"ആത്മവിശ്വാസത്തിന്റെ അരങ്ങേറ്റം" അനൂപ് സത്യന്‍ സംസാരിക്കുന്നത്....

Posted by ദിപിന്‍ മാനന്തവാടി, 27 Jan, 2020



 

 

താര സമ്പന്നമാണ് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സിനിമയായ വരനെ ആവശ്യമുണ്ട്. ശോഭന, സുരേഷ് ഗോപി, ദുൽക്കർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഫെബ്രുവരി ആദ്യവാരം തിയേറ്ററിലെത്തും. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പിനിയായ വേഫെയറര്‍ ഫിലിംസാണ് നിര്‍മ്മാതാക്കള്‍. അനൂപ് സത്യന്‍ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന വരനെ ആവശ്യമുണ്ട് ചെന്നൈ പശ്ചാത്തലത്തിലാണ് വികസിക്കുന്നത്. പ്രിയദര്‍ശന്റെ മകള്‍ കല്യാണി ആദ്യമായി നായികാവേഷത്തിലെത്തുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തെക്കുറിച്ച് സംവിധായകന്‍ അനൂപ്സത്യന്‍ വെള്ളിനക്ഷത്രത്തോട് സംസാരിക്കുന്നു:

 

വരനെ ആവശ്യമുണ്ടിന്റെ പശ്ചാത്തലം എന്താണ്?

 

ചെന്നൈയില്‍ താമസിക്കുന്നൊരു അമ്മയുടെയും മകളുടെയും കഥയാണ് പ്രധാനമായും വരനെ ആവശ്യമുണ്ട്. നിക്കിയെന്ന് വിളിക്കുന്ന നിഖിതയായി കല്യാണിയും നീനയായി ശോഭനയും വേഷമിടുന്നു. ഒരുമിച്ച് മുറിപങ്കിടുന്ന നല്ല രണ്ട് റൂംമേറ്റ്‌സ് പോലെ മാനസിക അടുപ്പമുള്ള അമ്മയും മകളുമാണ് നിഖിതയും നീനയും. രണ്ടാളും രണ്ട് സ്റ്റൈലുള്ള കഥാപാത്രങ്ങളാണ്. ഇവരുടെ ജീവിതത്തിലേയ്ക്ക് വരുന്ന രണ്ടുകഥാപാത്രങ്ങളായാണ് ദുല്‍ഖറും സുരേഷ് ഗോപിയും വരുന്നത്. സുരേഷ് ഗോപിയുടെ കഥാപാത്രം ഇന്ത്യൻ ആർമിയിലെ പഴയൊരു മേജറാണ്. നീനയും നിഖിതയും താമസിക്കുന്ന അപ്പാര്‍ട്ടുമെന്റിലേയ്ക്കാണ് ഇരുവരും വരുന്നത്. ഈ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നൊരു കഥാപാത്രമാണ് ദുല്‍ഖറിന്റേതും. സിനിമയുടെ കഥ പറഞ്ഞുപോകുന്നതില്‍ കാര്യമില്ല. ഇതൊരു ചെറിയ കഥയാണ്.

 

അച്ഛന്റെ ആദ്യകാല തട്ടകമായിരുന്നു ചെന്നൈ. സത്യേട്ടന്റെ ആദ്യകാല നായികമാരില്‍ ഒരാളുമാണ് ശോഭന. അനൂപിന്റെ ആദ്യസിനിമയില്‍ ശോഭനയെത്തിയത് യാദൃശ്ചികമായാണോ?

 

ഞാന്‍ ദുല്‍ഖറിനെ നായകനാക്കി ഒരു ബോബി സഞ്ജയ് സിനിമയാണ് ആദ്യം ആലോചിച്ചത്. അതിന് താമസമുണ്ടായപ്പോഴാണ് ഈ സിനിമ ആലോചിച്ചത്. നാഷണല്‍ ഇന്‍സിസ്റ്റ്യൂട്ട് ഒഫ് ഡിസൈനില്‍ പഠിക്കുമ്പോള്‍ വര്‍ക്ക്‌ഷോപ്പിനായി ഒരു കഥ ഉണ്ടാക്കിയിരുന്നു. റൊമാന്‍സിന് പ്രാധാന്യമുള്ളൊരു കഥ. ആ സ്റ്റോറിലൈനില്‍ നിന്നാണ് വരനെ ആവശ്യമുണ്ട് പിറക്കുന്നത്. വളരെ ചെറിയൊരു സിനിമയായാണ് ആദ്യം ആലോചിച്ചത്. ശോഭന, നസ്‌റിയ, സുരേഷ്‌ഗോപി എന്നിവരെയാണ് മനസ്സില്‍ കണ്ടത്. പക്ഷെ അവസാനം വന്ന കാസ്റ്റിംഗ് ഇതായി. ശോഭനമാമിന്റെ കണ്‍ഫര്‍മേഷന്‍ കിട്ടാന്‍ വൈകിയപ്പോള്‍ നസ്രിയയുടെ അവൈലബിളിറ്റിയെ ബാധിച്ചു. അങ്ങനെയാണ് പകരം കല്യാണിയെ ആലോചിച്ചത്. കാരക്ടര്‍വൈസ് പെര്‍ഫെക്ട് എന്ന നിലയിലാണ് ആദ്യം മുതല്‍ സുരേഷ് ഗോപിയെയും ശോഭനയെയും ആലോചിച്ചത്. എന്റെ മനസ്സിലുള്ള മേജറിന് ഫിറ്റായിരുന്നു സുരേഷേട്ടന്‍, നീനയെന്ന കഥാപാത്രത്തിന് ശോഭനയോളം അനുയോജ്യയായ മറ്റൊരാള്‍ ഇല്ല. എനിക്ക് ശോഭനമാമിനെ മുന്‍പരിചയമൊന്നുമില്ല. ഈ കഥ ഉണ്ടാക്കിയതിന് ശേഷമാണ് ഇവരോടെല്ലാം കഥപറയുന്നത്. ആദ്യം നസ്‌റിയയോട് പറഞ്ഞു, പിന്നീട് ശോഭനയോട് പറഞ്ഞു. പിന്നെ സുരേഷ് ഗോപിയോടും. ഇതിൽ ദുല്‍ഖര്‍ ഒരു കാമിയോ വേഷത്തിൽ ഉണ്ടായിരുന്നു. അത് പറയാന്‍ പോയപ്പോൾ ദുല്‍ഖറിന് കഥ ഇഷ്ടമായി. ദുല്‍ഖര്‍ അങ്ങനെയാണ് നിര്‍മ്മാതാവാകുന്നത്. ഇതില്‍ ഒരു വേഷം ദുല്‍ഖറിന് ഇഷ്ടമായി. പിന്നീട് കാമിയോ വേഷം മാറി ഈ വേഷത്തിലേയ്ക്ക് ദുല്‍ഖര്‍ വന്നു.

 

മലയാളം സിനിമയില്‍ മിനിമം ഗ്യാരണ്ടിയുള്ള സംവിധാകരില്‍ പ്രമുഖരാണ് സത്യന്‍ അന്തിക്കാടും ലാല്‍ജോസും. രണ്ടുപേരുടെയും തട്ടകത്തില്‍ സിനിമ പഠിച്ച ആളാണ് അനൂപ്?

 

ഞാന്‍ അച്ഛന്റെ സിനിമയില്‍ ഒപ്പമുണ്ടായിരുന്നില്ല. ഞാന്‍ സിനിമ പഠിച്ചിറങ്ങുമ്പോള്‍ സഹോദരന്‍ അഖില്‍ അച്ഛന്റെ കൂടെയുണ്ടായിരുന്നു. രണ്ടുപേരും കൂടി അച്ഛന്റെ കൂടെ നില്‍ക്കണ്ടെന്ന് തീരുമാനിച്ചു. അച്ഛനാണ് എനിക്ക് ലാല്‍ജോസ് സാറിനെ പരിചയപ്പെടുത്തിയത്. അങ്ങനെയാണ് സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാൻ ചേരുന്നത് . സീനിയർ തലമുറയുടെ കൂടെ നിന്ന് അവരുടെ വര്‍ക്കിംഗ് സ്റ്റൈല്‍ പഠിക്കുന്നത് മുതല്‍ക്കൂട്ടാണെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ലാല്‍ജോസ് സാറിനൊപ്പം നിന്ന് സിനിമ പഠിക്കാന്‍ അവസരം കിട്ടിയത് നല്ലൊരു അനുഭവമായി. അങ്ങനെ പഠിക്കാന്‍ സാധിച്ചതിനാലാണ് എനിക്ക് ഈ സിനിമയില്‍ സിംഗിള്‍ കാമറ, സ്‌പോട്ട് എഡിറ്റില്ലാതെ ചെയ്യാന്‍ സാധിക്കുന്നത്.

 

സ്‌പോട്ടില്ലായല്ലെ?

 

സ്‌പോട്ട് എഡിറ്റിംഗില്ല, ഡബിള്‍ കാമറയില്ല. ഷോട്ട് മാര്‍ക്ക് ചെയ്ത് ആവശ്യമുള്ളത് മാത്രമേ ചിത്രീകരിക്കുന്നുള്ളു. ഈ കാസ്റ്റിംഗ് കോമ്പിനേഷനില്‍ ഇത്തരത്തില്‍ സിനിമ ചെയ്യുക വെല്ലുവിളിയാണ്. ഒരു റിഹേഴ്‌സല്‍ പിന്നെ ടേയ്ക്ക് ഇങ്ങനെയാണ് പോകുന്നത്. ആവശ്യത്തിനുള്ള ഷോട്ട്‌സ് ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ എടുക്കാറില്ല. ഇത്തരത്തില്‍ ഒരു ഷുവര്‍റ്റി ജഡ്ജ് ചെയ്യാന്‍ കഴിയുന്നത് ലാല്‍ജോസ് സാറിന്റെ സ്‌കൂളില്‍ പഠിക്കാന്‍ കഴിഞ്ഞതിനാലാണ്. അച്ഛന്റെ ശൈലിയുമായി ചേര്‍ന്നു പോകുന്ന സ്‌കൂളാണ് ലാല്‍ജോസ് സാറിന്റേതും.

 

അച്ഛന്റെ സംഭാവന ഈ സിനിമയില്‍ എന്താണ്? സംഭാവന എന്ന് ഉദ്ദേശിച്ചത് ക്രിയേറ്റീവായല്ല ഉപദേശങ്ങള്‍ എന്ന നിലയിലാണ്?

 

ത്രെഡ് മാത്രമേ അച്ഛനോട് പറഞ്ഞിരുന്നുള്ളു. അതിന് മുമ്പ് പറഞ്ഞ ത്രെഡുകളില്‍ നിന്നും വ്യത്യസ്തമായി അച്ഛന്‍ ആദ്യമായി പോസിറ്റീവ് മറുപടി തന്നത് ഈ ത്രെഡിനാണ്. അവിടം മുതലാണ് ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. ഇതിന്റെ ത്രെഡ് കേട്ടപ്പോള്‍ തന്നെ അച്ഛന്‍ എക്‌സൈറ്റഡായി.സ്‌ക്രിപ്റ്റ് പകുതിഭാഗം വരെ വായിക്കാന്‍ കൊടുത്തു. ആദ്യ സിനിമയായതിനാല്‍ അച്ഛന്‍ ഓവര്‍കോണ്‍ഷ്യസാകണ്ടെന്ന്
കരുതി ബാക്കി കൊടുത്തില്ല.

 

അച്ഛന്‍ ലെക്കേഷനില്‍ വന്നിരുന്നോ?

ഇല്ല, ഇങ്ങോട്ട് വന്നില്ല.

 

വിളിക്കാറുണ്ടോ?

 

എല്ലാദിവസവും വിളിക്കാറുണ്ട്. ഞാന്‍ സമയമുള്ളപ്പോള്‍ സീന്‍സൊക്കെ ലൊക്കേഷനില്‍ വച്ച് എഡിറ്റ് ചെയ്യാറുണ്ട്. ഇത്തരം ചില സീനുകള്‍ അച്ഛന് അയച്ച് കൊടുക്കാറുണ്ട്. അത് ഇഷ്ടമായെന്ന് അച്ഛന്‍ പറയാറുണ്ട്.

 

സ്‌പോട്ട് ഇല്ലാതെ സിനിമ ചെയ്യുന്ന റിസ്‌ക് വലുതല്ലെ?

 

സ്‌പോട്ട് എഡിറ്റിംഗ് മോശമാണെന്ന നിലയില്‍ അത് ചെയ്യാത്തതല്ല. എനിക്ക് ഈ സ്‌റ്റൈലില്‍ ചെയ്യാന്‍ ആത്മവിശ്വാസമുണ്ട്. കൂടെയുള്ള ടീമിന് എന്റെ സ്‌റ്റൈലും അറിയാം. പിന്നെ ഈ സിനിമ ഞാന്‍ തന്നെ എഴുതിയത് കൊണ്ട് എനിക്ക് ഈ തിരക്കഥ കാണാപ്പാഠമാണ്. ഞാന്‍ ഈ സിനിമയില്‍ വളരെ കോണ്‍ഫിഡന്റ് ആണ്. അല്ലാതെ സ്‌പോട്ട് ഇല്ലാതെ ഹീറോയിസും കാണിക്കാനുള്ള ഏര്‍പ്പാടൊന്നുമല്ല. ഞാന്‍ എഡിറ്റ് ചെയ്യുന്നൊരാളാണ്. അതിനാല്‍ മനസ്സില്‍ എഡിറ്റ് ചെയ്തിട്ടാണ് ഷൂട്ട് ചെയ്യുന്നത്. എഡിറ്റര്‍ ടോബി മദ്രാസില്‍ തന്നെയുണ്ട്. അതിനാല്‍ ദിവസവും പരമാവധി ഞങ്ങള്‍ ചിത്രീകരിച്ചത് എഡിറ്റ് ചെയ്യാറുണ്ട്. അതും ആത്മവിശ്വാസത്തിന്റെ ഘടകമാണ്.

 

അച്ഛന്‍ നന്നായി എഴുതുന്നൊരാളാണ്. പക്ഷെ എഴുതാനുള്ള മടിയെക്കുറിച്ച് അച്ഛന്‍ എപ്പോഴും പറയാറുണ്ട്. ഈ സിനിമയുടെ എഴുത്തിനെക്കുറിച്ച് പറയാമോ?

 

ഈ സിനിമയുടെ മൊത്തം ജോലിയില്‍ ഏറ്റവും കഠിനമായത് ഇതിന്റെ എഴുത്തായിരുന്നു. ഒന്നൊര വര്‍ഷത്തോളം എടുത്താണ് ഇതിന്റെ എഴുത്ത് പൂര്‍ത്തീകരിച്ചത്. എഴുതാന്‍ മാത്രമല്ല അതിന്റെ തിരുത്തെല്ലാം ഈ കാലയളവില്‍ സംഭവിച്ചതാണ്. ദുല്‍ഖര്‍ വന്നപ്പോള്‍ വേര്‍ഷന്‍ മാറി. നസ്‌റിയ മാറിയപ്പോള്‍ മറ്റൊരു വേര്‍ഷന്‍ പിടിക്കേണ്ടി വന്നു.

 

എഴുത്തിന്റെ കാര്യത്തില്‍ അച്ഛന്റെ എന്തെങ്കിലും സഹായമുണ്ടായിരുന്നോ?

 

ഇടയ്ക്ക് സംശയം വേണ്ടെന്നതിനാല്‍ ഞാന്‍ എഴുതുമ്പോള്‍ അച്ഛനോടൊന്നും സീനുകൾ പറയാറില്ല. ചില സീന്‍സെല്ലാം എഴുതികഴിഞ്ഞിട്ട് വായിക്കാന്‍ കൊടുക്കുമെന്നല്ലാതെ എഴുതുന്നതിനിടയില്‍ അത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമായിരുന്നില്ല. പിന്നീട് വായിക്കുമ്പോള്‍ അതിന്റെ സര്‍പ്രൈസ് പോകേണ്ടെന്ന് കരുതിയാണ് അത്തരത്തില്‍ ചര്‍ച്ച ചെയ്യാതിരുന്നത്. ചില കഥാപാത്രത്തെക്കുറിച്ചെല്ലാം ഇടയ്ക്ക് പറയുമായിരുന്നു. എന്നാല്‍ സീനുകള്‍ എഴുതുന്നതിന് മുമ്പ് ചര്‍ച്ചയില്ലായിരുന്നു.

 

സ്വന്തമായി ഡയലോഗ്എഴുതിയതിന്റെ അനുഭവം പറയുമോ?

 

ഡയലോഗ് ഞാന്‍ തന്നെയാണ്. എഴുത്തിന്റെ ഫോര്‍മാറ്റൊന്നും എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഒരു എഴുത്തുകാരനുമല്ല. പക്ഷെ സിനിമയുടെ സ്റ്റൈലിനെ സംബന്ധിച്ച് ഒരുധാരണയുണ്ടായിരുന്നു. അച്ഛന്റെയും ശ്രീനി അങ്കിളിന്റെയും സിനിമകള്‍ക്ക് അമിത നാടകീയത ഇല്ലാത്ത ശൈലിയുണ്ടായിരുന്നു. ഞാന്‍ എഴുതുമ്പോള്‍ ഇടയ്ക്ക് അച്ഛന്റെയും ശ്രീനി അങ്കിളിന്റെയും തിരക്കഥകള്‍ റഫര്‍ ചെയ്തിരുന്നു. അത് സീനുകളുടെ നീളം ജഡ്ജ് ചെയ്യുന്നതിനായിരുന്നു. ശ്രീനി അങ്കിള്‍ പറയുന്നൊരു കാര്യമുണ്ട്, ഒരു സീന്‍ ഒരു സിനിമപോലെ ട്രീറ്റ് ചെയ്യണമെന്നാണ് പറയാറ്. ഒരു സീനിന് ഒരു തുടക്കം വേണം, ഒടുക്കം വേണം, അതിനിടയില്‍ നടക്കുന്ന സംഭവങ്ങൾ വേണമെന്നെല്ലാം ശ്രീനിയങ്കില്‍ പറയാറുണ്ട്. ഞാന്‍ പ്രകാശന്റെ സ്‌ക്രിപ്റ്റ് റഫറന്‍സാക്കി ഉപയോഗിച്ചിരുന്നു. ശൈലിപകര്‍ത്താനല്ല, മറിച്ച് സീനിന്റെ ലെംഗ്ത് മനസ്സിലാക്കാനാണ് അത് റഫര്‍ ചെയ്തത്.

 

ബോബിസഞ്ജയ് സിനിമയായിരുന്നല്ലോ ആദ്യം പ്ലാന്‍ ചെയ്തത്. പിന്നീട് ആദ്യ സിനിമ സ്വയം എഴുതാൻ തുടങ്ങിയപ്പോൾ ആരെങ്കിലും നിരുത്സാഹപ്പെടുത്തിയോ?

 

അങ്ങനെയൊന്നുമില്ല. എഴുതാന്‍ പറ്റുമെങ്കില്‍ ഏറ്റവും നല്ലത് സ്വന്തം എഴുതുന്നതാണ്. എന്തായാലും എല്ലാ സിനിമയും സ്വന്തം എഴുതി സംവിധാനം ചെയ്യുമെന്ന വാശിയൊന്നുമില്ല. ഈ സിനിമ സ്വന്തം എഴുതാന്‍ സാധിച്ചതിനാല്‍ അതിന്റേതായ ഗുണമുണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ ചിത്രീകരണസമയത്ത് പാനിക്കാവേണ്ട കാര്യം വരുന്നില്ല. ഒരുദിവസം പ്ലാന്‍ ചെയ്തിരുന്ന സീനോ ലൊക്കേഷനോ മാറിപ്പോയാലും വളരെ പെട്ടെന്ന് ആസാഹചര്യത്തെ മറികടക്കാന്‍ സാധിക്കുമായിരുന്നു.

 

 

 കൂടുതൽ വായിക്കുവാൻ വെള്ളിനക്ഷത്രം വരിക്കാരാകുക 

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram