ഗൗതം വാസുദേവ് മേനോന്റെ പ്രണയ വ്യാഖ്യാനങ്ങള്‍

Posted by V.G.Nakul, 13 Feb, 2017

 

 

തന്റെ സിനിമകളില്‍ പ്രണയം മനോഹരമായി അവതരിപ്പിക്കുന്ന സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. തൊണ്ണൂറുകളുടെ അവസാനത്തിലും, രണ്ടായിരത്തിന്റെ തുടക്കത്തിലുമായി തമിഴ് സിനിമയില്‍ ഇടമുറപ്പിച്ച പുതിയ സംവിധായകരില്‍ ഒന്നാം നിരയിലാണ് എന്‍ജിനീയറിംഗ് ബിരുദ ധാരിയായ ഈ മലയാളി.

ഗൗതം സംവിധാനം ചെയ്ത ആദ്യ ചിത്രം മിന്നലൈ ( 2001 ) ആണ്. മാധവന്‍, അബ്ബാസ്, റീമാ സെന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഈ പ്രണയ കഥ പുതുമകളൊന്നുമവകാശപ്പെടുവാനില്ലാത്തതെങ്കിലും വലിയ വിജയമായി. ഹാരിസ് ജയരാജ് സംഗീതം പകര്‍ന്ന ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. അതില്‍ വസീഗര..... എന്നു തുടങ്ങുന്ന പാട്ട് ഇപ്പോഴും ആസ്വാധകരെ ആകര്‍ഷിക്കുന്നു. തുടര്‍ന്ന് ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി ഗൗതം സംവിധാനം ചെയ്തവയിലേറെയും വിജയ ചിത്രങ്ങളാണ്. അതില്‍ തന്നെ മിക്കതിന്റെയും പൊതു സവിശേഷത പ്രണയത്തിന്റെയും, ആക്ഷന്റെയും മനോഹരവും, വേറിട്ടതുമായ ആഖ്യാനമാണ്.

ഗൗതം മേനോന്‍ സംവിധാനം ചെയ്ത മൂന്ന് ശ്രദ്ധേയ സിനിമകളില്‍ നായകന്‍മാര്‍ പോലീസ് കഥാപാത്രങ്ങളാണ്. മൂന്നും ശൈലീകൃത പോലീസ് സിനിമകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തം. പ്രണയത്തിന്റെ ശക്തമായ സമാന്തരാഖ്യാനം ഈ മൂന്ന് സിനിമകളെയും വരിഞ്ഞു നില്‍ക്കുന്നു. ചുരുക്കത്തില്‍ കോമഡിയാകട്ടെ, ആക്ഷനാകട്ടേ, ഫാമിലിയാകട്ടെ, സൈക്കോ ത്രില്ലറാകട്ടേ പ്രണയമില്ലങ്കില്‍ ഗൗതം മേനോന്‍ സിനിമകള്‍ പൂര്‍ണ്ണമാകില്ല. കഥാ ഘടന തന്നെ പ്രണയത്താല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കും.

നായകനടന്‍ എന്ന നിലയില്‍ സൂര്യയ്ക്ക് തമിഴില്‍ വലിയ വിപണന സാധ്യത സൃഷ്ടിച്ച സിനിമയാണ് കാക്ക കാക്ക ദ പോലീസ്. പലവിധ പ്രതിസന്ധികള്‍ കടന്ന് തീയേറ്ററുകളിലെത്തിയ ചിത്രം വന്‍ വിജയമായി. സൂര്യയ്ക്ക് താര പദവി സമ്മാനിക്കുന്നതില്‍ കാക്ക കാക്ക ദ പോലീസും ഗൗതം മേനോന്‍ എന്ന സംവിധായകനും നല്‍കിയ സംഭാവനകള്‍ ചെറുതല്ല.

അനീതികള്‍ക്കെതിരെ പോരാടുന്ന നീതിമാനും, ധീരനുമായ നായകനാണ് അന്‍ബുസെല്‍വന്‍. ആവര്‍ത്തനമാകുന്ന നായകനിര്‍മ്മിതിയെങ്കിലും അയാള്‍ ഇടപെടുന്ന പശ്ചാത്തലവും, സിനിമയുടെ ആഖ്യാനവും ശൈലീകൃത പോലീസ് സിനിമകളുടെ യാതൊരു വിധ ബഹളങ്ങളും, യുക്തിരാഹിത്യങ്ങളും പേറുന്നവയല്ല. അയാള്‍ സമൂഹത്തിന് വിനാശമാകുന്ന ദുര്‍ശക്തികള്‍ക്കെതിരെ പോരാടുന്നു. ഒരു ഘട്ടം മുതല്‍ പാണ്ഡ്യന്‍ എന്ന പ്രതിനായകനെതിരേ പൂര്‍ണ്ണമായും തിരിയേണ്ടതായും വരുന്നു. പാണ്ഡ്യനായി അഭിനയിച്ച ജീവന്‍ തന്റെ ആദ്യ സിനിമയിലെ പ്രകടനം അവിസ്മരണീയമാക്കി. ചടുലമായ രംഗങ്ങളും, മനോഹരമായ സംഭാഷണങ്ങളും, പതിഞ്ഞ കഥപറച്ചില്‍ രീതിയുമൊക്കെച്ചേര്‍ന്ന ഈ സിനിമ. പ്രേക്ഷകര്‍ക്ക് പുതിയ ഒരു അനുഭവമായിരുന്നു.

കാക്ക കാക്കയില്‍ നായികാ - നായകന്‍മാരുടെ പ്രണയം എടുത്തു പറയേണ്ടതാണ്. മായ എന്ന നായികകഥാപാത്രമായി ജ്യോതിക തന്റെ അഭിനയ പാടവം പ്രകടമാക്കി. പ്രണയം അത്രമേല്‍ കാവ്യാത്മകമായി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ അതീവ ശ്രദ്ധ പുലര്‍ത്തി. പോലീസ് ഉദ്യോഗസ്ഥനായ അന്‍പുസെല്‍വനും, അദ്യാപികയായ മായയും രണ്ട് തരം കുടുംബ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന, വ്യത്യസ്ത ജീവിത ശൈലികള്‍ പിന്‍തുടരുന്നവരാണ്. എന്നാല്‍ അവരുടെ പ്രണയം സംഭവിക്കുന്നതാകട്ടെ മനസ്സുകള്‍ തമ്മിലുള്ള അദൃശ്യ വിനിമയങ്ങളിലൂടെയും. ചിത്രത്തിലെ മനോഹരമായ ഗാനരംഗങ്ങള്‍ അത് വ്യക്തമാക്കുന്നു.

എന്നാല്‍ ചിത്രാന്ത്യത്തില്‍ പ്രതിനായകനാല്‍ കൊല്ലപ്പെടുകയെന്ന വിധിയിലേക്ക് നായിക എത്തപ്പെടുമ്പോള്‍ മാനസികമായി തകരുന്ന നായകന്‍ തന്നിലേല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങളിലേക്ക് നായകന്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്നതും ശ്രദ്ധേയം.

ദുഷ്ടശക്തികള്‍ക്കെതിരെ അന്തിമ വിജയം നേടി, നായികയെ സ്വന്തമാക്കി നായകന്‍ ചിരിച്ച് നില്‍ക്കുന്ന ക്ലൈമാസില്‍ നിന്ന് വേറിട്ട്, ആര്‍ക്കും എപ്പോഴും എങ്ങിനെയും എന്തും സംഭവിക്കാം എന്ന ചിന്തയിലവസാനിക്കുമ്പോഴും കാക്ക കാക്ക പ്രസരിപ്പിക്കുന്ന ഒരു പ്രത്യേക തരം ഊര്‍ജ്ജമുണ്ട്. ആ ഊര്‍ജ്ജമാണ് സിനിമയുടെ ശക്തി.

കമല്‍ഹാസന്‍ എന്ന അഭിനേതാവിനെ തന്റെ കഥാപാത്രമാവശ്യപ്പെടുന്ന തരത്തില്‍ മനോഹരമായി അവതരിപ്പിക്കുകയായിരുന്നു വേട്ടയാട് വിളയാടില്‍ ഗൗതം. രണ്ട് പരമ്പര കൊലയാളികള്‍ക്കായി അന്തര്‍ദേശീയ തലത്തില്‍ രാഘവന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണമാണ് ചിത്രം. ആഖ്യാനത്തില്‍ കാക്ക കാക്കയുടെ ശൈലി തന്നെയാണ് പരോക്ഷമായെങ്കിലും വേട്ടയാട് വിളൈയാടും പിന്‍തുടരുന്നത്. എന്നാല്‍ അത് അരോചകമോ, ആവര്‍ത്തന വിരസത സൃഷ്ടിക്കുന്നതോ അല്ല. കമല്‍ ഹാസന് ഇടവേളയ്ക്ക് ശേഷം ലഭിച്ച ഒരു കച്ചവട വിജയം കൂടിയായി ചിത്രം.

ഈ ചിത്രത്തിലും പ്രണയമുണ്ട്. രാഘവന്റെ ഭാര്യ കയല്‍വിഴി അയാളുടെ ശത്രുക്കളാല്‍ കൊല്ലപ്പെുന്നു. ഇവര്‍ക്കിടയിലെ പ്രണയം "" പാത്ത മുതല്‍ നാളൈ.......... "" എന്ന മനോഹര ഗാനത്തിലൂടെ സംവിധായകന്‍ അനായാസമായി അവതരിപ്പിക്കുന്നു. അതും ഗൗതം മേനോന്‍ കാക്ക കാക്ക ദ പോലീസില്‍ പരീക്ഷിച്ച് വിജയിപ്പിച്ചതിന്റെ തുടര്‍ച്ചയാണ്. ഭാര്യയുടെ മരണശേഷം അയാള്‍ ഔദ്യോഗിക ജീവിതത്തിനിടയില്‍ വളരെ അവിചാരിതമായി ആരാധനയെന്ന വിധവയെ കണ്ടു മുട്ടുന്നു. അവളും, അവളുടെ കുഞ്ഞും രാഘവന്റെ ജീവിതഭാഗമാകുന്നു. ആരാധനയുമായുള്ള രാഘവന്റെ പ്രണയവും വാചാലമല്ല. മുതിര്‍ന്ന രണ്ടു പേര്‍, പ്രത്യേകിച്ചും മധ്യവയസ്സ് പിന്നിട്ട നായകനും, വിധവയായ നായികയും തമ്മിലുള്ള പ്രണയത്തിന് വേണ്ട അടക്കവും ഒതുക്കവും അവര്‍ക്കിടയില്‍ സൃഷ്ടിക്കുവാന്‍ സംവിധായകന് സാധിച്ചു. അത് വിജയിക്കുകയും ചെയ്തു. അധികം സംസാരിക്കാതെ, നോട്ടം കൊണ്ടോ ചിരി കൊണ്ടോ അവര്‍ പ്രണയം പങ്കുവയ്ക്കുന്നു. ഒരു ഘട്ടം മുതല്‍ പ്രതിനായകന്‍മാരില്‍ നിന്ന് ആരാധനയെയും, മകളെയും രക്ഷിക്കുക എന്നതിലേക്ക് രാഘവന്റെ ലക്ഷ്യം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ചിത്രാന്ത്യത്തില്‍ പലവിധ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ നായികയെ രക്ഷിച്ച് നായകന്‍ വിജയിക്കുകയെന്ന പതിവ് ശൈലിയാണ് വേട്ടയാട് വിളയാടിലും.

ജ്യോതിക ആരാധനയായപ്പോള്‍, കമാലിനി മുഖര്‍ജിയാണ് കയല്‍വിഴിയായത്.


അജിത് കുമാര്‍ എന്ന താരത്തെ അദ്ദേഹത്തിന്റെ ആരാധകര്‍ ഇഷ്ടപ്പെടുന്ന തരത്തിലും, അതേ സമയം കഥയാവശ്യപ്പെടുന്ന രീതിയിലും അവതരിപ്പിച്ചു എന്നതാണ് എന്നെ അറിന്താലിന്റെ സവിശേഷത. തിന്‍മകള്‍ക്കെതിരെയുള്ള സത്യദേവ് ഐ.പി.എസിന്റെ പേരാട്ടമാണ് സിനിമ. തന്റെ ബാല്യത്തില്‍ സ്വന്തം പിതാവിനെ ഗുണ്ടകള്‍ കൊല്ലുന്നത് അയാളില്‍ പക വളര്‍ത്തുന്നു. അവരെ എതിര്‍ക്കാനാണ് അയാള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനാകുന്നത്. വിക്ടര്‍ എന്ന പ്രതിനായകനുമായി സത്യദേവിന്റെ രണ്ട് ഘട്ടങ്ങളിലായുള്ള പോരാട്ടം സിനിമയുടെ കഥാഗതിയെ നിര്‍ണ്ണയിക്കുന്നു.

സത്യദേവിന്റെ പ്രണയിനിയായ ഹേമാനിക നര്‍ത്തകിയും, വിവാഹ മോചിതയുമാണ്. അവള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ട്. ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവറായി വേഷം മാറി നില്‍ക്കുന്നതിനിടേ ഗര്‍ഭിണിയായ ഹേമാനികയെ പ്രസവത്തിനായി സത്യദേവാണ് ആശുപത്രിയിലെത്തിക്കുന്നത്. തുടര്‍ന്നും പലയിടങ്ങളില്‍ വച്ചും അവര്‍ കാണുന്നു. അത് പ്രണയമായി വളരുന്നു. ദീര്‍ഘകാലത്തെ പ്രണയം. ഒരു പാട്ടിലൂടെ ആ പ്രണയവും സമാന്തരമായി ഹേമാനികയുടെ മകള്‍ ഇഷയുടെ പത്ത് വയസ്സു വരയുള്ള വളര്‍ച്ചയും സംവിധായകന്‍ ദൃശ്യവത്കരിക്കുന്നു. അതിനിടേ ഇഷക്ക് സത്യദേവ് പിതൃതുല്യനായി മാറുന്നു. എന്നാല്‍ അത്ര വര്‍ഷം കാത്തിരുന്നിട്ടും വിവാഹത്തലേന്ന് ഹേമാനിക സത്യദേവിന്റെ ശത്രുക്കളാല്‍ കൊല്ലപ്പെടുകയാണ്. അതോടെ ഇഷയെയും കൂട്ടി ഒരു നീണ്ട യാത്ര പോകാന്‍ തീരുമാനിക്കുകയാണ് നായകന്‍. അതിനിടയില്‍ തേന്‍മൊഴി എന്ന പെണ്‍ടകുട്ടിക്ക് നായകനോട് പ്രണയം തോന്നുന്നു. തേന്‍മൊഴിയെ ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്താണ് നായകന്‍ ജോലിയില്‍ പുന: പ്രവേശിക്കുന്നത് തന്നെ.

ഒരു വിവാഹമോചിതയുമായി പത്ത് വര്‍ഷം നീണ്ട പ്രണയം, അയാളുടെ ജീവിതത്തില്‍ അവളും അവളുടെ മകളും ചെലുത്തുന്ന സ്വാധീനം. ഒടുവില്‍ വിവാഹത്തലേന്ന് നായിക മരിക്കുമ്പോള്‍ അവളുടെ മകളുമായി ജോലി ഉപേക്ഷിച്ചുള്ള നീണ്ട യാത്രകള്‍. സ്വന്തം മകളെപ്പോലെ ആ കുട്ടിയെ വളര്‍ത്തുവാനുള്ള തീരുമാനം. ഒടുവില്‍ ജോലിയില്‍ തിരികെ പ്രവേശിച്ച ശേഷം മകള്‍ക്കു വേണ്ടി ചിത്രാന്ത്യത്തിലെ പോരാട്ടം. ഇവിടെയും പ്രണയത്തിന്റെ വേറിട്ട ഒരു തലം ഗൗതം മേനോന്‍ കാട്ടിത്തരുന്നു. അതും പക്ഷേ പാരമ്പര്യ നായക - നായിക ബന്ധത്തിന് നിരക്കാത്ത രീതിയില്‍. പാട്ടുകള്‍ തന്നെ എന്നെ അറിന്താലിലും പ്രണയത്തിന്റെ വളര്‍ച്ചയെ പ്രകടിപ്പിക്കുന്നത് എന്നതും ശ്രദ്ധേയം. തൃഷ കൃഷ്ണനാണ് ഹേമാനിക. അനുഷ്‌ക ഷെട്ടി തേന്‍മൊഴിയും, ബേബി അനിഘ ഇഷയുമായി.

പൊതു സാമ്യം : ഈ മൂന്ന് ചിത്രങ്ങളിലും നായികമാര്‍ നായകന്റെ ശത്രുക്കളാല്‍ കൊല ചെയ്യപ്പെടുന്നു. നായകന്‍ പുനര്‍വിവാഹത്തിന് മുതിരാതെ ഏറെക്കാലം ജീവിച്ച ശേഷം മറ്റൊരു പ്രണയിനിയിലേക്ക് എത്തിച്ചേരുന്നു. നായകന്‍മാര്‍ അതീവ ഗൗരവ പ്രകൃതമുള്ളവരാണ്. നായികമാര്‍ നായകന്‍മാരോട് ആരാധന തോന്നി പ്രണയിക്കുന്നവരാണ് താനും.

ഗൗതം മേനോന്‍ സംവിധാനം ചെയ്ത ശ്രദ്ധേയ സിനിമകളാണ് വിണ്ണെ താണ്ടി വരുവായ, വാരണം ആയിരം എന്നിവ. പ്രണയത്തിന്റെയും, വിരഹത്തിന്റെയും, അതിജീവനത്തിന്റെയും പുതുകാല വ്യാഖ്യാനങ്ങള്‍. കാവ്യാത്മകമായ ആഖ്യാനമാണീ സിനിമകളുടെ ഏറ്റവും വലിയ സവിശേഷത.

വിണ്ണെ താണ്ടി വരുവായില്‍ ചിമ്പു അഭിനയിച്ച നായക കഥാപാത്രം കാര്‍ത്തിക് എന്‍ജിനീയറിംഗ് പഠനം കഴിഞ്ഞ് സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹവുമായി ജീവിക്കുന്നതിനിടയില്‍ ജസിയുമായി പ്രണയത്തിലാകുന്നു. കാര്‍ത്തിനിനേക്കാള്‍ രണ്ട് വയസ്സ് മുതിര്‍ന്ന, മലയാളിയാണവള്‍.

ചിത്രത്തിലെ പ്രണയ വ്യാഖ്യാനം വളരെ ശാന്തമാണ്. അതേ സമയം സുന്ദരവും. എന്നാല്‍ പ്രണയിക്കുന്നതിന്റെ തീവ്രത ഇരു കഥാപാത്രങ്ങളിലൂടെയും സംവിധായകന്‍ വിജയകരമായി ആവിഷ്‌ക്കരിക്കുന്നുണ്ട് താനും. പാട്ടുകളും, ദൃശ്യങ്ങളും അത്തരത്തില്‍ തന്നെ ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ നായകന്റെ ലക്ഷ്യങ്ങള്‍ക്ക് താനൊരു തടസ്സമാകുമോ എന്ന തോന്നലില്‍ ജസ്സി അയാളില്‍ നിന്നകലുകയാണ്. ഒടുവില്‍ തങ്ങളുടെ പ്രണയം തന്റെ ആദ്യസിനിമയ്ക്ക് ആശയമാക്കുന്ന കാര്‍ത്തിക് ജെസിക്കൊപ്പമിരുന്ന് സിനിമ കണ്ട ശേഷം അവളെ അവളുടെ ഭര്‍ത്താവിനടുത്തേക്ക് യാത്രയാക്കി തന്നെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ പ്രണയം അംഗീകരിക്കുവാന്‍ തീരുമാനിക്കുന്നു.

ചിത്രാന്ത്യത്തില്‍ നാടകീയമായ ചില രംഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് വിരസമല്ല. ആശയത്തിന്റെ ഭംഗിയെ അനുയോജ്യമായ ഒരു പരിസമാപ്തിയിലാണെത്തിക്കുന്നത്. തൃഷ കൃഷ്ണനാണ് ജസിയായത്.

നായകന്‍ തന്നെ കഥ പറയുന്ന ശൈലിയിലാണ് വാരണം ആയിരം. നായകന്റെയും, അയാളുടെ അച്ഛന്റെയും ആത്മ ബന്ധമാണ് സിനിമ. നായകന്റെ സ്‌കൂള്‍ കാലം മുതല്‍ സൈനിക സേവനം വരയുള്ള ജീവിതത്തിലെ സൗഹൃദങ്ങളിലൂടെയും പ്രണയങ്ങളിലൂടെയും ചിത്രം പലവിധ സംഘര്‍ഷങ്ങള്‍ പേറി കടന്നു പോകുന്നു. സൂര്യ എന്ന നായകനായും അയാളുടെ പിതാവ് കൃഷ്ണനായും സൂര്യ അഭിനയിച്ച ചിത്രത്തില്‍ നായകന്റെ അച്ഛനമ്മമാരുടെ പ്രണയവും സംവിധായകന്‍ മനോഹരമായി ദൃശ്യവത്കരിച്ചിരിക്കുന്നു.

നായകന്റെ സ്‌കൂള്‍ കാലത്തെ " പറയാ പ്രണയവും ", കോളേജ് പഠനം കഴിഞ്ഞ് സ്വന്തം നാട്ടിലേക്കുള്ള മടക്കയാത്രയില്‍ കണ്ടുമുട്ടുന്ന മേഘ്‌നയോട് തോന്നുന്ന കടുത്ത പ്രണയവും ഒരു ബോബ് സ്‌ഫോടനത്തില്‍ അവള്‍ കൊല്ലപ്പെടുമ്പോള്‍ ലഹരിക്ക് അടിമയാകുന്നതും അച്ഛന്റെ സ്‌നേഹോപദേശത്താല്‍ അതില്‍ നിന്ന് മോചിതനായി ഒരു ലക്ഷ്യത്തിന് പിന്നാലെ ജീവിതം കരുപ്പിടിപ്പിക്കുന്നതുമൊക്കെ ഒരു ചെറുകഥ വായിക്കുന്ന പോലെ പ്രേക്ഷകന് ആസ്വാധ്യകരമാണ്. ഒടുവില്‍ സ്‌കൂള്‍ കാല പ്രണയിനി തന്നെ അയാളുടെ ജീവിതപങ്കാളിയാകുന്നു.


മേല്‍ പറഞ്ഞ എല്ലാ സിനിമകളിലും ( വിണ്ണെ താണ്ടി വരുവായ ഒഴികേ ) ഹാരിസ് ജയരാജ് എന്ന സംഗീത സംവിധായകന്റെ സഹകരണം ഗൗതത്തിന് തന്റെ പ്രണയാഖ്യാനങ്ങള്‍ക്ക് വലിയൊരളവു വരെ സഹായകമായി. വിണ്ണെ താണ്ടി വരുവായയില്‍ എ.ആര്‍ റഹ്മാന്‍ സൃഷ്ടിച്ച മ്യൂസിക്കല്‍ മാജികും മറക്കാവുന്നതല്ല.......

തമിഴ്‌സിനിമയ്ക്ക് മുന്‍പരിചയമില്ലാത്ത ദൃശ്യ ആഖ്യാനമാണ് ഗൗതം മേനോന്‍ ചിത്രങ്ങളുടെ സവിശേഷത. അത് അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും ആവര്‍ത്തിക്കപ്പെടുന്ന ശൈലിയാണ് താനും. നഷ്ടപ്രണയവും, അത് നായകന്റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റവും എത്രയാവര്‍ത്തിച്ചാലും ചെടിപ്പുണ്ടാക്കാത്ത കാഴ്ചയാക്കുവാന്‍ സംവിധായകന് സാധിക്കുന്നു.

ത്രില്ലും പ്രണയവും സമാസമം ചേര്‍ന്നവയാണ് ഗൗതം മേനോന്റെ ഭൂരിപക്ഷം ചിത്രങ്ങളും. അച്ചം എന്‍പത് മടയമടാ അതിനൊരു നല്ല ഉദാഹരണം. പൂര്‍ണ്ണമായും പ്രണയം പറഞ്ഞ നീ താനെ എന്‍ പൊന്‍ വസന്തം, സൈക്കോ ത്രില്ലറായ നടുസിനി നായ്ക്കള്‍, പച്ചക്കിളി മുത്തുച്ചരം എന്നിവയും ഓര്‍ക്കുക. അവയിലൊക്കെയും മേല്‍പ്പറഞ്ഞ ആഖ്യാനത്തുടര്‍ച്ച വ്യക്തമായി തിരിച്ചറിയാം.

ചുരുക്കത്തില്‍ സുന്ദരമായ പ്രണയത്തിന്റെയും അതിന്റെ ഏറ്റവും യോഗ്യമായ അവതരണ വ്യത്യസ്തതയുടെയും സംവിധാന മികവാണ് ഗൗതം മേനോന്‍ എന്ന സംവിധായകന്റെ വിജയം. എത്രകണ്ടാലും മടുക്കാത്ത പ്രണയത്തിന്റെ പതിച്ചു വയ്പ്പുകളായി അദ്ദേഹം സംവിധാനം ചെയ്ത മിക്ക സിനിമകളും മാറിക്കഴിഞ്ഞു.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram