ഇവളൊരു കാന്താരി : നൈല പറയുന്നു.....

Posted by ബി.വി. അരുണ്‍ കുമാര്‍, 29 Aug, 2019

 

 

വെളുത്ത മുണ്ടും ചട്ടയും അല്പം ചെറിയ വട്ടപ്പുള്ളിയുള്ള നേരിയത് ഇട്ട് കഴുത്തില്‍ കറുത്ത ചരടില്‍ കൊന്തയും സ്വര്‍ണ്ണമാലയുമണിഞ്ഞ് ഇരുകൈയിലും വളയിട്ട് ചെറിയൊരു ജിമുക്കിയിട്ട് ഒത്ത പൊക്കവും മെലിഞ്ഞ ശരീരവും ആയി നൈലാ ഉഷ ഒരുങ്ങി വന്നപ്പോള്‍ ജോഷി പറഞ്ഞു. മറിയം കറക്ട്.സ്‌ക്രിപ്ട് വായിച്ച് മനസ്‌സില്‍ പതിഞ്ഞ മറിയത്തെ നേരില്‍ കണ്ടപോലെ നിര്‍മ്മാതാക്കളും സന്തോഷത്തോടെ പറഞ്ഞു നൈല സൂപ്പറായി.

പിന്നെ ക്യാമറക്കു മുന്നില്‍ തന്റേടിയും തന്നിഷ്ടക്കാരിയും ആയി നിറഞ്ഞാടുകയായി നൈല. അതു കണ്ട എല്ലാവരും ഒരുപോലെ പറഞ്ഞു ഇവള്‍ ആളൊരു കാന്താരി തന്നെ. സത്യത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണ് മറിയം എനിക്കൊരുപാടിഷ്ടമായി. തീര്‍ച്ചയായും പ്രേക്ഷകര്‍ ഇതു സ്വീകരിക്കും...നൈലാ ഉഷാ ആഹ്‌ളാദത്തിലാണ്.

 

മറിയയാകാന്‍ അവസരം വന്നതെങ്ങനെയാണ്?

 

നൈല: മഞ്ജുവാര്യര്‍ക്ക് ആലോചിച്ച കഥാപാത്രമാണെന്ന ലൊക്കേഷനില്‍ നിന്നറിഞ്ഞു. എന്നെ തിരക്കഥാകൃത്ത് ഫോണില്‍ വിളിച്ച് കഥ പറഞ്ഞു. ഭയങ്കര ബോള്‍ഡായ കഥാപാത്രമാണ് മറിയം എന്നു തോന്നി. പക്ഷെ എനിക്കു നന്നായി ഇഷ്ടപ്പെട്ടു. ജോഷി സാറാണ് സംവിധായകന്‍ എന്നു കൂടി കേട്ടപ്പോള്‍ പിന്നെ ചിന്തിക്കാനൊന്നുമില്ലായിരുന്നു.

 

കഥാപാത്രത്തെക്കുറിച്ച്?


ആലപ്പാട്ട് മറിയമ എന്നാണ് പേര്. ആലപ്പാട്ട് അവളുടെ തറവാട്ടു പേരാണ്. പലിശക്കാരനായിരുന്നു അപ്പന്‍. അപ്പന്‍ മരിച്ചപ്പോള്‍ ആ പണി അവള്‍ ഏറ്റെടുത്തു. പണം ആര്‍ക്കും പലിശക്കു കൊടുക്കും. തിരിച്ചു കൊടുക്കാന്‍ മടിക്കുന്നവര്‍ പോലും മറിയക്കു വിറച്ചു കൊണ്ടു തിരിച്ചു കൊടുത്തു. തൃശൂരിലെ കടകമ്പോളങ്ങളെയും മാര്‍ക്കറ്റിനെയുമൊക്കെ വിറപ്പിക്കുന്ന പെണ്‍പുലിയാണ് മറിയം. മറിയത്തിനു മറ്റൊരു മുഖം കൂടിയുണ്ട്. കഷ്ടപ്പെടുന്നവരുടെ സഹായമാകാനുള്ള കരളലിവ്.....അതുകൊണ്ടുതന്നെ ഭയക്കുന്നവര്‍ക്കുപോലും മറിയത്തെ ഇഷ്ടമാണ്. കല്യാണം കഴിച്ചിട്ടില്ല. അവള്‍ക്കൊരാളോട് ഇഷ്ടമുണ്ട്. ബാല്യം മുതല്‍ പക്ഷെ അ്വളത് പറഞ്ഞിട്ടില്ല. അവന് അവളെ ഇഷ്ടമാണ്. അവനതു അവളോട് പറഞ്ഞിട്ടില്ല. രസമുള്ള നല്ലൊരു കഥാപാത്രം കിട്ടിയ സന്തോഷത്തിലാണ്.

 

എന്താണ് പൊറിഞ്ചു മറിയം ജോസ്

 

1980 കാലഘട്ടത്തില്‍ നടന്ന ഒരു കഥയെ ആസ്പദമാക്കിയുള്ളതാണ് ആ സിനിമ. കാട്ടാളന്‍ പൊറിഞ്ചു, ആലപ്പാട്ട് മറിയം, പുത്തന്‍പാലം ജോസ് എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങള്‍. ഒരു കാലത്ത് ജീവിച്ചിരുന്ന ആള്‍ക്കാരാണ്. ഇവരുടെ പേരുകള്‍ മാത്രമേ ഈ ചിത്രത്തിലേക്കു എടുത്തിട്ടുള്ളൂ. അവരുടെ ജീവിതവുമായി ഈ സിനിമയ്ക്ക് യാതൊരു ബന്ധവും ഇല്ല. അന്നത്തെ കാലഘട്ടത്തില്‍ പള്ളിപ്പെരുന്നാള്‍ വരുമ്പോള്‍ അടി ഉറപ്പാണ്. അതിന്റെ വാശി തീര്‍ക്കുന്നത് അടുത്ത പെരുന്നാളിനാണ്. ഒരുവര്‍ഷത്തെ ഗാപ്പിനിടയില്‍ ശത്രുക്കള്‍ തമ്മില്‍ സഹകരിക്കുമെങ്കിലും പെരുന്നാള്‍ വരുമ്പോള്‍ ശത്രുക്കള്‍ ശത്രുക്കളായി വീണ്ടും മാറും. പിന്നെയത് പകവീട്ടലിന്റെ അരങ്ങാണ്.

 

ഗള്‍ഫിലാണ് താമസം. ഷൂട്ടിംഗിനായി മാത്രം ഇവിടെ വരുന്നു. രണ്ടു നാടും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഞാന്‍ ദുബൈയിലാണ് താമസം. സിനിമയലഭിനയിക്കാനാണ് ഇവിടേക്കു വന്നത്. അവിടെ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യമുണ്ട്. രാത്രികാലങ്ങളില്‍ ആരെയും പേടിക്കാതെ ഒറ്റയ്ക്ക് കാറോടിച്ചു പുറത്തേക്കു പോകാം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ഇവിടെ അങ്ങനെയല്ല. രാത്രിയായാല്‍ സ്ത്രീകള്‍ ഭയക്കണം. കോളേജ് കാലം കഴിഞ്ഞാണ് ഞാന്‍ ഗള്‍ഫിലേക്കു പോയത്. ഇവിടെ ഒരു സ്ത്രീക്കും ഒറ്റയ്ക്ക് വാഹനം ഓടിച്ചു പോകാനാകില്ല. അവിടെ ചെന്നപ്പോഴാണ് ഈ വ്യത്യാസം മനസിലായത്.

 

അതേക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നല്ലോ?

 

അതെ. നമ്മുടെ നാട്ടിലെ വ്യവസ്ഥിതികളെ കുറിച്ചും മറുനാട്ടിലെ രീതിയെ കുറിച്ചും ലോകത്തിന് കാട്ടിക്കൊടുക്കണമെന്നുണ്ടായിരുന്നു. ദുബൈയില്‍ അവിടെയുള്ള ആള്‍ക്കാര്‍ കുറവാണ്. കൂടുതലും പുറമെ നിന്നുള്ളവരാണ്.അതില്‍ ഇന്ത്യക്കാരാണ് കൂടുതലും. പല ഭാഷകള്‍ സംസാരിക്കുന്നവരുണ്ട്. പക്ഷേ എല്ലാവര്‍ക്കും നിയമം ഒന്നുതന്നെയാണ്. യാതൊരു ഇളവും ലഭിക്കില്ല. മറിച്ച് കേരളത്തിലാണെങ്കില്‍ പലര്‍ക്കും പല നിയമങ്ങളാണ്. ഗള്‍ഫില്‍ റോഡില്‍ ചവറിടാന്‍ പാടില്ല. ഇട്ടാല്‍ ശിക്ഷ ഉറപ്പാണ്. അതുപേടിച്ച് ആറും ചെയ്യാറില്ല. മറിച്ച് കേരളത്തില്‍ രാവിന്റെ മറവില്‍ നഗര–ഗ്രാമ വ്യത്യാസമില്ലാതെ പലയിടത്തും മാലിന്യം വലിച്ചെറിയുന്നു. ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് വലുതാണ്. ഇതൊക്കെ ഞാന്‍ ചെയ്ത വീഡിയോയിലുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ നമുക്ക് പൊലീസിനെ വിളിക്കാം. ബീച്ചില്‍ രാപ്പകല്‍ ഭേദമില്ലാതെ സ്വതന്ത്രമായി നടക്കാം. ആളില്ലാത്ത തെരുവുകളിലൂടെ ഭയമില്ലാതെ പോകാം. ഇതൊക്കെ നമുക്ക് മറുനാട്ടില്‍ പാലിക്കാമെങ്കില്‍ എന്തുകൊണ്ട് ഇവിടെ ആകുന്നില്ലെന്നതാണ് ഞാന്‍ വീഡിയോയിലൂടെ തുറന്നുകാട്ടിയത്. ഏഴുമണികഴിഞ്ഞാല്‍ സ്ത്രീകള്‍ വീട്ടില്‍ കയറണമെന്ന് ഇവിടെയൊരു ധാരണയുണ്ട് . അവിടെ അങ്ങനെയല്ല. സ്ത്രീകള്‍ സുരക്ഷിതരാണ്. ഇതാണ് വീഡിയോയില്‍ തുറന്നുകാട്ടിയത്.

 


മലയാള സിനിമയിലേക്ക് എങ്ങനെയാണ് വന്നത്?

 

ഞാന്‍ ദുബൈയില്‍ റേഡിയോ ജോക്കിയാണ്. ഇപ്പോള്‍ ഏഴ് സിനിമകള്‍ ചെയ്തു. ആദമിന്റെ മകന്‍ അബു എന്ന ചിത്രത്തിന്റെ സംവിധായകന്‍ സലിം അഹമ്മദിനെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. ആ പരിചയം വച്ച് കുഞ്ഞനന്തന്റെ കട എന്ന സിനിമയിലെത്തി. എനിക്കാണേല്‍ അഭിനയത്തിന് ഒരു പരിചയവും ഇല്ല. മലയാളം ഡയലോഗ് കാണാതെ പഠിച്ചു പറയുന്ന പുതുമുഖത്തെയാണ് വേണ്ടെതെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ ഒരു കൈ നോക്കാമെന്ന് ഞാനും കരുതി. ഓഡിഷനുശേഷമാണ് അഭിനയിച്ചത്.

 

നേരത്തെ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നോ

ഒരിക്കലും പ്‌ളാന്‍ ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ നേരത്തെ ആകാമായിരുന്നു. ഇപ്പോള്‍ എനിക്ക് 29 വയസായി. ഈ പ്രായത്തില്‍ ആരും നായികയായി വരില്ല. പക്ഷേ ഞാന്‍ വന്നു. അവസരം വന്നത് അപ്പോഴാണ്. എന്നാല്‍ ആര്‍ജെ വേഷം ആണ് എനിക്കിഷ്ടം. എനിക്ക് വഴങ്ങുന്നതും അതാണ്. ഇപ്പോഴും എനിക്ക് അറിയില്ല അഭിനയിച്ച് പ്രതിഫലിപ്പിക്കാനാകുമോ എന്നൊക്കെ. ഡയലോഗും എല്ലാം ഒത്തുവരണമല്ലോ. ടെന്‍ഷനോടെയാണ് ഈ മേഖലയിലേക്ക് വന്നത്. ബാക്കിയൊക്കെ സംവിധായകന്‍ നമ്മളെ കംഫര്‍ട്ടബിളാക്കുന്നതാണ്. നമ്മളിലെ നടിയെയോ നടനെയോ പുറത്തു കൊണ്ടുവരുന്നത് സംവിധായകനാണെന്നാണ് എന്റെ വിശ്വാസം.

 

ആദ്യ സിനിമ മമ്മൂട്ടിക്കൊപ്പമായിരുന്നു. ആ അനുഭവം?

ആദ്യ സിനിമ പുലികളോടൊപ്പമായിരുന്നു. സലിം മമ്മൂട്ടി, റസൂല്‍ പൂക്കുട്ടി കോംബിനേഷന്‍. കണ്ണൂര്‍ ഭാഷ. ഞാനാണേല്‍ തിരുവനന്തപുരത്തുകാരിയും. സ്‌ളാഗ് ശരിയായില്ലെങ്കില്‍ കൂടുതല്‍ സമയമെടുത്ത് പഠിച്ച് ചെയ്യണം. അതൊക്കെ ഒരു ചലഞ്ചായി ഞാന്‍ സ്വീകരിച്ചു. ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും കൂടുതല്‍ ടെന്‍ഷനടിച്ചതും ആദ്യ സിനിമയിലാണ്.

തിരുവനന്തപുരത്തുകാരിയാണെങ്കിലും സുരാജ് വെഞ്ഞാറമൂട് സംസാരിക്കുന്ന തിരുവനന്തപുരം ഭാഷയല്ല എന്റേത്. തിരുവനന്തപുരത്തുകാരെന്നു പറയുമ്പോള്‍ പലരുടെയും മനസില്‍ ഈ ചിന്തയാണ് കടന്നുവരുന്നത്. രാജകുടുംബത്തിലുള്ളവര്‍ സംസാരിക്കുന്നത് അങ്ങനെയാണോ. തിരുവനന്തപുരത്തെ ചില പ്രത്യേക ഭാഗങ്ങളില്‍ മാത്രമാണ് എന്തരപ്പീ, എവിടെപ്പെയ് എന്നൊക്കെ ചോദിക്കുന്നത്. ഞാന്‍ അങ്ങനെയല്ല. ഇപ്പോള്‍ എങ്ങനെയാണോ അതുപോലെയായിരുന്നു മുമ്പും.

 

തിരുവനന്തപുരത്ത് എവിടെയാണ് താമസം?

അച്ഛന്‍ കൈതമുക്ക് സ്വദേശിയാണ്. അമ്മ ശാസ്തമംഗലത്തും. ഞാന്‍ ഇപ്പോള്‍ ഗള്‍ഫില്‍ സെറ്റില്‍ഡാണ്.

 

സിനിമയിലെത്തിയതില്‍ ആരോടാണ് കടപ്പാട്?

ആദ്യ സിനിമയിലെ സംവിധായകനോടു തന്നെ. എന്നെ വച്ച്, പ്രത്യേകിച്ച് അഭിനയത്തിന്റെ ബാലപാഠം പോലുമറിയാത്ത ഒരാളെ വച്ച് സിനിമയെടുക്കാനുള്ള റിസ്‌ക് ഏറ്റെടുത്തത് വലിയ കാര്യമാണ്. അതില്‍ നിന്നാണ് മറ്റു സിനിമകളെല്ലാം ലഭിച്ചത്.

 

തുടര്‍ച്ചയായി സിനിമ ചെയ്യുന്നില്ലല്ലോ?

അങ്ങനെ കൂടുതല്‍ സിനിമയൊന്നും ഞാന്‍ ചെയ്യുന്നില്ല. ഒരു സിനിമ ചെയ്തുകഴിഞ്ഞാല്‍ എട്ടുമാസത്തോളം ഒന്നും ചെയ്യാറില്ല. കാരണം എനിക്ക് ഗള്‍ഫില്‍ ജോലിയുണ്ട്. അവിടുത്തെ ലീവും മറ്റു കാര്യങ്ങളും നോക്കണം. കുറേ സിനിമകള്‍ ചെയ്തിട്ടു കാര്യവും ഇല്ല. മാത്രമല്ല സിനിമയെടുക്കുന്നവരും സെലക്റ്റീവാണ്. മാര്‍ക്കറ്റിംഗ് മേഖലയും അവര്‍ക്ക് നോക്കണമല്ലോ.

 

ചെയ്തതില്‍ ഏറ്റവും നല്ല വേഷം

പൊറിഞ്ചു മറിയം ജോസിലെ മറിയം തന്നെ ഇഷ്ടം. മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രം. മാത്രമല്ല ലീഡിംഗ് കഥാപാത്രം കൂടിയാണ് അതില്‍.

 

സന്തോഷം നല്‍കിയ നിമിഷങ്ങള്‍

നമ്മളെ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നതു കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട് അതാണ് ഏറ്റവും വലുത്. ഓരോ വേഷങ്ങളും നന്നായിരിക്കുന്നുവെന്നു പറയാറുണ്ട്. പ്രതിഫലം മാറ്റിവച്ചാല്‍ ഏറ്റവും വലുത് ആള്‍ക്കാരുടെ പ്രശംസ തന്നെയാണ്. സോഷ്യല്‍ മീഡിയയിലായാലും അതുതന്നെയാണ് സന്തോഷം.


ദുഃഖകരമായ സംഭവം?

 

അങ്ങനെയൊരു സംഭവം ഇതുവരെയില്ല. എന്നെ ആരും സങ്കടപ്പെടുത്തിയിട്ടില്ല. വരുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റുന്നില്ലെന്ന വിഷമമേ ഉള്ളു. പക്ഷേ അത് ജോലിക്കു വേണ്ടിയാണ്. അല്ലാതെ യാതൊരു പ്രശ്‌നവുമില്ല.

 

ആര്‍ജെയും അഭിനയവും എങ്ങനെ ഒന്നിച്ചു കൊണ്ടുപോകുന്നു.?

അവധി കിട്ടാത്തതുകൊണ്ട് വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരു അഡ്ജസ്റ്റ്‌മെന്റില്‍ രണ്ടുമങ്ങു കൊണ്ടുപോകുന്നുവെന്നേ ഉള്ളു. ദുബൈയില്‍ ഹിറ്റ് 96.7 എഫ്എമ്മിലാണ് ജോലി. രാവിലെ ആറുമണിക്ക് കയറിയാല്‍ 11 മണിവരെ ലൈവായി ഞാനുണ്ടാകും. അതായത് അവിടെ എല്ലാവരും ഉറക്കമുണരും മുമ്പ് ഞാന്‍ മൈക്കിനു മുന്നിലെത്തും. പത്രം വായിച്ചും പാട്ടുവച്ചും ആള്‍ക്കാരെ ഉത്സാഹത്തിലാക്കും. ഏറെ ഇഷ്ടപ്പെട്ട ഒരു ജോലിയാണ് ആര്‍ജെ. അതുകൊണ്ടാണ് ആ ജോലി കളയാതെ അഭിനയം സൈഡാക്കി ചെയ്യുന്നത്. കൂടെയുള്ളവരില്‍ നിന്നും നല്ല സപ്പോര്‍ട്ടുണ്ട്. ഗള്‍ഫിലെ ആദ്യ സര്‍ക്കാര്‍ റേഡിയോ ആണ് ഞങ്ങളുടേത്. മലയാളം അറിയാത്തവരും നമ്മുടെ എഫ്എം ആസ്വദിക്കാറുണ്ട്.

 

ആരാകാനാണ് ആഗ്രഹം?

നമ്മുടെ നാട്ടില്‍ ആദ്യമൊക്കെ ഓള്‍ ഇന്ത്യ റേഡിയോ മാത്രമേ ഉണ്ടായിരുന്നുള്ളു. പാട്ട് കേള്‍ക്കുമായിരുന്നു. പക്ഷേ ചെറുപ്പം മുതല്‍ ആള്‍ക്കാര്‍ തിരിച്ചറിയണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഗള്‍ഫിലെത്തി ഇവിടുത്തെ സാലറിയും മറ്റും കണ്ടപ്പോള്‍ എഫ്എമ്മിന്റെ ഭാഗമായത്.

വീട്ടുകാരുടെ സപ്പോര്‍ട്ട്?

എല്ലാവരും നല്ല പിന്തുണ നല്‍കുന്നു. ബന്ധുക്കളും നല്ല സഹകരണമാണ്. മോശമായാലും നല്ലതായാലും അവര്‍ അഭിപ്രായം അറിയിക്കാറുണ്ട്. ചില കാര്യങ്ങളില്‍ തിരുത്തലുകള്‍ വേണമെന്നൊക്കെ അമ്മ പറയും അതനുസരിച്ച് ഞാന്‍ ചെയ്യാറുമുണ്ട്.

പ്രണയ വിവാഹമായിരുന്നോ?

അതെ.

വിനോദങ്ങള്‍?

യാത്രയാണ് വിനോദമെന്നൊക്കെ സ്‌റ്റൈലിനു വേണ്ടി പറയാം. പക്ഷേ എനിക്ക് ഫ്രീ ടൈം കിട്ടാറില്ല. കിട്ടുന്ന സമയങ്ങളില്‍ നല്ല സിനിമകള്‍ കാണും. ഷോപ്പിംഗിന് പോകും. അത്രതന്നെ.

ലാലേട്ടനോടൊപ്പമുള്ള അഭിനയം?

ഞാന്‍ അദ്ദേഹത്തിന്റെ ഫാനാണ്. സിനിമയില്‍ അഭിനയിക്കുന്നു എന്നു പറയുന്നതിനേക്കാള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നു എന്നു പറയുന്നതുതന്നെ വലിയ സന്തോഷമാണ്. തമാശയൊക്കെ പറയുന്ന കൂട്ടത്തിലാണ് . വളരെ സിംപിള്‍. അദ്ദേഹം നല്‍കുന്ന എനര്‍ജി വളരെ വലുതാണ്.

മമ്മൂക്കയോടൊപ്പമുള്ള ആദ്യ സിനിമ?

കൂടെ അഭിനയിക്കുന്നവര്‍ക്ക് എല്ലാ റെസ്‌പെക്റ്റും നല്‍കുന്ന ആളാണ് മമ്മൂക്ക. വളരെ പേടിച്ചാണ് അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ പോയത്. നമ്മളെ തമാശയിലൂടെ ലൈറ്റാക്കി അഭിനയിപ്പിക്കുന്ന ശൈലിയാണ് മമ്മൂക്കയ്ക്ക്. പല കാര്യങ്ങളും നമ്മളെ അദ്ദേഹം പഠിപ്പിച്ചു തരും. കരയുന്നൊരു സീനുണ്ടായിരുന്നു. കരച്ചില്‍ വയറില്‍ നിന്ന് വരണമെന്ന് അദ്ദേഹമാണ് പറഞ്ഞുതന്നത്. സത്യമാണ് അത്. എന്നാലേ ഒറിജിനല്‍ ആകൂ.

എന്തൊക്കെയാണ് പുതിയ പ്രതീക്ഷകള്‍?

കുറേ കഥകള്‍ കേട്ടു. പലതും ഇഷ്ടപ്പെട്ടവയാണ്. പൊറിഞ്ചു മറിയം ജോസ് ഹിറ്റാകട്ടെ അതിനു ശേഷം വരുന്നത് നോക്കാം. അടുത്തവര്‍ഷം ഒന്നോ, രണ്ടോ സിനിമകള്‍ മാത്രമേ ചെയ്യാന്‍ സമയം കിട്ടൂ. പിന്നെ സംവിധായകര്‍ക്ക് എന്നെ സ്വീകാര്യമാകണം. അതൊക്കെ ശരിയായാലല്ലേ സിനിമയില്‍ ഞാനുണ്ടാകൂ. നല്ല സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചാല്‍ ഭാഗ്യം. അതല്ലെങ്കില്‍ പ്രേക്ഷകയായി മാറും.

മറ്റു ഭാഷാ ചിത്രങ്ങളിലേക്ക് പോകാന്‍ ആഗ്രഹമുണ്ടോ?

മലയാളം സിനിമകള്‍ തന്നെ ചെയ്യാന്‍ സമയം കിട്ടുന്നില്ല. മാത്രമല്ല മറ്റു ഭാഷാ ചിത്രങ്ങള്‍ക്ക് കൂടുതല്‍ ദിവസം ഷൂട്ടിംഗിന് വേണ്ടിവരും. ഇവിടെ 30 ദിവസത്തിനകം എല്ലാം തീര്‍ക്കാനാകും. ജോലിയുള്ളതിനാല്‍ മറ്റു ഭാഷാ ചിത്രങ്ങള്‍ തത്കാലം കമ്മിറ്റ് ചെയ്യുന്നില്ല. പിന്നെ അവരുടെയൊക്കെ ഭാഷ പഠിച്ചെടുക്കാന്‍ പാടാണ്. അങ്ങനെയൊരു അഭിനയത്തിന് താത്പര്യവുമില്ല.

 

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram