ഹാസ്യ ചക്രവർത്തിക്ക് പിറന്നാൾ ആശംസകൾ

Posted by Sumina, 30 Jun, 2020

നർമ്മത്തിന്റെ ഭാഷ വേറിട്ട ശൈലിയിൽ അവതരിപ്പിച്ച് മലയാളചലച്ചിത്ര വേദി കീഴടക്കിയ പ്രിയതാരംസുരാജ് വെഞ്ഞാറമൂടിന് 44 ന്റെ പിറന്നാൾ മധുരം. തുടക്കത്തിൽ ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റായിരുന്ന സുരാജ്
മിമിക്രിയിലൂടെയാണ് വെള്ളിത്തിരയിലെത്തി പ്രേക്ഷകരുടെ മനം കവർന്നത്.

തിരുവനന്തപുരത്തിന്റെ ഗ്രാമ്യഭാഷയുടെ പ്രത്യേകതകൾ, നിറഞ്ഞ സദസുകളിൽ അവതരിപ്പിച്ച് കയ്യടി നേടിയ പ്രിയ താരം പ്രേക്ഷകശ്രദ്ധ നേടിയെടുത്തത് ചുരുങ്ങിയ സമയം കൊണ്ടാണ്. ആദ്യ കാലങ്ങളിൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളിൽ മികവുറ്റ ഹാസ്യ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായി. അൻവർ റഷീദ് സം‌വിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ "രാജമാണിക്യം "എന്ന സിനിമയിൽ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യാനായി മമ്മൂട്ടിയെ സഹായിച്ച സുരാജ് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയത് വളരെ പെട്ടെന്നായിരുന്നു.

നിരവധി ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹം മികച്ച ഹാസ്യനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2009, 2010, 2013 വർഷങ്ങളിലായി മൂന്ന് തവണ നേടിയിട്ടുണ്ട്. അതെ സമയം സ്വഭാവ നടനായും സുരാജ് വേഷമിട്ടിരുന്നു. 2014 ൽ "പേരറിയാത്തവര്‍ "എന്ന ചിത്രത്തിലൂടെ അഭിനയത്തിന്റെ അസാധാരണമായ ശേഷി പുറത്തെടുത്ത ഈ കലാകാരൻ ‌ദേശീയ അവാര്‍ഡില്‍ മുത്തമിട്ടു . 2009 ല്‍ പുറത്തിറങ്ങിയ ഡൂപ്ലിക്കേറ്റ്, 2017ൽ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക് സാക്ഷി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം നായകനായും വേഷമിട്ടു.

30 ജൂൺ 1976ന് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടാണ് അദ്ദേഹം ജനിച്ചത്.പിതാവിനെയും സഹോദരനെയും പോലെ ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ ലക്ഷ്യമുണ്ടായിരുന്നുവെങ്കിലും സൈക്കിളിൽ നിന്ന് വീണു കൈ പൊട്ടിയതിനാൽ ഈ സ്വപ്നം പിന്തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 2005 ൽ സുരാജ് വിവാഹിതനായി. സുരാജ് സുപ്രിയ ദമ്പതികൾക്ക് മൂന്ന് കുട്ടികളുമുണ്ട്.