മലയാളത്തിലെ ഏറ്റവും വലിയ സിനിമയായ മാമാങ്കത്തിന്റെ നിർമ്മാതാവ് സിനിമയുടെ വിശേഷങ്ങൾ പറയുന്നു...

Posted by വടയാർ സുനിൽ, 25 Sep, 2019

 

 

 

ലോകം കാത്തിരിക്കുന്ന ചലച്ചിത്ര വിസ്മയമായ മാമാങ്കം മനുഷ്യ വികാരങ്ങളുടെയും മഹാ സംഘർഷ ഭൂമികയാണ്. പറയുന്നത് മറ്റാരുമല്ല, മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമയുടെ ശില്പി വേണു കുന്നപ്പിള്ളി തന്നെ.നിശ്ചയിക്കപ്പെട്ട മരണത്തിലേക്കു നടന്നു നീങ്ങുന്നവനാണ് ചാവേർ . മരിക്കാൻ പോകുന്ന പോരാളിയായ അവൻ പക്ഷേ , ഒരമ്മയുടെ മകനാണ്. അതേ സമയം സഹോദരനും, ഭർത്താവും, കാമുകനുമൊക്കെയാണ്. നേർച്ചക്കോഴികളാവുന്ന ചാവേറുകളുടെ കുടുബത്തിലെ നൊമ്പരം , കണ്ണീർ , സംഘർഷം ഇതൊക്കെ കാണാതെ , പറയാതെ ഒരു സിനിമ പൂർണ്ണമാവുന്നത് എങ്ങനെ? വേണു കുന്നപ്പിള്ളി ചോദിക്കുന്നു.

 


പറഞ്ഞു വരുന്നത് , മാമാങ്കം ഒരു യുദ്ധചിത്രം മാത്രമല്ല എന്നാണോ?

 

തീർച്ചയായും മാമാങ്കത്തിൽ വിഭ്രമിപ്പിക്കുന്ന യുദ്ധരംഗങ്ങളുണ്ട്. രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പ് സ്ഥാന ഭൃഷ്ടനാക്കപ്പെട്ട വള്ളുവക്കോനാതിരിക്കുവേണ്ടി, ഒരാചാരം പോലെ ജീവൻ നൽകി പൊരുതാൻ പോകുന്നവരുടെ കഥയാണ് മാമാങ്കം. പക്ഷേ ഓരോ ചാവേറും പച്ച മനുഷ്യനാണ്. ചാവേറാകാൻ വിധിക്കപ്പെട്ടവനും സ്വപ്നങ്ങളും മോഹങ്ങളുമുണ്ടായിരിക്കില്ലേ? സാമൂതിരിയെ വാൾത്തല കൊണ്ടു മുറിവേൽപ്പിച്ച ചന്ത്രോത്തിൽ ചന്തുണ്ണിക്ക് പ്രായം പതിന്നാല് മാത്രമായിരുന്നു. മലപ്പുറത്ത് പാങ്ങിൽ ആ കൊച്ചു വീരന് ഇന്നുമൊരു സ്മാരകമുണ്ട്. ആറ്റു നോറ്റുണ്ടായ ഉണ്ണിയെ ചാവേറായി അയക്കേണ്ടി വന്ന പെറ്റമ്മയുടെ , അച്ഛന്റെ നൊമ്പരം പോർവിളികൾക്കിടെയും നമ്മുടെ കരളിനെ ഉലയ്ക്കേണ്ടതല്ലേ? എല്ലാ യുദ്ധങ്ങളുടെയും ഇരകൾ സ്ത്രീകൾ കൂടിയാണ്. ഇത്തരം വൈകാരിക മുഹൂർത്തങ്ങളിലൂടെയും സഞ്ചരിച്ച്‌ പ്രേഷകന്റെ കണ്ണു നനയിക്കുന്ന രംഗങ്ങളുമുണ്ട് മാമാങ്കത്തിൽ. ഹൃദ്യമായ ഒരു താരാട്ടു പാട്ടും, മൂക്കുത്തി എന്നു തുടങ്ങുന്ന മനോഹരമായ ഗാനവും നൃത്തവുമെല്ലാം ചേർന്ന് മനുഷ്യ വികാരങ്ങളുടെ ഒരുത്സവ മേളമായിരിക്കും മാമാങ്കം. യുദ്ധരംഗങ്ങൾക്ക് ഒപ്പം കുടുംബ പ്രേക്ഷകരെ ആകെ ആകർഷിക്കുന്ന ഒന്നു തന്നെ ആയിരിക്കും മാമാങ്കം.

 

മലയാളത്തിന്റെ ബാഹുബലി ആയിരിക്കുമോ മാമാങ്കം?


ഇവിടെ വലിയൊരു വ്യത്യാസമുണ്ട്. മാമാങ്കം തിരുനാവായ മണപ്പുറത്ത് എതാണ്ട് മുന്നൂറു വർഷത്തോളം നടന്ന സംഭവമാണ്. വില്യം ലോഗൻ ഉൾപ്പെടെയുള്ള ചരിത്രകാരന്മാർ അതൊക്കെ സുക്ഷ്മമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ബാഹുബലിയുടേത് വെറും കെട്ടു കഥയാണ് , ഫാന്റസി. ബാഹുബലിയായി വരുന്ന പ്രഭാസിന് തേര് വെറും കൈ കൊണ്ട് ഉയർത്തി ശത്രുക്കളെ അടിച്ചു തകർക്കാം. ഒരമ്പയക്കുമ്പോൾ അത് നൂറുകണക്കിനാവുന്ന ജാലവിദ്യകളും കാണിക്കാം. എല്ലാ മുത്തശ്ശി കഥയിലെയും പോലെ എന്തുമാകാം. എന്നാൽ മമ്മൂട്ടി യും ഉണ്ണി മുകുന്ദനും ബാലതാരം അച്ചുതും ഉൾപ്പെടെ ഉള്ളവർ ഇവിടെ യഥാർത്ഥത്തിൽ ജീവിച്ചിരുന്ന മനുഷ്യരുടെ വേഷത്തിലാണ് എത്തുന്നത്. അവർ ഒരമ്പയച്ചാൽ ലക്ഷ്യത്തിൽ കൊള്ളുന്നതും ഒറ്റയമ്പു മാത്രമായിരിക്കും. ആയിരിക്കണം. അല്ലെങ്കിൽ അത് ചരിത്ര നിഷേധമായി മാറും. കാണികൾ കൂവും. ഫിക്ഷനും ചരിത്ര സിനിമയും തമ്മിൽ ഈ വ്യത്യാസമുണ്ട്. ഇവിടെയാണ് പുതിയ സങ്കേതങ്ങളിലൂടെ ഈ പരിമിതിയെ മറി കടക്കേണ്ടത്. കൃഷ്, ദംഗൽ , പത്മാവത് തുടങ്ങിയ മെഗാഹിറ്റ് സിനിമകളുടെ സ്റ്റണ്ട് കൊറിയോഗ്രാഫറായ ശ്യാം കൗശലിനെ നമിച്ചു പോകുന്നത് ഇവിടെയാണ്. അമാനുഷരല്ലാത്ത മനുഷ്യരുടെ വിസ്മയ പോരാട്ട രംഗങ്ങളാണ് അദ്ദേഹം മാമാങ്കത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. ബാഹുബലി  2 ഉം ഈച്ചയുമൊക്കെ ഒരുക്കിയ കമല കണ്ണന്റെ വി.എഫ്. എക്സും കൂടിയാകുമ്പോൾ മലയാള സിനിമ ഇന്നോളം കാണാത്ത പോരാട്ട രംഗങ്ങൾ മാമാങ്കത്തിന്റെ ഹൈലൈറ്റായി മാറുന്നുണ്ട്.


മാമാങ്കത്തിലെ സംഘട്ടനങ്ങൾ ഒറിജിനലാണോ?


അറിയാമല്ലോ ,ഏതാണ്ട് ഒരു വർഷത്തിലേറെ സമയമെടുത്താണ് മാമാങ്കം പൂർത്തിയായത്. മംഗലാപുരം, ഒറ്റപ്പാലം, കളമശ്ശേരി, കണ്ണവം വനം, വാഗമൺ,നെട്ടൂർ, മരട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചിത്രീകരിച്ചതിൽ ഭൂരിഭാഗവും സംഘട്ടന രംഗങ്ങളാണ്‌. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, അച്ചുത്, നായിക പ്രാച്ചി തെഹ് ലാൻ ഉൾപ്പെടെയുള്ളവരെല്ലാം അതി സാഹസിക രംഗങ്ങൾ പോലും ഡ്യൂപ്പില്ലാതെയാണ് ചെയ്തത്. രാത്രി പുലരുവോളം നീണ്ട ചിത്രീകരണത്തിനിടെ ഒരു പോള കണ്ണടക്കാതെ , കൂറ്റൻ ക്രെയിനിൽ ഉയർന്നു പൊങ്ങിയും , യുവാക്കളെക്കാൾ വീറോടെ അങ്കം വെട്ടിയും മമ്മൂക്ക സകലരെയും വിസ്മയിപ്പിച്ചു കളഞ്ഞു. സ്ക്രീനിൽ കാണുമ്പോൾ നിങ്ങൾക്കത് ബോധ്യമാകും. അവസാന യുദ്ധ രംഗത്ത് ആയിരത്തിലേറെ ഭടന്മാർ ഉണ്ടായിരുന്നു. ദിവസം 2500 ജൂണിയർ ആർട്ടിസ്റ്റുകൾ വരെ അഭിനയിച്ച നിരവധി ആഴ്ചകളുണ്ട്. ആനകൾ, കുതിരകൾ , ഒട്ടകം തുടങ്ങി സകല ജീവികളും സിനിമയിലുള്ളത് ഒറിജിനലാണ്. ഗ്രാഫിക്സ് അല്ല. പ്രേക്ഷകരെ മായം കാട്ടി പറ്റിക്കുന്ന ഒരു തട്ടിക്കൂട്ട് സിനിമയല്ല മാമാങ്കം. പ്രേക്ഷകന്റെ മുന്നിൽ മികച്ച സിനിമ എത്തിക്കുകയായിരുന്നു ലക്ഷ്യം. നിർമ്മാതാവ് എന്ന നിലയിൽ ഒരു വിട്ടു വീഴ്ചക്കും ഞാൻ തയ്യാറായിട്ടില്ല.


പതിമൂന്ന് കോടി രൂപയുടെ നഷ്ടം സഹിച്ചതും ഈ പെർഫെക്ഷനു വേണ്ടി ആയിരുന്നോ?


തീർച്ചയായും. ഒന്നോ രണ്ടോ മലയാള സിനിമ വേണമെങ്കിൽ ചെയ്യാവുന്ന തുകയാണത്. ആരോടെങ്കിലുമുള്ള ഈഗോയുടെ പേരിൽ അത്ര വലിയ തുകയുടെ ചെലവിട്ട സീനുകൾ ഉപേക്ഷിക്കാൻ ആരെങ്കിലും തയ്യാറാവുമോ? ആദ്യ ഷെഡ്യൂളിൽ ചിത്രീകരിച്ച ഒന്നും ഉപയോഗിക്കാൻ പാകത്തിലുള്ളതായിരുന്നില്ല. ഗാനങ്ങൾ ഉൾപ്പെടെ സകലതും റീഷൂട്ട് ചെയ്യേണ്ടി വന്നു. എങ്ങനെയെങ്കിലും ഉള്ളത് തട്ടിക്കൂട്ടിക്കാണിച്ച് പ്രേക്ഷകനെ വഞ്ചിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. അതിനാലാണ് 13 കോടിയുടെ നഷ്ടമാണ് എന്നറിഞ്ഞിട്ടും പുതിയ ടീമിനെ വെച്ച്‌ സിനിമ ഒന്നിൽ നിന്നും വീണ്ടുമാരംഭിച്ചത്.


വേണമെങ്കിൽ എനിക്ക് അതോടെ മാമാങ്കം ഉപേക്ഷിക്കാമായിരുന്നു. ഇത്ര വലിയ തുക പോയ സ്ഥിതിക്ക് ഇനി മുന്നോട്ടു പോകേണ്ട എന്നു പറഞ്ഞ അഭ്യുദയകാംക്ഷികളുമുണ്ട്. അത് അപമാനകരമാണ് എന്നെനിക്കു തോന്നി. കാരണം, അങ്ങനെ ചെയ്താൽ , എന്നെ കാണുമ്പോൾ രഹസ്യമായി എങ്കിലും പലരും പറയും. " സിനിമ എന്നും പറഞ്ഞു ചാടി വന്ന് 13 കോടി രൂപ കളഞ്ഞ വിദ്വാനാണ്‌ ആ നിൽക്കുന്നത് " എന്ന്. അത് കേൾക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല. ഇപ്പാൾ എന്റെ ഉത്തരവാദിത്വം കൂടി. അതിന്റെ പല മടങ്ങ് തുക ചെലവഴിച്ചാണ് മാമാങ്കം ഇപ്പോൾ പൂർത്തിയാവുന്നത്. ആ ഉത്തരവാദിത്വത്തോടെ ഞാനും ജാഗ്രത പുലർത്തിയിട്ടുണ്ട്. സാമാന്യം ഭേദപ്പെട്ട രീതിയിൽ വായനാശീലമുള്ള ഒരാളാണ് ഞാൻ. അതു കൊണ്ട് കലയും സാഹിത്യവുമൊക്കെ അത്യാവശ്യം എനിക്കും മനസ്സിലാകും. എഴുതുന്ന അസുഖം എനിക്കും ചെറുപ്പം മുതലേ ഉണ്ടായിരുന്നു. കലാകൗമുദിയും കഥ മാസികയുമൊക്കെ എന്റെ നിരവധി ചെറുകഥകൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അത്തരം അനുഭവങ്ങൾ മാമാങ്കത്തിന്റെ കഥ വ്യക്തമായി ബോധ്യപ്പെട്ടു പ്രവർത്തിക്കാൻ എന്നെ പ്രാപ്തനാക്കിയിട്ടുണ്ട് എന്നു കരുതുന്നു. കൂടാതെ സംവിധായകൻ എം. പത്മകുമാറിന്റെ നേതൃത്വത്തിൽ മികച്ച ക്രൂവും പ്രവർത്തിച്ചതോടെ മാമാങ്കം മലയാളത്തിന് എന്നും അഭിമാനിക്കാൻ കഴിയുന്ന ഒരു സിനിമയായാണ് പൂർത്തിയായിരിക്കുന്നത്.


വേണു കുന്നപ്പിള്ളിയുടെ നിർമ്മാണത്തിൽ ഇനിയും കൂടുതൽ സിനിമകൾ വരുമോ?

നോക്കൂ. വൈപ്പിൻ അയ്യമ്പള്ളിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ആളാണ് ഞാൻ. മൂന്ന് പതിറ്റാണ്ടായി വിദേശത്ത് ബിസിനസ് ചെയ്യുന്നു. ദുബായ്, ലണ്ടൻ, ആഫ്രിക്ക , യു. എസ് തുടങ്ങി വിവിധ രാജ്യങ്ങളിൽ വിവിധ ബിസിനസ് സംരംഭങ്ങൾ നടത്തുന്ന ഞാൻ യാദൃശ്ചികമായി സിനിമാ രംഗത്തു വന്നു പെട്ടതാണ്. എന്നാൽ , ഈ ഒറ്റ സിനിമ കൊണ്ടു തന്നെ സിനിമക്കു പിന്നിലെ കാര്യങ്ങൾ ബേധപ്പെട്ട രീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞു എന്നാണ് വിശ്വാസം. ഏതൊരു ബിസിനസ്സും പോലെ തന്നെയാണ് സിനിമയും എനിക്ക്. മികച്ച റിസൽട്ട് ഉണ്ടായാൽ കാവ്യ ഫിലിം കമ്പനിയുടെ സിനിമകൾ ഇനിയും വരിക തന്നെ ചെയ്യും. മാമാങ്കത്തിനായി എത്ര രൂപ ചെലവഴിച്ചു എന്ന ചോദ്യത്തിലൊന്നും കാര്യമില്ല. മലയാള സിനിമയിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള സിനിമ മാമാങ്കമാണ്. നേരത്തെ പറഞ്ഞതു പോലെ ഒരു കാര്യത്തിലും വിട്ടു വീഴ്ച ചെയ്തിട്ടില്ല. എന്നാൽ എത്ര രൂപ ചെലവിട്ടു എന്നതു മാത്രമാണ് ഒരു സിനിമയുടെ യുണീക്ക് സെല്ലിങ് പോയന്റ് എന്നു ഞാൻ കരുതുന്നില്ല. മേക്കിങ്, സിനിമ പ്രേക്ഷകന് എന്തു നൽകുന്നു എന്നതാണ് പ്രധാനം. അക്കാര്യത്തിൽ മാമാങ്കം ആരേയും നിരാശപ്പെടുത്തില്ല. നൂറു ശതമാനം ഉറപ്പ്.


ഇതിനിടെ , ഒരു ഹോളിവുഡ് സിനിമയും എടുത്തു കഴിഞ്ഞു. പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ച സം തിങ് എൽസ് ഒരു ഹൊറർ സിനിമയാണ്. ട്രബേക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ
പ്രദർശിപ്പിച്ച സംതിങ് എൽസ് ഏറ്റവും ജനപ്രീതി നേടിയ ഹൊറർ ചിത്രമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. 2020 ആദ്യം അത് ഇന്ത്യയിൽ പ്രദർശനത്തിനെത്തും.


മാമാങ്കം എന്നാണ് പ്രദർശനത്തിന് എത്തുക?

വൈഡ് റിലീസിങ്ങിന് അനുമതി ലഭിച്ച മാമാങ്കം 350 ഓളം തിയേറ്റുകളിലാണ് കേരളത്തിലെത്തുക  ലോകമെമ്പാടും 2000 തിയേറ്ററുകളിൽ, നാലു ഭാഷകളിലായി റിലീസ് ചെയ്യും. ഒക്ടോബർ 31 ആണ് ഇപ്പോൾ ആലോചിക്കുന്ന തീയതി. വി.എഫ്. എക്സ് വർക്ക് വിദേശത്താണ് നടക്കുന്നത്. അത് പൂർത്തിയാകാൻ വൈകിയാൽ മാത്രം ഒന്നോ രണ്ടോ ആഴ്ച മുന്നോട്ടു നീങ്ങിയേക്കാം.

 


വേണു കുന്നപ്പിള്ളിയുടെ ഏറ്റവും വലിയ ആഗ്രഹമെന്താണ്?

 

പലതുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒന്നു പറയാം. എറണാകുളം ജില്ലയിലെ അയ്യമ്പള്ളിയാണ് എന്റെ ജന്മസ്ഥലം. വെറും സാധാരണക്കാരും മത്സ്യത്തൊഴിലാളികളുമൊക്കെ തിങ്ങിപ്പാർക്കുന്ന നാട് അവിടെ ഗുരുദേവ ഭക്തനായ സാമൂഹ്യ പ്രവർത്തകനായിരുന്നു എന്റെ അച്ഛൻ പത്മനാഭൻ. ആ നാട്ടിൽ എനിക്കൊരു ആശുപത്രി പണിയണം. പണം വാങ്ങാൻ കൗണ്ടറും ആളും ഇല്ലാത്ത ഒരാശുപത്രി .

 

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram