ള കലാരൂപങ്ങളോട് താത്പര്യമുണ്ടോ..?

ഇത്തരത്തിലുള്ള കലാരൂപങ്ങളോടാണ് താത്പര്യം.

ഇങ്ങനൊരു അവസരം ആദ്യമായാണോ കിട്ടുന്നത്? ഇനി കിട്ടിയാലും ചെയ്യും?

ഒന്നും വയ്യാന്ന് പറയത്തില്ല...എനിക്കങ്ങനെ കിട്ടുന്നതും കുറവല്ലേ... എനിക്ക് കഴിയില്ലെങ്കില്‍ ഞാന്‍ മിണ്ടത്തില്ല.....എങ്കിലും ഞാന്‍ ശ്രമിക്കും.

1981ല്‍ ചൂതാട്ടം ആയിരുന്നല്ലോ ആദ്യ ചിത്രം. അന്ന് ആദ്യമായി ക്യാമറയ്ക്ക് മുമ്പില്‍ നില്‍ക്കുമ്പോഴും.....ഇന്ന് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോഴും എന്താണ് തോന്നുന്നത്?

ആദ്യം തുടങ്ങിയത് പോലെ തന്നെയാണ് ഇപ്പോഴും. എനിക്ക് പരിചയമുള്ളത് കൊണ്ട് ചില ലുക്കും കാര്യങ്ങളുമൊക്കെ ക്യാമറ ഇവിടെ ഇരിക്കുന്നുവെന്ന ബോധം ഇങ്ങനൊക്കെ ചെയ്യാമെന്നല്ലാതെ നമ്മുടെ ഓരോ ചലനവും എല്ലാവരും കാണുന്നു എല്ലാവരും ശ്രദ്ധിക്കുന്നു എന്നുള്ളൊരു വിഷയമുണ്ട്....അതൊരു തുടക്കക്കാരനെ പോലെ തന്നെയാണ് തോന്നുന്നത്.

അന്ന് ക്യാമറ കണ്ടപ്പോള്‍ പേടിയോ ആശങ്കയോ തോന്നിയിരുന്നോ?

ഇല്ല, അന്നത് തോന്നിയില്ല, കാരണം അന്ന് ആര്‍ത്തി മൂത്ത് നില്‍ക്കുവല്ലേ.. അന്നൊരു താങ്ങായിരുന്നു അത്. അന്ന് നമ്മള്‍ നാടകമൊക്കെ ചെയ്ത പരിചയം വെച്ചിട്ട് എന്റെ ഈ രൂപം കൂടി വെച്ചിട്ട് ഒരു ചാര്‍ത്തങ്ങ് ചാര്‍ത്തുക എന്നൊക്ക പറയുന്ന പോലെയാണ്. ബാക്കി വശങ്ങളൊന്നും അറിയില്ലല്ലോ....ഇത് അറിഞ്ഞറിഞ്ഞ് വരുമ്പോള്‍ നമ്മുക്ക് ക്യമാറയുടെ മുന്നില്‍ പേടി കൂടും.

ഇപ്പോള്‍ എന്താണ് തോന്നുന്നത്?

പേടിക്കണം. ജനമാണത്.....ക്യാമറയല്ല.. അതൊരു സമൂഹമാണ് എന്റെ മുന്നില്‍ നില്‍ക്കുന്നത്. ആരുടെ മുുന്നിലാണ് നില്‍ക്കുന്നത് എന്നുള്ളൊരു ബോധ്യമാണ്.

സിനിമയിലെത്തി 37 വര്‍ഷം പിന്നിടുമ്പോഴാണ് ഇത്തരത്തിലൊരു പുരസ്‌കാരം ലഭിക്കുന്നത്. ഇത്രയും നാള്‍ ഇത്തരത്തില്‍ നല്ലൊരും വേഷം ലഭിക്കാത്തത് കൊണ്ടാണ് പുരസ്‌കാരങ്ങള്‍ താങ്കളില്‍ നിന്നും അകലം പാലിച്ചതെന്ന് പറഞ്ഞാല്‍ ശരിയാണോ?

അതിന് യോഗ്യത നേടണ്ടേ.....? ഇപ്രാവശ്യം ഒത്തിരി പടങ്ങളുണ്ടായിരുന്നു. അതൊക്കെ ഇത്ര കൃത്യമായിട്ട് അളന്നു തൂക്കി ഇത്രയും പടത്തിലും എന്നെ പോലുള്ള കലാകാരന്‍മാരും എന്നെക്കാളും മികച്ച കലാകാരന്‍മാരുമൊക്കെ ഉണ്ടായിരുന്നു. അവരൊക്കെ മോശക്കാരയത് കൊണ്ടല്ല എനിക്ക് കിട്ടിയത്. ആ പടം യോഗ്യത നേടനം. ജൂറിയുടെ മുന്നില്‍ എത്താന്‍ ആ സിനിമ യോഗ്യത നേടണം. ഇല്ലെങ്കില്‍ അതില്‍ നിന്ന് അറിവുള്ളൊരു കലാകാരനായാലും അതയാള്‍ മറയത്ത് നിന്ന് ചെയ്യുന്നതിനെ തുല്യമേയാകൂ. അതുകൊണ്ട് പ്രൊജക്ട് ചെയ്ത് വരാന്‍ പാടായിരിക്കും. സിനിമ യോഗ്യത നേടുകയെന്നത് പ്രധാനമായിരിക്കും. ചിലരത് നോക്കില്ലായിരിക്കും.... പക്ഷേ ഞാനിപ്പോ മുന്നില്‍ വന്നത് അങ്ങനെ ക്വാളിറ്റിയുള്ളൊരു സിനിമയിലോ വിഷയത്തിലോ ചെയ്തതിന്റെ കൂട്ടത്തില്‍ പെട്ടു എന്നത് കൊണ്ടാണ് എനിക്കിത് കിട്ടിയത്.

ഇതിന് മുമ്പ് ഇതുപോലൊരു വേഷം കിട്ടിയിരുന്നെങ്കില്‍?

മുമ്പും എപ്പോഴെങ്കിലുമൊക്കെ വരും കിട്ടും... അങ്ങനെയീ മത്സരത്തില്‍ ഇത്തരത്തിലുള്ള കുറച്ചു സിനിമയില്‍ പെട്ടതും അങ്ങനെയൊരു ഗ്രൂപ്പില്‍ ചെയ്തത് കൊണ്ടാണ്.

ഈ സന്ദര്‍ഭത്തില്‍ തിലകന്‍ എന്ന മഹാനടന്‍ ജീവിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ?

അങ്ങനെ തോന്നിയിട്ട് കാര്യമില്ലല്ലോ.... ഭാഗ്യമുള്ളവരൊക്കെ നേരത്തെ നേരത്തെ അങ്ങോട്ടു പോയി. അവരൊക്കെ ഒരുപാട് അടയാളപ്പെടുത്തിയിട്ടുണ്ട്. അവരൊക്കെ എല്ലാക്കൊല്ലവും അവര്‍ ചെയ്ത കഥാപാത്രങ്ങളൊക്കെ എന്തോരം അതിശയിപ്പിക്കുന്നില്ലേ.. അതുപോലെ അവരങ്ങനെ ചെയ്തുവെച്ചു. നമ്മള്‍ അവരുടെ ചുവടുപിടിച്ചിട്ട് അവരെ ഓര്‍ക്കുന്നപോലെ ഇത്തിരിയെങ്കിലും അതിന്റെ അരിക് പിടിക്കാനെങ്കിലും കഴിഞ്ഞാല്‍ എന്നതാണ്.

തിലകന്‍ ബാക്കിവെച്ച കഥാപാത്രങ്ങള്‍ താങ്കള്‍ക്ക് ലഭിച്ചാല്‍ അത് ഏറ്റെടുക്കുമോ..?

അതങ്ങനെ സംഭവിക്കില്ല. ബാക്കി വെച്ചിട്ടുണ്ടെന്ന് പറായാനാകില്ല, ജെനറേഷന്‍ മാറുന്നു. കഥമാറുന്നു, കാലം മാറുന്നു എന്ന് പറയുന്ന പോലെ.. തിലകന്‍ ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ തിലകന്‍ ചേട്ടനെ നമ്മള്‍ കണ്ട ആ കഥാപാത്രങ്ങളൊക്കെ ഇപ്പോള്‍ അദ്ദേഹത്തെ തേടി വരണമെന്നില്ല. കാലം മാറുമ്പോള്‍ നമ്മുടെ മക്കളൊക്കെ പറയുന്നത് നമ്മുടെ കഥ ആയിരിക്കില്ല അവര്‍ പറുന്നത്. അന്നേരം ഈ കഥാപാത്രങ്ങളൊക്കെ മാറിക്കൊണ്ടിരിക്കില്ലേ....അതുകൊണ്ട് അങ്ങനെയൊരാള്‍ ബാക്കിവെച്ചെന്നോ അത് ഒരാള്‍ക്ക് കിട്ടുമെന്നോ കേള്‍ക്കുമ്പോള്‍ വല്ലാതെ തോന്നും. തിലകന്‍ ബാക്കിവെച്ച കഥാപാത്രങ്ങള്‍ എനിക്ക് കിട്ടുക എന്ന് പറയുമ്പോള്‍ പേടി കൂടും. തൊടാന്‍ പറ്റില്ല. തിലകന്‍ ചേട്ടനെ പോലെയാകണം. അതുപോലെ ചേഷ്ട്ടകളൊക്കെ പഠിക്കണം എന്നൊക്കെ നമ്മുക്ക് ആഗ്രഹിക്കാം. പക്ഷേ അതുപോലെയെന്ന് പറയുമ്പോള്‍ അതുപോലത്തൊരു ക്യാരക്ടറെന്ന് ആളുകള്‍ പറയുമ്പോള്‍ തന്നെ ഉള്ളിലൊരു കിടുങ്ങലുണ്ടാകും. പിന്നെ നമ്മുക്ക് മുന്നേറാന്‍ പറ്റാതായി പോകും എന്നൊരു പേടിയുണ്ടാകും. ഇവരെയൊക്കെ പഠിച്ചിട്ട് എനിക്ക് എന്റേതായിട്ടൊരെണ്ണം ചെയ്യാം. കാരണം എന്റെ ശരീര പ്രകൃതവും അവരുടെയൊക്കെ മുഖവും ശബ്ദവും ശരീരവും ഒന്നുമല്ല എനിക്ക്. അതുകൊണ്ടാണ് ഞാന്‍ ഞെട്ടുന്നത്.... അങ്ങനെ കേള്‍ക്കുമ്പോള്‍, എനിക്ക് എന്റേതായ പരിമിധികളില്‍ നിന്നുകൊണ്ട് എത്രത്തോളം അതിനെ മനോഹരമാക്കാമെന്നുള്ളൊരു ശ്രമവും പരിശീലനവുമൊക്കെയുണ്ടാകും.

2010ല്‍ സലിം കുമാര്‍, 2014ല്‍ സുരാജ് വെഞ്ഞാറമൂട്, 2016ല്‍ വിനായകന്‍, ഇപ്പോള്‍ താങ്കളും...ഈ പുരസ്‌കാര നിര്‍ണ്ണയത്തോട് എന്താണ് പറയാനുള്ളത്...?

എനിക്ക് കിട്ടിയതല്ലേ...അതുകൊണ്ടെനിക്ക് സന്തോഷമല്ലേ...എനിക്ക് ഇക്കൊല്ലം അങ്ങെയല്ല. കിട്ടിയാലും കിട്ടിയില്ലെങ്കിലും നമ്മളെ പോലുള്ള മനുഷ്യരാണ്. അവര്‍ അവരുടെ കാഴ്ച്ചപ്പാടില്‍ സിനിമ ചെയ്ത് സിനിമയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത വ്യക്തികളെയാണ് നിര്‍ണയിക്കുക. അതുകൊണ്ട് അവരെ ബഹുമാനിക്കുക. അവരുടെ തീരുമാനം നമ്മളെല്ലാവരും കൂടി തീരുമാനിക്കുമ്പോള്‍ അവര്‍ക്കൊരു വിലയുണ്ടാകൂ. അങ്ങനെ തന്നെയാണ് നമ്മള്‍ പൊയ്‌ക്കോണ്ടിരിക്കുന്നതും. പിന്നെ ഇടയ്ക്കിടയ്ക്ക് ചിലരൊക്കെ അഭിപ്രായം പറയുമെങ്കിലും അങ്ങനെ അതിക്ഷേപിക്കാറൊന്നുമില്ല. അതുകൊണ്ട് കിട്ടിയാലും അത് ജൂറിയുടെ തീരുമാനം. അത് നമ്മള്‍ അംഗീകരിക്കണം. അതില്‍ ചിലപ്പോള്‍ നമ്മള്‍ ചിന്തിക്കുന്നതാകില്ല അവരുടെ തീരുമാനം. ഓരോ കാലവും ജൂറി മാറി വരുമ്പോള്‍ അതിന് മാറ്റങ്ങള്‍ വരും.

പുതിയ സിനിമാ വിശേഷങ്ങള്‍?
കമമാരസംഭവം, വികടകുമാരന്‍ എന്നിവയാണ് പുതിയ ചിത്രങ്ങള്‍.

നടന്‍ അല്ലാത്ത ഇന്ദ്രന്‍സിനെ കുറിച്ച്?
ഭയങ്കര കള്ളനാണ് (പൊട്ടിച്ചിരി)

 

ഏതു തരത്തിലാണ് കള്ളന്‍?
(വീണ്ടും ചിരി) ഇങ്ങനെ നിങ്ങളുടെ മുന്നിലൊക്കെ മാറി മാറി വരുന്ന കാലഘട്ടവും സാഹചര്യവും ഒക്കെ ഒത്തൊപ്പിച്ച് കഴിഞ്ഞ് പോകാനുള്ളൊരു ശ്രമം നടത്തുന്നുണ്ട്. അങ്ങനെ സിനിമയിലിങ്ങനെ കണ്ണ് നട്ട് കാത്തിരിക്കുന്നൊരു കള്ളന്‍. ഒരു കള്ളന്‍ കൊച്ചാപ്പി.

വീട്ടിലെ ഇന്ദ്രന്‍സ് എങ്ങനെയാണ്?
എനിക്ക് ഭയങ്കര മതിപ്പായിരിക്കുമെന്നാണ് വിചാരം. ഞാന്‍ അറിയാതെ അവരോടു ചോദിച്ചാല്‍ അറിയാം.

ഇനിയൊരു അവാര്‍ഡ് പ്രതീക്ഷിക്കാമോ?
ഇതൊരു തുടക്കമല്ലേ ആയുള്ളൂ......അതുശരി......ഞാനിത് വെച്ച് മതിയാക്കി പോകുകയൊന്നുമില്ല.

 

loading...
NEW GEN

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.

Indian Consulate In Dubai Working To Bring Body Back

According To Sources In The Consulate, Forensic And Lab Reports Are Still Awaited Following Which The Process Of Repatriation Will Begin