അബ്ദുല്‍ ഖാദറില്‍ നിന്ന് പ്രേംനസീറിലേക്കുള്ള ദൂരം, ബാല്യകാല സുഹൃത്തിന്റെ ഓര്‍മ്മകളില്‍

Posted by RK, 16 Jan, 2022

ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തില്‍ സംഭവിച്ച ഏറ്റവും വലിയ ലെജന്‍ഡായ പ്രേംനസീര്‍ അന്തരിച്ചിട്ട് ഇന്ന് നീണ്ട 34 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. വസന്തം മനുഷ്യനായി അവതരിച്ചതുപോലെ ജീവിച്ച ഈ ചലച്ചിത്ര നടന്റെ ആധികാരികമായ ഒരൊറ്റ ജീവചരിത്ര ഗ്രന്ഥം പോലും ഇനിയും എഴുതപ്പെടാത്തത് നമുക്ക് സംഭവിച്ച വലിയ വീഴ്ചയാണ്. ചിതറിയ ചില ഓര്‍മ്മക്കുറിപ്പുകളിലും സ്തുതിവചനക്കുറിപ്പുകളിലും ഒതുങ്ങുകയാണ് കാലഘട്ടം സൃഷ്ടിച്ച ആ ജീവിതം. അതിലെ നിര്‍ണായകമായ പല ഘട്ടങ്ങളും അജ്ഞതയുടെ ഇരുള്‍മൂടി കിടക്കുന്നു. ചിറയിന്‍കീഴില്‍ ജനിച്ചുവളര്‍ന്ന അതീവ സുന്ദരനായ അബ്ദുല്‍ ഖാദര്‍ എന്ന യുവാവ് പ്രേംനസീര്‍ എന്ന ഇതിഹാസമായി പരിണമിച്ചതിന്റെ കൃത്യമായ ഒരു രേഖ നിലവിലില്ല. ജന്മദേശത്ത് ഖാദറിനോടൊപ്പം ജനിച്ചുവളര്‍ന്ന തലമുറ ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതായി കഴിഞ്ഞു. അവശേഷിക്കുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളായ ശ്രീ. എം സുലൈമാനുമായി സംസാരിച്ച് എഴുതിയ ഈ കുറിപ്പ് ചില പുതിയ വെളിച്ചങ്ങള്‍ പ്രസരിപ്പിക്കുന്നു.

 

 


എം.എം.പുരവൂര്‍

 


മലയാള ചലച്ചിത്ര നഭസ്സില്‍ ഒളിമങ്ങാത്ത പ്രഭാപ്രസരം ചൊരിഞ്ഞ് ഇന്നും തിളങ്ങി നില്‍ക്കുന്ന ഒരു ശുക്ര താരകമാണ് പ്രേംനസീര്‍. അത്യപൂര്‍വ്വ സ്വഭാവ വൈശിഷ്ട്യങ്ങളുടെ വിളനിലം കൂടിയായിരുന്നു അദ്ദേഹം. സിനിമാ ചരിത്രത്തില്‍ തന്റെ സാന്നിദ്ധ്യം സുവര്‍ണ്ണ ലിപികളാല്‍ എഴുതിച്ചേര്‍ത്ത മലയാളത്തിന്റെ പ്രഥമ ചലച്ചിത്ര താരവും പ്രേംനസീര്‍ തന്നെയാണ്. സിനിമയെന്ന കല തന്നെ വഞ്ചനയുടെ കലയാണ്. തിരശ്ശീലയില്‍ നിഴല്‍ കാണിച്ച് അത് ജീവനുള്ള രൂപമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണ് സിനിമയെന്ന് പ്രസിദ്ധ ചലച്ചിത്ര ഗാനരചയിതാവും സിനിമാ സംവിധായകനും നിര്‍മ്മാതാവുമൊക്കെയായ ശ്രീകുമാരന്‍തമ്പി ഒരവസരത്തില്‍ പറഞ്ഞത് ഓര്‍മ്മയിലെത്തുന്നു. അത് ശരിയാണെങ്കിലും അതിന്റെ മാന്ത്രികത പ്രേക്ഷകരില്‍ അതുളവാക്കുന്ന മാസ്മരികത അവാച്യമാണ്. അതുകൊണ്ടാണ് അക്കാലത്ത് ലോകത്ത് നിലവിലുണ്ടായിരുന്ന മുഴുവന്‍ കലാരൂപങ്ങളെയും അപ്പാടെ പിന്‍തള്ളിക്കളയുന്നതിനും ലോകക്രമത്തെ തന്നെ പാടെ മാറ്റി മറിക്കുന്നതിനും സിനിമയെന്ന കലാസൃഷ്ടിക്ക് സാധ്യമായത്. അത്തരത്തിലുള്ള ഒരു പരിണാമത്തിന്റെ സന്ദര്‍ഭത്തിലാണല്ലോ അദ്ദേഹത്തിന്റെ സിനിമാ പ്രവേശവും.


പില്‍ക്കാലത്ത് വിശ്വവിഖ്യാതനായി തീര്‍ന്ന ഈ ചലച്ചിത്ര താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ചും തുടര്‍ന്നുള്ള അസൂയാവഹമായ വളര്‍ച്ചയെക്കുറിച്ചുമുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ പൂര്‍ണ്ണമായും വെളിച്ചപ്പെട്ടിട്ടില്ല. അതിനു കാരണം അദ്ദേഹം തന്നെ അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന, ആരാധിച്ചിരുന്ന പ്രേക്ഷക ലക്ഷങ്ങളോട് മനസ്സു തുറന്നില്ലായെന്നുള്ളതു തന്നെയാണ്. അദ്ദേഹത്തിന്റെ ജനന തീയതിയെക്കുറിച്ചു പോലും ഭിന്നാഭിപ്രായങ്ങളാണ് നിലവിലുള്ളത്.

 

മലയാള സിനിമാ ചരിത്രകാരനായ പെരുന്താന്നി ബാലചന്ദ്രന്‍ നായരുടെ മലയാള സിനിമ ഇന്നലെ ഇന്ന് എന്ന ഗ്രന്ഥത്തില്‍ പ്രേംനസീറിന്റെ ജനന തീയതി 1929 ഡിസംബര്‍ 26 എന്നും വളരെക്കാലം മിദിരാശിയില്‍ ഫിലിം ജേര്‍ണലിസ്റ്റായിരുന്ന പി.ടി.വര്‍ഗ്ഗീസിന്റെ പ്രേംനസീര്‍ ജീവിതവും സിനിമയും എന്ന ലൈഫ് സ്‌കെച്ചില്‍ 1929 ഡിസംബര്‍ 21 എന്നും രേഖപ്പെടുത്തുമ്പോള്‍ ഇന്റര്‍നെറ്റ്, ഗൂഗിള്‍, 1927 ഏപ്രില്‍ 7 എന്നാണ് സൂചിപ്പിക്കുന്നത്. അതുപോലെ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ജുമാമസ്ജിദിലെ ഖബര്‍സ്ഥാനിലെ മീസാന്‍ കല്ലിലും 1927 ഏപ്രില്‍ 7 എന്നാണ് ആലേഖനം ചെയ്തിട്ടുള്ളത്. അതില്‍ നിന്ന് ഇതാവാം ശരിയെന്ന് നമുക്ക് അനുമാനിക്കാം. ജനന തീയതിയിലെ ഈ അഭിപ്രായ ഭിന്നതകള്‍ പോലെ തന്നെ അദ്ദേഹത്തിന്റെ സിനിമാപ്രവേശനത്തെക്കുറിച്ചും, പലരും പലവിധ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചിറയിന്‍കീഴില്‍ ഒരിക്കല്‍ ഒരു നാടകമെഴുതാന്‍ വേണ്ടി എത്തിച്ചേര്‍ന്ന മുന്‍ഷി പരമുപിള്ള നല്‍കിയ കത്താണ് അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള വഴി തുറന്നതെന്നും അതല്ല കോളേജ് പഠനകാലത്ത് സി.ഐ. പരമേശ്വരന്‍ പിള്ളയുടെ ശുപാര്‍ശയാണ് അതിനു കാരണമായതെന്നും ഒരു കൂട്ടര്‍ പറയുമ്പോള്‍, തമിഴ്നാട്ടിലെ ഒരു ബിസിനസ്സുകാരനായ സുബ്രഹ്‌മണ്യം തിരുവനന്തപുരത്തെ മെരിലാന്റ് സുബ്രഹ്‌മണ്യത്തിന് നല്‍കിയ കത്താണ് അതിന് സഹായകമായതെന്ന് വാദിക്കുന്നവരുമുണ്ട്.

 

ഇത്തരം അഭിപ്രായ വൈരുദ്ധ്യങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ വേണ്ടിയാണ് ഞാന്‍ കൂന്തള്ളൂര്‍ കാട്ടുമുറാക്കലിലുള്ള എം.സുലൈമാന്‍ സാറിനെ തേടിയെത്തിയത്. റെയില്‍വേ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം പ്രേംനസീറിന്റെ സഹപാഠിയും ബാല്യകാല സുഹൃത്തുമായിരുന്നു. ചെറുകഥാകൃത്ത് ചിറയിന്‍കീഴ് നസീമിന്റെ പിതാവായ അദ്ദേഹത്തിന് ഇപ്പോള്‍ 92 വയസ്സ് പ്രായമുണ്ട്. എന്റെ സന്ദര്‍ശനോദ്ദേശം മനസ്സിലാക്കിയ അദ്ദേഹം ബാല്യകാല സഖാവിനെക്കുറിച്ചു പറയാന്‍ തുടങ്ങിയപ്പോള്‍ വാചാലനായി.

 

എം.സുലൈമാന്‍ 

 

ഞാനും നസീറും ഒരേ കാലഘട്ടത്തിലാണ് ശാര്‍ക്കരയിലെ മലയാളം സ്‌കൂളില്‍ പഠിച്ചിരുന്നത്. ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നസീര്‍ 5-ാം ക്ലാസ്സിലായിരുന്നു. ബാല്യകാലം മുതല്‍ക്കു തന്നെ കലാപരിപാടികളില്‍ വളരെ താല്പര്യമുണ്ടായിരുന്ന നസീര്‍ സ്‌കൂളില്‍ പല കലാപരിപാടികളും നടത്തിയിട്ടുമുണ്ട്. അന്ന് ഞങ്ങളുടെ നാട്ടുകാരനായ പുത്തന്‍വീട്ടില്‍ മുഹമ്മദ് കാസിം സാഹിബിന് കൂന്തള്ളൂര്‍ ജംഗ്ഷനില്‍ ഒരു ചിട്ടി ഓഫീസുണ്ടായിരുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ടുവരുമ്പോള്‍ ചിട്ടി ഓഫീസില്‍ നിന്നും ഗ്രാമഫോണില്‍ മനോഹരങ്ങളായ പാട്ടുകള്‍ കേള്‍ക്കുമായിരുന്നു. ഞങ്ങള്‍ അത് വളരെ ശ്രദ്ധിച്ചു കേട്ടുനില്‍ക്കും. ഞങ്ങള്‍ കുറേക്കൂടി മുതിര്‍ന്നപ്പോള്‍ കാസിം, സാഹിബ് ഇപ്പോള്‍ ഇമാബി ആഡിറ്റോറിയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓലകൊട്ടക കെട്ടി അവിടെ നാടകങ്ങളും പാട്ടുകച്ചേരിയും ഗുസ്തി മത്സരങ്ങളും മറ്റും ടിക്കറ്റു വച്ച് നടത്താനാരംഭിച്ചു. എസ്.എം.കെ.ടാക്കീസ് എന്നായിരുന്നു കൊട്ടകയുടെ പേരെന്നാണ് എന്റെ ഓര്‍മ്മ. അന്ന് ഇന്നത്തെപ്പോലെ നാട്ടില്‍ തിയേറ്ററുകളൊന്നുമുണ്ടായിരുന്നില്ല.

 

ഒരു പൊതുതാല്പര്യ പ്രസക്തന്‍ കൂടിയായിരുന്ന സാഹിബിനോടൊപ്പം കലയിലും മറ്റും താല്പര്യമുണ്ടായിരുന്ന ചെറുപ്പക്കാര്‍ കൂട്ടുകാരായെത്തി. അവരില്‍ കെ.എം.പനയത്തറ, തോപ്പില്‍ ദിവാകരന്‍, അബ്ദുല്‍ വഹാബ്, പ്രേംനസീറിന്റെ അനുജന്‍, പില്‍ക്കാലത്ത് പ്രേംനവാസ് എന്ന പേരില്‍ നടനും നിര്‍മ്മാതാവുമൊക്കെയായ ആള്‍, തുടങ്ങിയവര്‍ ഒക്കെ ഉണ്ടായിരുന്നു. ഇക്കാലത്ത് ഞങ്ങള്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പിന്നിട്ടിരുന്നു. നസീര്‍ കോളേജില്‍ ചേര്‍ന്നിരുന്നുവെന്നാണോര്‍മ്മ. കലാകാരനായിരുന്ന നസീര്‍ സ്ഥലത്തുള്ളപ്പോള്‍ കാസിം സാഹിബ് നടത്തി വന്നിരുന്ന പരിപാടികള്‍ക്ക് പോസ്റ്ററും ബോര്‍ഡും മറ്റും എഴുതിക്കൊടുത്തു സഹായിക്കുമായിരുന്നു.

 

താങ്കള്‍ കാസിംസാഹിബ് നടത്തിയിരുന്ന നാടകങ്ങളും മറ്റും കണ്ടിട്ടുണ്ടോ?

 

നാടകത്തോട് എനിക്കത്ര താല്പര്യമുണ്ടായിരുന്നില്ല, ഗുസ്തി മത്സരങ്ങളും പാട്ടുകച്ചേരിയും മറ്റുമൊക്കെ ടിക്കറ്റെടുത്തു കണ്ടിട്ടുണ്ട്. എം.എസ്.സുബ്ബലക്ഷ്മി, എസ്.ഡി.സുബ്ബയ്യ എന്നിവരുടെ സംഗീതക്കച്ചേരിയും കേരള ഗാമാ മണക്കാട്ടുനാരായണപിള്ള, തമിഴ്നാട്ടുകാരനായ ശബരി മുത്തു തുടങ്ങിയവരുടെ ഗുസ്തി മത്സരങ്ങളും മറ്റും അതില്‍പ്പെടും.

 

ഈ കാലഘട്ടത്തില്‍ പ്രേംനസീറിന്റെ പിതാവ് ഷാഹുല്‍ ഹമീദ് സാഹിബ് ഇവിടെ നാടകങ്ങളും മറ്റും നടത്തിയിട്ടുണ്ടെന്ന് ചിലര്‍ പറയുന്നുണ്ടല്ലോ?

 

അതും ശരിയല്ല അദ്ദേഹം നാടകം നടത്തിയതായി പറഞ്ഞുകേട്ടിട്ടുണ്ട്. അത് ചിറയിന്‍കീഴിലല്ല. മുരുക്കുംപുഴയില്‍ ഏതോ തിയേറ്ററിലായിരുന്നു. അന്ന് ഞാനും നസീറുമൊക്കെ കുട്ടികളായിരുന്നു. അതിന് ശേഷമാണ് നസീറും ബാപ്പയുമൊക്കെ കുടുംബവുമായി ഇവിടേയ്ക്ക് വരുന്നത്.

 

നസീറിന്റെ പ്രായത്തെക്കുറിച്ച്

 

എന്നേക്കാള്‍ രണ്ടോ മൂന്നോ വയസ്സ് കൂടുതല്‍ കാണും. ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ 94, 95 വയസ്സാകുമായിരുന്നു.

 

ഈ സന്ദര്‍ഭത്തില്‍ കാസിം സാഹിബ് എന്തെല്ലാം കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിയിട്ടുണ്ട്. അത് എത്ര കാലത്തോളം തുടര്‍ന്നിരുന്നു?

 

ഒരു കാല്‍ നൂറ്റാണ്ടെങ്കിലും അദ്ദേഹം രംഗത്തുണ്ടായിരുന്നു. ഏറ്റവും കുറഞ്ഞത് ഒരു പതിറ്റാണ്ടെങ്കിലും അദ്ദേഹം ഇക്കാര്യത്തില്‍ സജീവവുമായിരുന്നു. ഭാരിച്ച സാമ്പത്തിക ബാദ്ധ്യതയാണ് ഇതില്‍ നിന്നും അദ്ദേഹത്തിന് കൈമുതലായി ലഭിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മലയാള നാടകങ്ങള്‍ക്കു പുറമെ തമിഴ്നാട്ടില്‍ നിന്നും മറ്റും നാടകക്കമ്പനികളെയും ഫയല്‍മാന്‍മാരെയും മറ്റും കൊണ്ടു വന്നു നടത്തിയ പരിപാടികള്‍ മെച്ചപ്പെട്ടതായിരുന്നെങ്കിലും സാമ്പത്തികമായി കടുത്ത തകര്‍ച്ചയാണ് കാസിം കാക്കയ്ക്ക് ഉണ്ടായത്.

 

അന്നത്തെ പ്രമുഖ തമിഴ് ചലച്ചിത്ര താരമായിരുന്ന എസ്.വി. സുബ്ബയ്യയും സംഘവും അവതരിപ്പിച്ച നാടകം വളരെ ഗംഭിരമായിരുന്നെങ്കിലും സാമ്പത്തികമായി ആകെ തകര്‍ന്നു പോയെന്നാണ് ഞാനും കേട്ടിട്ടുള്ളത്.

 

സുലൈമാന്‍ സാറില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ശേഖരിച്ച് അദ്ദേഹത്തോട് യാത്ര പറഞ്ഞു പുറത്തിറങ്ങുമ്പോള്‍ എന്റെ മനസ്സു നിറയെ രങ്കനാചാരിയായിരുന്നു. എന്നെക്കാള്‍ വളരെയധികം പ്രായമുള്ളയാളാണെങ്കിലും എന്റെ നല്ലൊരു സുഹൃത്തായിരുന്നു അദ്ദേഹം. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പറഞ്ഞ ചില സംഭവങ്ങളാണ് വീണ്ടും എന്റെ ചിന്താമണ്ഡലത്തെ മഥിക്കാന്‍ തുടങ്ങിയത്. കൂന്തള്ളൂരില്‍ കാസിം സാഹിബ്, എസ്.വി.സുബ്ബയ്യയും സംഘവും പങ്കെടുത്ത തമിഴ് നാടകം അവതരിപ്പിച്ച ദിവസം അവരുടെ നാടകത്തിനു മുമ്പായി നാട്ടുകാരായ ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു അമച്വര്‍ നാടകം അവതരിപ്പിച്ചിരുന്നു. അനാര്‍ക്കലി ഈ നാടകം നടന്നു കൊണ്ടിരിക്കുമ്പോള്‍ അവിടെ വന്നു ചേര്‍ന്ന തമിഴ് നാടകസംഘം ഈ നാടകം കാണുവാനിടയായി. നാടകത്തില്‍ സലിം രാജകുമാരന്റെ വേഷം ചെയ്തിരുന്നത് അബ്ദുല്‍ ഖാദറെന്ന ചെറുപ്പക്കാരനായിരുന്നു. പില്‍ക്കാലത്ത് പ്രേംനസീറായിത്തീര്‍ന്ന സിനിമാനടന്‍. ആ യുവനടന്റെ അഭിനയത്തില്‍ ആകൃഷ്ടയായ തമിഴ് നാടക സംഘത്തിലെ നായിക നടിക്ക് ഖാദറിന്റെ അഭിനയവും ആകര്‍ഷകമായ സൗന്ദര്യവും വല്ലാതെ ഇഷ്ടപ്പെട്ടു. വിവരം അവര്‍ സംഘതലവനായ എസ്.വി.സുബ്ബയ്യയുമായി ചര്‍ച്ച ചെയ്യുകയും, നാടക കോണ്‍ട്രാക്ടറോട് ആ ചെറുപ്പക്കാരനെ പരിചയപ്പെടുത്തി കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കോണ്‍ട്രാക്ടര്‍ ഖാദറിനെ അവര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു.

 

സിനിമയിലഭിനയിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ തമിഴ്നാട്ടില്‍ ചെല്ലാനും അതിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാമെന്നും അവര്‍ ഖാദറിനോട് പറഞ്ഞു. ഖാദറിന് സന്തോഷമായി. അഡ്രസ്സും മറ്റു വിവരങ്ങളും അവര്‍ പരസ്പരം കൈമാറി. ഈ അപ്രതീക്ഷിത സംഭവമാണ് നസീറിന് സിനിമയിലെത്തിച്ചേരാന്‍ സഹായകമായതെന്ന് അന്ന് നാടകം കാണാനുണ്ടായിരുന്ന പുരവൂര്‍ സ്വദേശിയായിരുന്ന രങ്കനാചാരി എന്റെ ചെറുപ്പകാലത്ത് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് ഞാനത് വേണ്ടത്ര ഗൗരവത്തിലെടുത്തിരുന്നില്ല. പില്‍ക്കാലത്ത് നസീര്‍ സാറിന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് നിരന്തരമായി ചര്‍ച്ചകള്‍ വന്നപ്പോഴാണ് അന്ന് രങ്കനാചാരി പറഞ്ഞ സംഭവം വീണ്ടും എന്റെ ഓര്‍മ്മയിലെത്തിയത്. അതുശരിയായിരിക്കുമെന്ന തോന്നല്‍ എനിക്കുണ്ടായതും. വീട്ടില്‍ തമിഴ് സംസാരിക്കുന്ന കുടുംബത്തില്‍പെട്ടയാളായിരുന്ന രങ്കനാചാരി, ചിറയിന്‍കീഴും പരിസരപ്രദേശങ്ങളിലും നടക്കുന്ന ഒരു കലാപരിപാടിയും വിട്ടുകളയുന്ന ആളുമായിരുന്നില്ല. പ്രത്യേകിച്ചും തമിഴ് പരിപാടികള്‍. മേല്‍ സുചിപ്പിച്ച തമിഴ് നാടകത്തിന്റെയും നാട്ടുകാരായ യുവാക്കള്‍ അവതരിപ്പിച്ച അമച്വര്‍ നാടകത്തിന്റെയും പ്രേക്ഷകരില്‍ ഒരാളായിരുന്നു. അദ്ദേഹം അന്നവിടെ നടന്ന മുഴുവന്‍ സംഭവങ്ങളുടെയും ദൃക്സാക്ഷിയുമായിരുന്നു. സരസനായിരുന്ന ആചാരി നാടകപരിപാടികള്‍ അവസാനിച്ചാലും അവിടെ സംഘങ്ങള്‍ പിരിയുന്നതുവരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഒരു കലാരാധകനുമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വെളിപ്പെടത്തലുകളുടെ സാംഗത്യത്തെക്കുറിച്ച് കൂടുതലന്വേഷിക്കാന്‍ ഞാന്‍ സന്നദ്ധനായത്.

 

പ്രേംനസീറിന്റെ അഭിനയ ചരിത്രത്തിലെ ആദ്യചിത്രമായി പലരും അംഗീകരിച്ചിട്ടുള്ളത് 1952 ല്‍ റിലീസായ മരുമകള്‍ എന്ന മലയാള ചിത്രമാണ്. വിശപ്പിന്റെവിളി, അച്ഛന്‍ എന്നീ ചിത്രങ്ങളും 1952 ല്‍ തന്നെ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ മറ്റു രണ്ടു ചിത്രങ്ങളാണ്. 1953 ല്‍ പൊന്‍കതിര്‍ റിലീസായി. 1954 ല്‍ അവകാശി, അവന്‍ വരുന്നു, മനസ്സാക്ഷി, ബാല്യസഖി എന്നീ നാലു ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി മലയാള സിനിമയക്ക് ലഭിച്ചത്. ഈ കാലഘട്ടങ്ങളില്‍ മലയാള സിനിമയടക്കമുള്ള മിക്ക ചിത്രങ്ങളുടെയും നിര്‍മ്മാണത്തിന്റെ 90 ശതമാനം പ്രവര്‍ത്തനങ്ങളും തമിഴ്നാട്ടിലാണ് നടന്നു വന്നിരുന്നത്. 1990 വരെ പ്രേംനസീര്‍ അഭിനയിച്ച 517 മലയാള ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.


1988 ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ അദ്ദേഹത്തിന്റെ കടത്തനാടന്‍ അമ്പാടി എന്ന ചിലച്ചിത്രമാണ് 1990 ല്‍ തിയേറ്ററുകളിലെത്തിയ നസീറിന്റെ അവസാന റിലീസ് ചിത്രം. 1988 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മറ്റു രണ്ടു ചിത്രങ്ങളില്‍ ധ്വനി 1988 ലും ലാല്‍ അമേരിക്കയില്‍ 1989 ലും റിലീസായവയാണ്. ഇതില്‍ ഏറ്റവും അവസാനമായി അദ്ദേഹം വേഷമിട്ട ചിത്രം ധ്വനിയാണ്. അതിന്റെ അവസാന മിനുക്ക് പണികള്‍ നടന്ന് കൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹം രോഗബാധിതനായതും മരണം അദ്ദേഹത്തെ നമ്മില്‍ നിന്ന് വേര്‍പെടുത്തിയതുമെന്ന ദു:ഖം ബാക്കി നില്‍ക്കുന്നു.

 

എന്തായാലും മലയാള ചലച്ചിത്ര രംഗത്ത് അവിസ്മരണീയമായ സാന്നിദ്ധ്യം അരക്കിട്ടുറപ്പിച്ച കാലാതിവര്‍ത്തിയായ അഭിനയ പ്രതിഭ പ്രേംനസീര്‍ 56 തമിഴ് ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അതില്‍ റിലീസായ 39 ചിത്രങ്ങളില്‍ തമിഴിലെ മുന്‍നിര താരങ്ങളായ നടികര്‍തിലകം ശിവാജിഗണേശന്‍, എസ്.എസ്.രാജേന്ദ്രന്‍, ബാലാജി, എസ്.എ.അശോകന്‍, മുത്തുരാമന്‍, എം.ആര്‍.രാധ, വി.കെ.രാമസ്വാമി, കല്യാണ്‍കുമാര്‍ തുടങ്ങിയ പ്രഗത്ഭ നടന്മാരോടൊപ്പവും പണ്ഡരീഭായി, എം.എന്‍.രാജം, 10 ചിത്രങ്ങള്‍, ഇ.വി.സരോജ, ബി.എസ്.സരോജ, ഷൗക്കര്‍ ജാനകി, വിജയകുമാരി, ദേവിക, രാജസുലോചന തുടങ്ങിയ താരസുന്ദരിമാരോടൊപ്പവും തിളക്കമാര്‍ന്ന അഭിനയം തന്നെയാണ് കാഴ്ചവച്ചിട്ടുള്ളത്. തമിഴ് സിനിമയുടെ ചരിത്രത്തില്‍ ഇത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുള്ള മറ്റൊരു താരവും മലയാള സിനിമയില്‍ സജീവമായി നിലനിന്നവരിലില്ലെന്നുള്ള കാര്യം കൂടി സൂചിപ്പിച്ചു കൊള്ളട്ടെ.

 

1948 കാലഘട്ടം മുതല്‍ തന്നെ അദ്ദേഹം തമിഴ് സിനിമാ മേഖലയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് വസ്തുതകള്‍ സൂചിപ്പിക്കുന്നത്. ചിറയിന്‍കീഴിലെ കൂന്തള്ളൂരില്‍ കാസിം സാഹിബ് നടത്തിയ തമിഴ് നാടക ദിവസം അക്കാലത്തെ തമിഴ് നാടക സിനിമാരംഗത്തെ പ്രമുഖ താരങ്ങളിലൊരാളായിരുന്ന എസ്.വി.സുബ്ബയ്യയുമായി ഉണ്ടായ പരിചയമാണ് അതിന് പ്രേരകമായത്. 1950 ല്‍ പുറത്തിറങ്ങിയ നാന്‍വളര്‍ത്ത തങ്കൈ എന്ന തമിഴ് ചിത്രമാണ് ഈ നിഗമനത്തെ സാധൂകരിക്കുന്നത്. ഈ ചിത്രത്തില്‍ പ്രേംനസീര്‍ നായകനും പ്രസിദ്ധ കന്നട നടി പണ്ഡരീഭായി നായികയുമായിരുന്നു. നസീറിന് അന്ന് 23 വയസ്സും പണ്ഡരീഭായിക്ക് 22 വയസ്സുമായിരുന്നു പ്രായം. സ്പൈസി ഒനിയന്‍ എന്ന തമിഴ് വെബ്സൈറ്റാണ് ഈ സുപ്രധാന വിവരം പുറത്തു വിട്ടത്. 1958 ലാണ് ഈ ചിത്രം റിലീസായതെന്നു പറയുന്ന വെബ്സെറ്റുമുണ്ട്. എന്നാല്‍ 1950 മുതല്‍ പണ്ഡരീഭായി അഭിനയിച്ചിട്ടുള്ള മുഴുവന്‍ ചലച്ചിത്രങ്ങളും സൂക്ഷ്മമായി പരിശോധിക്കുന്ന ഏതൊരു വ്യക്തിക്കും ഈ ചിത്രം 1950-ല്‍ തന്നെ പുറത്തിറങ്ങിയതാണെന്നുള്ള സ്പൈസി ഒനിയന്റെ വെളിപ്പെടുത്തലാണ് പൂര്‍ണ്ണമായും ശരിയെന്നു ബോധ്യമാകും. ഇതിനു പുറമേ 1952-ല്‍ ആ കാളിപിലുപ്പ്, തന്ത്രി എന്നീ രണ്ട് തെലുങ്ക് ചിത്രങ്ങളും 1953 ല്‍ ഗുണസാഗരി എന്നൊരു കന്നഡ ചിത്രവും നസീര്‍ സാറിന്റേതായി തിയേറ്ററുകളിലെത്തിയിട്ടുണ്ട്. മലയാള സിനിമാ ചരിത്രകാരന്മാര്‍ മിക്കവരും 600 ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി പൊതുവില്‍ അംഗീകരിച്ചിട്ടുള്ളതായി കാണുന്നു. അതില്‍ 550 ചിത്രങ്ങളിലും അദ്ദേഹം നായക നടനായിരുന്നു. ഒരേ നായികയുമായി 99 , ഷീല, ചിത്രങ്ങളിലും ഒരേ സംവിധായകന്റെ, ശശികുമാര്‍, 89 ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഇവയൊക്കെ തന്നെ സര്‍വ്വകാല റിക്കാര്‍ഡുകളുമാണ്. ഇതിനെ മറികടക്കാന്‍ വിശ്വസിനിമയുടെ ചരിത്രത്തില്‍ തന്നെ ഇനി ആര്‍ക്കെങ്കിലും കഴിയുമോയെന്നുള്ള ചോദ്യം ഉന്നയിച്ചു കൊണ്ട് ജനുവരി 16 ാം തീയതിയിലെ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ദീപ്ത സ്മരണക്കു മുന്നില്‍ ആദരാഞ്ജലികളര്‍പ്പിച്ചു കൊള്ളുന്നു.

 

 

 

 

 

 

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids