മലയാള സിനിമയെ ഞെട്ടിക്കാൻ ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണി.

Posted by Online Desk, 28 Jul, 2018

 

ചരിത്രഗതികളും ഒന്നരനൂറ്റാണ്ടു മുമ്പുള്ള കാലഘട്ടവും പുന:സൃഷ്ടിക്കുന്ന കായംകുളം കൊച്ചുണ്ണി മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിക്കാന്‍ തയ്യാറാകുന്നു. മലയാള സിനിമ ഇതുവരെ സാക്ഷ്യം വഹിക്കാത്ത വിശാലമായ ക്യാന്‍വാസിലാണ് കായംകുളം ജനിക്കുന്നത്. അഞ്ചോളം സാധാരണ മലയാള സിനിമയുടെ ബഡ്ജറ്റാണ് കായംകുളം കൊച്ചുണ്ണിക്ക്. ഏകദേശം 45 കോടിരൂപ! മലയാള സിനിമയെ സംബന്ധിച്ച് ഇതൊരു വലിയ മുടക്കുമുതല്‍ ആണ്. ശ്രീ ഗോകുലം മൂവീസ് ആണ് കായംകുളം കൊച്ചുണ്ണി നിര്‍മ്മിക്കുന്നത്. പഴയകാലത്തെ പുന:സൃഷ്ടിക്കാനായി രൂപകല്‍പ്പന ചെയ്ത സെറ്റു മാത്രമായി 12 കോടി രൂപയാണ് ചിലവുവന്നത്.


വന്‍ താരസാന്നിധ്യത്താലും ബഡ്ജറ്റിന്റെ കാര്യത്തിലും മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമെന്ന വിശേഷണം സ്വന്തമാക്കിയാണ് കായംകുളം കൊച്ചുണ്ണി റിലീസിനൊരുങ്ങുന്നത്. സെറ്റുകള്‍ക്ക് 1830ന്റെ പൈതൃകം ഏതൊരു സിനിമയുടെയും വലിപ്പം നിശ്ചയിക്കുന്നത് സിനിമയ്ക്ക് തിരഞ്ഞെടുക്കുന്ന വിഷയമാണ്. കായംകുളം കൊച്ചുണ്ണിയുടെ കഥാപശ്ചാത്തലവും കാലഘട്ടവുമെല്ലാം വിശാലമായ കാന്‍വാസില്‍ അടയാളപ്പെടുത്തപ്പെട്ടതായിരുന്നു. സ്വഭാവികമായും കൊച്ചുണ്ണിയുടെ ജീവിതം പറയുന്നൊരു സിനിമയെ ചെറിയൊരു ക്യാന്‍വാസിലേയ്ക്ക് പകര്‍ത്തിയെഴുതാനാകില്ല.


കായംകുളം കൊച്ചുണ്ണിയുടെ ജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളി ഇതുതന്നെയായിരുന്നു. പഴയകാലത്തെ പുന:രാവിഷ്‌കരിച്ച് സത്യസന്ധമായി കഥപറഞ്ഞു പോകണമെങ്കില്‍ സാമ്പത്തികമായും മാനസികമായും പിന്തുണ നല്‍കുന്നൊരു നിര്‍മ്മാതാവ് ആയിരുന്നു മറ്റൊരു വെല്ലുവിളി. ഗോകുലം ഗോപാലന്‍ നിര്‍മ്മാതാവായതോടെ ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ അവസരവും ഒരുങ്ങി. ഗോകുലം ഗോപലനൊപ്പം ശ്രീഗോകുലം മൂവീസിന്റെ ചുമതലക്കാരനായ പ്രവീണിനും അഭിമാനിക്കാവുന്ന സിനിമയായിരിക്കും കായംകുളം കൊച്ചുണ്ണി. മലയാള സിനിമയെ സംബന്ധിച്ച് ഇത്തരം വലിയ ക്യാന്‍വാസുകള്‍ പശ്ചാത്തലമാക്കി സിനിമ എടുക്കാനുള്ള പ്രചോദനം കൂടിയാകും ചിത്രമെന്നത് തീര്‍ച്ച. ഈ സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അണിയറയില്‍ പല പുതിയ ചരിത്ര സിനിമകളും ഒരുങ്ങുന്നത്.


1830 കാലഘട്ടമാണ് കായംകുളം കൊച്ചുണ്ണിയില്‍ പുന:സൃഷ്ടിച്ചിരിക്കുന്നത്. പ്രശസ്തമായ ഐതിഹ്യമാലയാണ് ഇതിന്റെ തിരക്കഥയൊരുക്കാന്‍ സഞ്ജു ബോബിയെ സഹായിച്ചത്. ഐതിഹ്യമാല വായിച്ച ഓരോ മലയാളിയും ഈ കാലഘട്ടത്തെ ഭാവനയില്‍ പുന:രാവിഷ്‌കരിച്ചിട്ടുണ്ടാകും. സിനിമയൊരുക്കുമ്പോള്‍ കാലഘട്ടം സത്യസന്ധമായി പുന:രാവിഷ്‌കരിക്കുക എന്നതായിരുന്നു റോഷന്‍ ആന്‍ഡ്രൂസും സംഘവും അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളി. 1830കളിലെ സംസ്‌കാരം, ആളുകളുടെ വസ്ത്രധാരണം, ഭക്ഷണരീതി, സഞ്ചാരസാധ്യതകള്‍ ഇതെല്ലാം സത്യസന്ധമായാലേ കായംകുളം കൊച്ചുണ്ണി ഒരു റിയലിസ്റ്റിക് പീരിയോഡിക് സിനിമയാകുമായിരുന്നുള്ളൂ. ഇത്തരം വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു റിസര്‍ച്ച് വിഭാഗം തന്നെ ഒരു വര്‍ഷത്തോളം സിനിമക്ക് പിന്നില്‍ കഠിനാധ്വാനം നടത്തി. മോനിഷ,ആദില്‍, മൊഹ്‌സിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള റിസര്‍ച്ച് ടീമാണ് സിനിമയ്ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു കണ്ടെത്തിയത്.


1830കളുടെ കാഴ്ച സമ്മാനിക്കുന്ന സ്ഥലങ്ങളോ, സംസ്‌കാരമോ, നിര്‍മ്മിതികളോ ഒന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ പിന്നിടുന്ന കേരളത്തില്‍ ബാക്കിയായിട്ടില്ല. അങ്ങനെയാണ് സിനിമയ്ക്കാവശ്യമായ പശ്ചാത്തലം പൂര്‍ണ്ണമായും സെറ്റിടാന്‍ തീരുമാനിച്ചത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ആണ് സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടെയും ഭാവനയിലുള്ള കാലഘട്ടം ഇത്രറിയലിസ്റ്റിക്കായി പുന:സൃഷ്ടിച്ചത്. സെറ്റൊരുക്കുന്നവരെ കലാസംവിധായകര്‍ എന്നാണ് ഇതുവരെ പറഞ്ഞു വന്നിരുന്നത്. ഇപ്പോഴാണ് ആ പേരു മാറി പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നു പേരു വന്നത്. കായംകുളം ചന്തയിലേക്ക് ആളുകള്‍ പുഴയിലൂടെ സഞ്ചരിച്ചെത്തുന്ന പ്രദേശത്തിന്റെ ഇമേജുകള്‍ കണ്ടാല്‍ കേരളത്തിന് പുറത്തുള്ള ലൊക്കേഷനില്‍ സെറ്റിട്ടതാണെന്ന് ഒരിക്കലും പറയില്ല. അത്ര മനോഹരവും സ്വാഭാവികവുമായാണ് സുനില്‍ സെറ്റൊരുക്കിയത്.


കളരി, 1830 ലെ വലിയൊരു ഗ്രാമം, കൊട്ടാരത്തിന്റെ ഇന്റീരിയര്‍, എന്നിവയും സുനിലിന്റെ സെറ്റ് തന്നെ. വില്ലേജിന്റെ സെറ്റുകാണാന്‍ മാത്രമായി ധാരാളം ആളുകള്‍ ഇവിടെ എത്തിയിരുന്നു. കായംകുളം കൊച്ചുണ്ണി ജീവിച്ചിരുന്ന വലിയവീട്ടില്‍ പീടിക ഇന്നും കായംകുളത്തുണ്ട്. വലിയവീട്ടില്‍ പീടികയുടെ വശത്തുള്ള അമ്പലം, റോഡ്, പീടിക തുടങ്ങിയവയെല്ലാം 150 വര്‍ഷം മുമ്പ് എങ്ങനെയായിരുന്നവെന്ന് ഭാവനയില്‍ കണ്ടാണ് സെറ്റൊരുക്കിയത്. സെറ്റുകള്‍ എങ്ങനെയൊരുക്കണമെന്ന ചര്‍ച്ചക്കൊടുവില്‍ മിനിയേച്ചറുകള്‍ ഉണ്ടാക്കുകയും അതില്‍ പിന്നീട് മാറ്റങ്ങള്‍ വരുത്തി അവസാന രൂപത്തിലേക്ക് എത്തിച്ചേരുകയുമായിരുന്നു. കായികമായും മാനസികമായും ഒരുപാട് പേരുടെ കഠിനാധ്വാനമാണ് കായംകുളം കൊച്ചുണ്ണിക്ക് ഒരുക്കിയിരിക്കുന്ന വിശാലമായ ക്യാന്‍വാസ്.


കളരിയാണ് പ്രധാന ലൊക്കേഷനുകളിലൊന്ന്. ഏതാണ്ട് 20 ദിവസം കൊണ്ടാണ് കളരിയുടെ പണി പൂര്‍ത്തിയായത്. ഇവിടെയാണ് ചിത്രീകരണം തുടങ്ങിയത്. രാജകൊട്ടാരത്തിന്റെ ഇന്റീരിയര്‍ 10 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. ഗ്രാമത്തിന്റെ സെറ്റ് പൂര്‍ത്തിയാക്കാന്‍ 25 ദിവസമെടുത്തു. നൂറ്റമ്പതോളം ചെറിയ വീടുകള്‍ ഉള്‍പ്പെടെ ചെയ്ത വില്ലേജിന്റെ സെറ്റ് കലാസംവിധാന മികവ് വിളിച്ചോതുന്നതാണ്. 135 ദിവസത്തെ ചിത്രീകരണം പ്‌ളാന്‍ ചെയ്താണ് കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ്ങ് ആരംഭിച്ചത്. പക്ഷെ പൂര്‍ത്തിയാകാന്‍ 161 ദിവസമെടുത്തു. അപ്രതീക്ഷിതമായ മഴയും രണ്ടുപ്രാവശ്യത്തോളം നിവിന്‍പോളിക്ക് പരിക്കേറ്റതുമെല്ലാം ചിത്രീകരണം പ്രതീക്ഷിച്ചതിലും ഒരുമാസത്തോളം നീളാന്‍ കാരണമായി. അറുന്നുറോളം ആളുകളായിരുന്നു ഓരോ ദിവസത്തെ ചിത്രീകരണത്തിലും പങ്കെടുത്തത്. കൊച്ചി, ഗോവ, മംഗലാപുരം, ഉഡുപ്പി, മണിപ്പാല്‍, കാസര്‍കോഡ്, കടപ, പാലക്കാട്, ശ്രീലങ്ക എന്നിവിടങ്ങളിലായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം.


മോഹന്‍ലാലിന്റെ മാസ് എന്‍ട്രി താരസാന്നിധ്യം കൊണ്ടും സമ്പന്നമാണ് കായംകുളം കൊച്ചുണ്ണി. സിനിമയുടെ ഭാഗമായി മോഹന്‍ലാല്‍ എത്തിയതോടെയാണ് സിനിമയുടെ ഗ്‌ളാമറും വിപണിമൂല്യവും കുത്തനെ ഉയര്‍ന്നത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കി നിര്‍മ്മിക്കുന്നൊരു ചിത്രത്തില്‍ മോഹന്‍ലാലിനെപ്പോലെ വിപണിമൂല്യമുള്ളൊരു താരം അത്യാവശ്യഘടകമാണ്. ഇത്തിക്കരപക്കിയെന്ന കാമിയോ സ്വഭാവമുള്ളൊരു വേഷം ചെയ്യാന്‍ മോഹന്‍ലാല്‍ തയ്യാറായത് തന്നെയാണ് റിലീസിന് മുമ്പേ കായംകുളം കൊച്ചുണ്ണി ഇത്രയേറെ പ്രതീക്ഷ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ സാഹചര്യം ഒരുക്കിയത്. ഇത്തിക്കരപക്കിയെന്ന കഥാപാത്രമായി കമലഹാസന്‍, നാഗാര്‍ജ്ജുന, മലയാളത്തിലെ യുവനടന്‍മാര്‍, തമിഴിലെ ചില പ്രശസ്തര്‍ അങ്ങനെ പല പേരുകള്‍ ആദ്യഘട്ടത്തില്‍ കടന്നു വന്നു.