അബി : മിമിക്രിയിലെ മെഗാസ്റ്റാര്‍

Posted by V.G.Nakul, 01 Dec, 2017

സിനിമയില്‍ തനിക്ക് നേടാനാകാതെ പോയ ഇടത്തിലേക്ക് മകന്‍ ഷെയിന്‍ നിഗം ആരവങ്ങള്‍ക്കു നടുവിലൂടെ നടന്നു കയറിപ്പോകുന്നത് കണ്ടാണ് അബി മരണത്തിന് കീഴടങ്ങുന്നത്. തനിക്കാകാതെ പോയതൊക്കെ മകനിലൂടെ തന്നിലേക്കെത്തുന്നതില്‍ ആ പിതാവ് വളരെയേറെ സന്തോഷിച്ചിരുന്നു. 
 
 
അബി : മിമിക്രിയിലെ മെഗാസ്റ്റാര്‍ 
 
 
അബിയുടെ മരണവിവരമറിഞ്ഞ ശേഷം വെറുതേ വാര്‍ട്‌സ് ആപ്പിലെ അദ്ദേഹത്തിന്റെ ഡി.പിയും സ്റ്റാറ്റസും നോക്കി. ഏതോ വേദിയില്‍ ചിരിയോടെ സംസാരിച്ച് നില്‍ക്കുന്ന ഒരു ചിത്രം. സ്‌നേഹം ക്ഷമ എന്ന വാചകവും. അബിയുടെ മരണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു , രോഗം ഭയപ്പെടേണ്ട അവസ്ഥയിലായിരുന്നുവെങ്കിലും. അദ്ദേഹത്തിന്റെ രോഗവിവരത്തെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞ് നേരത്തേ അറിഞ്ഞിരുന്നു. എന്നാല്‍ അതേക്കുറിച്ച് ഒന്നും തന്നെ ചോദിക്കാന്‍ തോന്നിയിരുന്നില്ല. രോഗത്തിന്റെ പതര്‍ച്ചയും അസ്വസ്ഥതയും ബാധിക്കാത്ത തെളിഞ്ഞ ചിരിയോടെയേ അതിനു ശേഷവും അദ്ദേഹത്തെ വേദികളിലുള്‍പ്പടെ കണ്ടിട്ടുള്ളു. 
 
ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ടാണ് അബിക്കയെ പരിചയപ്പെടുന്നത്. ഷെയിന്‍ നായകനായ കിസ്മത്തിന്റെ വിജയത്തെത്തുടര്‍ന്ന് വെള്ളിനക്ഷത്രം ഷെയിന്റെ ചിത്രം കവറാക്കിയിരുന്നു. അത് അബിക്കയെ ഏറെ സന്തോഷിപ്പിച്ചു. പിന്നീട് ഷെയിനെ സംബന്ധിക്കുന്ന എല്ലാ വാര്‍ത്തകളും വിശേഷങ്ങളും അദ്ദേഹം വാര്‍ട്‌സ് ആപ്പില്‍ അറിയിച്ചിരുന്നു. 
 
അബിക്കയെ ഒരിക്കലും ലേഖകന്‍ നേരില്‍ കണ്ടിട്ടില്ല. ഒരു വര്‍ഷം മുന്‍പ് വെള്ളിനക്ഷത്രത്തിനായി അബിക്കയുടെ ഒരു ഫാമിലി ഫോട്ടോ ഷൂട്ട് സംഘടിപ്പിച്ചിരുന്നു. അന്ന് ഫോട്ടോഗ്രാഫര്‍ക്കൊപ്പം പോകാനായില്ല. അതിനു ശേഷം അന്നെടുത്ത ചിത്രങ്ങള്‍ ആവശ്യപ്പെട്ട് അബിക്ക വിളിച്ചിരുന്നു. പക്ഷേ വാരികയില്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പായതിനാല്‍ കൊടുക്കുവാനായില്ല. അതേ ആവശ്യവുമായി അദ്ദേഹം ഒരു തവണ കൂടി വിളിച്ചു. അപ്പോഴും ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രം അയച്ചു കൊടുത്തില്ല. പിന്നീടത് മറന്നും പോയി..... ഇനി അബിക്ക വിളിക്കില്ല , ഒരിക്കലും ....
 
 
മിമിക്രി വേദികളിലൂടെയാണ് മലയാളി അബിയെ പരിചയപ്പെടുന്നത്. 
കൊച്ചി കേന്ദ്രമാക്കി കലാഭവന്റെ നിഴലില്‍ ഒരു ജനകീയ കലയായി മിമിക്രി വളര്‍ന്ന ശേഷം വന്ന രണ്ടാം തലമുറയിലെ ഒന്നാം നിരക്കാരനായിരുന്നു മൂവാറ്റുപുഴ സ്വദേശിയായ ഹബീബ് മുഹമ്മദ് എന്ന അബി. അനുകരണത്തിനപ്പുറം സിനിമകളിലെ ഹാസ്യ രംഗങ്ങളെ മാതൃകയാക്കിയുള്ള കോമഡി സ്‌കിറ്റുകളിലൂടെ മിമിക്രി വേദികളില്‍ പുതിയ പാത തെളിക്കുകയായിരുന്നു അബിയും സംഘവും. അമിതാബ് ബച്ചനായും ആമിനത്താത്തയായും മമ്മൂട്ടിയായും വേദികളിലും ടെലിവിഷന്‍ പരിപാടികളിലും അബി പ്രേക്ഷകസ്വീകാര്യനായി വളര്‍ന്നു. അതിന്റെ തുടര്‍ച്ചയെന്നോണം ചില സിനിമകളിലും അബിയെ കണ്ടു. നായകനായും സഹനായകനായും ഹാസ്യ വേഷങ്ങളിലും അന്‍പതിലധികം സിനിമകള്‍. പക്ഷേ സിനിമ അബിയെ വേണ്ടും വിധം പരിഗണിച്ചതേയില്ല. മിക്കപ്പോഴും അപ്രധാന കഥാപാത്രങ്ങളായി അബി ഒതുക്കി നിര്‍ത്തപ്പെട്ടു.
 
അബിയോടൊപ്പം മിമിക്രിയിലേക്കെത്തിയവരായിരുന്നു നാദിര്‍ഷയും ദിലീപുമൊക്കെ. അവരുടെ തലമുറയില്‍ ആദ്യം സിനിമയിലേക്കെത്തുക അബിയാകുമെന്നും മിമിക്രിയില്‍ നേടിയ താരപരിവേഷം സിനിമയിലും അദ്ദേഹത്തെ തേടിയെത്തുമെന്നും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കാലം കാത്തു വച്ച നിയോഗം മറ്റൊന്നായിരുന്നു ദിലീപ് മലയാള സിനിമയിലെ താരരാജാവായി വളര്‍ന്നപ്പോഴും നാദിര്‍ഷ ഒന്നാം നിര സംവിധായകനായി ഇടമുറപ്പിച്ചപ്പോഴും അബി മിമിക്രിയിലെ സൂപ്പര്‍താരമായി മാത്രം പരിഗണിക്കപ്പെട്ടു. 
 
കൊച്ചിന്‍ കലാഭവനും കൊച്ചിന്‍ ഹരിശ്രീയും കൊച്ചിന്‍ സാഗറും തുടങ്ങി മിമിക്രിയിലെ ഒന്നാം നിര സംഘങ്ങളായിരുന്നു അബിയുടെ തട്ടകങ്ങള്‍. ഇപ്പോള്‍ സിനിമയിലും ടെലിവിഷനിലും വേദികളിലുമൊക്കെയായി ഹാസ്യ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന പലരും അബിയുടെ ഒപ്പം പ്രവര്‍ത്തിച്ചവരോ അബി കൈപിടിച്ചുയര്‍ത്തിയവരോ ആയിരുന്നു. മിമിക്രിയെ സമൂഹത്തില്‍ മാന്യമായ ഒരിടം നല്‍കിയിരുത്തിയതില്‍ അബിയുടെ പങ്കിനെ തള്ളിക്കളയുവാനാകില്ല. " ദേ മാവേലി കൊമ്പത്ത് " ഉള്‍പ്പടയുള്ള മിമിക്രി കാസറ്റുകള്‍ വില്‍പ്പനയിലും ജനപ്രീതിയിലും വിസ്മയം സൃഷ്ടിച്ചപ്പോള്‍ അബിയും അതില്‍ സുപ്രധാന പങ്കാളിയായി.
 
മലയാളത്തില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലുകളുടെ തുടക്കകാലത്ത് അബിയുടെ നേതൃത്വത്തില്‍ ശ്രദ്ധേയമായ പല ഹാസ്യ പരിപാടികളും ജനശ്രദ്ധയിലേക്കെത്തി. ചാനല്‍ റേറ്റിംഗില്‍ ഇത്തരം പരിപാടികള്‍ മുഖ്യ ഘടകമായപ്പോള്‍ അബിയുള്‍പ്പടയുള്ളവരുടെ താര വപിവേഷം വര്‍ദ്ധിച്ചു. എന്നാല്‍ ചാനലുകളുടെ അതിപ്രസരവും സീരീയലുകളുടെയും റിയാലിറ്റി ഷോകളുടെയും കുത്തൊഴുക്കും പോകെപ്പോകെ ഇത്തരം പരിപാടികളുടെ വിലയിടിച്ചു. അതോടെ ഇടക്കാലത്ത് ലൈം ലൈറ്റില്‍ നിന്നും അകന്ന അബി അടുത്തിടേ ചാനലുകളിലെ മിമിക്രി പരിപാടികളുടെ വിധികര്‍ത്താവായി വീണ്ടും സജീവമായിരുന്നു.
 
മമ്മൂട്ടിയുടെ രൂപവും ശബ്ദവും അബി അതീവ സ്വാഭാവികമായി അവതരിപ്പിച്ചിരുന്നു. മോഹന്‍ലാലായി ദിലീപും മമ്മൂട്ടിയായി അബിയും വേദികളില്‍ കൈയ്യടി വാരി. " രസികന്‍ " എന്ന ചിത്രത്തിലും ഇരുവരും മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകരായി തിളങ്ങി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അബി - ദിലീപ് - നാദിര്‍ഷ സൗഹൃദത്തിന് പോറലേറ്റിരുന്നില്ല. അടുത്തിടേ അബിയുടെ ഒരു സ്‌റ്റേജ് പ്രോഗ്രാമില്‍ ദിലീപും നാദിര്‍ഷയും അതിഥികളായി എ്ത്തിയിരുന്നു.
 
ഹാപ്പി വെഡ്ഡിംഗിലെ സരസനായ പോലീസ് ഉദ്യോഗസ്ഥനായിരുന്നു ഒടുവിലായി സിനിമയില്‍ അബിയെ തേടിയെത്തിയ ശ്രദ്ധേയമായ കഥാപാത്രം. ആദ്യ ചിത്രമായ നയം വ്യക്തമാക്കുന്നു , കിരീടമില്ലാത്ത രാജാക്കന്‍മാര്‍ , സൈന്യം , ദി പോര്‍ട്ടര്‍ , രസികന്‍ , അനിയത്തിപ്രാവ് തുടങ്ങി വിരലിലെണ്ണാവുന്നത്ര ചുരുക്കം സിനിമകളിലായിരുന്നു അബിയുടെ മികച്ച വേഷങ്ങള്‍. ശേഷിക്കുന്നവ അദ്ദേഹത്തിലെ ഹാസ്യമാനറിസങ്ങളെ ആവര്‍ത്തനവിരസമാക്കി പുതുമ നഷ്ടപ്പെടുത്തിയ പാത്ര നിര്‍മ്മിതികള്‍ മാത്രമായിരുന്നു. എങ്കിലും മലയാള സിനിമയുടെ മുഖ്യധാരയില്‍ അബിയെന്ന പേരിനൊരിടമുണ്ടായിരുന്നു. 
 
സിനിമയില്‍ തനിക്ക് നേടാനാകാതെ പോയ ഇടത്തിലേക്ക് മകന്‍ ഷെയിന്‍ നിഗം ആരവങ്ങള്‍ക്കു നടുവിലൂടെ നടന്നു കയറിപ്പോകുന്നത് കണ്ടാണ് അബി മരണത്തിന് കീഴടങ്ങുന്നത്. തനിക്കാകാതെ പോയതൊക്കെ മകനിലൂടെ തന്നിലേക്കെത്തുന്നതില്‍ ആ പിതാവ് വളരെയേറെ സന്തോഷിച്ചിരുന്നു. നൃത്ത വേദിയില്‍ തുടങ്ങി ടെലിവിഷന്‍ പരമ്പരകളിലൂടെ താന്തോന്നിയില്‍ തുടങ്ങിയ ഷെയിന്റെ സിനിമ ജീവിതം അന്നയും റസൂലും , കമ്മട്ടിപ്പാടവും കടന്ന് കിസ്മത്തിലൂടെ നായകനിരയിലേക്കും സൈറബാനുവിലൂടെയും പറവയിലൂടെയും ജനപ്രീതിയിലേക്കും മികച്ച നടനെന്ന പദവിയിലേക്കും വളര്‍ന്നു. ഒക്കെയും അബിയെ അതീവ സന്തോഷവാനാക്കിയിരുന്നതായി അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങളില്‍ വ്യക്തമായിരുന്നു. കഴിഞ്ഞ മാസം ഖത്തറില്‍ നടന്ന യുവ അവാര്‍ഡ് വിതരണത്തില്‍ ഷെയിന് പുരസ്‌ക്കാരം സമ്മാനിച്ചത് അബിയായിരുന്നു എന്നതും കാലം കരുതി വച്ച നിയോഗം..........
 
"" എനിക്ക് സാധിക്കാതെ പോയത് എന്റെ മകന് സാധിക്കണം എന്നൊക്കെ നമുക്ക് സിനിമയില്‍ പറയാം. ഇത് ജീവിതമല്ലേ. പുള്ളി ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല നീ ഒരു നടനാകണം എന്നോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാകണമെന്നോ. അതൊക്കെ എന്റെ വഴിക്കു വിട്ടു തന്നു. അതിനൊക്കെ അപ്പുറത്താണ് ഞങ്ങള്‍ തമ്മിലുള്ള അടുപ്പം. എന്റെ സിനിമകള്‍ കണ്ട് അഭിപ്രായം പറയും. ഇഷ്ടമായാല്‍ ഇഷ്ടമായി എന്ന്, തിരുത്തേണ്ടതുണ്ടെങ്കില്‍ അങ്ങനെ. പക്ഷെ ഞാനങ്ങനെ ഒന്നും പറയാറില്ല. എനിക്ക് സിനിമയെ കുറിച്ച് അഭിപ്രായം പറയാനൊന്നും അറിയില്ല. ഞാനൊരു ക്രിട്ടിക് അല്ല. ചിലപ്പോള്‍ എല്ലാവരും നല്ലതെന്നു പറയുന്നത് എനിക്ക് ഇഷ്ടമായെന്നു വരില്ല. ആര്‍ക്കും ഇഷ്ടമാകാത്തത് ഇഷ്ടമായെന്നും വരു. ആളുകള്‍ ചില സിനിമകളെക്കുറിച്ച് അഭിപ്രായം പറയുന്നതു കേള്‍ക്കുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട് എന്റെ ആസ്വാദനത്തിന്റെ പ്രശ്‌നമാണെന്ന്. സിനിമകയെ കുറിച്ച് സംസാരിക്കാന്‍ ഇഷ്ടമാണ്. വീട്ടില്‍ ഞാനും ബാപ്പിച്ചിയും, ഉമ്മയും പെങ്ങമ്മാരുമൊക്കെ ഇരുന്ന് അത്തരം ചര്‍ച്ചകള്‍ നടത്താറുമുണ്ട്. "" ഒരിക്കല്‍ ഷെയിന്‍ പറഞ്ഞു.
 
ഷാജി എന്‍ കരുണിന്റെ ഓളില്‍ ഷെയിന്‍ നായകനാകുന്നതിന്റെ ആവേശത്തിലായിരുന്നു അബി. എന്നാല്‍ ആ സിനിമ കാണുവാനുള്ള അവസരം നല്‍കാതെ മരണം അബിയെ ഒപ്പം കൊണ്ടുപോയി .............. 
loading...
NEW GEN

Priya Prakash Varrier Has A Huge Crush On This Indian Cricketer

Priya is just 18, but her expressions have generated more conversations than any we have seen in recent times.

Baaghi 3 to go on floors in December

Actor Tiger Shroff will start shooting for the third instalment of Baaghi in China in December

AR Rahman and Sivakarthikeyan to team up.

Now the director is ready with his second script which would be funded by 24 AM Studios and would feature Sivakarthikeyan. The exciting part about this project is that AR Rahman

Box Office: Velipaadinte Pusthakam to Ramaleela

Heres the box office collection of latest releases. The collection notes most of the recent releases had marked hit status in boxoffice despite its reviews.