വിവാഹശേഷം അഭിനയിക്കുന്നതാണ് നല്ലത് : ഷീലു അബ്രഹാം സംസാരിക്കുന്നു.....

Posted by വി.എസ്.രശ്മി, 21 Aug, 2019

 

 

ആറ് വര്‍ഷമായി ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ ഷീലു ബോള്‍ഡായ കഥാപാത്രങ്ങള്‍ക്ക് പുതിയ മാനം നല്‍കി. ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷകപ്രീതി നേടിയതാരം പ്രമുഖ നിര്‍മ്മാതാവ് എബ്രഹാം മാത്യുവിന്റെ ഭാര്യകൂടിയാണ്. ജയറാം കണ്ണന്‍ താമരക്കുളം കൂട്ടുകെട്ടില്‍ പിറന്ന പട്ടാഭിരാമനാണ് ഷീലുവിന്റെ പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രം. ഷീലു സിനിമ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

 


ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ഷീലു

 

സ്വന്തം നന്മയ്ക്ക് ചെയ്യുന്നതിന് കുറ്റബോധം തോന്നേണ്ടതില്ല, നിശബ്ദരായി പോയ അഞ്ച് വീട്ടമ്മമാര്‍ക്ക് വേണ്ടിയാണ് നമ്മുടെ ഈ യുദ്ധം.........വാസുകിയ്ക്ക് ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് ജീനഭായ് ഐപിഎസ് പറഞ്ഞു: വാസുകി അതോടെ മറ്റൊരാളായി മാറി. ധൈര്യമുള്ള ആത്മവിശ്വാസമുള്ള എന്തിനെയും നേരിടാന്‍ കരുത്തുള്ളഒരു പുതിയ ആള്‍. വാസുകിയും ജീനഭായിയും പുതിയ നിയമം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണ്. ഇതിലെ ജീനാഭായ് ഷീലുവാണ്. പൊലീസ് വേഷങ്ങള്‍ ഇണങ്ങുന്ന അപൂര്‍വം താരങ്ങളിലൊരാളാണ് ഷീലു എബ്രഹാം. ഫാമിലി ത്രില്ലറിന്റെ വേറിട്ട അനുഭവം സമ്മാനിച്ച പുതിയ നിയമം ഷീലു എന്ന നടിയ്ക്ക് മലയാള സിനിമയില്‍ ഒരു സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ആറ് വര്‍ഷമായി ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ ഷീലു ബോള്‍ഡായ കഥാപാത്രങ്ങള്‍ക്ക് പുതിയ മാനം നല്‍കി. ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷകപ്രീതി നേടിയതാരം പ്രമുഖ നിര്‍മ്മാതാവ് എബ്രഹാം മാത്യുവിന്റെ ഭാര്യകൂടിയാണ്. ജയറാം കണ്ണന്‍ താമരക്കുളം കൂട്ടുകെട്ടില്‍ പിറന്ന പട്ടാഭിരാമനാണ് ഷീലുവിന്റെ പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രം. ഷീലു സിനിമ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

 

പട്ടാഭിരാമന്റെ നായിക

 

ആടുപുലിയാട്ടത്തിനുശേഷം ഞാന്‍ വീണ്ടും ജയറാമേട്ടന്റെ നായികയാകുന്ന ചിത്രമാണ് പട്ടാഭിരാമന്‍. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ചിത്രം കോമഡി എന്റര്‍ടെയ്‌നറാണ്. ദിനേശ് പള്ളത്തിന്റേതാണ് തിരക്കഥ. നായകന്‍ ജയറാം. ഈ ഹിറ്റ് കോമ്പോക്കൊപ്പം രമ്യ കൃഷ്ണനും ചേര്‍ന്ന ചിത്രം വലിയൊരു വിജയമായിരുന്നു. സംവിധായകന്‍ തന്നെയാണ് പട്ടാഭിരാമനിലെ വേഷത്തെ പറ്റി തന്നോട് പറയുന്നത്. ഈ ചിത്രത്തിലും ജയറാമേട്ടന്റെ ഭാര്യയുടെ വേഷമാണ് താന്‍ ചെയ്യുന്നത്. വലിയ വിജയത്തിന്റെ ആ കോമ്പോ വീണ്ടും ഒന്നിച്ചപ്പോള്‍ തന്നെയും ചിത്രത്തിന്റെ ഭാഗമാക്കിയതില്‍ സന്തോഷം തോന്നി. പെട്ടെന്ന് വന്ന സിനിമയായിരുന്നു പട്ടാഭിരാമന്‍. ആക്ഷനും കോമഡിക്കുമെല്ലാം പ്രാധാന്യം നല്‍കുന്ന ഈ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

ശുഭമായി ശുഭരാത്രി

 

കുടുംബചിത്രം എന്ന ലേബലിലാണ് ശുഭരാത്രി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മികച്ച അഭിപ്രായവുമായി ചിത്രം പ്രദര്‍ശനം തുടരുന്നു. സിനിമയില്‍ അഭിനയിച്ചതിനേക്കാള്‍ ഒരു പ്രേക്ഷക എന്ന നിലയില്‍ തന്നെ ഇമോഷ്ണലി സ്പര്‍ശിച്ച ചിത്രമാണ് ശുഭരാത്രി. ഒരുപാട് ബഹളമൊന്നുമില്ലാതെ ഹൃദയത്തോട് അടുത്തുനില്‍ക്കുന്ന ചിത്രം നല്ലൊരു സന്ദേശം കൂടി നല്‍കുന്നുണ്ട്. ഒരു സിനിമ എന്നത് കലാമൂല്യത്തിനും അതിനൊപ്പം തന്നെ വാണിജ്യപരമായും ശ്രദ്ധിക്കപ്പെട്ടിരിക്കണം. ശുഭരാത്രി പോലെ ഇത്തരത്തില്‍ നന്‍മയുള്ള സിനിമകള്‍ പുറത്തിറങ്ങുന്നത് അപൂര്‍വ്വമായിട്ടാണ്. അതിനുള്ള കാരണങ്ങളില്‍ ഒന്ന് ആ ചിത്രങ്ങള്‍ വാണിജ്യപരമായി ശ്രദ്ധിക്കപ്പെടുന്നില്ല എന്നതാണ്. കാരണം പ്രേക്ഷകന് വേണ്ടത് എന്റര്‍ടെയ്ന്‍മെന്റ് സിനിമകളാണ്. പ്രത്യേകിച്ച് ഇവിടുത്തെ യുവ തലമുറയ്ക്ക്. ശുഭരാത്രി ഏറ്റെടുത്തത് സാധാരണക്കാരായ കുടുംബങ്ങളാണ്. ഓരോ പ്രേക്ഷകനെയും വൈകാരികമായി സ്പര്‍ശിച്ചു എന്നത് തന്നെയാണ് ആ ചിത്രത്തിന്റെ വിജയം. ഡോക്ടര്‍ ഷീല എബ്രഹാം എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. കാര്‍ഡിയോളജിസ്റ്റാണ് ഷീല. കഥാവഴിയിലെ വളരെ നിര്‍ണായകമായൊരു കഥാപാത്രം എന്നുതന്നെ പറയാം. സിനിമ തിയേറ്ററിലെത്തിയപ്പോള്‍ ആദ്യം ലഭിച്ച പ്രതികരണവും അതായിരുന്നു. ഇത്തരത്തില്‍ നന്മയുളള ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.

 

വിവാഹ ശേഷം വന്ന അവസരം

 

അത് ജീവിതത്തിലുണ്ടായ മാറ്റമൊന്നുമല്ല. പലരും സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് വിവാഹശേഷം മാറിനില്‍ക്കുന്നത്. എനിക്ക് അവസരം ലഭിച്ചത് വിവാഹത്തിന് ശേഷമാണ്. താരതമ്യേന അതാണ് നല്ലതെന്ന് തോന്നുന്നു. എന്നെ സംബന്ധിച്ച് എല്ലാ പിന്തുണയും നല്‍കി ഭര്‍ത്താവ് ഒപ്പമുണ്ട്. അതൊരു വലിയ ആശ്വാസമാണ്. പിന്നെ സിനിമയില്‍ ലഭിക്കുന്ന അവസരങ്ങളെ സംബന്ധിച്ച് എനിക്ക് അറിയില്ല. വിവാഹം കഴിഞ്ഞിട്ടും പല നടിമാരും സിനിമയില്‍ സജീവമാണ്. അതോടൊപ്പം വിവാഹത്തിന് മുന്‍പ് തിളങ്ങുകയും പിന്നീട് സിനിമയില്‍ ഒന്നും ആകാതെ പോയവരും ഉണ്ട്. അതെല്ലാം ചിലരുടെ ഭാഗ്യമോ നിര്‍ഭാഗ്യമോ ആയിരിക്കാം. എന്നെ സംബന്ധിച്ച് വിവാഹശേഷം വീണ്ടും സിനിമാ ഓഫര്‍ വന്നപ്പോള്‍ അത് വിട്ടുകളയാതെ ഉപയോഗിച്ചു. ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് വീട്ടില്‍ നിന്നും എതിര്‍പ്പുണ്ടായതിനാല്‍ വന്ന അവസരങ്ങളൊന്നും ഉപയോഗിക്കാനായില്ല. ഒരു ആഡ് ഫിലിം ചെയ്തതിന് പിന്നാലെയാണ് സിനിമയില്‍ അവസരം ലഭിച്ചത്. തുടര്‍ന്ന് പല സിനിമകളിലായി ചെറിയ വേഷങ്ങള്‍ ചെയ്തു. ഷീ ടാക്‌സി മുതലാണ് നല്ല വേഷങ്ങള്‍ ലഭിച്ചു തുടങ്ങിയത്.

 

സൂപ്പര്‍ താര സിനിമകള്‍ നല്‍കിയ അനുഭവം

 

സിനിമ മേഖലയിലുള്ള മുന്‍ നിരതാരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കുവയ്ക്കാനായത് സന്തോഷവും അഭിമാനവുമാണ്. മമ്മൂക്ക, ലാലേട്ടന്‍, ദിലീപേട്ടന്‍ ഇപ്പോള്‍ ജയറാമേട്ടന്‍ തുടങ്ങി ഓരോ താരങ്ങള്‍ക്കുമൊപ്പമുള്ള വേഷങ്ങള്‍ വ്യത്യസ്തമായ അനുഭവമായിരുന്നു. മുന്‍നിരയില്‍ നില്‍ക്കുന്ന പല താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. അഅതെല്ലാം ഭാഗ്യമാണ്. അഭിനയത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മനസ്‌സിലാക്കാനായതും സിനിമയിലെ മറ്റ് വിഷയങ്ങളെ സമീപിക്കുന്ന രീതിയില്‍ മാറ്റം വരുത്താനായതുമെല്ലാം ആ അനുഭവങ്ങളിലൂടെയാണ്. അതെല്ലാം പിന്നീട് സിനിമയിലും ജീവിതത്തിലും സഹായിച്ചിട്ടുണ്ട്.

 

കിട്ടുന്ന വേഷങ്ങളില്‍ ഹാപ്പി

 

സിനിമയുടെ ഭാഗമാകണമെന്നും നല്ല വേഷങ്ങള്‍ ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നു. മറിച്ച് ഒരു പ്രത്യേക വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നില്ല. കിട്ടുന്ന വേഷങ്ങളില്‍ സന്തോഷം കണ്ടെത്താനാണ് തുടക്കം മുതല്‍ ശ്രമിച്ചിട്ടുള്ളത്. ഇപ്പോഴും അങ്ങനെ തന്നെയാണ്. ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കുറഞ്ഞകാലംകൊണ്ട് സാധിച്ചു. തുടരെ തുടരെ സിനിമകള്‍ ചെയ്യുമ്പോള്‍ നമ്മള്‍ അറിയാതെ ധാരാളം പഠിക്കുന്നുണ്ട്. ഇപ്പോള്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നവര്‍ ചെറിയ വേഷങ്ങള്‍ തന്നെ എല്ലാക്കാലത്തും ചെയ്യേണ്ടിവരും. ചെറിയ വേഷങ്ങള്‍ ചെയ്ത ഒരാളെ പിന്നീട് നായികയായി പരിഗണിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. എന്നാല്‍ നായികയായി തുടങ്ങിയവരെ അത്തരം വേഷങ്ങളില്‍ പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. ബോള്‍ഡ് എന്ന് വിശേഷിപ്പിക്കാവുന്ന വേഷങ്ങളാണ് ഞാനിതുവരെ ചെയ്തിരിക്കുന്നത്. ഇപ്പോഴും അത്തരം വേഷങ്ങളാണ് തേടിവരുന്നത്. അതെന്റെ ഭാഗ്യമാകാം അല്ലാതെയുമാകാം. പല സിനിമകളിലും നല്ല വേഷങ്ങള്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്. സിനിമയില്‍ അത്തരം ഉയര്‍ച്ച താഴ്ചകളെല്ലാം ഉണ്ടാകും. അതെല്ലാം സിനിമയുടെ ഭാഗമാണ്.

 

ലൈവായി നില്‍ക്കണം

 

ഒരു സിനിമ തുടങ്ങുമ്പോള്‍ ആദ്യ പ്രക്യാപിക്കുക നായികാ നായകന്‍മാര്‍ ആരായിരിക്കും എന്നാണ്. അതിന് ശേഷമാണ് മറ്റ് കഥാപാത്രങ്ങള്‍ പോലും ചര്‍ച്ചയാകുന്നത്. സിനിമയില്‍ ഓരോ താരത്തെയും വളര്‍ത്തുന്നതും നിലനിര്‍ത്തുന്നതും മാധ്യമങ്ങളാണ്. അവരാണ് താരങ്ങളെ ലൈവായി നിലനിര്‍ത്തുന്നത്. ഷീലു എബ്രഹാം എന്ന നടിയെ പറ്റി എഴുതുമ്പോഴും പറയുമ്പോഴും അത് പ്രേക്ഷകര്‍ എനിക്ക് നല്‍കുന്ന ഒരു പിന്തുണയാണ്. എന്നിലെ നടിയെയും അത് ബൂസ്റ്റ് ചെയ്യുന്നുണ്ട്. സ്വഭാവ നടി വേഷങ്ങളും സിനിമയുടെ കഥയ്ക്ക് അനുസരിച്ച് പ്രാധാന്യമുള്ളതാണ്. പക്ഷെ സിനിമ ഹിറ്റായെങ്കില്‍ മാത്രമായിരിക്കും സ്വഭാവ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെടുക. നായികയാണെങ്കില്‍ സിനിമ പുറത്തിറങ്ങും മുന്‍പേ ചര്‍ച്ച തുടങ്ങും. ഇത് സിനിമയിലെ യാഥാര്‍ത്ഥ്യമാണ്. നായികാനായകന്മാര്‍ക്ക് ദീര്‍ഘകാലം പിടിച്ചു നില്‍ക്കാന്‍ പ്രയാസമാകും. അതേസമയം ക്യാരക്ടര്‍ റോളുകള്‍ എക്കാലത്തും ചെയ്യാനാകും. നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നതും പലപ്പോഴും ക്യാരക്ടര്‍ റോളുകള്‍ വഴിയായിരിക്കാം. സിനിമയില്‍ എല്ലാം ഭാഗ്യമാണ്. ആ ഭാഗ്യമാണ് തുണക്കേണ്ടത്.

 

ജീനാഭായ് ഐപിഎസ്

 

പുതിയ നിയമത്തിലെ ജീനഭായ് ഐപിഎസ് ആണ് അഭിനേത്രി എന്ന നിലയില്‍ ഐഡന്റിറ്റി ഉണ്ടാക്കിത്തന്നത്. ഇന്നും പലരും ആ കഥാപാത്രത്തെക്കുറിച്ച് പറയാറുണ്ട്. എകെ സാജന്‍ എന്ന സംവിധായകനും മമ്മൂട്ടി എന്ന മഹാനടനും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഒന്നിച്ചെത്തിയ ത്രില്ലര്‍ സിനിമയും ഒപ്പം നല്ലൊരു കുടുംബചിത്രവുമായിരുന്നു പുതിയ നിയമം. ഈ രണ്ട് പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടിയിരുന്ന കഥാപാത്രമായിരുന്നു തന്റേത്. ഏറെ ശ്രദ്ധ നേടിയ ഒരു വേഷമായിരുന്നു അത്. സംവിധായകന്‍ എകെ സാജനാണ് ഈ കഥാപാത്രത്തിനായി എന്നെ സമീപിച്ചത്. ആര് ഈ കഥാപാത്രം ചെയ്യണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. കഥയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതും അതേസമയം പാളിപോകാന്‍ പാടില്ലാത്തതുമായ കഥാപാത്രമായിരുന്നു ജീനഭായ്. അത് നന്നായി ചെയ്തുവെന്നാണ് കരുതുന്നത്. അതുകൊണ്ടാണ് ജനങ്ങള്‍ ഇപ്പോഴും ആ കഥാപാത്രത്തെ ഓര്‍ക്കുന്നത്. ഇതുവരെയുള്ള സിനിമാജീവിതത്തില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന കഥാപാത്രം ഏതെന്ന് ചോദിച്ചാല്‍ അതിലൊന്ന് പുതിയ നിയമത്തിലെ പൊലീസ് വേഷമാണ്.

 

വീട്ടിലെ സിനിമാ ചര്‍ച്ചകള്‍

 

കുടുംബത്തിലും ചില സമയങ്ങളില്‍ സിനിമ ചര്‍ച്ചയായി വരാറുണ്ട്. ഞങ്ങള്‍ എപ്പോഴും സിനിമ ചെയ്യുന്നവരല്ല. ആദ്യം ചെയ്ത മൂന്നോ നാലോ സിനിമകള്‍ ഒരു പരീക്ഷണം അല്ലെങ്കില്‍ പുതിയ അനുഭവം എന്ന നിലയില്‍ തന്നെ ചെയ്തവയാണ്. അവയില്‍ ചിലത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് അല്ലാതെയും വന്നിട്ടുണ്ട്. പിന്നെ തുടരെ തുടരെ സിനിമ ചെയ്തപ്പോള്‍ അതിനെ പറ്റി പഠിക്കാന്‍ ശ്രമിച്ചു. ഏത് മേഖലയില്‍ നില്‍ക്കുമ്പോഴും അങ്ങനെയാണ്. അതിന്റെ ഭാഗമായി മാറുമ്പോഴാണ് കൂടുതല്‍ പഠിക്കുക. ഇപ്പോള്‍ സിനിമാ നിര്‍മ്മാണത്തിലാണെങ്കില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് കമ്പനി കൂടുതല്‍ മെച്ചപ്പെട്ടു. അതിന്റെ ബിസിനസ് വശങ്ങളെ പറ്റി കൂടുതല്‍ മനസ്‌സിലാക്കാന്‍ കഴിഞ്ഞു. അതനുസരിച്ചാണ് മുന്നോട്ട് പോകുന്നത്.

 

സിനിമ വ്യവസായം വളരണം

 

ഒരു സിനിമയെ സംബന്ധിച്ച് അതില്‍ അഭിനയിച്ചവര്‍ മുതല്‍ ടെക്നീഷ്യന്‍മാര്‍ക്ക് വരെ അതിന്റെ ഗുണം ലഭിക്കണമെങ്കില്‍ ആ സിനിമ വാണിജ്യപരമായി നേട്ടമാകണം. ജനങ്ങള്‍ സിനിമ കണ്ട് അത് ഏറ്റെടുക്കുമ്പോഴാണ് വാണിജ്യപരമായി വിജയം ഉണ്ടാകുന്നത്. കലാമൂല്യമുള്ള സിനിമകള്‍ നല്ലത് തന്നെയാണ്. പക്ഷെ അവയെ താരതമ്യം ചെയ്യുമ്പോള്‍ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച ഏതൊരാളും വിചാരിക്കുന്നത് അതിന്റെ ബിസിനസ് വശത്തെ കുറിച്ചാണ്. സിനിമയും ആ വ്യവസായവും വളരണമെങ്കില്‍ അതിന്റെ ബിസിനസ് വശങ്ങളും വളരണം.

 

പ്രതികരണം വേണ്ടത് തൊട്ടുപിന്നാലെ

സ്ത്രീകള്‍ക്ക് മാത്രം പ്രശ്നം എന്നതിനോട് യോജിപ്പില്ല. പുരുഷന്മാര്‍ക്കും പ്രശ്നം ഉണ്ടാകുന്നുണ്ട്. എല്ലാവരും അത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. വ്യക്തികള്‍ എങ്ങനെ ആ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രധാനം. ഒരു വ്യക്തി എന്ന നിലയില്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം ഒരു സംഘടന വേണമെന്ന് തോന്നിയിട്ടില്ല. അങ്ങനെ തോന്നിയവരാണ് അത്തരം സംഘടനകളുണ്ടാക്കിയത്. അത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. അവര്‍ക്ക് അത് നല്ലതെന്ന് തോന്നിയിരിക്കാം. എന്നെ അത് ബാധിച്ചിട്ടില്ല. എന്നെ സംബന്ധിച്ച് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അതിനെ തന്മയത്വത്തോട് കൈകാര്യം ചെയ്യാറാണ് പതിവ്.

വ്യക്തിഹത്യയോട് താല്‍പര്യമില്ല,

 

പ്രതികരണങ്ങള്‍ നല്ലതാണ്. സോഷ്യല്‍ മീഡിയ വഴി അത്തരം പ്രതികരണങ്ങള്‍ നടത്തുന്നവരുണ്ട്. പക്ഷെ അത് ഒരിക്കലും വ്യക്തിഹത്യ എന്ന തലത്തിലേക്ക് പോകരുത്. നമ്മുടെ അഭിപ്രായങ്ങളും നിലപാടുകളും ജനങ്ങളിലേക്ക് മാന്യമായി എത്തിക്കാം. അതിന് തരംതാണ രീതിയില്‍ വ്യക്തിഹത്യ ചെയ്യരുത്. അതുപോലെ പ്രതികരിക്കേണ്ട സമയത്ത് അത് ചെയ്യണം. വിളിച്ച് പറഞ്ഞ് സംസാര വിഷയമാക്കി വ്യക്തിഹത്യ നടത്തുന്നതില്‍ കാര്യമില്ല. രണ്ട് വര്‍ഷം കഴിഞ്ഞ് ഇത്തരം വിഷയങ്ങള്‍ പറയുമ്പോള്‍ അതിലെ യാഥാര്‍ത്ഥ്യം നമുക്കറിയില്ല. പുറത്തിനിന്നുള്ളവര്‍ ഇത്തരം വിഷയങ്ങളെ പരിഹാസത്തോടെയായിരിക്കും കാണുക. അങ്ങനെ ചെയ്യുന്നതിനേക്കാള്‍ നല്ലതാണ് പ്രശ്നം ഉണ്ടാകുമ്പോള്‍ തന്നെ പ്രതികരിക്കുന്നത്.

 

സിനിമയോട് ഭ്രാന്തമായ ആവേശം പാടില്ല

സിനിമയെ ഒരു ജീവിതമാര്‍ഗമായാണ് കാണുന്നത്. മറിച്ച് സിനിമയാണ് ജീവിതമെന്ന ചിന്തിക്കാറില്ല. സിനിമയോട് ഇഷ്ടമാകാം അതിന് വേണ്ടി പരിശ്രമിക്കാം. പക്ഷെ ജീവിതത്തിന് മുകളില്‍ ഒരിക്കലും സിനിമയെ കാണരുത്. അങ്ങനെ ചെയ്താല്‍ ജീവിതം എവിടെയും എത്താതെപോകും. ഒരു സിനിമയില്‍ തിളങ്ങി നില്‍ക്കണമെങ്കില്‍ അതിന് ഒരുപാട് ഘടകങ്ങളുണ്ട്. അവസരങ്ങളും ഭാഗ്യവുമെല്ലാം കനിയണം. സിനിമയില്‍ അഭിനയിക്കുന്നവരേക്കാള്‍ കഴിവുള്ള ഒരുപാട് പേര്‍ പുറത്തുണ്ട്. കഴിവുണ്ടെങ്കില്‍ മാത്രം കടന്നുവരാന്‍ പറ്റുന്ന മേഖലയുമല്ല സിനിമ. അതിന് ഒരുപാട് ഘടകങ്ങളുണ്ട്. സിനിമ താല്‍പര്യമാണെങ്കില്‍ ആ മേഖലയില്‍ ഇറങ്ങുന്നതിന് പ്രശ്നമില്ല. പക്ഷെ എല്ലാ കാര്യങ്ങളും നമ്മള്‍ ഉദ്ദേശിച്ചപ്പോലെ നടക്കണമെന്നില്ല. ചിലപ്പോള്‍ വിചാരിച്ച വിജയം ഉണ്ടാകില്ല. പറഞ്ഞ അവസരങ്ങള്‍ നഷ്ടപ്പെടാം. സിനിമ ഒരാളുടെ മാത്രം പ്രയത്നമല്ല. അതൊരു കൂട്ടായ പ്രവര്‍ത്തിയാണ്. സിനിമാ എന്ന മോഹം ഭ്രാന്തമായെടുത്ത് ആവേശമാകാതെ ശ്രദ്ധിക്കണം. പരിശ്രമിക്കേണ്ടവര്‍ക്ക് പരിശ്രമിക്കാം. കിട്ടിയില്ലെങ്കില്‍ പോകട്ടെ എന്ന മനസ്‌സായിരിക്കണം. നമ്മള്‍ ഉദ്ദേശിക്കുന്ന പോലെ നടക്കുന്ന ഒന്നല്ല സിനിമ. അവിടെ വിജയവും പരാജയവും ഉണ്ടാകാം. അതിനെ സ്വീകരിക്കാനും തിരസ്‌കരിക്കാനും പഠിക്കണം.

പുതിയ ചിത്രങ്ങള്‍

ബോബന്‍ സാമുവലിന്റെ അലമല്ലു എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രവാസി ജീവിതത്തെ പറ്റി പറയുന്ന ചിത്രമാണ് നമിതാ പ്രമോദാണ് നായിക. അതിന്റെ ഷൂട്ടിംഗ് കോഴിക്കോട്ട് പുരോഗമിക്കുന്നു. കിരണ്‍ നായര്‍ സംവിധാനം ചെയ്യുന്ന അമിഗോസ് എന്ന ചിത്രമാണ് പിന്നീട് പുറത്തിറങ്ങാനുള്ളത്. കൃഷ്ണ ശങ്കറും ശബരീഷ് വര്‍മ്മയും അഭിനയിക്കുന്ന ചിത്രത്തില്‍ ഐപിഎസ് ഓഫീസറുടെ വേഷമാണ്. ആ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളെല്ലാം കഴിഞ്ഞു.

 

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram