ബോളിവുഡ് കീഴടക്കിയ "തൂ ഹീ മേരി സിന്ദഗീ"; അംഗീകാരങ്ങളുടെ നിറവില്‍ ജുബൈര്‍ മുഹമ്മദ്..

Posted by mathew, 15 Mar, 2021

 

 
ഒമര്‍ ലുലു സംവിധാനം ചെയ്ത "തൂ ഹീ മേരി സിന്ദഗീ" എന്ന ഹിന്ദി ആല്‍ബത്തിന് സംഗീതമൊരുക്കി ലോകമെങ്ങുമുള്ള സംഗീത പ്രേമികളുടെ മനസ്സിലിടം നേടിയിരിക്കുകയാണ് ജുബൈര്‍ മുഹമ്മദ്. പുറത്തിറങ്ങി ആദ്യ ദിനം തന്നെ ദശലക്ഷക്കണക്കിനാളുകളാണ് ജുബൈറിന്റെ ഗാനം യൂട്യൂബിലൂടെ ആസ്വദിച്ചത്. ആര്‍ക്കും അത്ര വേഗം നേടാനാകാത്ത അംഗീകാരം സ്വന്തമാക്കിയാണ് ജുബൈര്‍ ബോളിവുഡിലേക്കുള്ള തന്റെ വരവറിയിച്ചത്. മലയാളത്തില്‍ നിന്ന് ബോളിവുഡിലെത്തി, കൈ നിറയെ അവസരങ്ങുമായി സംഗീത ലോകത്ത് തന്റേതായ ഇടം നേടാനൊരുങ്ങുകയാണ് ജുബൈര്‍ ഇപ്പോള്‍. തന്റെ അനുഭവങ്ങളും വിശേഷങ്ങളും ജുബൈര്‍ വായനക്കാര്‍ക്കായി പങ്കുവെക്കുന്നു..


തൂ ഹീ ഹേ മേരി സിന്ദഗിയിലേക്ക്..

ഒമര്‍ ലുലുവിന്റെ ചങ്ക്‌സില്‍ ഞാന്‍ ഒരു പാട്ട് ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞ് അഡാര്‍ ലവ്വില്‍ "മാണിക്യ മലരായ" എന്ന പാട്ട് പാടി അഭിനയിക്കാന്‍ പറ്റി. പിന്നീട് ലോക്ഡൗണ്‍ സമയത്ത് ഒരു ദിവസം ഒമര്‍ ഇക്ക വിളിച്ചിട്ട് ഒരു ആല്‍ബം ചെയ്യണമെന്ന് പറഞ്ഞു. നേരത്തെ ഞാന്‍ പുള്ളിക്ക് രണ്ട് ട്യൂണ്‍ അയച്ചിരുന്നു. അത് വീണ്ടും അയച്ചുതരാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ അത് അയച്ചുകൊടുത്തപ്പോ ഇക്ക അതില്‍ ഒന്ന് സെലക്റ്റ് ചെയ്തിട്ട് ഇത് നമുക്ക് ചെയ്യാമെന്ന് പറഞ്ഞു. അതിനുശേഷമാണ് നമ്മള്‍ ഇത് ഹിന്ദിയില്‍ ആണ് ചെയ്യുന്നത്, അപ്പൊ അങ്ങനെ പ്ലാന്‍ ചെയ്യാമെന്ന് ഇക്ക പറഞ്ഞത്. അങ്ങനെ ഞാന്‍ ആ ട്യൂണ്‍ ഒന്നുകൂടി സെറ്റ് ചെയ്തിട്ട് ഇക്കയ്ക്ക് അയച്ചു. പുള്ളി അവിടെ അത് ഷൂട്ട് ചെയ്തു.


നിഖില്‍ ഡിസൂസയുടെ വോയ്‌സ്..

ഷൂട്ട് ചെയ്ത ശേഷം നമ്മള്‍ അത് ആരെക്കൊണ്ട് പാടിക്കും എന്നൊരു കണ്‍ഫ്യൂഷനിലായിരുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു സോംഗ് ഉണ്ട്, വാസ്‌തേ എന്ന് പറഞ്ഞ്. നമ്മള്‍ എപ്പോഴും കേള്‍ക്കുന്ന ഒരു പാട്ടാണ്. നിഖില്‍ ഡിസൂസയാണ് അത് പാടിയിരിക്കുന്നത്. നമ്മുടെ പാട്ടും പുള്ളിയുടെ വോയ്‌സില്‍ വന്നാല്‍ നന്നാകുമെന്ന് തോന്നി. അങ്ങനെ പുള്ളിയെ കോണ്‍ടാക്റ്റ് ചെയ്തു. പുള്ളിക്ക് ട്യൂണ്‍ ഇഷ്ടപ്പെട്ടു. പുള്ളി പാടാം എന്ന് പറഞ്ഞു. അങ്ങനെയാണ് നിഖില്‍ ഡിസൂസ തന്നെ നമ്മുടെ പാട്ട് പാടാനെത്തുന്നത്.


ഹമ്മിംഗിനായി വിനീത് ശ്രീനിവാസന്‍..

ആ പാട്ടില്‍ ഒരു ഹമ്മിംഗ് ഉണ്ടായിരുന്നു. ഇങ്ങനെയൊരു ആല്‍ബം നമ്മള്‍ ഹിന്ദിയില്‍ ചെയ്യുമ്പോള്‍, അതില്‍ ഒരു മലയാളം ഭാഗം വന്നാല്‍ രസമായിരിക്കും എന്ന് തോന്നി. അങ്ങനെ, നമ്മുടെ ബി.കെ ഹരിനാരായണന് ഒമര്‍ ഇക്ക അത് അയച്ചുകൊടുത്തു. ആ ഹമ്മിംഗ് അങ്ങനെ ലിറിക് ആക്കി. അത് പാടാന്‍ നമ്മള്‍ രണ്ട് മൂന്ന് സിംഗേഴ്‌സിനെ ആലോചിച്ചു. അവസാനം വിനീതേട്ടനെ കൊണ്ടു തന്നെ പാടിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. വിനീതേട്ടന്‍ പാടിയാലാകും ഏറ്റവും നന്നാവുകയെന്ന് തോന്നി. ഞാനാണ് പാട്ടിന്റെ ട്രാക്ക് പാടിയത്. എന്റെ ശബ്ദവും വിനീതേട്ടന്റെ ശബ്ദവുമായി ചെറിയ സാമ്യമുണ്ട്. അപ്പൊ, വിനീതേട്ടന്‍ പാടിയാലാകും ഏറ്റവും നന്നാകുകയെന്ന് തോന്നി. അങ്ങനെ വിനീതേട്ടനെ വിളിച്ചു. വിനീതേട്ടന്‍ ചെന്നൈയില്‍ നിന്ന് പാടി അയച്ചു.


ആദ്യ ദിവസം 1 മില്ല്യണ്‍..

മ്യൂസിക്കുമായി അധികം ബന്ധമില്ലാത്ത നമ്മുടെ ചില സുഹൃത്തുക്കള്‍ പാട്ട് ആദ്യം കണ്ടിരുന്നു. അവര്‍ക്കൊക്കെ ഇഷ്ടപ്പെടുകയും അവരൊക്കെ നല്ല അഭിപ്രായം പറയുകയും ചെയ്തു. സംഭവം കൊള്ളാം എന്ന് ആദ്യം തന്നെ അവരൊക്കെ പറഞ്ഞിരുന്നു. അപ്പോ നമുക്ക് ചെറിയൊരു പ്രതീക്ഷയൊക്കെ വന്നു, ആളുകള്‍ക്ക് ഇഷ്ടപ്പെടും എന്നുള്ളത്. പുറത്തിറങ്ങി ആദ്യ ദിവസം തന്നെ ആല്‍ബത്തിന് 1 മില്ല്യനിലധികം വ്യൂസ് ലഭിച്ചു. വിനീതേട്ടന്റെ ഭാഗം എല്ലാവര്‍ക്കും ഇഷ്ടമാകുമോ എന്ന് ചെറിയൊരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. പക്ഷേ, പാട്ട് ഇറങ്ങിയപ്പോ ഏറ്റവുമധികം അഭിനന്ദനം ലഭിച്ചത് ആ ഭാഗത്തിനായിരുന്നു. അങ്ങനെയൊരു ഭാഗം ഹിന്ദി പാട്ടിനിടെയ്ക്ക് വരുന്നത് മലയാളികള്‍ക്ക് സന്തോഷവുമാണ്.

 


ബോളിവുഡില്‍ നിന്ന് ഓഫര്‍..

മുംബൈയിലെ ഏഷ്യ മ്യൂസിക് വിഷന്‍ സ്റ്റുഡിയോയിലായിരുന്നു റിക്കാര്‍ഡിംഗ്. അഭിഷേകാണ് പാട്ടിന്റെ ലിറിക് എഴുതിയിരിക്കുന്നത്. പുള്ളി മ്യൂസിക് ഡയറക്ടര്‍ കൂടിയാണ്. ഞാന്‍ ചെയ്ത ട്യൂണില്‍ അങ്ങോട്ടോ ഇങ്ങോട്ടോ പോകാതെയാണ് അവന്‍ വരികള്‍ എഴുതിയിരിക്കുന്നത്. അവന്‍ മ്യൂസിക് ഡയറക്ടര്‍ ആയതുകൊണ്ട് കൃത്യമായി അവനറിയാം. വരികള്‍ കൂടി നന്നായിട്ട് വന്നതുകൊണ്ടാണ് ആ പാട്ടിനൊരു ഒഴുക്ക് വന്നത്. മൊത്തത്തില്‍ നല്ലൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു ആല്‍ബം. ഇപ്പൊ, ബോളിവുഡിലെ ചില പ്രൊഡക്ഷന്‍ ഹൗസുകളില്‍ നിന്നൊക്കെ ഓഫര്‍ വന്നിട്ടുണ്ട്. അതും വലിയൊരു അംഗീകാരവും സന്തോഷവുമാണ്.


വരാനിരിക്കുന്നത് പീസ്..

ഇനി വരാനിരിക്കുന്ന സിനിമ "പീസ്" ആണ്. അതിലെ രണ്ട് സോംഗിന്റെ വര്‍ക് കഴിഞ്ഞു. വിനീതേട്ടനും ഷഹബാസിക്കയുമാണ് ആ പാട്ടുകള്‍ പാടിയിരിക്കുന്നത്. പടത്തിന്റെ ഡയറക്ടര്‍ സന്‍ഫീര്‍ തന്നെയാണ് ഷഹബാസിക്ക പാടിയ പാട്ട് എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറാണ് വിനീതേട്ടന്‍ പാടിയ പാട്ട് എഴുതിയത്. ഇനി രണ്ട് പാട്ട് കൂടി ചെയ്യാനുണ്ട്. ബാക്ക് ഗ്രൗണ്ട് സ്‌കോറിനൊപ്പം ചെയ്യേണ്ടതാണ് അത്. അതിന്റെ വര്‍ക് ഉടനെ തുടങ്ങാനിരിക്കുകയാണ്.


കന്നഡയില്‍ "ലാസ്റ്റ് സീന്‍"..

കന്നഡയില്‍ ഒരു ആല്‍ബം ചെയ്തിരുന്നു. കഴിഞ്ഞ മാസമായിരുന്നു അതിന്റെ റിലീസ്. ലാസ്റ്റ് സീന്‍ എന്നാണ് ആല്‍ബത്തിന്റെ പേര്. അതിനും അത്യാവശ്യം നല്ല അഭിപ്രായം കിട്ടിയിരുന്നു. ഇപ്പൊ കന്നഡയില്‍ നിന്ന് പുതിയൊരു ഓഫര്‍ വന്നിട്ടുണ്ട്. അതിന്റെ വര്‍ക് തുടങ്ങിയിട്ടുണ്ട്. ആനന്ദ് ഓഡിയോയിലായിരുന്നു അതിന്റെ റിലീസ്.


ഓസ്‌കര്‍ ട്രയല്‍ റണ്ണിന് "ങും"..

എന്റെ മാവും പൂക്കും എന്നൊരു പടമാണ് ഇപ്പൊ ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ബാക്ക് ഗ്രൗണ്ട് സ്‌കോറിന്റെ വര്‍ക് ആണ് ഇപ്പോള്‍ നടക്കുന്നത്. റഹിം ഖാദറാണ് പടം ഡയറക്ട് ചെയ്തിരിക്കുന്നത്. പിന്നെ, ഞാന്‍ മ്യൂസിക് ചെയ്ത "ങും" എന്നൊരു പടമുണ്ട്. സോഹന്‍ റോയ് ആണ് പടം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്, വിജീഷ് മേനോനാണ് അത് ഡയറക്ട് ചെയ്തിരിക്കുന്നത്. ഓസ്‌കര്‍ ട്രയല്‍ റണ്ണിന് പോയിട്ടുണ്ട് ആ പടം. നഞ്ചിയമ്മ അതില്‍ ഒരു പാട്ട് പാടിയിട്ടുണ്ട്. പിന്നെ, എഡോണ്‍ എന്നൊരു അമേരിക്കന്‍ സിംഗറും ഒരു പാട്ട് പാടിയിട്ടുണ്ട്.

 

 

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram