ഞാൻ കായംകുളം കൊച്ചുണ്ണി , ലാലേട്ടൻ ഇത്തിക്കരപക്കി - നിവിൻ പോളി പറയുന്നു

Posted by Online Desk, 19 Oct, 2018

മലയാള സിനിമയില്‍ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി. മലയാളത്തിലെ എക്കാലത്തേയും വലിയ ബിഗ്ബഡ്ജറ്റ് സിനിമയെന്നത് മാത്രമല്ല കൊച്ചുണ്ണിയെ പ്രിയങ്കരമാക്കുന്നത്, മറിച്ച് രണ്ടുതലമുറയെ പ്രതിനിധാനം ചെയ്യുന്ന മലയാളത്തിലെ ഏറ്റവും മികച്ച രണ്ട് അഭിനേതാക്കള്‍ പ്രധാന വേഷത്തിലെത്തുന്നു എന്നതാണ്.

 


മുത്തശ്ശികഥകളിലൂടെയും അമര്‍ചിത്രകളിലൂടെയും ഐതിഹ്യമാലയിലൂടെയും മലയാളി മനസ്‌സിലാക്കിയ പാവങ്ങളെ സഹായിക്കുന്ന നന്മനിറഞ്ഞ കൊച്ചുണ്ണിയെന്ന കായംകുളത്തുകാരുടെ പ്രിയപ്പെട്ട കള്ളനെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്ന നിവിന്‍ പോളി കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വെള്ളിനക്ഷത്രത്തോട് സംസാരിക്കുന്നു.

 


കായംകുളം കൊച്ചുണ്ണിയുടെ ഭാഗമാകുന്നതെങ്ങനെയാണ്?
നിവിന്‍ പോളി: കഥപറയാനുണ്ടെന്ന് പറഞ്ഞ് റോഷേട്ടന്‍ ഒരു ദിവസം വിളിച്ചു. അന്ന് ഒരു ബെയ്‌സിക് ത്രെഡ് മാത്രമേ ഉണ്ടായിരുന്നുള്ളു. കൊച്ചുണ്ണിയുടെ കഥയാണെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. ചരിത്രം പറയുന്നൊരു പീരിയോഡിക് സിനിമ ആയതുകൊണ്ട് താത്പര്യം കൂടി. വണ്‍ലൈന്‍ പൂര്‍ണ്ണമായപ്പോഴാണ് സിനിമയ്ക്ക് ബഡ്ജറ്റ് പ്രതീക്ഷിച്ചതിലും കൂടുതലാകുമെന്ന് മനസ്‌സിലായത്. ഗോകുലം ഗോപാലന്‍സര്‍ സിനിമയുടെ ഭാഗമായതോടെ കൊച്ചുണ്ണി അതിന്റെ എല്ലാ ഗരിമയിലേക്കും മാറുകയായിരുന്നു.

 


ചെറുപ്പത്തില്‍ കേട്ട കായംകുളം കൊച്ചുണ്ണിയുടെ കഥയില്‍ നിന്നും സിനിമയിലെ കൊച്ചുണ്ണിയുടെ കഥ വ്യത്യസ്തമാകുന്നതെങ്ങനെയാണ്?
ചെറുപ്പത്തില്‍ കൊച്ചുണ്ണിയെക്കുറിച്ച് കേട്ടതില്‍ കൂടുതലും സിനിമയില്‍ പറയുന്നതില്‍ നിന്നും വ്യത്യസ്തമായിരുന്നു. നമ്മള്‍ കേട്ട പലതും പറഞ്ഞു പോകുന്നുണ്ടെങ്കിലും ഫിക്ഷനാണ് സിനിമയില്‍ കൂടുതല്‍ പ്രാധാന്യം. കൊച്ചുണ്ണിയുടെ ജീവചരിത്രത്തിനൊപ്പം സഞ്ജയേട്ടന്റെയും റോഷേട്ടന്റെയും ഭാവന കൂടിയായപ്പോള്‍ ഇതുവരെ കേട്ടതില്‍ നിന്നും വായിച്ചതില്‍ നിന്നും വ്യത്യസ്തമായൊരു കൊച്ചുണ്ണിയാണുണ്ടായത്. തീര്‍ച്ചയായും ഇതൊരു റോഷന്‍ ആന്‍ഡ്രൂസ് വേര്‍ഷന്‍ ഒഫ് കൊച്ചുണ്ണിയാണ്.

 


കായംകുളം കൊച്ചുണ്ണിയുടെ കോസ്റ്റിയൂം ധരിച്ച് ആദ്യമായി സ്വന്തം രൂപം കണ്ട നിമിഷം ഒന്ന് ഓര്‍മ്മിച്ചെടുക്കാമോ?
കൊച്ചുണ്ണിക്കായി തയ്യാറാക്കിയ വ്യത്യസ്ത കോസ്റ്റിയൂമുകളും മീശകളുമൊക്കെയായുള്ള ഫോട്ടോഷൂട്ടായിരുന്നു ആദ്യം ചെയ്തത്. കൊച്ചുണ്ണിയുടെ അവസാനരൂപം എന്തായിരിക്കണമെന്ന് ഇത്തരത്തില്‍ രണ്ടു ദിവസത്തോളം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് അന്തിമധാരണയായത്. തുടര്‍ച്ചയായ പ്രക്രിയയിലൂടെയായിരുന്നതിനാല്‍ കൊച്ചുണ്ണിയുടെ ഫൈനല്‍ ലുക്കിലേക്ക് എത്തിച്ചേര്‍ന്ന നിമിഷം വലിയ സന്തോഷം തോന്നിയിരുന്നു. കൊച്ചുണ്ണിയായി മാറാനുള്ള ഒരുക്കം പാതിദൂരം പിന്നിട്ട ഫീലായിരുന്നു അവസാന ലുക്കിലേക്ക് എത്തിയപ്പോള്‍ തോന്നിയത്.