കൗമാരത്തിന്റെ സൗഹൃദവും പ്രണയവും : അനശ്വര രാജൻ സംസാരിക്കുന്നു....

Posted by ടി.എൽ രാജേഷ് കുമാർ, 19 Sep, 2019

 

 

ഇണക്കവും പിണക്കവും വഴക്കുമെല്ലാം നനുത്ത ഓര്‍മ്മമഴയായി നമ്മളിലേക്കുംപെയ്തിറങ്ങുന്ന ചിത്രം. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ കഥാപാത്രങ്ങളാണ് ജെയ്‌സണും കീര്‍ത്തിയും. അസാധാരണ വിജയം നേടിയ ഈ സാധാരണ ചിത്രത്തില്‍ കീര്‍ത്തിയായി എത്തിയത് അനശ്വര രാജനാണ്. ഉദാഹരണം സുജാതയില്‍ സുജാതയുടെ മകളായി വന്ന് മനസ് കീഴടക്കിയ ആതിര കൃഷ്ണന്‍, തണ്ണീര്‍മത്തനില്‍ പ്ലസ് വൺകാരിയുടെ യൂണിഫോം അണിഞ്ഞെത്തി ജയ്‌സണിന്റെ മാത്രമല്ല, പ്രേക്ഷകരുടെയും
ഹൃദയം കവര്‍ന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് അനശ്വര. 50 കോടി
പിന്നിട്ട വിജയചിത്രത്തിലെ നായിക വിശേഷങ്ങള്‍ പറയുന്നു.

 

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ

പത്താം ക്ലാസ് പരീക്ഷയുടെ സമയത്താണ് തണ്ണീര്‍മത്തനില്‍ വിളിക്കുന്നത്.
സ്വീകരിക്കണോ എന്ന കണ്‍ഫ്യൂഷനിലായി ഞാന്‍. പരീക്ഷ കഴിയുന്നതിനു മുമ്പ്
എത്തണം എന്നാണ് പറഞ്ഞത്. അതോടെ ചെയ്യണ്ട എന്നു തീരുമാനിച്ചു. അപ്പോഴാണ് തണ്ണീര്‍മത്തന്റെ സംവിധായകന്‍ ഗിരീഷേട്ടന്‍ വിളിച്ചത്. നല്ലൊരു
സ്‌റ്റോറിയാണ്, അനശ്വര തന്നെ ചെയ്യണം എന്നു പറഞ്ഞു. എനിക്ക് സ്‌ക്രിപ്ട്
അയച്ചുതന്നു. കണക്കുപരീക്ഷയുടെ തലേന്നാണ് ഞാന്‍ സ്‌ക്രിപ്ട് വായിച്ചത്.
സ്‌ക്രിപ്ട് എനിക്ക് ഇഷ്ടപ്പെട്ടു. എന്റെ ചേച്ചിയാണ് സിനിമ ചെയ്യാന്‍
എന്നെ പ്രേരിപ്പിച്ചത്. ഈ സിനിമ ചെയ്യണം, ടേണിംഗ് പോയിന്റൊകുമെന്നാണ് ചേച്ചി പറഞ്ഞത്. പരീക്ഷ കഴിഞ്ഞിട്ട് വന്നാല്‍ മതിയെന്ന് ഗിരീഷേട്ടനും പറഞ്ഞു. പരീക്ഷ കഴിഞ്ഞ ഉടന്‍ തണ്ണീര്‍മത്തനില്‍ ജോയിന്‍ ചെയ്തു.

 

ഞാനും കീര്‍ത്തിയെപ്പോലെ

തണ്ണീര്‍മത്തനിലെ കീര്‍ത്തിയെപ്പോലെയാണ് ഞാനും. സ്‌കൂളില്‍ എന്റെ ആദ്യ
ദിവസത്തെ അനുഭവം പോലെ തന്നെയാണ് സിനിമയിലും. അതിനാല്‍ എനിക്ക് നന്നായിറിലേറ്റ് ചെയ്യാന്‍ പറ്റി. ലൊക്കേഷന്‍ ഏറെ രസകരമായിരുന്നു. എല്ലാവരും കുട്ടികളാണ്. എന്നേക്കാള്‍ മുതിര്‍ന്നവരാണെങ്കിലും ഞങ്ങളെല്ലാവരും ഒരു ക്ലാസിലെ കുട്ടികളെപ്പോലെയായി. ഞങ്ങള്‍ കുട്ടികള്‍ മാത്രമല്ല, സംവിധായകന്‍ ഗിരീഷേട്ടനും ഞങ്ങളോടൊപ്പം കുട്ടിയെപ്പോലെ നിന്നു. കാമറമാന്‍ ജോമോന്‍ ചേട്ടന്‍, ചേട്ടനുശേഷം വന്ന വിനോദേട്ടന്‍ അങ്ങനെ എല്ലാവരും കുട്ടികളെപ്പോലെയായിരുന്നു. നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുട്ടികള്‍ക്കാര്‍ക്കും അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്. അവരിലുള്ളതെന്താണോ അത് ഒപ്പിയെടുത്തിട്ടുണ്ട്.
വിനീതേട്ടനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. വിനീതേട്ടന്റെ പാട്ട്
എനിക്കൊത്തിരി ഇഷ്ടമാണ്. ഞങ്ങള്‍ അധിക ദിവസം ഒരുമിച്ചുണ്ടായിരുന്നില്ല.
ഉള്ള ദിവസങ്ങളിലൊക്കെ വിനീതേട്ടന്‍ ഭയങ്കര കമ്പനിയായിരുന്നു.

എല്ലാം ദൈവനിശ്ചയം

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വലിയ വിജയമായതില്‍ ഏറെ സന്തോഷമുണ്ട്. ആദ്യം
ചെയ്യണ്ട എന്നുതീരുമാനിച്ച സിനിമയാണ്. എന്നിട്ടും ഞാന്‍ സിനിമയുടെ
ഭാഗമായി. എല്ലാം ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ്. നമ്മള്‍ക്കുള്ളത്
വേണ്ടെന്നു വച്ചാലും അത് നമ്മളെ തേടിയെത്തും. തണ്ണീര്‍മത്തനില്‍
അഭിനയിച്ചതും അതിത്രയും വിജയമായതും ദൈവ നിശ്ചയമാണ്. സിനിമ വിജയിക്കും എന്ന് പ്രതീക്ഷിരുന്നു. കാരണം അത്രയും ആസ്വദിച്ച് ചെയ്ത സിനിമയാണ്. അതിനോട് നമ്മള്‍ക്കും വ്യക്തിപരമായ ഇഷ്ടം ഉണ്ടാവുമല്ലോ. പക്ഷേ, ഇത്രയും വലിയ വിജയമാകും എന്നു പ്രതീക്ഷിച്ചതേയില്ല.

കാമറയ്ക്കു മുന്നില്‍

എട്ട് കഴിഞ്ഞ് വെക്കേഷന്‍ സമയത്താണ് ഉദാഹരണം സുജാതയില്‍ അഭിനയിക്കുന്നത്.ഓഡിഷന്‍ വഴിയാണ് എത്തിയത്. കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ സംവിധായകന്‍ ലിജുവേട്ടന്‍ ഞങ്ങളുടെ ഫാമിലി ഫ്രെണ്ടാണ്. ലിജുവേട്ടനാണ് പറഞ്ഞത്, നല്ല ടീമാണ്, ചാര്‍ളി സിനിമയുടെ ടീമാണ്, മഞ്ജു ചേച്ചിയുടെ സിനിമയാണ്, പേടിക്കുകയൊന്നും വേണ്ട എന്നൊക്കെ. അങ്ങനെയാണ് ഫോട്ടോ അയച്ചത്. ഓഡിഷനു
വിളിച്ചു. അവിടെ പോയി. ആറായിരം പേരാണ് ഫോട്ടോ അയച്ചത്. അതില്‍ നിന്ന് അറുപത് പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. അതില്‍ നിന്നാണ് എന്നെ സെലക്ട് ചെയ്തത്.

അന്ന് എനിക്ക് സിനിമയെപ്പറ്റി അധികമൊന്നും അറിയില്ല. ആദ്യം എനിക്ക്
പേടിയുണ്ടായിരുന്നു. മഞ്ജുച്ചേച്ചിയോടൊപ്പമുള്ള സീനാണ് ആദ്യം ഷൂട്ട്
ചെയ്തത്. ചേച്ചിയുടെ അഭിനയം കണ്ടിട്ട് ഡയലോഗൊന്നും വരാതെ ഞാന്‍
അന്തംവിട്ടുനിന്നു. എനിക്കു ഡയലോഗ് പറയാന്‍ പോലും പറ്റുന്നില്ല. എന്റെ
അവസ്ഥ കണ്ടിട്ടാവണം ചേച്ചി എന്നോട് സംസാരിച്ച് പേടിയൊക്കെ മാറ്റി.
ഇത്രയും വലിയൊരാളിന്റെ അഭിനയം നേരിട്ടുകാണുകയാണ്. പിന്നെ കാമറയ്ക്കു മുന്നില്‍ നില്‍ക്കുമ്പോഴുള്ള ടെന്‍ഷന്‍. പിന്നെ അതൊക്കെ മാറി. എല്ലാവരും എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തു.

 

മഞ്ജുചേച്ചിയുടെ സമ്മാനം

എറണാകുളത്തുവച്ചാണ് മഞ്ജുച്ചേച്ചിയെ ആദ്യം കണ്ടത്. ഉദാഹരണം സുജാതിയുടെ സംവിധായകന്‍ ഫാന്റം സര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് സര്‍, നവീന്‍
ചേട്ടന്‍ അങ്ങനെ എല്ലാരും ഉണ്ടായിരുന്നു കൂടെ. ഞങ്ങള്‍ കോളിംഗ് ബെല്‍
അടിച്ച ശേഷം റൂമിന്റെ പുറത്ത് വെയിറ്റ് ചെയ്തു. മലയാളത്തിലെ ലേഡി
സൂപ്പര്‍ സ്റ്റാറിനെ കാണാന്‍ പോകുന്നു. ഞാനിങ്ങനെ പേടിച്ചുനിന്നു.
അപ്പോള്‍ ചേച്ചി വാതില്‍ തുറന്നു. ചേച്ചി അകത്തേക്ക് എല്ലാവരെയും
വിളിച്ചു. എന്റെ തോളില്‍ കൈയിട്ട് മോളുടെ പേരെന്താണ് എന്ന് ചോദിച്ചു.
അകത്തുകയറി എനിക്ക് ചായ ഇട്ടുതന്നു. ഞാന്‍ സംസാരിക്കാന്‍ പോലുമാകാതെ അത്ഭുത ലോകത്ത് നില്‍ക്കുകയാണ്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറഞ്ഞോളൂ എന്നും പറഞ്ഞു.

ഷൂട്ടിംഗിനിടയ്ക്ക് മഞ്ജുച്ചേച്ചി ഒരു പുസ്തകം സമ്മാനമായി തന്നു.
മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം എന്ന പുസ്തകമായിരുന്നു. ചേച്ചി
പുസ്തകം തന്നപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായി. ആമിയുടെ ആശംസകള്‍.


അക്ഷരങ്ങളുടെ സുഗന്ധം

 

എന്നും ജീവിതത്തില്‍ നിറയട്ടെ എന്നെഴുതിയ പുസ്തകമാണ് തന്നത്.

ചേച്ചിയുടെ ഒരു ഇന്റര്‍വ്യൂവില്‍ ഞാന്‍ കേള്‍ക്കാനിടയായി. ചേച്ചി
മാധവിക്കുട്ടിയെ കണ്ടപ്പോള്‍ ഇതുപോലെ എഴുതിയ ഒരു പുസ്തകം മാധവിക്കുട്ടി ചേച്ചിക്കുകൊടുത്തിട്ടുണ്ട്. അത്രയും പ്രാധാന്യമാണ് ചേച്ചി എനിക്ക് തന്നത് എന്നറിഞ്ഞതില്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ആ പുസ്തകം അപ്പോള്‍ത്തന്നെ ഞാന്‍ വായിച്ചുതീര്‍ത്തു. പുസ്തകം ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

നായകനില്ലാത്ത സിനിമയോ?

സുജാതയിലെ എല്ലാവരും ഒരുമിച്ച് എറണാകുളം പത്മ തിയേറ്ററിലാണ് സിനിമ കണ്ടത്. ഇന്റര്‍വെല്‍ സമയത്തും ഞാന്‍ അങ്ങനെ തന്നെ ഇരിക്കുകയാണ്. സിനിമ കഴിഞ്ഞപ്പോള്‍ എല്ലാവരും കരഞ്ഞുകൊണ്ടാണ് എഴുന്നേറ്റത്. ഞാനും കരഞ്ഞു. ഇത്രയും പേര്‍ എന്റെ അഭിനയം കണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ സന്തോഷം കൊണ്ടും കരച്ചില്‍ വന്നു.സുജാതയുടെ ഷൂട്ടിംഗ് കഴിഞ്ഞ് സ്‌കൂളില്‍ വന്നപ്പോള്‍ കൂട്ടുകാര്‍ നായകന്‍
ആരാണെന്നാണ് ചോദിച്ചത്. ഞാന്‍ നായകനില്ലെന്നു പറഞ്ഞപ്പോള്‍ നായകനില്ലാതെ സിനിമ ഓടുമോ എന്നായിരുന്നു അവരുടെ ചോദ്യം. സിനിമ ഇറങ്ങി നല്ല രീതിയില്‍ ഓടിക്കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, നായകനില്ലാണ്ടും സിനിമ ഓടും. സിനിമ നല്ല രീതിയില്‍ ഓടിയപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായി. സിനിമ റിലീസായ ശേഷം ഞാന്‍ സ്‌കൂളില്‍ പോയപ്പോള്‍ എല്ലാവരും എന്റെ അടുത്തുവന്നു. ചെറിയ
കുട്ടികളൊക്കെ എന്നെ വന്ന് തൊട്ടിട്ട് ഓടിപ്പോയി. അതൊക്കെ കണ്ടപ്പോള്‍
എനിക്ക് സന്തോഷമായി. എന്റെ കൂട്ടുകാര്‍ സിനിമ കണ്ടെന്നു പറഞ്ഞു.
സ്‌കൂളിലെ കുട്ടികളെല്ലാം പയ്യന്നൂരിലുള്ള തിയേറ്ററില്‍ സിനിമ കണ്ടു.

എവിടെയുടെ വിശേഷം

സുജാത കഴിഞ്ഞപ്പോള്‍ ഒരുപാട് ഓഫറുകള്‍ വന്നു. എന്നാല്‍, അപ്പോള്‍ ഞാന്‍
പത്താം ക്ലാസിലായി. പഠിക്കാന്‍ ഒരുപാടുണ്ട്. സ്‌കൂളില്‍ നിന്ന് അധികം
ലീവെടുക്കാന്‍ പറ്റില്ല. അങ്ങനെയാണ് ഓഫറുകള്‍ വേണ്ടെന്നു വച്ചത്.
എവിടെയുടെ കഥ ബോബി സഞ്ജയ് സാറിന്റേതാണെന്നു കേട്ടപ്പോള്‍ത്തന്നെ അത് സ്വീകരിക്കാന്‍ അധികം ആലോചിച്ചില്ല. കഥ കേട്ടപ്പോള്‍ ഒരുപാട് ഇഷ്ടമായി. അങ്ങനൊരു മൂവിയാണ് എവിടെ. പിന്നെ ആശച്ചേച്ചിയൊടൊപ്പം അഭിനയിക്കാന്‍ പറ്റി. ചേച്ചിയുടെ അഭിനയം നോക്കി നിന്നുപോകും. അങ്ങനത്തെ അഭിനയമാണ്. അത്രയും നല്ല അഭിനയമാണ് ആശച്ചേച്ചിയുടേത്. പിന്നെ സുരാജേട്ടന്‍. സംവിധാനം കെ.കെ.രാജീവ് സാര്‍. ഇവരൊടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് ഭാഗ്യമാണ്.

എന്നെ തൃഷ് എന്നുവിളിക്കൂ?

രാങ്കി എന്ന ചിത്രത്തിലും അഭിനയിച്ചു. ചിത്രത്തിന്റെ വിദേശത്തെ ഷൂട്ടിംഗ്
ബാക്കിയുണ്ട്. തൃഷയെപ്പോലെ ഒരു താരത്തെ പരിചയപ്പെടാനും കൂടെ
അഭിനയിക്കാനും പറ്റി. ഞാന്‍ ഒരുപാട് തമിഴ് സിനിമകള്‍ കാണും. തമിഴുമായുള്ള ബന്ധം അതു മാത്രമാണ്. തമിഴ് എഴുതാനോ വായിക്കാനോ അറിയില്ല. സംസാരിക്കാന്‍ മാത്രം കുറച്ചറിയാം. അതുകൊണ്ടുതന്നെ എനിക്കു പേടിയുണ്ടായിരുന്നു. തൃഷച്ചേച്ചിയെ ഞാന്‍ മാം എന്നുവിളിക്കുമ്പോള്‍ അങ്ങനെ വിളിക്കണ്ട, എന്നെ തൃഷ എന്നുവിളിച്ചാല്‍ മതിയെന്നു പറയും. അയ്യോ ഞാന്‍ തൃഷ എന്നുവിളിച്ചാന്‍ ശരിയാവില്ലെന്നു ഞാന്‍ പറഞ്ഞു. അങ്ങനെയാണെങ്കില്‍ തൃഷ് എന്നുവിളിച്ചാ മതി. അങ്ങനെയാണ് ഫ്രണ്ട്‌സ് വിളിക്കുന്നതെന്നു പറഞ്ഞു. പിന്നെയും ഞാന്‍ മാം എന്നുതന്നെ അറിയാതെ വിളിക്കും. അപ്പോള്‍ എന്നെ തിരുത്തും.


ഡിക്യുവിന്റെ കട്ട ഫാന്‍

ദുല്‍ഖറിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കാണണം എന്നുള്ളത് കുറെ നാളായുള്ള ആഗ്രഹമാണ്. ഒരു അവാര്‍ഡ് ദാനച്ചടങ്ങിലാണ് കണ്ടത്. ഡിക്യു
വന്നിട്ടുണ്ടെന്നറിഞ്ഞു. എങ്ങനെ കാണും എന്ന ചിന്തയിലായിരുന്നു ഞാന്‍.
ഡയറക്ടര്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സാറിനെ വിളിച്ചു. സാര്‍ ഇവിടെ ഡിക്യു
വന്നിട്ടുണ്ട് എനിക്കൊന്നു കാണണം എന്നു പറഞ്ഞു. കുഴപ്പമില്ല ഞാന്‍ പറയാം
എന്നു സാര്‍ പറഞ്ഞു. ഡിക്യുവിന്റെ മുന്നില്‍ എത്തിയപ്പോള്‍ എന്റെ
കണ്ണുനിറഞ്ഞ പോലെ. അങ്ങനത്തെ അവസ്ഥയായിരുന്നു. എനിക്കു ഡിക്യു കൈ തന്നു. അപ്പോള്‍ ഞാന്‍ ഹഗ് ചെയ്ത് ഒരു ഫോട്ടോ എടുത്തു. അധികം സംസാരിക്കാന്‍ സമയം കിട്ടിയില്ല. പ്രോഗ്രാമിനു പോകാനുള്ള തിരക്കിലായിരുന്നു. കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം എന്നുപറഞ്ഞു.

കൈയെത്തും ദൂരെ കുട്ടിക്കാലം

കണ്ണൂര്‍ ആലക്കാട് കോറത്താണ് ജനിച്ചതും വളര്‍ന്നതും. പക്കാ
നാട്ടിന്‍പുറം. അച്ഛന്‍ രാജന് കെഎസ്ഇബിയിലാണ് ജോലി. അമ്മ ഉഷ അംഗണവാടി ടീച്ചറാണ്. ചേച്ചി ഐശ്വര്യ ഡിഗ്രി കഴിഞ്ഞു. കുട്ടിക്കാലത്ത് വല്ലപ്പോഴും മാത്രമാണ് തിയേറ്ററില്‍ പോയി സിനിമ കണ്ടിരുന്നത്. വര്‍ഷത്തിലൊരിക്കലോ മറ്റോ. പക്ഷേ ടിവിയില്‍ കാണും. എന്റെ ഓര്‍മ്മയിലുള്ള തിയേറ്ററില്‍ കണ്ട
ആദ്യ സിനിമ എല്‍സമ്മ എന്ന ആണ്‍കുട്ടിയാണ്.
കുട്ടിക്കാലത്ത് അഭിനയമോഹമൊന്നും ഉണ്ടായിരുന്നില്ല. കാരണം
നാട്ടിന്‍പുറത്തെ ഒരു മിഡില്‍ ക്ലാസ് ഫാമിലിയാണ്. സിനിമ എന്നെ
സംബന്ധിച്ചിടത്തോളം മറ്റൊരു ലോകമാണ്. ഗ്ലോബ് എന്ന ഒരു ഷോര്‍ട്ട്
ഫിലിമില്‍ അഭിനയിച്ച ശേഷമാണ് സിനിമയെപ്പറ്റി ചിന്തിക്കുന്നത്. സിനിമയില്‍
എത്തിയാല്‍ എങ്ങനെയിരിക്കും എന്നു ചിന്തിച്ചു, അത്ര മാത്രം. പക്ഷേ,
അഭിനയിക്കണം എന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. ഷോര്‍ട്ട് ഫിലിമില്‍
നന്നായിട്ടുണ്ടെന്നു പറഞ്ഞതുകൊണ്ട് ചിന്തിച്ചെന്നേയുള്ളൂ.

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram