നിര്‍മ്മാണം പിള്ളേരുകളിയല്ല : അജുവര്‍ഗ്ഗീസ് പറയുന്നു.....

Posted by ബി.വി. അരുണ്‍ കുമാര്‍, 03 Sep, 2019

 



മെരിലാന്‍ഡിന്റെ കൊച്ചുമകന്‍ അതായത് മൂന്നാം തലമുറ സിനിമയിലേക്കു തിരിച്ചെത്തുന്നു എന്നു പറയുമ്പോള്‍ പ്രത്യേകത ഏറെയുണ്ട്. ആദ്യമായാണ് നിര്‍മ്മാണ രംഗത്തേക്ക് അദ്ദേഹം വരുന്നത്. ആത്മവിശ്വാസവും നടത്തിയെടുക്കാനുള്ള കഴിവും വിശാഖിനുണ്ട്. അത് എന്നെയും ധ്യാന്‍ ശ്രീനിവാസനെയും സംബന്ധിച്ച് വലിയ സപ്പോര്‍ട്ടാണ്.ലവ് ആക്ഷൻ ഡ്രാമയുടെ വിശേഷങ്ങൾ പങ്കുവച്ച മലയാളികളുടെ പ്രിയതാരം അജുവര്‍ഗ്ഗീസ്.


വിശാഖുമായുള്ള ബന്ധം?

 

മലര്‍വാടി ആര്‍ട്‌സ് ക്‌ളബ് മുതല്‍ എന്റെ നിരവധി ചിത്രങ്ങള്‍ തിരുവനന്തപുരത്ത് ശ്രീവിശാഖിലാണ് പ്രദര്‍ശിപ്പിച്ചത്. അവസാന ചിത്രമായ സച്ചിന്‍വരെ അദ്ദേഹത്തിന്റെ തീയേറ്ററില്‍ കളിച്ച സിനിമകളെല്ലാം 100% വിജയിച്ചിട്ടുണ്ട്. അന്നു തുടങ്ങിയ സൗഹൃദമാണ്. മാത്രമല്ല വിശാഖും സിനിമയുമായി ബന്ധമുള്ള കുടുംബാംഗമാണ്. സിനിമയെ വല്ലാത്തൊരു പാഷനായി കൊണ്ടുനടക്കുന്ന ആളാണ് . സിനിമ അവന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ച് മെരിലാന്‍ഡിന്റെ കൊച്ചുമകന്‍ അതായത് മൂന്നാം തലമുറ സിനിമയിലേക്കു തിരിച്ചെത്തുന്നു എന്നു പറയുമ്പോള്‍ പ്രത്യേകത ഏറെയുണ്ട്. ആദ്യമായാണ് നിര്‍മ്മാണ രംഗത്തേക്ക് അദ്ദേഹം വരുന്നത്. ആത്മവിശ്വാസവും നടത്തിയെടുക്കാനുള്ള കഴിവും വിശാഖിനുണ്ട്. അത് എന്നെയും ധ്യാന്‍ ശ്രീനിവാസനെയും സംബന്ധിച്ച് വലിയ സപ്പോര്‍ട്ടാണ്.

 

വിശാഖിനെ ഇതിലേക്ക് കൊണ്ടുവന്നത്?

 

ധ്യാനിന്റെ തീരുമാനമായിരുന്നു അത്. സിനിമയെ കുറിച്ച് ധാരണയുള്ളയാള്‍ കൂടെയുണ്ടെങ്കില്‍ കുഴപ്പമില്ല.

 

ഇതില്‍ വ്യത്യസ്ത കഥാപാത്രമാണ് അജുവിന്റേത്?

 

കഥാപാത്രത്തിന് വലിയ വ്യത്യാസമുണ്ട്. പക്ഷേ ഈ കാര്യങ്ങള്‍ ആരും കാണാത്തതൊന്നുമല്ല. എല്ലാവര്‍ക്കുമുണ്ട് രണ്ടു കാലഘട്ടങ്ങള്‍. ദിനേശന്‍ പ്രത്യേകതയുള്ള ആളാണ്. മടിയനാണ്. സാഗര്‍ എന്നാണ് എന്റെ കഥാപാത്രത്തിെന്റ പേര്. ദിനേശന്റെ അത്ര മടിയില്ല. പക്ഷേ ആ കഥാപാത്രത്തിന്റെ പോരായ്മകള്‍ സ്‌ക്രീനില്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് രസകരമായി തോന്നും. പെട്ടെന്ന് സന്തോഷിക്കുകയും ദുഃഖിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന വ്യക്തിയാണ.

