"ഔട്ട് ആന്റ് ഔട്ട് മോഹൻ ലാല്‍ സിനിമ"

Posted by ദിപിന്‍ മാനന്തവാടി, 13 Jan, 2020

 
 
 
 
ഞാന്‍ വിയറ്റ്‌നാം കോളനി എടുത്ത കാലത്തെ ഇമേജല്ല ഇപ്പോള്‍ മോഹൻലാലിനുള്ളത്.  അമാനുഷിക കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ശേഷിയുള്ള, പ്രതിച്ഛായയുള്ള നായകന്‍ എന്ന നിലയിലേയ്ക്ക് മോഹൻലാല്‍ മാറിയിട്ടുണ്ട്. അതിനാല്‍ ഒരു സാധാരണ കഥയോ സാധാരണസംഭവങ്ങളോ 
മോഹൻലാലിന്റെ ബിഗ്ബഡ്ജറ്റ് സിനിമയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കില്ല. രജനീകാന്ത്, കമല്‍, സല്‍മാന്‍ഖാന്‍, ഷാരൂഖ്ഖാന്‍ തുടങ്ങിയ നായകന്മാരില്‍ നിന്നും പ്രതീക്ഷിക്കുന്നത് പോലെ അസാധാരണമായതെന്തെല്ലാമോ  പ്രേക്ഷകര്‍ മോഹൻലാലില്‍ നിന്നും പ്രതീക്ഷിക്കുന്നു. വലിയ മുതല്‍മുടക്കുള്ള ചിത്രമെന്ന നിലയില്‍ ആളുകള്‍ പ്രതീക്ഷിക്കുന്നത്  നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ സിനിമ  കളക്ടുചെയ്യില്ല  മുപ്പത് കോടിയിൽ കൂടുതൽ മുടക്കി ബിഗ് ബ്രദർ എന്ന മോഹൻലാൽ ചിത്രമൊരുക്കുന്ന മലയാളത്തിന്റെ മെഗാഹിറ്റ് ഷോമാൻ സിദ്ധിഖ് പറയുന്നു. 
 
 
മോഹന്‍ലാലും സിദ്ധിഖും ചേരുന്ന സിനിമയെന്നത് തന്നെയാണ് ബിഗ് ബ്രദറിന്റെ  കൗതുകം; പ്രേക്ഷകരുടെ കാത്തിരിപ്പിന്റെ അടിസ്ഥാനം -  ജനുവരി16ന് പ്രദർശനത്തിനെത്തുന്ന . ബിഗ്ബ്രദറിന്റെ മേക്കിംഗ് വിശേഷങ്ങൾ വെള്ളിനക്ഷത്രത്തോട് പങ്കിടുകയാണ് സംവിധായകൻ സിദ്ധിഖ്:
 
 
"ഞാൻ ഈ പറഞ്ഞതിന്റെ അര്‍ത്ഥം മോഹൻലാലിന്റെ സാധാരണ കഥാപാത്രങ്ങളും അത്തരം  കഥാസന്ദര്‍ഭങ്ങളുള്ള സിനിമകളും  പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്നല്ല. അത്തരം സിനിമകളുടെ മുതല്‍ മുടക്ക് കുറവായിരിക്കും. അതിനനുസരിച്ച് മാത്രമായിരിക്കും പ്രേക്ഷകരുടെ പ്രതീക്ഷ. വളരെ ഹ്യൂമറസ്സായ രസകരമായ നിമിഷങ്ങളുള്ള സിനിമകളാണ് ആളുകള്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത്. മുമ്പ് ചെയ്ത സിനിമകളിലെല്ലാം നർമ്മം പ്രധാന ഘടകമായിരുന്നെങ്കിലും ശക്തമായ സാമൂഹ്യവിഷയങ്ങളും  പ്രണയത്തിന്റെ 
വൈകാരിക തലങ്ങളും  ഉണ്ടായിരുന്നു. ബിഗ്ബ്രദറിലും ഈ ഘടകങ്ങൾ ഉണ്ട്. എന്നാല്‍ മുന്‍ സിനിമകളെ സമീപിച്ചതു   പോലല്ല ഞാനീ സിനിമ ട്രീറ്റ് 
ചെയ്യുന്നത്. മോഹന്‍ലാല്‍ എന്ന കംപ്ലീറ്റ് ആക്ടറില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെല്ലാം നല്‍കുന്ന തരത്തിലാണ് ബിഗ്ബ്രദര്‍ 
ഒരുക്കുന്നത്. ഒപ്പം അദ്ദേഹത്തിന്റെ അഭിനയസിദ്ധിയും പ്രയോജനപ്പെടുത്തുന്നു. എന്റെ സിനിമ ഇഷ്ടപ്പെടുന്നവരും ലാലിന്റെ സിനിമ ഇഷ്ടപ്പെടുന്നവരും സന്തോഷിക്കണം  അതാണ് ലക്ഷ്യം. കുടുംബപ്രേക്ഷകര്‍ക്കും, ചെറുപ്പക്കാര്‍ക്കുമെല്ലാം ഇഷ്ടപ്പെടും."
 
 
മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ച് പറയുമോ?
 
 
കഥാപാത്രത്തെ  ഇപ്പോള്‍ വെളിപ്പെടുത്തേണ്ട. ആ കഥാപാത്രം തന്നെയാണ്  സസ്‌പെന്‍സ്. സച്ചിദാനന്ദന്‍ ആരാണ്, ഒരു കമാന്‍ഡോ ആണോ, അസാധാരണ ശക്തിയുള്ള മറ്റാരെങ്കിലും ആണോ  ഇത്തരം സസ്‌പെന്‍സുകള്‍ ഇപ്പോഴുണ്ട്. അത് സിനിമ കണ്ടുതന്നെ അറിയണം. മോഹന്‍ലാലില്‍ നിന്ന് മാത്രമേ ഇതുപോലൊരു കഥാപാത്രം ഇത്ര പൂർണ്ണതയോടെ പ്രേക്ഷകർക്ക് സ്വീകരിക്കാന്‍ കഴിയുകയുള്ളു. വളരെ ലൈറ്ററായ ആംഗിളും വളരെ അഗ്രസ്സീവായ ആംഗിളുമുള്ള കഥാപാത്രമാണ് മോഹൻലാലിന്റേത്. ഈ രണ്ട് ഭാവവും ചെയ്യാന്‍ സ്‌കില്ലുള്ള ആക്ടറാണ് എന്നതാണ് സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് കിട്ടിയ സാധ്യത.  
 
 
മറ്റുകഥാപാത്രങ്ങള്‍?
 
 
സല്‍മാന്‍ഖാന്റെ സഹോദരന്‍ അര്‍ബാസ്ഖാന്‍ ഒരു നാര്‍ക്കോട്ടിക് പ്രിവന്റീവ് സ്‌പെഷ്യല്‍ ഓഫീസറായി വരുന്നു. വേദാന്തം ഐ.പി.എസ്. മോഹൻലാലിനൊപ്പം പ്രാധാന്യമുള്ള ഒരു കഥാപാത്രം. ഷെട്ടിയെന്ന വലിയൊരു ബിസിനസ്സ് മാഗ്നറ്റിന്റെ വേഷം ചെയ്യുന്നത് സിദ്ദിഖാണ്. ഇര്‍ഷാദ്, ടിനി ടോം, വിഷ്ണു ഉണ്ണികഷ്ണന്‍ എന്നിവര്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹോദരതുല്യരായ സുഹത്തുക്കളായി വരുന്നു. അനൂപ് മേനോന്‍, സര്‍ജാനോ ഖാലിദ് എന്നിവര്‍ മോഹന്‍ലാലിന്റെ സഹോദരങ്ങളായി എത്തുന്നു. മൂന്നു നായികമാരുണ്ട്. ഹണിറോസ്,  പുതുമുഖങ്ങളായ മിര്‍ന, ഗാഥ എന്നിവർ.
 
 
സിനിമയിലെ ഗാനങ്ങള്‍ ശ്രദ്ധേയമാണല്ലോ?
 
 
മൂന്നുഗാനങ്ങളാണ് ഉള്ളത്. ദീപക് ദേവാണ് സംഗീതം. റഫീഖ് അഹമ്മദും സന്തോഷ് വര്‍മ്മയുമാണ് ഗാനരചന. ആക്ഷന് വലിയ പ്രാധാന്യമുള്ള സിനിമയുമാണിത്. വരുത്തനെല്ലാം ചെയ്ത സുപ്രീംസുന്ദര്‍, ലൂസിഫര്‍ ചെയ്ത സില്‍വ എന്നിവരാണ് ഫൈറ്റ്മാസ്റ്റര്‍മാര്‍. എഡിറ്റര്‍ ഗൗരിശങ്കര്‍, കാമറ ജിത്തു ദാമോദര്‍ എന്നിവരാണ്.
 
സിനിമയുടെ ലൊക്കേഷന്‍ ബിഗ്ബ്രദറിന് വ്യത്യസ്തമായൊരു ഫീല്‍ സമ്മാനിക്കുന്നുണ്ടല്ലേ?
 
കഥ നടക്കുന്നത് മുഴുവന്‍ കര്‍ണ്ണാടകയിലാണ്. അതിനാല്‍ തന്നെ മലയാള സിനിമയെ സംബന്ധിച്ച് പുതിയ ലൊക്കേഷനുകളാണ് ഞങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
 
ഇത്തവണയും പതിവ് തെറ്റിച്ചില്ല. ബിഗ്ബ്രദര്‍ എന്ന ഇംഗ്ലീഷ് ടൈറ്റില്‍ തന്നെയാണ് പുതിയ സിനിമയ്ക്കും. സിനിമയുടെ സ്വഭാവത്തെ ഈ ടൈറ്റിൽ സാംശീകരിക്കുന്നുണ്ടോ?
 
തീര്‍ച്ചയായും. ബിഗ്ബ്രദറിനെ ചുറ്റിപറ്റിയുണ്ടാകുന്ന കഥയാണിത്. ബിഗ്ബ്രദറിനെ പരാമര്‍ശിക്കാത്ത ഒരുസീന്‍ പോലും സിനിമയിലില്ല. ബിഗ്ബ്രദര്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങളുടെ, അദ്ദേഹത്തെ ചുറ്റിപറ്റി നില്‍ക്കുന്നവരുടെ കഥയാണ് ബിഗ്ബ്രദര്‍. ഔട്ട് ആന്റ് ഔട്ട്  
മോഹൻ ലാല്‍ സിനിമയാണ് ബിഗ്ബ്രദര്‍.
 
ഈ സിനിമയെ ഒരു ഫാമിലി ഹ്യൂമര്‍ എന്റര്‍ടെയ്‌നര്‍ എന്ന നിലയിലാണോ കാണേണ്ടത്?
 
ഇതൊരു ഫാമിലി ഹ്യൂമര്‍ എന്റര്‍ടെയ്‌നറല്ല. ഇതൊരു മാസ്സ് സിനിമയാണ്. ഇതില്‍ ഫാമിലിയുണ്ട്, ഇമോഷന്‍സുണ്ട്, കൊച്ചു കൊച്ചു തമാശകളുണ്ട്. ഒരു മാസ് സിനിമയാണ് ബിഗ്ബ്രദര്‍ എന്ന ധാരണയോടെ തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകരെ ഈ സിനിമ നിരാശപ്പെടുത്തില്ല. വളരെ ശക്തമായ ഒരു കഥാപരിസരം ഈ സിനിമയ്ക്കുണ്ട്. മോഹന്‍ലാമിന്റെ  കഥാപാത്രത്തിന് അതി ശക്തമായൊരു ക്യാരക്ടര്‍ സ്‌കെച്ചുണ്ട്. വെറുതെ ഒരു കഥയുമില്ലാത്ത തട്ടുപൊളിപ്പന്‍ സിനിമയെന്ന നിലയിലല്ല മാസ് എന്റര്‍ടെയ്‌നറായി  മാറുന്നത്. 
 
വലിയ സിനിമകള്‍ ചെറിയ സിനിമകളെ വിഴുങ്ങുന്നു എന്നൊരു വിമര്‍ശനമുണ്ട്?
 
മലയാള സിനിമയുടെ വലിപ്പം കൂടിക്കൂടി വരികയാണ്. അതിനാല്‍ തന്നെ സിനിമയുടെ മുതല്‍ മുടക്കും കൂടിക്കൂടി വരികയാണ്. അതിനാല്‍ തന്നെ ആ മുതല്‍മുടക്ക് നിര്‍മ്മാതാവിന് തിരിച്ചു കിട്ടേണ്ടതുണ്ട്. അതിന് കൂടി ശേഷിയുള്ള ഒരു അഭിനേതാവാണ് മോഹന്‍ലാല്‍. എന്റെ സിനിമകള്‍ ഇതുവരെ പ്രേക്ഷകര്‍ കൈയ്യുംനീട്ടി സ്വീകരിച്ചിട്ടുണ്ട്. ഈതെല്ലാം നല്‍കുന്ന ആത്മവിശ്വാസത്തില്‍ നിന്നാണ്  ബിഗ്ബഡ്ജറ്റ് സിനിമ എടുക്കാന്‍ തീരുമാനിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമയുമായി താരതമ്യപ്പെടുത്താവുന്ന ഒരു വലിപ്പത്തിലേയ്ക്ക് മലയാള സിനിമ മാറിയിട്ടില്ല. അവര്‍ മുടക്കുന്ന പണത്തിന്റെ ചെറിയൊരു ശതമാനം മുതല്‍മുടക്ക് മാത്രമേ നമ്മുടെ ഇന്‍ഡസ്ട്രി നടത്തുന്നുള്ളു. അതിനാല്‍ തന്നെ ആ മേഖലയുടെ മുതല്‍മുടക്കും വരുമാനവുമായി നമ്മുടെ സിനിമയെ താരതമ്യം ചെയ്യരുത്. എന്നാല്‍ ഒരു അഞ്ചുകൊല്ലം മുമ്പ് മലയാള സിനിമയ്ക്ക് ചിന്തിക്കാന്‍ സാധിക്കാതിരുന്ന ബഡ്ജറ്റില്‍ ഇന്ന് നമുക്ക് സിനിമയെടുക്കാന്‍ സാധിക്കുന്നുണ്ട്. 100 കോടിരൂപയെല്ലാം നമ്മുടെ സിനിമകള്‍ക്ക് കളക്ട് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഇതെല്ലാം നമ്മുടെ സിനിമ വലുതാവുന്നതിന്റെ ലക്ഷണമാണ്. ഒരുപാട് സിനിമകള്‍ ഉണ്ടാകാന്‍ ഇത് വഴിതെളിക്കും. ഏതാണ്ട് 195 സിനിമകള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായി. അതില്‍ ഏതാണ്ട് 95 സിനിമകളുടെ സംവിധായകര്‍ പുതിയ ആളുകളാണ്. നമ്മുടെ ഇന്‍ഡസ്ട്രി വലുതാകുന്നതോടെ ഏറ്റവും കൂടുതല്‍ അവസരം ലഭിക്കാന്‍ പോകുന്നത് പുതിയ സംവിധായകര്‍ക്കാണ്. 
 
 
വലിയ സിനിമകള്‍ പുതിയ ആളുകള്‍ക്ക് എതിരാണെന്ന നിലയില്‍ നടക്കുന്ന പ്രചരണങ്ങളെപ്പറ്റി? 
 
അതിൽ കഴമ്പില്ല. ഇന്‍ഡസ്ട്രി വലുതാകുന്നതോടെ സിനിമയെടുക്കാനുള്ള ലിമിറ്റേഷന്‍സ് കുറയും എന്തുകഥയും ചിന്തിക്കാനും അതെടുക്കാനുമുള്ള അവസരം പുതിയ ആളുകള്‍ക്ക് ലഭിക്കും. ഇത്തരത്തില്‍ നമ്മുടെ മാര്‍ക്കറ്റിന്റെ വലിപ്പം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കുകയെന്നതാണ് സീനിയര്‍ സംവിധായകര്‍ എന്ന നിലയില്‍ നമുക്കെല്ലാം ചെയ്യാന്‍ സാധിക്കുക. അതിനെ അടച്ചാക്ഷേപിക്കാനും തകര്‍ക്കാനും ശ്രമിക്കുന്നത് ഇരിക്കുന്നകൊമ്പ് മുറിക്കുന്നത് പോലെയാണ്. മാമാങ്കം സിനിമയുടെ നിര്‍മ്മാതാവ് പറഞ്ഞത് പോലുള്ള സങ്കടകരമായ ഒരു സാഹചര്യം ഒരു സിനിമയ്ക്കും അഭിമുഖീകരിക്കേണ്ടി വരരുത്. വലിയ സിനിമ ഓടുമ്പോഴാണ് വ്യവസായം വലുതാകുന്നത്. ഇത് വലുതാവുമ്പോള്‍ ഇതിന്റെ പ്രയോജനം ലഭിക്കാന്‍ പോകുന്നത് ആര്‍ക്കാണെന്ന് ഇത്തരം സിനിമകളെ അറ്റാക്ക് ചെയ്യുന്ന ചെറുപ്പക്കാര്‍ മനസ്സിലാക്കുന്നില്ല. വലിയ പടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്‍ഡസ്ട്രി വലുതാകുകയും ചെറിയ പടങ്ങള്‍ക്ക് സ്‌പെയ്‌സ് ഉണ്ടാകുകയും ചെയ്യും. ഹിന്ദിയിലുമെല്ലാം വലിയ സിനിമകളും ഇറങ്ങുന്നുണ്ട് വിജയിക്കുന്നുണ്ട്, ചെറിയ സിനിമകളും ഇറങ്ങുന്നുണ്ട് വിജയിക്കുന്നുണ്ട്. രണ്ടുതരത്തിലുള്ള സിനിമകളും ഇവിടെ വേണം. 
അന്തിമമായി സിനിമയാണ് വലുത്, സിനിമയ്‌ക്കൊപ്പമാണ് നില്‍ക്കേണ്ടത്.
 
മോഹന്‍ലാല്‍ എന്ന നായകന്‍ വന്നതിനാല്‍ ഒരു മാസ് സിനിമയെന്ന നിലയില്‍ ആലോചിച്ച സിനിമയാണോ ഇത്?
 
തീര്‍ച്ചയായും അതെ. ഞാന്‍ ലൈറ്റ് സിനിമകള്‍ ധാരാളം ചെയ്തിട്ടുണ്ട്. ഒരു മാസ് സിനിമയെടുക്കാന്‍ എനിക്ക് ഏറ്റവും നല്ല അവസരമാണിത്. അതുകൊണ്ട് തന്നെയാണ് മോഡ്ലാലിനെവച്ച് ബിഗ്ബ്രദര്‍ എന്ന മാസ് മൂവി എടുത്തത്. 
 
 
loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram