സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി ; ത്രില്ലടിപ്പിക്കാൻ ഗാംബിനോസ് വരുന്നു

Posted by Online Desk, 06 Dec, 2018

സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയന്‍ നായകനാകുന്ന പുതിയ ചിത്രം "ഗാംബിനോസ്". രാമലീലയ്ക്കു ശേഷം രാധിക ശരത്കുമാർ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സമ്പത്ത്, ശ്രീജിത് രവി, നീരജ , സിജോയ് വർഗീസ്, മുസ്തഫ, സാലു കെ. ജോർജ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓസ്ട്രേലിയൻ ഫിലിം കമ്പനിയായ കങ്കാരൂ ബ്രോഡ്കാസ്റ്റിങ് ആണ് ഗാംബിനോസ് നിർമ്മിക്കുന്നത്.

 

 

 

ഒരു അധോലോക കുടുംബത്തിന്റെ കഥ പറയുകയാണ് ഗാംബിനോസ്. ശക്തരായ അധോലോക കുടുംബമാണ് ഗാംബിനോസ്. ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് അവരുടെ കൊലപാതക രീതി. അമേരിക്കയിൽ താമസമാക്കിയ ഈ ഇറ്റാലിയൻ കുടുംബത്തിനെ പൊലീസിനുപോലും ഭയമായിരുന്നു. ഈ അധോലോക കുടുംബത്തിൽ നിന്നു പ്രചോദനമുള്‍ക്കൊണ്ട് നവാഗതനായ ഗിരീഷ് പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് "ദ് ഗാംബിനോസ്".

 

 

 

മലബാർ ആണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. കുറ്റകൃത്യങ്ങളിൽ ഗാംബിനോസിന്റെ രീതി പിന്തുടരുന്ന കുടുംബം. ഭരണകൂടത്തിനും പോലീസിനും നിരന്തരം വെല്ലുവിളി സ്യഷ്ടിക്കുന്ന കുടുംബം നാട്ടിൽ അറിയപ്പെടുന്നതും ഗാംബിനോസ് എന്നാണ്. ഗാംബിനോസ് കുടുംബത്തിലും ചുറ്റും നടക്കുന്ന വിശേഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.