 

മറ്റു താരങ്ങള്‍?

 

ശ്രീനിവാസന്‍, നിവിന്‍ പോളി, നയന്‍താര, ബിജു സോപാനം, മല്ലിക സുകുമാരന്‍, വിനീത് ശ്രീനിവാസന്‍, ജൂഡ് ആന്റണി, ബേസില്‍ ജോസഫ് എന്നീ പ്രമുഖര്‍ക്കൊപ്പം ഇതരഭാഷതാരങ്ങളുമുണ്ട്. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ അഭിനയിച്ച ധന്യാ ബാലകൃഷ്ണന്‍, പ്രജിന്‍, സുന്ദര്‍ റാം, രാജേന്ദ്രന്‍, ഗായത്രി എന്നിവരാണ് മറ്റു ഭാഷാതാരങ്ങള്‍. ഗായത്രി ശ്രീലങ്കന്‍ സ്വദേശിനിയാണ്. ടിക് ടോക്ക് താരമായ ഇവരുടെ പെര്‍ഫോമന്‍സിനാണ് കൂടുതല്‍ ലൈക്കും ഷെയറും കിട്ടിയിട്ടുള്ളത്. അവരുടെ ആദ്യ പടമാണിത്.

മദ്രാസിലാണ് നടക്കുന്നത്. ആ ആംബിയന്‍സ് ധ്യാന്‍ നിലനിര്‍ത്തി. തമിഴ് താരങ്ങളെ കൊണ്ട് മലയാളം പറയിപ്പിച്ചിട്ടില്ല. സ്വന്തം ഭാഷതന്നെ ഉപയോഗിക്കുകയായിരുന്നു. ക്യാമറ ജോമോന്‍.ഡി. ജോണാണ്. അദ്ദേഹത്തോട് കഥ പറയുമ്പോള്‍ രണ്‍വീര്‍ സിംഗിന്റെ സിമ്പ എന്ന സിനിമയുടെ തിരക്കിലായിരുന്നു. ഡിസംബറില്‍ അത് തീര്‍ത്ത് ജനുവരിയില്‍ ഇതില്‍ ജോയിന്‍ ചെയ്തു. അതിനുശേഷം തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ നിര്‍മ്മിച്ചു. അക്ഷയ് കുമാറിന്റെ അടുത്ത ചിത്രത്തില്‍ അദ്ദേഹം ഇപ്പോള്‍ ജോയിന്റ് ചെയ്തു. അദ്ദേഹത്തെ കൊണ്ടുവന്നതിന്റെ പ്രധാന കാരണം വിഷ്വല്‍ ഇഫക്റ്റ്‌സില്‍ യാതൊരു ചേരുവയും കുറയാതിരിക്കാനാണ്. ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയ്യുന്ന ആളല്ല. നന്നായി ചെയ്തിട്ടുണ്ട്. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ്. നമ്മുടെ കുടുംബത്തിലെ അംഗമാണെങ്കിലും അദ്ദേഹത്തെ പറ്റി പറയാതിരിക്കുന്നത് ശരിയല്ല. സോഷ്യല്‍ മീഡിയയില്‍ ടെണ്‍ മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് അദ്ദേഹത്തിനുള്ളത്. അത്രയ്ക്ക് ഇഷ്ടമാണ് ഷാന്റെ സംഗീതത്തിന്.

 

ഷൂട്ടിംഗിനിടയിലെ രസകരമായ സംഭവങ്ങള്‍?

 

വിശാഖ് സെറ്റിലുള്ളപ്പോഴെല്ലാം രസകരമായിരുന്നു. സിനിമാനിര്‍മ്മാണത്തില്‍ നമുക്ക് പരിചയമില്ലല്ലോ. വിശാഖാണ് കണക്ക് നോക്കിയത്. അഭിനയിക്കാന്‍ നില്‍ക്കുമ്പോള്‍ പേപ്പറില്‍ കുറേ കുത്തിക്കുറിച്ച കണക്കുമായി മുന്നില്‍ വന്നു നില്‍ക്കും. അതു കാണുമ്പോള്‍ തന്നെ ചിരിവരും. എന്നെ സംബന്ധിച്ച് ഈ സിനിമയില്‍ റീ ടേക്കാണ് കൂടുതലും. നിവിന് ചിരിക്കുന്ന സ്വഭാവമുണ്ട്. ഇവനെ കണ്ട് ചിരിച്ച് നിവിനു പോലും റീ ടേക്കുകള്‍ കൂടുതല്‍ വേണ്ടി വന്നിട്ടുണ്ട്. നയന്‍ താരയ്ക്കും ഉണ്ടായി ഇതേ അനുഭവം. സീരിയസായി ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പേനയും പേപ്പറുമായി മുന്നില്‍വന്ന് കണക്കു പറഞ്ഞാല്‍ ആര്‍ക്കാ ചിരിവരാത്തത്. വിശാഖിന്റെ നില്‍പ്പ് കാണുമ്പോള്‍ തന്നെ എല്ലാവരും ചിരിച്ചു തുടങ്ങും. ഞാന്‍ വല്ലവിധേനയുമാണ് ഡയലോഗുകള്‍ പറഞ്ഞൊപ്പിക്കുന്നത്. കഷ്ടപ്പെട്ട് ഒപ്പിക്കുമ്പോഴേക്കും അവന്‍ മുന്നില്‍ നില്‍ക്കും. അവന്‍ കണക്കുമായി വരാന്‍ ചില കാരണങ്ങളുമുണ്ടാകും. പ്രൊഡക്ഷന്‍ ചില്ലറ കാര്യമല്ലെന്ന് ഇപ്പോഴാ മനസിലായത്.

 

ഒരു സംഭവം പറയാമോ?

 

ഒരു സീന്‍ എല്ലാവരും സീരിയസായി നില്‍ക്കുന്നു. അപ്പോഴുണ്ട് ക്യാമറയ്ക്കു പിന്നില്‍ വന്നുനിന്ന് എന്നെ നോക്കി വിശാഖ് ആംഗ്യം കാണിക്കുന്നു, ഒന്നു കാണണം ഫ്രീയാണോയെന്നാണ് ചോദ്യം. ഈസമയം എന്തോ ചിന്തിച്ചുകൊണ്ടിരുന്ന ധ്യാന്‍ ശ്രീനിവാസന്‍ പെട്ടെന്ന് മുഖം തിരിച്ച് വിശാഖിനെ നോക്കി. ഒരു കാര്യവും ഉണ്ടായിട്ടല്ല അവന്‍ നോക്കിയത്. പക്ഷേ ആ നോട്ടം ഒരുപാടങ്ങ് സീരിയസായിപ്പോയി. ഇതുകണ്ട് വിശാഖ് പേടിച്ചു. ആസമയം അവന്‍ ഹിറ്റ്‌ലര്‍ സിനിമയിലെ ജഗദീഷായി മാറുകയായിരുന്നു. കൈ കറക്കി പിന്നെ കാണാം, പിന്നെ കാണാം എന്നു പറഞ്ഞ് ഓടിപ്പോയി.സാധാരണ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് അതിലെ നടന്‍മാര്‍ക്കൊപ്പമാണ്. ഈ സിനിമ ചെയ്തപ്പോള്‍ വിശാഖിനൊപ്പമായിരുന്നു. ഫണ്‍ ടൈം എനിക്ക് ഇതില്‍ ഇല്ലായിരുന്നു. പക്ഷേ മറ്റു നടന്‍മാര്‍ നല്ല ജോളിയായിരുന്നു. ഇതുകണ്ട് ഞാന്‍ തന്നെ വിശാഖിനോടു പറഞ്ഞു, നീ പ്രൊഡക്ഷന്‍ തുടരൂ... ഞാന്‍ അഭിനയിച്ചോളാം... അതാകുമ്പോള്‍ അഭിനയം മാത്രം നോക്കിയാല്‍ മതിയല്ലോ... തമാശയാണേ സീരിയസാക്കല്ലേ

 

വെല്ലുവിളികള്‍ ?

 

ബുദ്ധിമുട്ടുകള്‍ ഒരു പാടുണ്ടായിരുന്നു. രണ്ടു പ്രളയമാണ് ഈ സിനിമക്ക് നേരിടേണ്ടിവന്നത്. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ഷൂട്ടിംഗ് തുടങ്ങിയത്. ആദ്യ പ്രളയമുണ്ടായതും അപ്പോഴാണ്. അതോടെ ഷെഡ്യൂളുകള്‍ പാടെ മാറി. നയന്‍താര സിനിമ ചെയ്യാമെന്ന് സമ്മതിച്ച സമയം കൂടിയായിരുന്നു അത്. അമിതാഭ് ബച്ചന്‍, ചിരഞ്ചീവി എന്നിവരുടെ സിനിമയില്‍ അഭിനയിക്കുന്ന തിരക്കായിരുന്നു അവര്‍ അപ്പോള്‍. അതുകഴിഞ്ഞ് തമിഴില്‍ അജിത്തിന്റെ സിനിമയുടെ തിരക്ക്. പിന്നെ വിജയ് അറ്റ്‌ലി സിനിമ, രജനീകാന്തിന്റെ സിനിമ എന്നിങ്ങനെ തിരക്കേറെയായിരുന്നു. വിനീത് ശ്രീനിവാസന്‍ ഇടപെട്ട് അപ്പോയിന്റ്‌മെന്റ് കിട്ടി. ഒരു ദിവസം വൈകിട്ട് നാലുമണിക്ക് കഥ പറയാന്‍ ധ്യാന്‍ ശ്രീനിവാസനോട് ചെല്ലാന്‍ പറഞ്ഞു. അവന്‍ എത്തിയതാകട്ടെ വൈകിട്ട് ആറുമണിക്കും. എങ്കിലും മാഡം കഥകേട്ടു. അതിനു മുമ്പേ അവര്‍ ഒരു കാര്യം പറഞ്ഞിരുന്നു, കഥ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അപ്പോള്‍ തന്നെ പറയും. ഞങ്ങള്‍ ടെന്‍ഷനിലായിരുന്നു. പക്ഷേ കുറച്ചുകഴിഞ്ഞ് ധ്യാന്‍ വിളിച്ചു അവര്‍ സമ്മതിച്ചെന്നു പറഞ്ഞു. 2016 ഡിസംബറിലാണ് ഡേറ്റ് തരുന്നത്. ആസമയം ഒരു കമ്പനി പോലും നമ്മള്‍ തുടങ്ങിയിട്ടില്ല. മാത്രമല്ല ബാങ്ക് അക്കൗണ്ടുമില്ല. സ്‌ക്രിപ്റ്റ് റെഡിയായിരുന്നു. ആസമയം നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയുയുടെ സെറ്റിലാണ്. 2018 ജൂണിലാണ് അത് തീര്‍ന്നത്. ജൂലൈയില്‍ ലൗ ആക്ഷന്റെ ഷൂട്ടിംഗ് തുടങ്ങി. പക്ഷേ പ്രളയം നമ്മളെയും വലച്ചു. കഥ ഇഷ്ടപ്പെട്ടതുകൊണ്ട് ഞങ്ങള്‍ ചോദിച്ച സമയത്തെല്ലാം അവര്‍ വന്നഭിനയിച്ചു.

 

മറ്റൊരു സംഭവമുണ്ടായത് ശ്രീനിവാസന്‍ സാറിന് സുഖമില്ലാതായതാണ്. നയന്‍ താരയുടെ അച്ഛന്‍ വേഷമാണ്. ജനുവരി 28നാണ് അഭിനയിക്കേണ്ടത്. തലേദിവസമാണ് ധ്യാന്‍ അദ്ദേഹത്തിന്റെ ഡേറ്റ് വാങ്ങിയത്. നേരത്തെ വിനീത് കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. അതിനാല്‍ കഥയെക്കുറിച്ച് ഏറെക്കുറെ അദ്ദേഹത്തിനറിയാമായിരുന്നു. പിറ്റേന്ന് രാവിലെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുമ്പോള്‍ പെട്ടെന്ന് സുഖമില്ലതെ ആശുപത്രിയിലായി. അതോടെ ഞങ്ങള്‍ തളര്‍ന്നു. പക്ഷേ ധ്യാന്‍ പറഞ്ഞു, അച്ഛന്‍ സുഖമായി വരുംവരെ കാത്തിരിക്കാമെന്ന്. മാഡവും അതിന് സമ്മതിച്ചു. ശ്രീനി സാറിന് എന്നാണോ പറ്റുന്നത് അന്ന് അറിയിച്ചാല്‍ മതി ഞാന്‍ എത്തിക്കോളാമെന്നായിരുന്നു അവര്‍ പറഞ്ഞത്. നിവിനും അതേ നിലപാടിലായിരുന്നു. ഏകദേശം 100 ദിവസത്തോളം ഷൂട്ടിംഗിനു മാത്രം വേണ്ടിവന്നു. പ്രകൃതി വളരെ ബുദ്ധിമുട്ടിച്ച ശേഷമേ സപ്പോര്‍ട്ട് ചെയ്തുള്ളു.

 

ആദ്യ നിര്‍മാണ സംരംഭം എങ്ങനെയുണ്ട്?

 

വളരെ സന്തോഷമായാണ് തുടങ്ങിയത്. തുടക്കത്തില്‍ നയന്‍താരയും നിവിന്‍ പോളിയും ഉണ്ടായിരുന്നില്ല. പിന്നെയാണ് ഇവര്‍ വരുന്നത്. നിവിനുമൊത്ത് കുറേ നാളായി ഒരുമിച്ച് ഒരു ചിത്രം ചെയ്തിട്ട്. ഒരു വടക്കന്‍ സെല്‍ഫിയാണ് അവസാനം ചെയ്തത്. കഥ കേട്ടപ്പോള്‍ നിവിനും ഇഷ്ടമായി. അങ്ങനെ ചെറിയ ബജറ്റ് ചിത്രം ബിഗ് ബജറ്റ് ചിത്രമായി. കാസ്റ്റും പ്രളയവും എല്ലാംകൂടി വന്നപ്പോള്‍ ഇത് ഏത് ലെവലില്‍ എത്തുമെന്നായിരുന്നു ടെന്‍ഷന്‍. പക്ഷേ മലയാള സിനിമയിലെ സുഹൃത്തുക്കളും ജ്യേഷ്ഠന്‍മാരും മാനസികമായും സാമ്പത്തികമായും ഒരുപാട് സഹായിച്ചു. ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞപ്പോള്‍ ടെന്‍ഷനൊക്കെ മാറി. ഓരോ ദിവസത്തെയും ബജറ്റ് എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ലായിരുന്നു. ഒരു സിനിമ റിലീസ് ചെയ്ത് നൂണ്‍ ഷോ കഴിയുമ്പോള്‍ അറിയാം അതിന്റെ തലയിലെഴുത്ത്. അതുകഴിയുമ്പോള്‍ എല്ലാം മാറും.

 

ഈ മേഖലയില്‍ പരിചയമുള്ള ഒരാളെപ്പോലും കൂടെനിര്‍ത്താതെ എങ്ങനെ ഈസിയായി ചെയ്തു?

 

സത്യത്തില്‍ ഞങ്ങളുടെ ടെന്‍ഷന്‍ മാറ്റിയത് ആന്റണി പെരുമ്പാവൂര്‍ ചേട്ടനാണ്. അദ്ദേഹമാണ് പറഞ്ഞത്, എന്തായാലും ഒരു ദിവസം ഈ സിനിമ ഇറങ്ങും. ചിലപ്പോള്‍ നന്നാകും അല്ലെങ്കില്‍ മോശമാകും. അതിനെ ഫെയ്‌സ് ചെയ്‌തേ പറ്റൂ. അറിയാത്ത ഉത്തരത്തെ കുറിച്ച് ഇന്ന് ടെന്‍ഷന്‍ അടിച്ചിട്ട് ഒരു കാര്യവുമില്ല. ആ വാക്കുകള്‍ വലിയ ആത്മവിശ്വാസം തന്നു.

 

ലൊക്കേഷന്‍ മദ്രാസായിരുന്നോ?

 

നമ്മുടെ സിസ്റ്റമല്ല തമിഴ്‌നാട്ടിലേത്. അവിടെ ചെന്നപ്പോഴാണത് മനസിലായത്. തമിഴ്‌നാട്ടിലെ സിനിമാക്കാര്‍ പോലും ലൊക്കേഷന്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റിയപ്പോഴാണ് ഞങ്ങള്‍ ചെല്ലുന്നത്. അവര്‍ക്ക് അവിടുത്തെ സിറ്റുവേഷന്‍ പകര്‍ത്തണമെന്നുണ്ടെങ്കില്‍ സ്റ്റുഡിയോയില്‍ ഇന്‍ഡോര്‍ ചെയ്യുകയാണ് പതിവ്. യഥാര്‍ത്ഥ ചെന്നൈ തന്നെ ഞങ്ങള്‍ ഉപയോഗിച്ചു.

 

പിന്തുണ എങ്ങനെയുണ്ടായിരുന്നു

മലയാളം ഫ്രറ്റേണിറ്റി ഒരുമിച്ച് സഹകരിച്ച സിനിമയാണ് ലൗ ആക്ഷന്‍ ഡ്രാമ. നടന്മാരായാലും സംവിധായകരായാലും വിതരണക്കാരായാലും എല്ലാവരും അകമഴിഞ്ഞ് സഹായിച്ചു. ലാലേട്ടന്റെ ഇട്ടിമാണിക്കൊപ്പമാണ് ഈ സിനിമയും റിലീസ് ചെയ്യുന്നത്. പക്ഷേ ലാലേട്ടനും സുചിത്ര ചേച്ചിയും ഞങ്ങളോടൊപ്പം നിന്നു. മിക്ക ദിവസവും ലാലേട്ടന്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കുമായിരുന്നു. സുചിത്ര ചേച്ചി ലൊക്കേഷനിലൊന്നും അത്ര പോകുന്നയാളല്ല. പക്ഷേ ഞങ്ങളുടെ ചെന്നൈയിലെ ലൊക്കേഷനില്‍ ചേച്ചി വരികയും കാര്യങ്ങള്‍ ചോദിക്കുകയും മറ്റും ചെയ്തു. പുതിയ തലമുറയിലെ ആള്‍ക്കാരുടെ സിനിമകള്‍ നല്ലരീതിയില്‍ സ്വീകരിക്കുന്ന പ്രേക്ഷകരാണിന്നുള്ളത്. അതിനാല്‍ ഇതും നല്ലരീതിയില്‍ വരുമെന്നാണ് പ്രതീക്ഷ.

 

പ്രതീക്ഷകള്‍?

പ്രതീക്ഷയുണ്ട്. ബാക്കി പ്രേക്ഷകര്‍ പറയട്ടെ. ധ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ ഞങ്ങളെല്ലാം അതേ പടി ചെയ്തിട്ടുണ്ട്. അക്കാര്യത്തില്‍ ഞങ്ങള്‍ ഹാപ്പിയാണ്. പിന്നെ വിഷ്വല്‍ ക്വാളിറ്റിയിലും കോംപ്രമൈസ് ചെയ്തിട്ടില്ല. സംവിധായകന്‍ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തിട്ടുണ്ട്. നന്നായി വരുമെന്നാണ് പ്രതീക്ഷ.

 

ആദ്യപടം കൊണ്ടുതന്നെ പ്രൊഡക്ഷന്‍ സൈഡ് പരിചയമായി. പുതിയ പടം?

തീര്‍ച്ചയായും ഒരു സിനിമ ഉടന്‍ ചെയ്യുന്നുണ്ട്. രണ്ടുമാസം കഴിയുമ്പോള്‍ അത് അനൗണ്‍സ് ചെയ്യും. ഈ ടീമുകളെല്ലാം ഓരോരോ റോളില്‍ ഉണ്ടാകും. പക്ഷേ ഫന്റാസ്റ്റിക് ഫിലിംസ് ഡിസ്ട്രിബ്യൂഷന്‍ മാത്രമായിരിക്കും ചെയ്യുക. സംവിധായകനാണ് സിനിമ അനൗണ്‍സ് ചെയ്യേണ്ടതെന്നതിനാല്‍ ഇപ്പോള്‍ പറയുന്നില്ല.എന്തായാലും എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന കുഞ്ഞു മെഗാ പടമായിരിക്കും അത്. 2020ല്‍ ഷൂട്ടിംഗ് തുടങ്ങും.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram