ബിജു മേനോന്റെ പടയോട്ടം . ഇത്തരമൊരു മലയാള ചിത്രം ഇതാദ്യത്തേതാണ് !!

Posted by Online Desk, 30 Jul, 2018

തിരുവനന്തപുരത്ത് കോട്ടയ്ക്കകത്തെ ഒന്നാം പുത്തന്‍ തെരുവില്‍ ബിജുമേനോന്‍ വന്നിറങ്ങിയപ്പോള്‍ സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങുന്ന വലിയ ജനക്കൂട്ടം ആഹ്‌ളാദകരമായ സ്വീകരണമാണ് നല്കിയത്. നന്നായി ദീക്ഷ വളര്‍ത്തി, മുടി അല്പം ഷോട്ടാക്കി, ഷര്‍ട്ടും കറുത്തലുങ്കിയുമൊക്കെയായി പുതിയ രൂപഭാവങ്ങളില്‍ താരം നിറചിരിയോടെ നിന്നപ്പോള്‍ ചെങ്കല്‍ രഘുവാണ് മുന്നില്‍ നില്ക്കുന്നതെന്ന് സംവിധായകന്‍ റഫീഖ് ഇബ്രാഹിമിനു പോലും തോന്നി. പടയോട്ടം എന്ന ചിത്രത്തിലെ ബിജുമേനോന്റെ കഥാപാത്രമാണ് ചെങ്കല്‍ രഘു.

ഏറെക്കാലത്തിന് ശേഷമാണ് ബിജുമേനോന്‍ തിരുവനന്തപുരത്ത് ഒരു ചിത്രത്തിലഭിനയിക്കാനെത്തുന്നത്. മുമ്പ് മറ്റുള്ളവര്‍ക്കൊപ്പം നായകനായിരുന്ന ബിജു ഇപ്പോള്‍ ഒറ്റയ്ക്ക് നായകനായി നിലനില്ക്കാനാകുമെന്ന് തെളിയിച്ചു കഴിഞ്ഞു. വെള്ളിമൂങ്ങയാണ് ബിജുവിന് ഇങ്ങനെയൊരു വഴിത്തിരിവുണ്ടാക്കിയത്. നേരത്തെയും നായകവേഷം ചെയ്തിട്ടുണ്ടെങ്കിലും വെള്ളിമൂങ്ങ അതുറപ്പിച്ചു.

 

സമൂഹത്തിലെ, ശരാശരിയില്‍ നിന്ന് അല്പം കൂടി താഴേക്കിടയിലുള്ള ഒരു ജനസമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്തെ ഒരു കോളനിയില്‍ താമസിക്കുന്നവരാണ് പ്രധാന കഥാപാത്രങ്ങള്‍. അത്തരക്കാരുടെ ഇടയില്‍ അരങ്ങേറുന്ന പ്രശ്‌നങ്ങളുടെ പേരില്‍ ഒരു സംഘം ചെറുപ്പക്കാര്‍ നടത്തുന്ന യാത്രയുടെ കഥ പറയുന്ന ചിത്രമാണിത്. പൂര്‍ണ്ണമായും നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്, ഏറ്റവും അനുയോജ്യമായ പേര് ഗ്യാംങ്സ്റ്റര്‍ കോമഡി ചിത്രമെന്നാണ്. ഇത്തരമൊരു മലയാള ചിത്രം ഇതാദ്യത്തേതാണ്.

 

സെറ്റില്‍ നിര്‍മ്മാതാവ്, സോഫിയ പോള്‍, ഭര്‍ത്താവായ ജയിംസ് പോള്‍, ഐമാ സെബാസ്റ്റിയന്‍ എന്നിവരെത്തിച്ചേര്‍ന്നു. മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിനുശേഷം, വീക്കെന്റ് ബേ്‌ളാഗ്ബസ്റ്ററിന്റെ ബാനറില്‍ സോഫിയാപോള്‍, നിര്‍മ്മിക്കുന്ന ചിത്രമാണിത്. മുന്തിരിവള്ളികളില്‍ മോഹന്‍ലാലിന്റെ മകളായി സുപ്രധാന വേഷമഭിനയിച്ച ഐമ സെബാസ്റ്റ്യന്‍ ഇന്ന് സോഫിയാപോളിന്റെ കുടുംബത്തിലെ അംഗം കൂടിയായിക്കഴിഞ്ഞിരിക്കുന്നു. ഇവരുടെ മകന്‍ കെവിന്‍ ആണ് ഐമയെ വിവാഹം കഴിച്ചത്. ചിത്രത്തിലെ നിര്‍ണ്ണായകമായ ഒരു രംഗത്ത് ഐമ അഭിനയിക്കുന്നുണ്ട്.

 

ചെങ്കില്‍ രഘു എന്ന കഥാപാത്രം ഒരു മോട്ടോര്‍ സൈക്കിളില്‍ തെരുവിലൂടെ സഞ്ചരിക്കുന്നതാണ് ഇവിടെ ചിത്രീകരിച്ചത്. ബിജുവിന്റെ ഈ ഷോട്ട് കഴിഞ്ഞതോടെ, സൈജു കുറുപ്പ് ദിലീഷ് പോത്തന്‍, സുധിക്കോപ്പ, സംവിധായകന്‍ ബേസില്‍ ജോസഫ് എന്നിവരുമെത്തി. ഇനിയുള്ള രംഗത്ത് ബിജുമേനോനോടൊപ്പം ഇവരുമുണ്ട്. ഇവര്‍ അഞ്ചുപേരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.