കരിന്തണ്ടന്‍ അമ്മയ്ക്കുള്ള ചുട്ട മറുപടിയോ?

Posted by Farsana Jaleel , 05 Jul, 2018

 

ആഷിഖ് അബു രാജീവ് രവി കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നു. വിനായകനെ നായകനാക്കി ലീല സംവിധാനം ചെയ്യുന്ന ചിത്രമാണ് കരിന്തണ്ടന്‍. വയനാട് ചുരത്തിന്റെ പിതാവ് കരിണ്ടണന്‍ മൂപ്പന്റെ കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് കരിന്തണ്ടന്‍. വിനായകനാണ് കരിന്തണ്ടനായെത്തുന്നത്. വിനായകന്റെ കെരിയര്‍ ബെസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആദിവാസി യുവതി എന്നതും ശ്രദ്ധേയമാണ്. ദിലീപ് വിഷയം കത്തിപ്പടരുന്ന സാഹചര്യത്തിലുള്ള കരിന്തണ്ടന്റെ എന്‍ട്രി താര സംഘടനയായ അമ്മയ്‌ക്കെതിരെയുള്ള ചുട്ട മറുപടിയാണോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

പോയകാലത്തിന്റെ പഴങ്കഥകള്‍ക്കുള്ളില്‍ നിന്ന് ഹീറോയിസത്തിന്റെയും വഞ്ചനയുടെയും പ്രണയത്തിന്റെയും എതിര്‍പ്പിന്റെയും പ്രതികാരത്തിന്റെയും ഒരു അദ്ധ്യായം എന്ന ടാഗ് ലൈനോടെയാണ് ചിത്രം ഇറങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്. ഗീതു മോഹന്‍ദാസാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ടത്. ബ്രിട്ടീഷുകാര് വയനാട്ടിലിക്കു വന്ത കാലത്തു അവരക്കു മലെമ്പെകേറുവുള എളുപ്പവയി കാട്ടി കൊടുത്ത കരിന്തണ്ടന വഞ്ചകെത എന്നാണ് പോസ്റ്ററിലെ വിവരണം. ആദിവാസി പണിയവിഭാഗത്തില്‍ പ്രചാരത്തിലുള്ള പണിയ ഭാഷയാണിത്. ബ്രിട്ടീഷുകാര്‍ വയനാട്ടിലേയ്ക്ക് വന്ന സമയത്ത് അവര്‍ക്ക് വയനാടിലേയ്ക്ക് എളുപ്പവഴി കാണിച്ചുകൊടുത്ത കരിന്തണ്ടനെ വഞ്ചിച്ച കഥ എന്നാണ് അര്‍ത്ഥം.

വിനായകന്‍ ഉള്‍പ്പെടെയുള്ള പല കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലും പണിയ ഭാഷയുടെ സ്വാധീനമുണ്ടെന്ന് സംവിധായിക പറഞ്ഞു. എന്നാല്‍ സംഭാഷണങ്ങളൊന്നും പൂര്‍ണ്ണമായും പണിയഭാഷയില്‍ ആവില്ലെന്നും കാരണം സിനിമ കാണുന്ന എല്ലാ മലയാളികള്‍ക്കും ബുദ്ധിമുട്ടില്ലാതെ എളുപ്പത്തില്‍ മനസ്സിലാവണമെന്നും സംവിധായിക പറയുന്നു. സംവിധായികയും പണിയ വിഭാഗത്തില്‍പെട്ടയാളാണ്. ചരിത്രത്തിലെ കരിന്തണ്ടന്റെ ആത്മാവിനെ തളച്ചിരിക്കുന്നത് ആണിയിലല്ല, വലിയ ചങ്ങലകളിലാണ്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നപ്പോള്‍ കരിന്തണ്ടന്‍ ആരായിരുന്നു എന്ന് പറയുന്നതാണ് കരിന്തണ്ടന്റെ ഇതിവൃത്തമെന്നും ലീല പറയുന്നു. മലയാള സിനിമാ ചരിത്രത്തില്‍ രേഖപ്പെടുത്തുകയാണ് ആദിവാസിയായ ലീല എന്ന സംവിധായിക.

കളക്ടീവ് ഫേസ് വണ്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സ്വാതന്ത്രസംവിധായകരും ചലച്ചിത്രനിര്‍മ്മാതാക്കളും വിഭാവനം ചെയ്യുന്ന സിനിമാ സങ്കല്‍പ്പങ്ങളുടെ പൂര്‍ത്തീകരണ ശ്രമങ്ങളെ ഒരുമിപ്പിക്കുകയാണ് കളക്ടീവ് ഫേസ് വണ്‍. സാമ്പ്രദായിക സിനിമ പിന്തുണയ്ക്കുവാന്‍ ചിലപ്പോള്‍ മടികാണിച്ചേക്കാവുന്ന സിനിമകള്‍ക്കായി നിലകൊള്ളുകയും ചലച്ചിത്രരംഗത്ത് സജീവമായ സാങ്കേതിക പ്രവര്‍ത്തകരുടെ വിഭവശേഷിയെ അത്തരം സിനിമകള്‍ക്കായി പ്രയോജനപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് കളക്ടീവ് ഫേസ് വണ്‍. ഓസ്‌കാര്‍ പുരസ്‌കാരം ജേതാവ് റസൂല്‍ പൂക്കുറ്റി, ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍, കലാസംവിധായകന്‍ സുനില്‍ ബാബു, ചിത്രസംയോജകന്‍ ബി. അജിത് കുമാര്‍, സംവിധായകന്‍ കെ.എം കമല്‍ എന്നിവര്‍ ചേര്‍ന്നാണ് കളക്ടീവ് ഫേസ് വണ്ണിന് പ്രാരംഭം കുറിച്ചത്. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം, ഞാന്‍ സ്റ്റീവ് ലോപ്പസ്, കെ.എം കമല്‍ സംവിധാനം ചെയ്ത ഐഡി, ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്, ബി. അജിത് കുമാര്‍ സംവിധാനം ചെയ്ത ഈട, ജുബിത് നമ്രടത്ത് സംവിധാനം ചെയ്ത ആഭാസം എന്നിവയാണ് കളക്ടീവ് ഫേസ് വണ്ണിന്റെ സഹകരണത്തോടെ ഇതുവരെ പുറത്തുവന്ന ചിത്രങ്ങള്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുത്ത തീരുമാനത്തിനെതിരെ ഡബ്ലുസിസിയ്‌ക്കൊപ്പം ഒരുകൂട്ടം ചലച്ചിത്ര പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആക്രമണത്തെ അതിജീവിച്ച സഹപ്രവര്‍ത്തകയ്ക്ക് പിന്തുണയര്‍പ്പിച്ച് 100 ചലചിത്ര പ്രവര്‍ത്തകരാണ് ദിവസങ്ങള്‍ക്ക് മുമ്പ് സംയുക്ത പ്രസ്താവനയിറക്കിയത്. അമ്മയുടെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ആഞ്ഞടിച്ച പ്രസ്താവനയ്ക്ക് താഴം 100 ചലച്ചിത്ര പ്രവര്‍ത്തകരാണ് ഒപ്പ് വെച്ചത്. രാജീവ് രവിയും ആഷിഖ് അബുവും വിനായകനും ചേര്‍ന്ന് അമ്മയ്ക്ക് ബദലായി പുതിയൊരു സംഘടന രൂപീകരിക്കുമെന്നും മൂവരും അതിന്റെ നേതൃത്വത്തിലുണ്ടാകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

പുതിയ സംഘടന രൂപീകരണത്തെ കുറിച്ച് വ്യക്തമാക്കി രാജീവ് രവിയും രംഗത്തെത്തി. ഒരു പുതിയ സംഘടന ആരംഭിക്കുന്നതിനെ കുറിച്ച് ഇതുവരെ ആലോചനകളൊന്നും നടന്നിട്ടില്ലെന്ന് രാജീവ് രവി. അത്തരത്തില്‍ പ്രചരിച്ചതൊക്കെ ഊഹാപോഹങ്ങളാണ്. ഞങ്ങള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും അത്തരത്തിലൊരു പുതിയ സംഘടയെ കുറിച്ച് പറഞ്ഞിരുന്നില്ല. അതൊന്നും പെട്ടെന്ന് എടുക്കാവുന്ന തീരുമാനങ്ങളല്ല. കളക്ടീവ് ഫേസ് വണ്‍ എന്നത് സിനിമാ നിര്‍മ്മാതാക്കളുടെ ഒരു കൂട്ടായ്മയാണ്. നല്ല സിനിമകള്‍ പുറത്തെത്തിക്കുകയാണ് ആ കൂട്ടായ്മയുടെ ലക്ഷ്യം. അമ്മയ്ക്കും ഫെഫ്ക്കയ്ക്കുമൊക്കെ ബദലായി ഒരു പുതിയ സംഘടന വേണമെന്നതില്‍ ഒരു തര്‍ക്കവുമില്ല. സിനിമാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും അവയ്ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയും നിലവിലെ വിഷയങ്ങളില്‍ വ്യക്തതയുള്ള നിലപാടുകള്‍ കൈക്കൊള്ളുകയുമൊക്കെയാവണം അത്തരമൊരു സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. ഇതൊക്കെ സര്‍ക്കാരിന്റെ സഹായത്തോടെയോ അത് കൂടാതെയോ നടത്താം. എന്നാല്‍ അത്തരമൊരു സംഘടനം നിലവില്‍ വരേണ്ടത് വളരെ ആവശ്യമാണ്. കാരണം ഒരു സംഘടനയും ഒരേതരം വീഴ്ച്ചകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത് അംഗീകരിക്കാനാവില്ല. ഒരു അധികാര ലോബിയാണ് ഇപ്പോള്‍ സിനിമാസംഘടനകളുടെ തലപ്പത്തുള്ളത്. മാറ്റംവരേണ്ട ആ മനോനിലയ്‌ക്കെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം. മുഴുവന്‍ ലോകത്തും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മലയാള ചലച്ചിത്ര ലോകത്തിനും അതിനെതിരെ മുഖം തിരിച്ചു നില്‍ക്കാനാവില്ലെന്നും രാജീവ് രവി പറയുന്നു.

കരിന്തണ്ടന്റെ ചരിത്രം-

കരിന്തണ്ടനെക്കുറിച്ച് ആധികാരികമായി പറയാന്‍ ഇന്നും എഴുതപ്പെട്ട ചരിത്രമോ രേഖകളോ ഇല്ല. ആകെയുള്ളത് കുറച്ച് വായ്‌മൊഴിക്കഥകളും ഈ പറഞ്ഞ ചങ്ങലമരവും അതിലുറങ്ങുന്ന കരിന്തണ്ടന്റെ ആത്മാവെന്ന സങ്കല്‍പ്പവും മാത്രം. കേട്ട കഥകളുടെ അടിസ്ഥാനത്തില്‍ 1750 മുതല്‍ 1799 വരെയുള്ള കാലഘട്ടത്തിലാണ് കരിന്തണ്ടന്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നത്. വയനാടന്‍ അടിവാരത്തുള്ള ചിപ്പിലിത്തോട് ഭാഗത്ത് പണിയയെന്ന ആദിവാസി വിഭാഗത്തിന്റെ തലവനായിരുന്നു കരിന്തണ്ടന്‍. കോഴിക്കോട് തമ്പടിച്ചിരുന്ന ബ്രിട്ടീഷുകാര്‍ക്ക് അതുവരെ അനന്യമായ ഒന്നായിരുന്നു വയനാട് വഴി മൈസൂരിലേക്കുള്ള മാര്‍ഗ്ഗം. സുഗന്ധവ്യജ്ഞനങ്ങളും മറ്റും സുലഭമായിരുന്ന വയനാടന്‍ കാടുകള്‍ കുറച്ചൊന്നുമല്ല ബ്രട്ടീഷുകാരെ മോഹിപ്പിച്ചത്. അതിനുലുപരി ശ്രീരംഗപട്ടണത്തെ ടിപ്പുവിന്റെ സാമ്രാജ്യം കീഴടക്കാനുള്ള മാര്‍ഗ്ഗമായാണ് അവര്‍ ഈ പാതയെ നോക്കിക്കണ്ടത്. പക്ഷേ അതൊരു സ്വപ്‌നമായി തന്നെ അവശേഷിച്ചു. പാതയ്ക്കു വേണ്ടി ഇറങ്ങിത്തിരിച്ച പല ഇംഗ്ലീഷുകാരും വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായതു മിച്ചം.

വയനാടന്‍ കുന്നുകളുടെ അടിവാരത്ത് ആടുമേച്ചു നടക്കുന്ന ആജാനുബാഹുവായ കരിന്തണ്ടനെ കണ്ടതോടുകൂടിയാണ് ഈ സ്വപ്‌നത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്കുള്ള വഴി തുറന്നത്. കാടിന്റെ ഒരോ മുക്കും മൂലയും അറിയാമായിരുന്ന കരിന്തണ്ടന്റെ സഹായത്തോടെ ഇംഗ്ലണ്ടില്‍ നിന്നെത്തിയ എഞ്ചിനീയറുടെ നേതൃത്വത്തില്‍ പാതതേടി മുന്നേറി. അടിവാരത്തില്‍ നിന്നും ലക്കിടിയിലേക്കുള്ള ആ എളുപ്പവഴി കണ്ടെത്തിയപ്പോള്‍ ബ്രട്ടീഷ് സംഘത്തിന് സന്തോഷം അടക്കാനായില്ല. വയനാടന്‍ കാടിനെയറിഞ്ഞ കരിന്തണ്ടന്റെ സഹായത്തോടെ പുതിയൊരു ചരിത്രപാത അവിടെ തുറക്കുകയായിരുന്നു. പക്ഷേ വെള്ളക്കാരുടെ കറുത്ത മനസ്സില്‍ അപ്പോള്‍ മറ്റൊരു പദ്ധതി ഉരുക്കൂടുകയായിരുന്നു. കാലങ്ങളായി പരിശ്രമിച്ച് തോല്‍വി മാത്രം രുചിച്ച സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകള്‍ക്ക്്, ഒരു സാധാരണക്കാരനായ ആദിവാസിയുടെ സഹായത്തോടെ ദക്ഷിണേന്ത്യയില്‍ പടയോട്ടം വ്യാപിപ്പിക്കാനുള്ള താക്കോല്‍ പാത തുറന്ന് കിട്ടിയത് അംഗീകരിക്കാനാകുമായിരുന്നില്ല. മാത്രമല്ല ഈ കണ്ടുപിടിച്ച പാത കരിന്തണ്ടന്‍ മറ്റാര്‍ക്കെങ്കിലും കാട്ടിക്കൊടുത്താലോ എന്ന ചിന്തയും ബ്രട്ടീഷുകാരെ അലട്ടി. ഒടുവില്‍ അവര്‍ തീരുമാനിച്ചു, ഈ പാതയ്ക്ക് കാരണക്കാരനായ കരിന്തണ്ടന്‍ ഇനി ജീവിച്ചിരിക്കേണ്ട. തുടര്‍ന്ന് അവര്‍ കരിന്തണ്ടനെ ചതിച്ച് കൊല്ലുകയായിരുന്നു.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram