എതിരില്ലാത്ത താരാധിപത്യം..

Posted by Beena Ranjini, 01 Jan, 2017

മലയാള സിനിമ വീണ്ടും അതിന്റെ ഏറ്റവും നല്ല കാലഘട്ടങ്ങളിലൊന്നിലൂടെ കടന്നുപോയവര്‍ഷമാണ് പടിയിറങ്ങുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉറങ്ങിക്കിടന്ന തിയേറ്ററുകള്‍ 2016 ആദ്യം തന്നെ ഉണര്‍ന്നു.
എന്നാല്‍ വര്‍ഷാവസാനം നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും തമ്മില്‍ കളക്ഷന്‍ വിഹിതം പങ്കിടുന്നതു സംബന്ധിച്ചുണ്ടായ പോരാട്ടം ചലച്ചിത്ര വ്യവസായത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇതുമൂലം 20 കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

മലയാളത്തില്‍ മൊത്തം 121 ചിത്രങ്ങളാണ് 2016–ല്‍ റിലീസ് ചെയ്തത്. തമിഴില്‍ 188 ചിത്രങ്ങളും, തെലുങ്കില്‍ 102 ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തി. 2015–ലെ ഹിറ്റുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം വിജയ ചിത്രങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.

ഒരു വിധം കുഴപ്പമില്ലാതെ ഒരുക്കിയ ചിത്രങ്ങളെല്ലാം പ്രദര്‍ശനം വിജയം നേടി എന്നതാണ് എടുത്തു പറയേണ്ട കാര്യം. അതേ സമയം പരസ്യങ്ങളിലും മറ്റും കുറെക്കൂടി ശ്രദ്ധിച്ചിരുന്നുയെങ്കില്‍ മികച്ച വിജയം നേടാനാകുമായിരുന്ന ചിത്രങ്ങളും ഏറെയുണ്ട്.

121 സിനിമകളാണ് പോയകൊല്ലത്തെ മൊത്തം റിലീസ്. ഇതില്‍ ഇരുപതുകോടിക്കു മുകളില്‍ പൂര്‍ത്തിയായ ഏക ചിത്രം പുലിമുരുകനാണ്. 27 കോടി രൂപയാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ്..


പന്ത്രണ്ടു കോടി രൂപയ്ക്ക് പൂര്‍ത്തിയായ രണ്ടു ചിത്രങ്ങള്‍ ഉണ്ട്. എട്ടിനും പത്തിനും ഇടയില്‍ പൂര്‍ത്തിയായത് പത്തോളം ചിത്രങ്ങള്‍. ഏഴുകോടിക്കകത്ത് 20 ചിത്രങ്ങള്‍ പൂര്‍ത്തിയായി. അഞ്ചു കോടിക്കകത്ത് മുപ്പതു ചിത്രങ്ങളും ഒരുകോടിക്കു താഴെ 29 ചിത്രങ്ങളും 75 ലക്ഷത്തില്‍ താഴെ 19 ചിത്രങ്ങളും 10 ലക്ഷം രൂപയില്‍ താഴെ രണ്ടു ചിത്രങ്ങളും പൂര്‍ത്തിയായി. മൊത്തം 460 കോടി രൂപയാണ് ചെലവായത്.

ഇതില്‍ അറുപതോളം ചിത്രങ്ങളാണ് ചാനലുകള്‍ സംപ്രേക്ഷണാവകാശം വാങ്ങിയത്. ആ ഇനത്തില്‍ മലയാളസിനിമയ്ക്ക് മൊത്തം 130 കോടി രൂപയോളം ലഭിച്ചു. 150 കോടിയിലധികം പുലിമുരുകന്‍ കൊണ്ടുവന്നു. ഒപ്പം 75 കോടിയാണ് വാരിക്കൂട്ടിയത്. മറ്റ് സിനിമകള്‍ എല്ലാം കൂടി 200 കോടിയോളം രൂപ തിയേറ്ററില്‍ നിന്നു കൊണ്ടു വന്നിട്ടുണ്ട്. ഇങ്ങനെ മൊത്തം വരവ് 425 കോടി രൂപയോളം വരും. നഷ്ടം 100 കോടിയോളം.

തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച് കിട്ടിയതും സാറ്റലൈറ്റ് വീഡിയോ ഓഡിയോ ഇനത്തില്‍ കിട്ടിയതും അന്യഭാഷാ റീമേക്കുകളും ചേര്‍ത്താല്‍ നല്ലൊരു തുക പോയകൊല്ലം മലയാള സിനിമ സ്വന്തമാക്കി. അതേസമയം 100 കോടി എന്നത് അടുത്തകാലത്തുണ്ടായതില്‍ ഏറ്റവും കുറഞ്ഞ നഷ്ടമാണ്.

ക്രിസ്തുമസ് റിലീസുകള്‍ കൂടി എത്തിയിരുന്നെങ്കില്‍ നഷ്ടമില്ലാത്ത ഒരു ഗ്രാഫ് ആയിരുന്നേനെ 2016ന്റേത്. താരങ്ങളെ കേന്ദ്രീകരിച്ചാണ് ഇപ്പോഴും അന്യഭാഷാ ചിത്രങ്ങള്‍ നീങ്ങുന്നത്. മലയാളത്തില്‍ പക്ഷെ അതിന് പോയകൊല്ലം മാറ്റം വന്നിട്ടുണ്ട്. താരങ്ങള്‍ക്കും ചിത്രത്തിന്റെ മേക്കിംഗിനും മലയാളത്തില്‍ തുല്യ പ്രാധാന്യമുണ്ട്. 2016–ല്‍ റിലീസ് ചെയ്ത പുലിമുരുകന്‍, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, മഹേഷിന്റെ പ്രതികാരം, പാവാട, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, പുതിയ നിയമം, കിംഗ്‌ലയര്‍, പ്രേതം, കമ്മട്ടിപ്പാടം, അനുരാഗകരിക്കിന്‍ വെള്ളം, ഊഴം, തോപ്പില്‍ ജോപ്പന്‍ എന്നിവ താരമൂല്യം കൊണ്ടും ചിത്രീകരണസവിശേഷതകൊണ്ടും പ്രത്യേകതയുള്ളതും വലിയ കളക്ഷന്‍ നേടിയതുമായ ചിത്രങ്ങളാണ്. മേക്കിംഗ് കൊണ്ടുമാത്രം ശ്രദ്ധേയമായതും വിജയം നേടിയതുമായ ചിതങ്ങള്‍ പത്തോളമുണ്ട്. കിസ്മത്ത്, ഹാപ്പി വെഡിംഗ്, പുതിയ നിയമം , ആന്‍ മരിയ കലിപ്പിലാണ്, ഹലോ നമസ്‌തേ, മുത്തശ്ശി ഗദ, ഗപ്പി, ആനന്ദം, കലി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കരിങ്കുന്നം സിക്‌സസ് തുടങ്ങിയവ. ഇവയില്‍ പലതും കച്ചവട സിനിമകളായിരുന്നില്ല– കലാപരമായും സൗന്ദര്യപരമായും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയതും, ശ്രദ്ധിക്കപ്പെട്ട സിനിമകളുമായിരുന്നു.


2015–ല്‍ പിന്നിലായിരുന്നെങ്കിലും 2016ലെ താരം മോഹന്‍ലാല്‍ തന്നെയാണ്. മലയാളത്തിലും തെലുങ്കിലുമായി നാലുചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി റിലീസ് ചെയ്തത്. ഒപ്പം, പുലിമുരുകന്‍, വിസ്മയം, ജനതാഗാരേജ് അതില്‍ പുലിമുരുകന്‍ മോഹന്‍ലാലിന്റെയും മലയാളസിനിമാ ചരിത്രത്തിലെയും മഹാസംഭവമായി. ആദ്യമായി നൂറുകോടി ക്‌ളബില്‍ എത്തിയ മലയാള ചിത്രമെന്ന റെക്കാര്‍ഡും മോഹന്‍ലാലിന്റെ പുലിമുരുകന്‍ സ്വന്തമാക്കി. ചെലവു നോക്കാതെ സിനിമയുടെ മേക്കിംഗ് ക്വാളിറ്റി നോക്കിയാല്‍ ചിത്രം വന്‍ഹിറ്റാവും എന്നും പുലിമുരുകന്‍ തെളിയിക്കുന്നു.

റിലീസായി മൂന്നാമത്തെ ആഴ്ചയിലാണ് പുലിമുരുകന്‍ 100 കോടി ക്‌ളബില്‍ എത്തിയത്. അറുപതു ദിവസം കഴിഞ്ഞപ്പോള്‍ 150 കോടി രൂപയാണ് ചിത്രം നേടിയ ഗ്രോസ് കളക്ഷന്‍. ഇരുപത്തിയേഴു കോടി രൂപയോളമാണ് പ്രിന്റ് ആന്റ് പബ്‌ളിസിറ്റി ഉള്‍പ്പെടെ ചിത്രത്തിന് ചെലവായത്.

150 കോടിയോളം ഗ്രോസ് കളക്ഷനും ഏഴുകോടി സാറ്റലൈറ്റ് ഇനത്തിലും ലഭിച്ചു. വീഡിയോ ഓഡിയോ അവകാശം സംസാരിച്ചു വരുന്നതേയുള്ളു എന്നു ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു. ഇതു കൂടാതെ തമിഴ് തെലുങ്ക് ഭാഷകളിലേക്ക് അവകാശം വിറ്റവകയില്‍ മൂന്നു കോടിയോളം രൂപയും നിര്‍മ്മാതാവിന് പുലിമുരുകന്‍ നേടിക്കൊടുത്തു. ചിത്രത്തിന്റെ തെലുങ്കു പതിപ്പായ മന്യം പുലിയും സൂപ്പര്‍ ഹിറ്റാണ്.


മോഹന്‍ലാലിന്റെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ഒപ്പമാണ്. പ്രിയദര്‍ശന് ഗംഭീര തിരിച്ചു വരവിനും വഴിയൊരുക്കിയ ചിത്രം കൂടിയാണിത്. മോഹന്‍ലാല്‍ അന്ധനായി അഭിനയിച്ച ഈ ചിത്രത്തിലെ ചിന്നമ്മ അടികുഞ്ഞിപെണ്ണമ്മ എന്ന എം.ജി.ശ്രീകുമാര്‍ ആലപിച്ച ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. 10 കോടി 20 ലക്ഷമാണ് ചിത്രത്തിന്റെ മൊത്തം ചെലവ്. അഞ്ചുകോടി 25 ലക്ഷം രൂപ സാറ്റലൈറ്റ് ലഭിച്ചു. 30 ലക്ഷം രൂപക്ക് വീഡിയോ ഓഡിയോ അവകാശം വിറ്റു. തിയേറ്ററില്‍ നിന്ന് 75കോടിയോളം ഗ്രോസ്‌സ ലഭിച്ചു.

കൊരട്ടല ശിവ സംവിധാനം ചെയ്ത ജനതാഗാരേജും മോഹന്‍ലാലിന് ലഭിച്ച മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍ ആണ്. 150 കോടിയാണ് ഇതിന്റെ ബോക്‌സോഫീസ് കളക്ഷന്‍. ചന്ദ്രശേഖര്‍ യെലോട്ടി സംവിധാനം ചെയ്ത മനമന്ത എന്ന തെലുങ്കു പടത്തിന്റെ ഡബിംഗ് പതിപ്പായ വിസ്മയമായിരുന്നു താരത്തിന്റെ മറ്റൊരു ചിത്രം.

മമ്മൂട്ടിയുടേതായി കഴിഞ്ഞ വര്‍ഷം റിലീസായ പ്രധാനചിത്രങ്ങള്‍ പുതിയ നിയമവും തോപ്പില്‍ ജോപ്പനും വൈറ്റും കസബയുമാണ്. പുതിയ നിയമത്തിന് 5 കോടി 85 ലക്ഷം രൂപയാണ് മൊത്തം ചെലവ്. 4 കോടി 75 ലക്ഷം രൂപ സാറ്റലൈറ്റ് വിറ്റ ഇനത്തില്‍ ലഭിച്ചു. തിയേറ്ററില്‍ നിന്ന് 4 കോടി 50 ലക്ഷം രൂപ ഷെയര്‍ വന്നു. കന്നട തമിഴ് ഭാഷകളില്‍ ചിത്രം വിറ്റപ്പോള്‍ ഒന്നര കോടി രൂപ ലഭിച്ചു. അഞ്ചുകോടി അടുപ്പിച്ച് ചിത്രത്തിന് ലാഭം കിട്ടി.

നയന്‍താരയും മമ്മൂട്ടിയും പ്രധാനവേഷങ്ങളില്‍ അഭിനയിച്ച പുതിയ നിയമത്തില്‍ നയന്‍താര ഇമേജ് ബ്രേക്കു ചെയ്ത വേഷത്തിലാണെത്തിയത്. റേപ്പു ചെയ്യപ്പെടുന്ന നായികയെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയോടെയാണ് സംവിധായകന്‍ എ.കെ.സാജന്‍ ചിത്രം അവതരിപ്പിച്ചത്. എന്നാല്‍ അങ്ങനെ സംഭവിക്കുന്ന ഒരു പെണ്ണിന് ഭര്‍ത്താവില്‍ നിന്ന് നിന്ദയല്ല സംരക്ഷണമാണ് കിട്ടേണ്ടതെന്നും ആ സാഹചര്യത്തെ അതിജീവിക്കാന്‍ കരുത്തേക്കുകയാണ് വേണ്ടതെന്നും ചിത്രം പ്രേക്ഷകരോട് പറഞ്ഞു. നയന്‍താര ഇത്തരം ഒരു ചിത്രത്തില്‍ അഭിനയിക്കുമോ എന്ന സംശയം ആദ്യം സംവിധായകനുണ്ടായിരുന്നു. എന്നാല്‍ കഥ കേട്ട് ത്രില്ലടിച്ചാണ് താരം ഇതിലഭിനയിക്കാന്‍ സമ്മതിച്ചത്. ഒരു കോടി രൂപയാണ് ഈ ചിത്രത്തിന് നയന്‍ വാങ്ങിയ പ്രതിഫലം.

മമ്മൂട്ടിയുടെ മറ്റൊരുഹിറ്റായ തോപ്പില്‍ ജോപ്പന്‍ പുലിമുരുകന്റെ പ്രഭയില്‍ അല്പംമങ്ങിപ്പോയെങ്കിലും ലാഭം നേടിയ ചിത്രമാണ്. രണ്ടു കോടിക്കുമുകളില്‍ ചിത്രത്തിനു ലാഭമുണ്ടായി. 8 കോടി 25 ലക്ഷം രൂപയാണ് ചിത്രത്തിന്റെ ചെലവ്. നാലുകോടി രൂപ സാറ്റലൈറ്റ് ഇനത്തില്‍ ലഭിച്ചു. ഇതിന്റെ വീഡിയോ അവകാശം 18 ലക്ഷം രൂപയ്ക്കാണ് വിറ്റത്. പതിനാലു കോടിയ്ക്ക് മേൽ ഗ്രോസ് നേടിയ മമ്മൂട്ടി - നിതിൻ രഞ്ജി ചിത്രം കസബയും ബോക്സ് ഓഫീസ് ഹിറ്റാണ് . കസബ, വൈറ്റ് എന്നീ ചിത്രങ്ങളുടെ കൂടുതൽ വിശദവിവരങ്ങള്‍ ലഭിച്ചിട്ടില്ല.

വിജയചിത്രങ്ങള്‍ ധാരാളം ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം വരെ സാമ്പത്തിക കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്ന പല നിര്‍മ്മാതാക്കളും ആദായനികുതി വകുപ്പിനെ ഭയന്ന് ഇക്കൊല്ലം മൗനം പാലിക്കുകയാണ് ചെയ്തത്.

സംവിധായകന്‍ തന്നെയാണ് താരമെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു എന്നതാണ് പോയ കൊല്ലത്തെ മറ്റൊരു പ്രത്യേകത. ആക്ഷന്‍ ഹീറോ ബിജു, മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. കഴിഞ്ഞ വര്‍ഷം എടുത്തു പറയേണ്ട നേട്ടമാണ് ഈ ചിത്രങ്ങള്‍ക്ക് ഉണ്ടായത്. എബ്രിഡ് ഷൈന്‍ ഒരുക്കിയ ആക്ഷന്‍ ഹീറോ ബിജുവാണ് പോയകൊല്ലത്തെ നിവിന്റെ ആദ്യഹിറ്റ്. മികച്ച സംവിധായകനും മികച്ചതാരവും ഒത്തുചേര്‍ന്നപ്പോള്‍ അതിമനോഹരമായ ഒരു ചിത്രം ഉണ്ടായി എന്നതാണ് ആക്ഷന്‍ ഹീറോ ബിജു നല്കുന്ന പാഠം. കൊച്ചു കൊച്ചു സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ബിജു രസകരമായ ഒരു പൊലീസ് ചിത്രമായി. ചിത്രത്തിലെ പൂക്കള്‍ പനിനീര്‍പൂക്കള്‍ എന്ന ഗാനവും അരിസ്റ്റോ സുരേഷിന്റെ മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഗാനവും മലയാള ചലച്ചിത്ര ഗാനരംഗത്ത് മുദ്രപതിപ്പിച്ചു.

ഏഴു കോടി 30 ലക്ഷം രൂപയാണ് ആക്ഷന്‍ ഹീറോ ബിജുവിന്റെ നിര്‍മ്മാണചെലവ്. സാറ്റലൈറ്റ് ഇനത്തില്‍ 5 കോടി രൂപ ചിത്രത്തിനു ലഭിച്ചു. വീഡിയോ ഓഡിയോ ഇനത്തില്‍ 38 ലക്ഷം രൂപയും ലഭിച്ചു. മൂന്നു കോടിയോളം രൂപ ചിത്രം ലാഭം നേടി.

വിനീത് ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമാണ് നിവിന്റെ രണ്ടാമത്തെ ഹിറ്റ്. നല്ലൊരു കുടുംബ ചിത്രമായിരുന്നു ഇത്. ഹൃദ്യമായ നിരവധി മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ഒരു യഥാര്‍ത്ഥ സംഭവമാണ് വിനീത് ഈ ചിത്രത്തിന് ആധാരമാക്കിയത്. അച്ഛന്‍–മകന്‍ ബന്ധത്തിന്റെയും അമ്മ–മകന്‍ ബന്ധത്തിന്റെയും തീവ്രത ചിത്രത്തിലെ പല രംഗങ്ങളിലും വിനീത് ഭംഗിയായി ആവിഷ്‌ക്കരിച്ചു. പൂര്‍ണ്ണമായും വിദേശത്ത് ചിത്രീകരിച്ച ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് ആറു കോടി രൂപയാണ് ചെലവായത്. ഇതില്‍ 4 കോടി 50 ലക്ഷം രൂപ സാറ്റലൈറ്റ് ഇനത്തില്‍ ലഭിച്ചു. 35 ലക്ഷം രൂപ വീഡിയോ ഇനത്തിലും കിട്ടി. 100 ദിവസത്തോളം പ്രദര്‍ശിപ്പിച്ച ചിത്രത്തിന് 17 കോടിയോളം ഗ്രോസ് ലഭിച്ചു.

വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച ആനന്ദവും വലിയ വിജയം നേടിയ ചിത്രമാണ്. ഗണേശ് രാജ് പുതുമുഖങ്ങളെ വച്ച് ഒരുക്കിയ ചിത്രത്തിലെ പയ്യെ വീശും കാറ്റേ എന്നു തുടങ്ങുന്ന ഗാനം യുവപ്രേക്ഷകര്‍ ഹൃദയത്തിലേയ്‌ക്കേറ്റുവാങ്ങി. 4 കോടി 20 ലക്ഷം രൂപ മൊത്തം ചെലവുവന്ന ചിത്രത്തിന് മൂന്നുകോടി രൂപ സാറ്റലൈറ്റ് ലഭിച്ചു. എല്‍.ജെ ഫിലിംസ് റിലീസ് ചെയ്ത ചിത്രത്തിന് 30 ലക്ഷം രൂപ വീഡിയോ വിറ്റ ഇനത്തിലും ലഭിച്ചു. എ ക്‌ളാസ് തിയേറ്ററുകളില്‍ അമ്പതു ദിവസത്തോളം പ്രദര്‍ശിപ്പിച്ച ചിത്രം നാല് കോടി രൂപയോളം ഗ്രോസ് നേടി.

താരങ്ങളോ സംവിധായകനോ ഒന്നും വേണ്ട നല്ല രീതിയില്‍ കഥ പറഞ്ഞാല്‍ മതി എന്ന പ്രേക്ഷകന്റെ പുതിയ കാഴ്ചപ്പാട് 2015–ല്‍ തുടങ്ങിയതാണെങ്കിലും ഈ വര്‍ഷം ഇത് ശക്തമായി. അതിനുദാഹരണമാണ് കിസ്മത്ത്, ആന്‍ മരിയ കലിപ്പിലാണ്, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ആനന്ദം തുടങ്ങിയ ചിത്രങ്ങളുടെ വന്‍ വിജയം. നല്ല കഥയും രസകരമായ കഥ പറച്ചില്‍ രീതിയുമാണ് പ്രേക്ഷകര്‍ക്കിഷ്ടമായത്. ആദ്യഷോ കഴിയുമ്പോള്‍ പ്രേക്ഷകരില്‍ പടരുന്ന അഭിപ്രായമാണ് നല്ല ചിത്രങ്ങളുടെ വിജയരഹസ്യം.

അപ്രതീക്ഷിത വിജയം നേടിയ ഒരു കൊച്ചു ചിത്രമായിരുന്നു കിസ്മത്ത്. മനോഹരമായ ഒരു പ്രണയകഥയും ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണിത്. തീവ്രപ്രണയത്തിന് ജാതിയും മതവും സമ്പത്തും ഒന്നു പ്രശ്‌നമല്ലായെന്ന് അനിതയുടെയും ഇര്‍ഫാന്റെയും പ്രണയത്തിലൂടെ പറയാതെ പറയുകയായിരുന്നു സംവിധായകന്‍. 80 ലക്ഷത്തിന് ചിത്രീകരണം പൂര്‍ത്തിയായ കിസ്മത്ത് ഒരു കോടിയോളം രൂപ ലാഭം നേടി.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരമായിരുന്നു എടുത്തുപറയേണ്ട മറ്റൊരു ചിത്രം. ചിത്രത്തിലെ ടൈറ്റില്‍ സോംഗായ മല മേലെ തിരി വച്ചു എന്ന ഗാനം ഇടുക്കിയുടെ ഗ്രാമീണ സൗന്ദര്യത്തിന്റെ നേര്‍ ചിത്രം വരച്ചു കാട്ടി. 4 കോടി 50 ലക്ഷം രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. റിലീസായശേഷം സാറ്റലൈറ്റ് വിറ്റ ചിത്രത്തിന് 4 കോടി 75 ലക്ഷം രൂപ ലഭിച്ചു. പോയ കൊല്ലത്തെ ഏറ്റവും മനോഹരമായ ചിത്രമെന്ന പ്രത്യേകതയും മഹേഷിന്റെ പ്രതികാരത്തിനുണ്ട്.

എക്കാലത്തെയും ഹിറ്റ് ജോഡിയായ സിദ്ദിഖ് ലാല്‍ വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചു വന്ന ചിത്രമാണ് കിംഗ്‌ലയര്‍. സിദ്ദിഖ് സ്‌ക്രിപ്ട് എഴുതി ലാല്‍ സംവിധാനം ചെയ്ത കിംഗലയറില്‍ ദിലീപ് ആയിരുന്നു നായകന്‍. ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് 11 കോടി 25 ലക്ഷം രൂപയാണ് മൊത്തം ചെലവായത്. സാറ്റലൈറ്റ് ഇനത്തില്‍ 4 കോടി 90 ലക്ഷം രൂപ ലഭിച്ചു. ഒരുകോടിയോളം ലാഭം നേടി.

വെല്‍ക്കും ടു സെന്‍ട്രല്‍ ജയിലായിരുന്നു താരത്തിന്റെ വലിയ ഹിറ്റ്. 8 കോടി രൂപക്കു പൂര്‍ത്തിയായ ചിത്രം 4 കോടി 70 ലക്ഷം രൂപയ്ക്ക് സാറ്റലൈറ്റ് കൊടുത്തു. 20 കോടി രൂപയോളം ഗ്രോസ് നേടി. ദിലീപിനെ നായകനാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും ശ്രദ്ധിക്കപ്പെടാതെ പോയി.
നാദിര്‍ഷയുടെ രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ അപ്രതീക്ഷിത വിജയം നേടിയ ചിത്രമാണ്. മേക്കിംഗിലെ പ്രത്യേകതയാണ് ഈ ചിത്രത്തിന്റെ വിജയരഹസ്യം. മൂന്നു കോടിക്കു താഴെ മാത്രം ചിലവഴിച്ച് നിര്‍മ്മിച്ച ചിത്രം രണ്ടുകോടിയിലേറെ ലാഭം നേടി.

പൃഥ്വിരാജ് നായകനായ നാലു ചിത്രങ്ങളില്‍ പാവാടയാണ് വന്‍ വിജയമായത്. ഇതിലെ പാമ്പു ജോയി മനസ്‌സില്‍ തട്ടുംവിധമാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. പാവാടയ്ക്കു ഫസ്റ്റ് കോപ്പി ആകുമ്പോള്‍ 8.50 കോടിയോളം രൂപയാണ് മൊത്തം ചെലവായത്. എന്നാല്‍ മൂന്നുകോടി 65 ലക്ഷം രൂപയ്ക്ക് ഇതിന് സാറ്റലൈറ്റ് ലഭിച്ചു. മനോരമ ചാനല്‍ 22 ലക്ഷം രൂപയ്ക്ക് ചിത്രത്തിന്റെ വിഡീയോ ഓഡിയോ അവകാശം വാങ്ങി 10 കോടിയോളം രൂപ ഗ്രോസ് കളക്ഷന്‍ ഇനത്തിലും ലഭിച്ചു.

ചെമ്പന്‍ വിനോദ് ജോസിനൊപ്പം അഭിനയിച്ച ഡാര്‍വിന്റെ പരിണാമം പൃഥ്വിരാജിന് വലിയഗുണം ചെയ്തില്ല. ചിത്രത്തിന് 5 കോടി രൂപയാണ് മൊത്തം ചെലവ്. 3 കോടി 25 ലക്ഷം രൂപ ചിത്രത്തിന് ഷെയര്‍ വന്നു. വീഡിയോ ഓഡിയോ വിറ്റ ഇനത്തില്‍ 22 ലക്ഷം രൂപയും സാറ്റലൈറ്റ് വിറ്റ ഇനത്തില്‍ 3 കോടി 7 ലക്ഷം രൂപയും ലഭിച്ചു.

എന്നാല്‍ ധാര്‍മ്മിക്ക് ഫിലിംസിനുവേണ്ടി കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മ്മിച്ച ജെയിംസ് & ആലീസ് പൃഥ്വിരാജിന് ഗുണം ചെയ്തില്ല. ഫസ്റ്റ് കോപ്പിയായപ്പോള്‍ 6 കോടി 20 ലക്ഷം രൂപയാണ് ചെലവ്. 150 തിയേറ്ററില്‍ നിന്ന് 50 ദിവസം കൊണ്ട് 1 കോടി 70 ലക്ഷം രൂപ ഷെയര്‍ വന്നു. സാറ്റലൈറ്റ് ഇനത്തില്‍ 3 കോടി 40 ലക്ഷം രൂപയും വീഡിയോവിറ്റ ഇനത്തില്‍ 21 ലക്ഷം രൂപയും ഓഡിയോ ഇനത്തില്‍ 9 ലക്ഷം രൂപയും ലഭിച്ചു. ഒന്നരക്കോടിയോളം നഷ്ടമായി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴമാണ് പൃഥ്വിരാജിന്റെതായി റിലീസായ മറ്റൊരു ചിത്രം. ജീത്തുവിന്റെ ചിത്രമായിട്ടും പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. പത്തുകോടിയോളം മുടക്കിയാണ് ചിത്രം പൂര്‍ത്തിയായത്. 5 കോടി 25 ലക്ഷം രൂപ സാറ്റലൈറ്റ് ഇനത്തില്‍ ലഭിച്ചു. ചിത്രം ലാഭമാണ്.

ദുല്‍ക്കര്‍ സല്‍മാന് മൂന്നു ചിത്രങ്ങളാണുണ്ടായത്. കലി, ആന്‍മരിയ കലിപ്പിലാണ്, കമ്മട്ടിപ്പാടം. കലിക്ക് 4 കോടി 50 ലക്ഷമാണ് ചെലവ്. സാറ്റ്‌ലെറ്റ് 3 കോടി 60 ലക്ഷം രൂപ. വീഡിയോക്കു 20 ലക്ഷം കിട്ടി. നഷ്ടമില്ലാത്ത അവസ്ഥയിലാണ് ചിത്രം പോയത്. കലാപരമായും സാമ്പത്തികമായും വിജയിച്ച ദുല്‍ക്കര്‍ ചിത്രമാണ് കമ്മട്ടിപ്പാടം. മേളകളിലും ശ്രദ്ധിക്കപ്പെട്ട കമ്മട്ടിപ്പാടത്തെ പോയകൊല്ലത്തെ ഏറ്റവും മികച്ച ചിത്രങ്ങലൊന്നായി കണക്കാക്കാം. കൊച്ചിയിലെ കമ്മട്ടിപ്പാടം എന്ന ചേരിയുടെയും അവിടത്തെ ഗുണ്ടകളുടെയും കഥ പറഞ്ഞ ചിത്രം 4 കോടി 20 ലക്ഷം രൂപക്കു പൂര്‍ത്തിയായി. 2 കോടിയാണ് സാറ്റലൈറ്റ് ലഭിച്ചത്.

മിഥുന്‍ മാനുവല്‍ തോമസിന്റെ ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ അതി ഗംഭീര പെര്‍ഫോമന്‍സാണ് ദുര്‍ക്കര്‍ കാഴ്ചവച്ചത്. രണ്ടു കോടി 75 ലക്ഷം രൂപയ്ക്കാണ് ചിത്രം ഫസ്റ്റ് കോപ്പിയായത്. സാറ്റലൈറ്റ് ഇനത്തില്‍ 2 കോടി 50 ലക്ഷം രൂപ ലഭിച്ചു. 30 ലക്ഷം രൂപയോളം ലാഭമാണ്.
രാജിനി ചാണ്ടി എന്ന പുതുമുഖം മുത്തശ്ശിയായി വേഷമിട്ട ഒരു മുത്തശ്ശിഗദ നല്ലൊരു ചിത്രമായിരുന്നു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം പക്ഷെ ബോക്‌സോഫീസില്‍ വലിയ നേട്ടമായില്ല. ചിത്രത്തിന്റെ സാമ്പത്തിക വിവരങ്ങള്‍ ലഭ്യമല്ല.

കുടുംബപശ്ചാത്തലത്തില്‍ ജയന്‍.കെ.നായര്‍ സംവിധാനം ചെയ്ത ഹലോ നമസ്‌തേ തിയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടില്ല. സാധാരണ ഏതൊരു കുടുംബത്തിലും സംഭവിക്കുന്ന കാര്യങ്ങളും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും സാമൂഹ്യ പ്രശ്‌നങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. 2 കോടി 32 ലക്ഷം രൂപയ്ക്കാണ് ചിത്രം പൂത്തിയായത്. 1 കോടി 10 ലക്ഷം രൂപ ഷെയര്‍ വന്നു. സാറ്റ്‌ലെറ്റ് അവകാശമായി 1 കോടി 65 ലക്ഷം ലഭിച്ചു. ഓഡിയോ വീഡിയോ ഇനത്തില്‍ 13 ലക്ഷവും ഇന്റര്‍ നെറ്റില്‍ നിന്ന് രണ്ടു ലക്ഷവും ലഭിച്ചു. എണ്‍പതുലക്ഷം രൂപയോളം ചിത്രത്തിന് ലാഭം കിട്ടി.

വലിയ ബഹളമില്ലാതെ വന്ന് വിജയമായ ചിത്രമാണ് ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ആടുപുലിയാട്ടം. 3കോടി 60 ലക്ഷം രൂപയ്ക്കാണ് ഈ ഹൊറര്‍ ചിത്രം ഒരുങ്ങിയത്. രണ്ടു കോടിരൂപ സാറ്റലൈറ്റും 28 ലക്ഷം രൂപ വീഡിയോയും ലഭിച്ചു.

അപ്രതീക്ഷിതമായി വിജയം നേടിയ ഒരു കൊച്ചു ചിത്രമായിരുന്നു ഗപ്പി. ടൈറ്റില്‍ കഥാപാത്രമായ ഗപ്പിയെ അവതരിപ്പിച്ച ചേതന്‍ മനോഹരമായ അഭിനയം കാഴ്ച വെച്ചു. തിര തിര പാടും കാറ്റിലും എന്നു തുടങ്ങുന്ന മനോഹരമായ ഒരു ഗാനം ഗപ്പിയിലുണ്ട്. 4 കോടി 40 ലക്ഷം രൂപയാണ് ചിത്രത്തിന് ചെലവ്. സാറ്റലൈറ്റ് 2 കോടി 10 ലക്ഷം രൂപ ലഭിച്ചു. വീഡിയോ വിറ്റ ഇനത്തില്‍ 12 ലക്ഷം രൂപയും ലഭിച്ചു. നല്ല സിനിമയായിട്ടും തിയേറ്ററുകളില്‍നിന്നും വലിയ ലാഭം ഉണ്ടായില്ല.

ജയസൂര്യക്ക് പ്രേതം ഷാജഹാനും പരീക്കുട്ടിയും സ്‌കൂള്‍ ബസ്, ഇടി എന്നീ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ പ്രേതമാണ് സാമ്പത്തിക വിജയമായത് 3 കോടി 80 ലക്ഷം രൂപയാണ് ചെലവ്. 3 കോടി 50 ലക്ഷം രൂപ സാറ്റലൈറ്റ് കിട്ടി. 18 ലക്ഷത്തിന് വീഡിയോ ഓഡിയോ അവകാശം വിറ്റു. തിയേറ്ററില്‍ നിന്ന് 11 കോടി രൂപയാണ് ചിത്രം നേടിയ ഗ്രോസ്.

വേട്ട, സ്‌കൂള്‍ ബസ്, ഷാജഹാനും പരീക്കുട്ടിയും കൊച്ചവ്വപൗലോ അയ്യപ്പ കൊയ്‌ലോ എന്നിവയാണ് കുഞ്ചോക്കോ ബോബന്റെ ചിത്രങ്ങള്‍ ഷാജഹാനും പരീക്കുട്ടിയും ലാഭവും നഷ്ടവുമില്ലാതെ പോയി.


കുഞ്ചാക്കോ ബോബന്‍ നിര്‍മ്മാതാവായി തിരിച്ചു വന്ന ചിത്രമാണ് കൊച്ചവൗ പൗലോ അയ്യപ്പകൊയ്‌ലോ. ചിത്രം 4 കോടി 30 ലക്ഷം രൂപക്ക് ഫസ്റ്റ് കോപ്പിയായി. 3 കോടി രൂപ സാറ്റ് ലൈറ്റ് ഇനത്തില്‍ ലഭിച്ചു. ഓഡിയോ വീഡിയോ 18 ലക്ഷം രൂപക്കുവിറ്റു. 50 ലക്ഷം രൂപയോളം ചിത്രത്തിന് ലാഭം കിട്ടി. രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട അഞ്ചേമുക്കാല്‍ കോടിക്കു പൂര്‍ത്തിയായി. 3കോടി 50 ലക്ഷം സാറ്റലൈറ്റ് ലഭിച്ചു. വീഡിയോ ഓഡിയോ 13 ലക്ഷം വേട്ട സാമ്പത്തികമായി നഷ്ടമായിരുന്നു.

അനുരാഗക്കരിക്കിന്‍ വെള്ളം, സ്വര്‍ണ്ണക്കടുവ എന്നീ ചിത്രങ്ങളിലൂടെ ബിജു മേനോന്‍ വിജയം നിലനിര്‍ത്തി. ആഗസ്റ്റ് സിനിമയ്ക്ക് പിടിച്ചു നില്ക്കാന്‍ കഴിഞ്ഞത് അനുരാഗക്കരിക്കിന്‍ വെള്ളത്തിന്റെ വിജയത്തോടെയാണ്. 3 കോടി അമ്പതുലക്ഷത്തിന് പൂര്‍ത്തിയായ ചിത്രത്തിന് 3 കോടി 25 ലക്ഷമാണ് സാറ്റലൈറ്റ് കിട്ടിയത്. 12 കോടി രൂപയാണ് ഇതിന്റെ ഗ്രോസ് കളക്ഷന്‍. വീഡിയോ ഓഡിയോ അവകാശത്തുക ലഭിച്ചിട്ടില്ല.

അതേ സമയം ബിജുമേനോന്റെ സ്വര്‍ണ്ണക്കടുവ അക്ഷരാര്‍ത്ഥത്തില്‍ സ്വര്‍ണ്ണക്കടുവ തന്നെയായി. ഫസ്റ്റ് കോപ്പി 3 കോടി 75 ലക്ഷത്തിനു തീര്‍ന്ന ചിത്രത്തിന് 2 കോടി 25 ലക്ഷത്തിനാണ് സാറ്റലൈറ്റ് കൊടുത്തത്. 10 കോടി രൂപ ചിത്രം ഗ്രോസ് നേടി 18 ലക്ഷം രൂപയക്കാണ് ഇതിന്റെ വീഡിയോ വിറ്റത്. മരുഭൂമിയിലെ ആന, ഓലപീപ്പി, കവി ഉദ്ദേശിച്ചത് എന്നീ ചിത്രങ്ങളിലും ബിജു മേനോന്‍ അഭിനയിച്ചു. കവി ഉദ്ദേശിച്ചതിന് 3 കോടി 60 രൂപ ചെലവായി. സാറ്റലെറ്റ് ഇനത്തില്‍ ലഭിച്ച 2 കോടിയോളം വരവ്. തിയേറ്റര്‍ ഷെയര്‍ ലഭ്യമല്ല.

ബിജു മേനോന്റെ മറ്റൊരു ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയാണ്. മൂന്നുകോടി 40 ലക്ഷം രൂപയാണ് ചിത്രത്തിന്റെ ചെലവ്. സാറ്റലൈറ്റ് വരുമാനമായി 2 കോടി 10 ലക്ഷം ലഭിച്ചു. വീഡിയോ അവകാശം മനോരമയുമായി സംസാരിച്ചിരുന്നെങ്കിലും സിനിമ ആദ്യദിവസം തന്നെ ഇന്ത്യയ്ക്ക് പുറത്ത് നെറ്റില്‍ റിലീസ് ചെയ്തതുകൊണ്ട് വലിയൊരു തുക കുറച്ചാണ് ചാനല്‍ നല്‍കിയത്. തിയേറ്ററില്‍ നിന്ന് 1 കോടി 40 ലക്ഷം രൂപയാണ് ചിത്രം നേടിയ ഗ്രോസ്.

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ നായകനായ മുദുഗൗ ഓരാഴ്ചപോലും തിയേറ്ററില്‍ തികച്ചോടിയില്ല. രണ്ടു കോടി 20 ലക്ഷം രൂപയ്ക്കാണ് ചിത്രം പൂര്‍ത്തിയായതി സാറ്റലൈറ്റ് ഇനത്തില്‍ 1 കോടി ലഭിച്ചു വിഡിയോ അവകാശം എട്ടു ലക്ഷത്തിനു പോയി.

എണ്ണത്തില്‍ കൂടുതല്‍ ചിത്രങ്ങളില്‍ അനൂപ് മേനോന്‍ അഭിനയിച്ചെങ്കിലും പാവാടയാണ് അനൂപിന്റെ ഹിറ്റ്. മാല്‍ഗുഡിഡെയ്‌സ് 2 കോടി 25 ലക്ഷം രൂപക്കു പൂര്‍ത്തിയായ സിനിമയാണ്. തിയേറ്ററില്‍ നിന്ന് 1 കോടി 60 ലക്ഷം രൂപയും വീഡിയോ ഓഡിയോ ഇനത്തില്‍ 10 ലക്ഷവും ലഭിച്ചു. മൊത്തം 55 തിയേറ്ററില്‍ രണ്ടാഴ്ചയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. സാറ്റലൈറ്റ് അവകാശം ഫ്‌ളവേഴ്‌സ് ടിവിക്കായിരുന്നു. മൊത്തം വരുമാനത്തിന്റെ 50:50 എന്ന അനുപാതത്തിലായിരുന്നു ലാഭം വീതിച്ചത്. ആറു തവണ ചിത്രം സംപ്രേഷണം ചെയ്തപ്പോള്‍ 70 ലക്ഷം രൂപ നിര്‍മ്മാതാവിനു ലഭിച്ചു. ലാഭത്തിന്റെ പകുതി എന്ന രീതി പോയകൊല്ലം വന്ന മാറ്റമാണ്. സാറ്റലൈറ്റ് വില പറയാതെ ചിത്രം സംപ്രേക്ഷണം ചെയ്തു കിട്ടുന്ന പരസ്യത്തിന്റെ പകുതിയാണ് നിര്‍മ്മാതാവിന് ബാക്കി പകുതി ചാനലിന്. കരിക്കുന്നം സിക്‌സസ്, പാവ, കുട്ടികളുണ്ട് സൂക്ഷിക്കുക, എന്നിങ്ങനെ മൂന്നുചിത്രങ്ങള്‍ കൂടി അനൂപ് മേനോനുണ്ടായിരുന്നു.

loading...
NEW GEN

64th National Film Awards 2017 Winners List

The 64th National Film Awards announced. The Jury members have a tough time selecting the best films;the jury deserve special appreciation, said the director, DFF India. There were 344 feature films in 26 languages from which the awards were chosen this year.

Aparna Balamurali marks her Tamil debut through 8 THOTTAKKAL.

Whether it may be the teaser or it may be the scintillating songs, it has to be said that the film 8 THOTTAKKAL is gradually increasing the expectation level of the Audience, especially when the rhythmic master Yuvanshankar Raj has bagged the musical rights of the film. It is a must to say that the mind blowing promotional strategies for the film is creating waves in all over Tamilnadu.

Si3 Joins 100 Crore Club

Singam 3 had terrific response on its opening day and is said to have collected more than Rs 20 crore. The film saw 90 per cent occupancy on Saturday and is said to have collected Rs 15 crore. Si3 had a record breaking opening weekend and netted Rs 25 crore in Tamil Nadu alone. Singam 3 is the successful franchise created by Hari. The first film in the series came out in 2010 and became a blockbuster. The second part also collected more than Rs 100 crore at the box office

Birth certificate of Dhanush is fake, claims elderly couple

An aged couple, who have claimed that popular actor Dhanush is their son, have accused him of producing a fake birth certificate before the Madras High Court bench here to get their case pending before a lower court at nearby Melur quashed. In their counter affidavit before the Melur Judicial Magistrate on Wednesday, R Kathiresan and Meenakshi submitted that they could prove their claim that Dhanush was their son, if the trial was conducted.