എബ്രിഡ് ഷൈനിന്റെ കുങ്ഫു മാസ്റ്റര്‍ !!

Posted by ടി.എൽ.രാജേഷ് കുമാർ, 13 Jan, 2020

 



 

മലയാള സിനിമയിലെ ട്രെൻഡ് സെറ്ററുകളായ 1983 ആക്ഷൻ ഹീറോ ബിജു എന്നിവ ഒരുക്കിയ എബ്രിഡ് ഷൈൻ പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം സമ്മാനിക്കാൻ ഒരു മാര്‍ഷ്യല്‍ ആര്‍ട്‌സ് മൂവിയുമായി എത്തുന്നു കുങ്ഫൂ മാസ്റ്റര്‍. ഫൈറ്റും സീക്വന്‍സുകളുമെല്ലാം മാര്‍ഷ്യല്‍ ആര്‍ട്‌സ് ശൈലിയിൽ ആവിഷ്ക്കരിക്കുന്ന ഈ ചിത്രം കുങ്ഫു മാസ്റ്റേഴ്‌സിന്റെ കഥ പറയുന്നു.

'സിനിമയെപ്പറ്റി പ്രേക്ഷകര്‍ക്ക് കൃത്യമായ ധാരണ നല്‍കണം. അതിനാലാണ് കുങ്ഫു മാസ്റ്റര്‍ എന്ന് പേരുനല്‍കിയത്. റിയലിസ്റ്റിക് സ്വഭാവത്തിനുപരി ഒരു സിനിമാറ്റിക് ചിത്രമാണിത്. ഒരു ഫാമിലി ആക്ഷന്‍ ഡ്രാമ" സംവിധായകൻ എബ്രിഡ് ഷൈൻ പറഞ്ഞു. പുതു താരങ്ങളെ പ്രധാന വേഷങ്ങളിൽ അണിനിരത്തി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ എബ്രിഡ് ഷൈൻ വിശദീകരിക്കുന്നു:

 

ആക്ഷനില്‍ നിന്ന് കുങ്ഫുവിലേക്ക്

ആക്ഷന്‍ ഹിറോ ബിജുവിന്റെ ക്ലൈമാക്‌സില്‍ ഫൈറ്റുണ്ട്. അതിനായി, ഫൈറ്റേഴ്‌സിനെ കണ്ട് ഫൈറ്റ് ഡിസൈനിങ്ങിനെപ്പറ്റി അന്വേഷിച്ചു. നിവിന്‍ പോളിയെ തായ്‌കൊണ്ട പഠിപ്പിക്കാനായി മുംബയില്‍ നിന്ന് മാസ്റ്ററെ കൊണ്ടുവന്നു. വലിയ പരിശീലനത്തിനുള്ള സമയമുണ്ടായിരുന്നില്ലെങ്കിലും നിവിന്‍ അതിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിച്ചു. ആക്ഷന്‍ ഹീറോ ബിജുവിന്റെ ഫൈറ്റ് സീക്വന്‍സിനായുള്ള അന്വേഷണത്തില്‍ എന്നെ സഹായിച്ച ടീമിലെ മനു ഒരു മാര്‍ഷ്യല്‍ ആര്‍ട്‌സ് മാസ്റ്ററെ പരിചയപ്പെടുത്തി. അങ്ങനെയാണ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പശ്ചാത്തലത്തിലുള്ള സിനിമ ചെയ്യണം എന്ന ചിന്തയുണ്ടായത്. പിന്നീട് അതിന് ഒരു കഥ വികസിപ്പിച്ചെടുത്തു. പൂമരത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പാണിതെല്ലാം. അടുത്ത ചിത്രം ഇതാണെന്ന് പൂമരത്തിനു മുമ്പുതന്നെ തീരുമാനിച്ചതാണ്. പൂമരത്തിനൊപ്പം ഇതിന്റെ വര്‍ക്കുകളും നടക്കുന്നുണ്ടായിരുന്നു.

നീതാ പിള്ളയും തിയേറ്റർ ആർട്ടിസ്റ്റുകളും

നായികയായി ഒരാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുമ്പോഴാണ് പ്രധാന വേഷത്തില്‍ പൂമരത്തിലെ നായിക നീതാ പിള്ളയെത്തന്നെ ആലോചിച്ചത്. പൂമരത്തില്‍ നീത നന്നായി പെര്‍ഫോം ചെയ്യുന്നുമുണ്ട്. കഥാപാത്രത്തെപ്പറ്റി നീതയോട് പറഞ്ഞു. നീതക്കും താത്പര്യമായി. അങ്ങനെ പൂമരത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ നീത പുതിയ കഥാപാത്രത്തിനായുള്ള പരിശീലനം തുടങ്ങി. പൂമരം കഴിഞ്ഞ് പുതിയ ചിത്രത്തിനുള്ള പരിശീലനവും അന്വേഷണവുമായി മുന്നോട്ടുപോയി. തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ കഴിവുള്ളവരെയാണ് കുങ്ഫൂ മാസ്റ്ററിലെ കഥാപാത്രങ്ങള്‍ക്കായി തിരഞ്ഞെടുത്തത്. വെറുതെ തിരഞ്ഞെടുക്കുകയായിരുന്നില്ല. കഥാപാത്രങ്ങള്‍ക്കായി അനുയോജ്യമായവരെ തിരഞ്ഞെടുത്ത ശേഷം, അതില്‍ നിന്നു വീണ്ടും ഒരു തിരഞ്ഞെടുപ്പ് നടത്തിയതാണ്. അഭിനയശേഷിക്കൊപ്പം, മാര്‍ഷല്‍ ആര്‍ട്‌സില്‍ പരിശീലനം കിട്ടിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജാക്കി ചാനും പിന്നെ ബാബു ആന്റണിയും

ഞാന്‍ ആദ്യമായി കണ്ട ആക്ഷന്‍ ചിത്രങ്ങളിലൊന്നാണ് ജാക്കി ചാന്റെ വീല്‍സ് ഓണ്‍ മീല്‍സ്. നാട്ടിലെ ഒരു ചെറിയ തിയേറ്ററിലാണ് കണ്ടത്. ഏറെ ആവേശത്തോടെ കണ്ട സിനിമയാണിത്. അതിനുശേഷം നിരവധി ജാക്കി ചാന്‍ സിനിമകള്‍ കണ്ടു. മലയാളത്തില്‍ കണ്ട ആക്ഷന്‍ ജോണറിലുള്ള ചിത്രങ്ങള്‍ ബാബു ആന്റണിയുടേതാണ്. ബാബു ആന്റണിയുടെ ആദ്യ ചിത്രങ്ങളിലെ ആക്ഷന്‍ സീക്വന്‍സുകള്‍ ഏറെ ഇഷ്ടമായിരുന്നു. കുങ്ഫൂ മാസ്റ്റര്‍ ചെയ്യുന്നതിന്റെ മുന്നൊരുക്കമായി നിരവധി മാസ്റ്റേഴ്‌സുമായി സംസാരിച്ചു. പലതരം മാര്‍ഷ്യല്‍ ആര്‍ട്‌സിനെപ്പറ്റി വിശദമായി പഠിക്കാനും ശ്രമിച്ചു. മാര്‍ഷ്യല്‍ ആര്‍ട്‌സിനെ അടിസ്ഥാനമാക്കി വെറുതെ ഒരു സിനിമ ചെയ്യാന്‍ പറ്റില്ലല്ലോ! നല്ലൊരു കഥ വേണം. കഥാവികാസവും വൈകാരിക മുഹൂര്‍ത്തങ്ങളും വേണം. ചിത്രത്തിനായി അഞ്ചു കഥകള്‍ ആലോചിച്ചു. അതില്‍ നിന്ന് ഒരെണ്ണം തിരഞ്ഞെടുത്ത് തിരക്കഥ തയ്യാറാക്കി.

ആരെയും നിരാശരാക്കില്ല


ജാക്കി ചാന്‍, ജെറ്റ് ലി സിനിമകള്‍ ആസ്വദിക്കുന്നവരാണ് നമ്മള്‍. അവരുടേത് ഇന്റര്‍നാഷണല്‍ മൂവികളാണ്. വന്‍ ബജറ്റുള്ള, വലിയ സിനിമകള്‍. അത്തരമൊരു മുന്‍വിധിയോടെ കുങ്ഫൂ മാസ്റ്റര്‍ കാണാന്‍ വന്നാലും എനിക്ക് ഭയമില്ല. കാരണം ഒരു കുങ്ഫൂ മൂവി കാണാനുള്ള മാനസികാവസ്ഥയോടെയാണ് ഈ സിനിമ കാണാന്‍ തിയേറ്ററുകളില്‍ വരേണ്ടത്. ജാക്കി ചാന്‍, ജെറ്റ്ലി സിനിമകളിലേതുപോലുള്ള ആക്ഷന്‍ സീക്വന്‍സുകളാവില്ല കുങ്ഫൂ മാസ്റ്ററിലേത്. കാരണം അവരുടെ സിനിമകള്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് സീക്വന്‍സുകള്‍ക്കുവേണ്ടി മാത്രം എടുത്ത, അതിനു പ്രാധാന്യമുള്ള സിനിമകളുമാണ്. എന്നാല്‍, അത്തരം ആക്ഷന്‍ സീക്വന്‍സുകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവരെയും കുങ്ഫൂ മാസ്റ്റര്‍ നിരാശപ്പെടുത്തില്ല.

ഹിമാലയന്‍ താഴ്‌വരയില്‍

മാര്‍ഷ്യല്‍ ആര്‍ട്‌സ് സിനിമ ചെയ്യുമ്പോള്‍ ലൊക്കേഷനുകള്‍ പ്രധാനമാണ്. അതിന് വിശ്വസനീയമായ ഒരു കഥാപരിസരവും പശ്ചാത്തലവും വേണം. മാര്‍ഷ്യല്‍ ആര്‍ട്‌സ് വസ്ത്രം ധരിച്ച് കേരളത്തിലെ ഏതെങ്കിലും നാട്ടിന്‍പുറത്തുനിന്ന് ഫൈറ്റ് ചെയ്താല്‍ പരിഹാസ്യമാകും. സെറ്റിട്ടാല്‍ പോലും പ്രേക്ഷകര്‍ക്ക് വിശ്വസനീയമായി തോന്നില്ല. ഈ കഥ ആവശ്യപ്പെടുന്ന ഒരു പരിസരമുണ്ട്. അതിനാല്‍, ഫൈറ്റ് സീക്വന്‍സുകള്‍ ഹിമാലയന്‍ പശ്ചാത്തലത്തില്‍ വരണമെന്നു തോന്നി. ഹിമാലയന്‍ താഴ്‌വരയില്‍ ഫൈറ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ദൃശ്യഭംഗി ഗംഭീരമാണ്.
എന്റെ ആദ്യ ചിത്രം 1983, എന്റെ നാട്ടിലും പരിസരങ്ങളിലുമാണ് പകര്‍ത്തിയത്. എന്നാല്‍, ചിത്രത്തിലെ ക്രിക്കറ്റ് മാച്ച് പളനിക്ക് അടുത്താണ് ഷൂട്ട് ചെയ്തത്. കാരണം ഷൂട്ടിംഗിനായി ഇവിടെ ഞാന്‍ കണ്ട ഗ്രൗണ്ടുകളെല്ലാം വെള്ളപ്പൊക്കത്തില്‍ നശിച്ചിരുന്നു. അതുമാത്രമാണ് എന്റെ ചിത്രങ്ങളില്‍ കേരളത്തിനു പുറത്തുപോയി ഷൂട്ട് ചെയ്തിട്ടുള്ളത്. ആക്ഷന്‍ ഹീറോ ബിജുവിന്റെ തൊണ്ണൂറ് ശതമാനവും ഫോര്‍ട്ട് കൊച്ചിയിലാണ് ചിത്രീകരിച്ചത്. പൂമരത്തിന്റെ പ്രധാന ലൊക്കേഷന്‍ എറണാകുളമായിരുന്നു.
ആദ്യമായാണ് ഞാന്‍ ലൊക്കേഷനു വേണ്ടി കേരളത്തിനു പുറത്തുപോകുന്നത്. മറ്റു ചിത്രങ്ങളുടെ ഗാനചിത്രീകരണത്തിനു പോലും പുറത്തുപോയിട്ടില്ല. കഥ ആവശ്യപ്പെടുന്നതിനാലാണ് അങ്ങനെ ചെയ്തത്.

മകന്റെ ക്രിക്കറ്റില്‍ എന്റെ ആദ്യ സിനിമ

ആദ്യ സിനിമ ചെയ്യുമ്പോള്‍, ഞാന്‍ വായിച്ച പുസ്‌കങ്ങള്‍, പരിചയമുള്ള ആളുകള്‍, ജീവിതാനുഭവങ്ങള്‍, ഞാന്‍ കണ്ടതും കേട്ടതുമായ ജീവിതസന്ദര്‍ഭങ്ങള്‍ എന്നിവയില്‍ നിന്ന് കഥ കണ്ടെത്താനാണ് ശ്രമിച്ചത്. പിന്നെ ജീവിതത്തില്‍ എന്നെ വൈകാരികമായി സ്വാധീനിച്ചത് എന്താണെന്ന് ഞാന്‍ ആലോചിച്ചു. അപ്പോള്‍ ഞാന്‍ വനിതയുടെ ഫോട്ടോഗ്രാഫറാണ്. വൈകുന്നേരം ജോലി കഴിഞ്ഞ് എത്തുമ്പോള്‍ എന്റെ മോന്റെ കൂടെ ഞാന്‍ ക്രിക്കറ്റ് കളിക്കും. അവന് ബാറ്റും ബോളും പാഡും വാങ്ങി. മുറ്റത്ത് സിമന്റിട്ടു. ബോള്‍ ജനലിന്റെ ചില്ല് തകര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ വീട് വല കൊണ്ടുമൂടി. വീട്ടില്‍ വല ഉയര്‍ത്തി കയറേണ്ട അവസ്ഥ! അത്രയുണ്ട് ക്രിക്കറ്റ് ഭ്രാന്ത്. അപ്പോള്‍ ഞാന്‍ ആലോചിച്ചു, എനിക്ക് ഏറ്റവും സന്തോഷം തരുന്നത് എന്റെ മകന്‍ ക്രിക്കറ്റ് കളിക്കുന്നതാണ്. കുട്ടിക്കാലം മുതല്‍ കളിച്ചുവളര്‍ന്ന ക്രിക്കറ്റിനോടുള്ള എന്റെ ഇഷ്ടവും ആവേശവുമാണ് എന്റെ മകന്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ എനിക്കു കിട്ടുന്ന സന്തോഷത്തിനു കാരണം. ഈ ചിന്തയില്‍ നിന്നാണ് 1983 പിറന്നത്.
പതിനാറു വര്‍ഷത്തെ ഫോട്ടോഗ്രാഫി അനുഭവത്തില്‍ നിന്നു ലഭിച്ച വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ സ്‌കിലും എന്റെ കോമണ്‍സെന്‍സും ഞാന്‍ ഈ ചിത്രത്തില്‍ ഉപയോഗിച്ചു.

ഞാന്‍ കണ്ട പൊലീസ്

ആക്ഷന്‍ കോമഡി ചിത്രമായാണ് ആക്ഷന്‍ ഹീറോ ബിജു പ്ലാന്‍ ചെയ്തത്. നിവിന്‍ പറഞ്ഞിട്ടാണ് പൊലീസ് സിനിമ പ്ലാന്‍ ചെയ്തത്. സിനിമയ്ക്കുവേണ്ടി എഴുതാനിരുന്നപ്പോള്‍ എഴുതുന്നതെല്ലാം കണ്ട സിനിമകളുടെ ആവര്‍ത്തനം. എഴുതി എഴുതി കുറെ കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി, ഞാന്‍ ചെയ്യുന്നത് ശരിയായ കാര്യമല്ല. എനിക്ക് പൊലീസിനെപ്പറ്റി യാതൊരു അറിവും ഇല്ലാതെ ശുദ്ധ ബ്ലണ്ടറാണ് എഴുതുന്നത്. അങ്ങനെ സിനിമ ചെയ്യാന്‍ പാടില്ല. അതോടെ എഴുതിയ സ്‌ക്രിപ്ട് ഉപേക്ഷിച്ച് യഥാര്‍ത്ഥത്തില്‍ എന്താണ് പൊലീസ് എന്നറിയാന്‍ ശ്രമിച്ചു. അപ്പോഴാണ് ഞാന്‍ ശരിക്കും പൊലീസ് സ്റ്റേഷന്‍ നേരിട്ട് കാണുന്നത് തന്നെ. അവിടെ കണ്ട കാഴ്ചകള്‍ എന്നെ സംബന്ധിച്ചിടത്തോളം പുതിയതായിരുന്നു. അപ്പോള്‍ ഞാന്‍ ചിന്തിച്ചു, ഇതൊന്നും ഞാന്‍ സിനിമകളില്‍ കണ്ടിട്ടില്ലല്ലോ. പൊലീസ് സ്‌റ്റേഷനില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ ചേര്‍ത്തുവച്ചാണ് ഞാന്‍ ആ സിനിമ ചെയ്തത്.

പൂമരം വ്യത്യസ്ത അനുഭവം

പൂമരത്തില്‍ യൂത്ത് ഫെസ്റ്റിവല്‍ ക്രിയേറ്റ് ചെയ്തത് ഏറെ ബുദ്ധിമുട്ടിയാണ്. ഒരു ഫ്രെയിം വയ്ക്കുമ്പോള്‍ അതിനുള്ളില്‍ ആയിരക്കണക്കിനു കുട്ടികളാണ്. അവരുടെ പ്രസന്നമായ മുഖഭാവങ്ങള്‍ക്കിടയിലൂടെ കഥാപാത്രങ്ങളും കാമറയും കടന്നുപോകുക ഏറ്റവും പ്രയാസമായിരുന്നു. എന്റെ സിനിമകളില്‍ ഏറ്റവും ബുദ്ധിമുട്ടിയത് പൂമരത്തിനാണ്. വ്യത്യസ്ത അനുഭവമായിരുന്നു അത്.

വായനയില്‍ മുങ്ങിയ കുട്ടിക്കാലം

കുട്ടിക്കാലം മുതല്‍ വായിക്കുമായിരുന്നു. പിന്നീടാണ് എഴുത്ത് കൂടെയെത്തിയത്. എന്റെ കുട്ടിക്കാലത്ത് ടിവി തന്നെ അപൂര്‍വ്വം. പിന്നെയുള്ളത് റേഡിയോ കേള്‍ക്കലാണ്. അതുകഴിഞ്ഞാല്‍ വായനയാണ്. കുട്ടികളുടെ പ്രസിദ്ധീകരണങ്ങളില്‍ തുടങ്ങി, ജനപ്രിയ വാരികകളിലൂടെ വളര്‍ന്ന്, പിന്നീട് ലൈബ്രറികളില്‍ നിന്നു പുസ്തകങ്ങളെടുത്ത് വായന ഗൗരവത്തിലായി. ധാരാളം പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. ഈ പരന്ന വായന പിന്നീട് ഏറെ സഹായിച്ചിട്ടുമുണ്ട്. കവിതകള്‍ കേള്‍ക്കാനും ഇഷ്ടമായിരുന്നു.

ഫോട്ടോഗ്രാഫി പോക്കറ്റ് മണിക്ക്

കുട്ടിക്കാലത്ത് ചിത്രം വരയ്ക്കുമായിരുന്നു. വര അത്ര കേമമൊന്നും ആയിരുന്നില്ല. പക്ഷേ, വരയോട് ഇഷ്ടമുണ്ടായിരുന്നു. എന്നാല്‍, പരിശീലനം കിട്ടിയിട്ടൊന്നുമില്ല. പഠിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ഫോട്ടോഗ്രാഫിയിലേക്കു യാദൃശ്ചികമായി വന്നതാണ്. ഫോട്ടോഗ്രാഫിയോട് താല്‍പ്പര്യം കൊണ്ടൊന്നുമല്ല, പോക്കറ്റ് മണിയായിരുന്നു ലക്ഷ്യം. തുടക്കത്തില്‍ വിവാഹ ഫോട്ടോകളാണ് എടുത്തത്. പിന്നീട് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായി. ക്രമേണ സംഭവിച്ചതാണ് ഇതെല്ലാം. അല്ലാതെ ഫോട്ടോഗ്രാഫറാകണം എന്ന് ആഗ്രഹിച്ചുതുടങ്ങിയതല്ല. ജീവിതത്തിന്റെ ഒഴുക്കില്‍ സംഭവിച്ചതാണ്. സംവിധായകനായതും അങ്ങനെ തന്നെ.

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram