മഹാനടി മലയാളത്തിൽ !!! കീര്‍ത്തി സുരേഷ് വെള്ളിനക്ഷത്രത്തോട് സംസാരിക്കുന്നു....

Posted by ബി.വി. അരുണ്‍ കുമാര്‍, 22 Aug, 2019

 


2018ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയത് നമ്മുടെ സ്വന്തം കീര്‍ത്തി സുരേഷാണ്. കീര്‍ത്തിയെ മികച്ച നടിയാക്കിയത് മലയാളമല്ല. തെലുങ്ക് ചിത്രമായ മഹാനടിയാണ്. 

ദേശീയ പുരസ്ക്കാരം നേടാൻ കഴിഞ്ഞതിൽ  ഒത്തിരി സന്തോഷമുണ്ട്. ഇങ്ങനെയൊരു പുരസ്‌കാരം പ്രതീക്ഷിച്ചതേ ഇല്ല. ഒരു അഭിമാന നിമിഷമായി ഇതിനെ കാണുന്നു. ഒത്തിരി കഷ്ടപ്പെട്ട് അഭിനയിച്ചതിന് ലഭിച്ച അംഗീകാരമാണിത്.  ഈ അവാര്‍ഡ് ഞാന്‍ അമ്മയ്ക്കു സമര്‍പ്പിക്കുന്നു 
കീര്‍ത്തി സുരേഷ് വെള്ളിനക്ഷത്രത്തോട്  പറഞ്ഞു. 
 


സാവിത്രിയാകാനുള്ള തയാറെടുപ്പുകള്‍?

കീർത്തി സുരേഷ്: സാവിത്രി മാഡം അഭിനയിച്ച സിനിമകളുടെ ക്‌ളിപ്പിംഗ്‌സ് കാണുമായിരുന്നു. മായാബസാര്‍ എന്ന സിനിമയാണ് കൂടുതല്‍ തവണ കണ്ടത്. അവരുമായി ബന്ധമുള്ളവരോട് സംസാരിച്ചു. പ്രത്യേകിച്ച്  മകള്‍ വിജയ് ചാമുണ്ഡേശ്വരിയുമായി. അവര്‍ കുറേ കാര്യങ്ങള്‍ പറഞ്ഞു തന്നു. സാവിത്രി മാഡത്തിന്റെ കുടുംബത്തിന്റെ നല്ല സഹായം ലഭിച്ചു. അവരുടെ ജീവചരിത്രം  വായിച്ചു. സംവിധായകന്‍ നാഗ് അശ്വിന്‍ കുറേ കാര്യങ്ങള്‍ പറഞ്ഞുതന്നു. അമ്മയും എന്നെ സപ്പോര്‍ട്ട് ചെയ്തു. അങ്ങനെ ആ കഥാപാത്രത്തെ ഭംഗിയാക്കാന്‍ കഴിഞ്ഞു.

 
തയ്യാറെെടുപ്പിന് എത്ര നാൾ വേണ്ടിവന്നു?

ഒന്നേമുക്കാല്‍ വര്‍ഷത്തെ തയാറെടുപ്പാണ്  ഇതിന്  നടത്തിയത്. പിന്നെ ഈ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതുമുതല്‍ ഇതുവരെ എത്തിയതുവരെ സാവിത്രിയമ്മയുടെ അനുഗ്രഹമുണ്ടായിരുന്നു.

 
ഈ റോള്‍ ചെയ്യാന്‍ കീർത്തിയുടെ വീട്ടുകാരുടെ പിൻതുണ എത്രത്തോളമുണ്ടായിരുന്നു?

അമ്മയും അച്ഛനും നന്നായി സഹായിച്ചു. കുറേ ടിപ്‌സ് പറഞ്ഞുതന്നു. ലൊക്കേഷനില്‍ അമ്മ വന്നിരുന്നു. ഓരോ സീനും ചെയ്യുമ്പോള്‍ ഏതുരീതിയിലായിരിക്കണമെന്ന് അമ്മ ഉപദേശിച്ചു. 11 ദിവസത്തോളമെടുത്തു ഡബ്ബിംഗിന്.

എന്തുകൊണ്ട് മലയാളത്തിൽ ഇപ്പോൾ അഭിനയിക്കുന്നില്ല?

മലയാളത്തില്‍ നിന്നും മാറിപ്പോയതല്ല. കൂടുതല്‍ അവസരം ലഭിച്ചത് അന്യഭാഷകളില്‍ നിന്നാണ്. കഴിഞ്ഞവര്‍ഷം മുതലാണ്  മലയാളം സിനിമയില്‍ അവസരം  ലഭിച്ചുതുടങ്ങിയത്. പക്ഷേ കുറച്ചു സിനിമകള്‍ ഇവിടെ കമ്മിറ്റ് ചെയ്തതിനാല്‍ ഡേറ്റ് കൊടുക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ഇനി അങ്ങനെയല്ല. മലയാളത്തിലേക്ക് തിരിച്ചുവരികയാണ്. ഇപ്പോള്‍ കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യുന്നുണ്ട്. ഒത്തിരി സിനിമകള്‍ ഇപ്പോഴും വരുന്നുണ്ട്. നല്ലത് നോക്കി തിരഞ്ഞെടുക്കും.

അഭിനയിക്കാന്‍ കൂടുതല്‍ പിൻതുണ ചെയ്യുന്നത് ആരാണ്?

എനിക്ക് പണ്ടുമുതലേ അഭിനയിക്കണമെന്നുണ്ടായിരുന്നു. ചേച്ചി രേവതിയോട് ഇക്കാര്യം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ചേച്ചിക്കാണ് ഞാന്‍ നടിയാകണമെന്ന് കൂടുതല്‍ ആഗ്രഹം. അമ്മയുടെ മൂന്നാമത്തെ സഹോദരനാണ് അഭിനയവുമായി ബന്ധപ്പെട്ട പിൻതുണ നല്‍കിയത്. എങ്ങനെയൊക്കെ ഏതൊക്കെ രീതിയില്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞുതന്നു. പിന്നെ എന്റെ ചില സുഹൃത്തുക്കളും നല്ല സപ്പോര്‍ട്ടായിരുന്നു.

സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ എന്താകാനായിരുന്നു ആഗ്രഹം?

നേരത്തെ ഫാഷന്‍ ഡിസൈനിംഗ് ചെയ്തിരുന്നു. ചിലപ്പോള്‍ ഡിസൈനറായി മാറിയേനെ. ഇപ്പോള്‍ സിനിമയില്‍ തിരക്കായി. സിനിമ കിട്ടിയില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അതുതന്നെ തിരഞ്ഞെടുക്കുമായിരുന്നു.

മനസിനെ വേദനിപ്പിച്ച ഓര്‍മ്മകള്‍?

സിനിമാ കുടുംബത്തില്‍ നിന്നാണ് വരുമ്പോള്‍ അവസരം കിട്ടാന്‍ പാടില്ലെന്നു പറയാന്‍ എളുപ്പമാണ്. പക്ഷേ അത് സിനിമയിലേക്കുള്ള കാലുവയ്പിന് മാത്രമേ സഹായിള്ളൂ. ഈ മേഖലയില്‍ നിലനില്‍ക്കണമെങ്കില്‍ അച്ഛനും അമ്മയും സിനിമക്കാരാണൊന്നു പറഞ്ഞിട്ട് കാര്യമില്ല. അവിടെ നമ്മുടെ കഴിവും കഷ്ടപ്പാടും വേണം. അത് തെളിയിക്കാൻ  എനിക്ക് കൂടുതല്‍ സമയം വേണ്ടി വന്നു. ഞാന്‍ സിനിമയിലേക്ക് വന്നപ്പോള്‍ എനിക്കെതിരെ ഒരുപാട്  ട്രോളുകള്‍ ഇറങ്ങിയിരുന്നു. കളിയാക്കിക്കൊണ്ടായിരുന്നു അതിലേറെയും. അതിനൊന്നിനും ഇതുവരെ ഉത്തരം പറയാന്‍ പോയിട്ടുമില്ല. ആദ്യം കാണുമ്പോള്‍ ചിരിയായിരുന്നു. പിന്നീട് വിഷമമായി. എന്തിനാണ് എന്നെ മാത്രം ടാര്‍ജറ്റ് ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഇന്ന് ഈയൊരു സമയത്ത് എനിക്കു തോന്നുന്നു അത്തരം ട്രോളുകള്‍ ഗുണം ചെയ്തിട്ടുണ്ട്. ഓരോന്നിനും ഓരോ കാരണങ്ങളുണ്ടായിട്ടുണ്ടാകാം. കളിയാക്കലുകളില്‍ നിന്ന് എന്റെ തെറ്റുകള്‍ മനസിലാക്കി തിരുത്തിയിട്ടുണ്ട്. മാനസികമായി വേദനിപ്പിക്കുന്ന തരത്തിലായിരുന്നു ട്രോളുകള്‍. ഇതൊക്കെ പിന്നീട് ഞാന്‍ സ്വയം വിലയിരുത്തി. അതില്‍നിന്നൊക്കെ കുറേ പഠിക്കാനുണ്ടെന്ന് മനസിലായി. അങ്ങനെ ഓരോന്നും ഇംപ്രൂവ് ചെയ്തു. പക്ഷേ എന്നെ മാത്രം ടാര്‍ജറ്റ് ചെയ്ത് ചിലര്‍ രംഗത്തിറങ്ങിയിരുന്നു. അതൊക്കെ എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. ഇന്ന് ഈ നിലയിലെത്താന്‍ അതൊക്കെ സഹായിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഓര്‍മ്മയുള്ള യാത്രകള്‍?

സിനിമയില്‍ വന്നശേഷമാണ് സ്‌പെയ്‌നില്‍ പോയത്. ഒരാഴ്ചയോളം അവിടെയുണ്ടായിരുന്നു. അവിടുത്തെ ഓട്ടോമൊബൈല്‍ മ്യൂസിയമാണ് എന്നെ ഏറെ അതിശയിപ്പിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കാറുകളെ നമുക്ക് അവിടെ കാണാനാകും. പിന്നെ ബാഴ്‌സലോണയിലും പോയി. ഫുട്‌ബോള്‍ സ്‌റ്റേഡിയം കാണുകയായിരുന്നു ലക്ഷ്യം. എനിക്ക് കുറേ സുഹൃത്തുക്കളുണ്ട്. ബാഴ്‌സലോണയുടെ ഫാനാണ് അവര്‍. അവിടെനിന്നും കുറച്ചു ഗിഫ്റ്റ് അവര്‍ക്കായി വാങ്ങിക്കൊണ്ടു കൊടുത്തു.


മനസിലെ സങ്കടം?

ശരിക്കും പറഞ്ഞാല്‍ പ്രളയംതന്നെയാണ് മാനസികമായി വല്ലാതെ തളര്‍ത്തിയത്. ഇപ്പോള്‍ ദേശീയ അവാര്‍ഡ് കിട്ടിയെങ്കിലും നമ്മുടെ സംസ്ഥാനം പ്രളയക്കെടുതിയിലാണ്. നിനയ്ക്കാത്ത സംഭവമാണ് ഇതൊക്കെ. അതുകഴിഞ്ഞാല്‍ പിന്നെ റിംഗ് മാസ്റ്റര്‍ എന്ന സിനിമ ചെയ്തപ്പോഴാണ് സങ്കടം തോന്നിയത്. അന്ധ നായികയായിരുന്നു. അങ്ങനെ അഭിനയിക്കാന്‍ വലിയ പ്രയാസമുണ്ടായിരുന്നു. എന്റെ തുടക്കസമയം കൂടിയായിരുന്നു അത്. ആ കഥാപാത്രമാകാന്‍ കുറേ സമയമെടുത്തു. അത് വിഷമിപ്പിച്ചു.  പലപ്പോഴും ഡയലോഗുകള്‍ തെറ്റിയിട്ടുണ്ട്. ഞാന്‍ കാരണം ദിലീപേട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടി.മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന സ്വഭാവമാണ്.

ചേച്ചിയുടെ പിൻതുണ ?

എന്റെ ആഗ്രഹം ആദ്യം ചേച്ചിയോടായിരുന്നു പറഞ്ഞത്. അമ്മയ്ക്കും അച്ഛനും താത്പര്യമുണ്ടായിരുന്നില്ല. അവസരങ്ങള്‍ നമ്മളെ തേടിയെത്തുമെങ്കില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്നും അങ്ങോട്ട് തേടി പോകേണ്ടയെന്നുമാണ് അവര്‍ ഉപദേശിച്ചത്. നിനക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ അവസരം തേടിയെത്തുകതന്നെ ചെയ്യുമെന്നും അമ്മ പറഞ്ഞു. അപ്പോഴെല്ലാം എനിക്ക് സപ്പോര്‍ട്ട് ചെയ്ത് കൂടെനിന്നത് ചേച്ചിയായിരുന്നു. ആ സമയത്താണ് പ്രിയദര്‍ശന്‍ അങ്കിള്‍ ഗീതാഞ്ജലി എന്ന സിനിമയിലേക്ക് വിളിച്ചത്.

പ്രിയദര്‍ശനുമായുള്ള അടുപ്പം?

എന്റെ ഗുരുവാണ് അദ്ദേഹം. ചെറുപ്പംമുതല്‍ കണ്ടുതുടങ്ങിയതാണെങ്കിലും സിനിമയില്‍ ആദ്യാക്ഷരം കുറിച്ചത് അദ്ദേഹത്തിലൂടെയായിരുന്നു. എന്റെ കുടുംബം കഴിഞ്ഞാല്‍ ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണ്. ഏതു സിനിമ വന്നാലും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. വീട്ടുകാരുമായി നല്ല ബന്ധമുള്ളയാളാണ്.  എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ആവശ്യമായ ചേരുവകള്‍ അദ്ദേഹം പറഞ്ഞുതരാറുണ്ട്.

എന്തൊക്കെയാണ് സ്വപ്‌നങ്ങള്‍?

അങ്ങനെയൊന്നുമില്ല. സിനിമയില്‍ അഭിനയിക്കണം. അച്ഛനും അമ്മയ്ക്കും അഭിമാനിക്കാന്‍ അവസരമുണ്ടാക്കണം. നല്ല  സിനിമകള്‍ ചെയ്യണം. ഇതൊക്കെയാണ് സ്വപ്‌നം.

പഠനകാലം എങ്ങനെയായിരുന്നു?

ക്‌ളാസില്‍ ഒരു ആവറേജ് പഠിപ്പിസ്റ്റായിരുന്നു. ബെസ്റ്റ് സ്റ്റുഡന്റൊന്നുമല്ലാത്തതിനാല്‍ ടീച്ചര്‍മാര്‍ക്കിടയില്‍ വലിയ അഭിപ്രായമില്ല. എങ്കിലും കുഴപ്പമില്ലാത്ത കുട്ടിയായിരുന്നു. ബിഎ ഫാഷന്‍ ഡിസൈനിംഗായിരുന്നു മൊയിന്‍. നടിയായില്ലെങ്കില്‍ ഫാഷന്‍ ഡിസൈനറാകാനായിരുന്നു തീരുമാനം.

മറ്റ് ആക്റ്റിവിറ്റീസ് എന്തൊക്കെ?

വയലിന്‍ പഠിച്ചിട്ടുണ്ട്. നീന്തലറിയാം. ജിമ്മില്‍ പോകും. യോഗ അഭ്യസിക്കുന്നുണ്ട്.

രേവതി കലാമന്ദിറില്‍ പഠിപ്പിക്കാന്‍ പോകാറുണ്ടോ?

ചേച്ചിയുടെ സ്ഥാപനമാണ് അത്. സ്വന്തം സ്ഥാപനമെന്നു കരുതി ഞാന്‍ അവിടെ പഠിപ്പിക്കാന്‍ പോകാറില്ല. ഗസ്റ്റായി പോകുമെന്നല്ലാതെ മറ്റൊന്നിനും പോകാറില്ല. ആര്‍ക്കും ഒരു ഉപദേശവും ഇതുവരെ നല്‍കിയിട്ടുമില്ല.

ജീവിത പങ്കാളിയെ കുറിച്ച്?

സിംപിള്‍ ലൈഫാണ് എനിക്കിഷ്ടം. പണ്ടുമുതലേ അച്ഛന്റെ ആഗ്രഹമാണ് അത്. ഒത്തിരി ആര്‍ഭാടത്തോട് എനിക്കും ഇഷ്ടമില്ല. പിന്നെ കുടുംബം നന്നായി നോക്കുന്ന ആളായിരിക്കണം.

പ്രണയ വിവാഹം ഇഷ്ടമാണോ?

ഇതുവരെ പ്രണയിച്ചിട്ടില്ല. പ്രണയിച്ചു വിവാഹം കഴിക്കുന്നതിനോട് ഇഷ്ടക്കേടൊന്നുമില്ല. അച്ഛന്റെയും അമ്മയുടെയും വിവാഹം പ്രണയവിവാഹമായിരുന്നു. എന്നെ സംബന്ധിച്ച് ഇനിയും സമയം മുന്നോട്ടുണ്ടല്ലോ. നോക്കാം.

സൗന്ദര്യ രഹസ്യം?

സിനിമയില്‍ വന്നശേഷം ബ്യൂട്ടി പാര്‍ലറില്‍ പോകാറുണ്ട്. സ്ഥിരമായില്ല. പോകുമ്പോള്‍ മൂന്നു മണിക്കൂറോളം അവിടെ ചെലവഴിക്കും. അതാകാം സൗന്ദര്യം കൂടാന്‍ കാരണം. പിന്നെ അമ്മയുടേതല്ലേ മകള്‍. എങ്ങനെ മോശമാകാനാണ്.
 
 
loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram