നല്ല സിനിമകള്‍ക്ക് മലയാളത്തില്‍ ഇന്നും സുവര്‍ണ്ണകാലമാണെന്ന് അടിവരയിടുന്ന ശുഭകരമായ പ്രതീക്ഷകളാണ് ഫെബ്രുവരി സമ്മാനിക്കുന്നത്. ഫെബ്രുവരി 7ന് റിലീസായ വരനെ ആവശ്യമുണ്ട്, അയ്യപ്പനും കോശിയും എന്നീ സിനിമകള്‍ മികച്ച അഭിപ്രായവും കളക്ഷനും നേടി മൂന്നാമത്തെ ആഴ്ചയും തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സുകളിൽ തുടരുകയാണ്. ഒരേ ദിവസം റിലീസ് ചെയ്ത രണ്ടു ചിത്രങ്ങള്‍ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി തിയേറ്ററില്‍ തരംഗമാകുന്നത് മലയാള സിനിമയെ സംബന്ധിച്ച് ശുഭകരമാണ്.
മികച്ച സിനിമകളാണെങ്കില്‍ പ്രേക്ഷകര്‍ തിയേറ്ററില്‍ സിനിമ വിജയിപ്പിക്കുമെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.
സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് ആദ്യമായി സംവിധായകനാകുന്ന സിനിമയാണ് വരനെ ആവശ്യമുണ്ട്. ദുല്‍ഖര്‍ സല്മാന് നിര്‍മ്മാതാവായി ആദ്യം തിയേറ്ററിലെത്തുന്ന സിനിമ കൂടിയാണിത്. സംവിധായകന് പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്റെ തിയേറ്ററിലെത്തുന്ന ആദ്യ മലയാള സിനിമയാണ് വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപിയും ശോഭനയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഈ ഘടകങ്ങളെക്കാളെല്ലാം ഉപരി പ്രേക്ഷകനെ ആകര്‍ഷിക്കുന്ന ഫീല്‍ഗുഡ് സിനിമയെന്ന സ്വീകാര്യതയാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമയെ ഹിറ്റാക്കിയത്. ശരിക്കും സത്യൻ അന്തിക്കാട് സ്ക്കൂളി
ന്റെ പിൻഗാമിയാണ് താനെന്ന് അനൂപ് അടിവരയിട്ട് പ്രഖ്യാപിക്കുന്ന ഈ ചിത്രം മികച്ച ഇനീഷ്യല്‍ സ്വന്തമാക്കിയിരുന്നു. അതിനു ശേഷം 18 ദിവസം കൊണ്ട്
25 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് വരനെ ആവശ്യമുണ്ട്
നേടിയത്. ദുല്‍ഖറിന്റെ നിര്‍മ്മാണകമ്പനിയായ വെഫെയററര് ഫിലിംസാണ് ഔദ്യോഗികമായി ചിത്രത്തിന്റെ കളക്ഷന്‍ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. സിനിമയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
തിരക്കഥാകൃത്ത് സച്ചി സംവിധായകനെന്ന നിലയില്‍ സ്ഥാനമുറപ്പിച്ച സിനിമയെന്ന നിലയിലാകും അയ്യപ്പനും കോശിയും അടയാളപ്പെടുത്തപ്പെടുക.
പൃഥിരാജും ബിജുമേനോനും പ്രധാനവേഷത്തിലെത്തുന്ന അയ്യപ്പനും കോശിയും പുതമയും വ്യത്യസ്തതയും സമ്മാനിക്കുന്ന ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലം ഒപ്പിയെടുക്കാന്‍ ശ്രമം നടത്തിയിരിക്കുന്ന അയ്യപ്പനും കോശിയും ഓരോ ഫ്രെയിമിലും പുതുമയും പിരിമുറക്കവും നല്കുന്ന സിനിമയെന്ന നിലയിലാണ് തീ തിയേറ്ററില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. സംവിധായകന് രഞ്ജിത്തും പി.എം.ശശിധരനുമാണ് അയ്യപ്പനും കോശിയും നിര്‍മ്മിച്ചിരിക്കുന്നത്. 25 കോടിക്ക് മുകളിലാണ് ആദ്യത്തെ പതിനെട്ട് ദിവസം കൊണ്ട് അയ്യപ്പനും കോശിയും നേടിയിരിക്കുന്ന ഗ്രോസ് കളക്ഷന്‍. കേരളത്തില്‍ നിന്ന് മാത്രം 20 കോടിയിലേറെ രൂപയാണ് അയ്യപ്പനും കോശിയും ഈ ദിവസങ്ങളിൽ നേടിയ ഗ്രോസ് കളക്ഷന്‍.
മൂന്നാമത്തെ ആഴ്ചയും തിയേറ്ററില്‍ തുടരുന്ന രണ്ടുസിനിമകളും മികച്ച കളക്ഷന്‍ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മലയാളത്തിലെ മൂന്ന് മുന്‍നിര അഭിനേതാക്കള്‍ അണിനിരക്കുന്ന രണ്ട് സിനിമകളാണ് ഒരോ ദിവസം തിയേറ്ററിലെത്തി മികച്ച അഭിപ്രായം സ്വന്തമാക്കി മുന്നേറുന്നതെന്നത് ശ്രദ്ധേയമാണ്. ഫാന്സുകള് സിനിമകള്‍ കൂകി തോല്‍പ്പിക്കുന്നൊരു കാലത്താണ് ദല്ഖറും, പൃഥിരാജും, ബിജുമേനോനും പ്രധാനവേഷത്തിലെത്തിയ രണ്ടു സിനിമകള്‍ ഇത്തരത്തില്‍ മികച്ച കളക്ഷനുമായി പ്രേക്ഷകരുടെ പ്രതീനേടി മൂന്നാംവാരത്തിലേയ്ക്ക് കടന്നിരിക്കുന്നത്. ഫാന്സുകള് തമ്മിലുള്ള കിടമത്സരമല്ല ഒരു സിനിമയുടെ വിജയം നിശ്ചയിക്കുന്ന ഘടകമെന്ന ആവര്‍ത്തിച്ച് തെളിയിച്ചാണ് രണ്ടു സിനിമകളും തിയേറ്ററില്‍ മികച്ച അഭിപ്രായവും മികച്ച കളക്ഷനും നേടിയിരിക്കുന്നത്. മലയാള സിനിമയില്‍ പുതിയൊരു ആസ്വാദനസംസ്കാരത്തിന് തുടക്കം കുറിക്കാന്‍ വരനെ ആവശ്യമുണ്ട്, അയ്യപ്പനും കോശിയും എന്നീ സിനിമകൾ നേടിയ വിജയം തുടക്കമാകുമെന്ന് പ്രതീക്ഷിക്കാം.