ജേക്കബ്ബിന്‍റെ സ്വര്‍ഗ്ഗരാജ്യം

Posted by വി.ജി നകുല്‍, 27 Apr, 2016

ജേക്കബ്ബിന്‍റെ സ്വര്‍ഗ്ഗരാജ്യം- സന്തോഷിപ്പിക്കും ജേക്കബ്ബിന്‍റെ സ്വര്‍ഗ്ഗം

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മുന്‍ചിത്രങ്ങളുടെ ഹാംഗ് ഓവര്‍ ഉള്ള കാഴ്ചക്കാരന് ജേക്കബ്ബിന്‍റെ സ്വര്‍ഗ്ഗരാജ്യം എത്രത്തോളം ആസ്വാധ്യകരമാകുമെന്നറിയില്ല. എങ്കിലും ആശങ്കകളില്ലാതെ വ്യക്തമാക്കാവുന്ന ഒന്നുണ്ട് ഒരു മികച്ച കുടുംബചിത്രമാണിത്. രണ്ടരമണിക്കൂര്‍ ഒരു കുടംബത്തിനുള്ളില്‍ നടക്കുന്ന സംഭവവികാസങ്ങളെ മുഷിപ്പുണ്ടാക്കാതെ കണ്ടിരിക്കുവാന്‍ പ്രേരിപ്പിക്കുണ്ട് ചിത്രം. കുടംബചിത്രങ്ങളെന്ന ടാഗ് ലൈനില്‍ സമീപകാലത്ത് മലയാളത്തിലുണ്ടായ ചലച്ചിത്രങ്ങളില്‍ കുടുംബം ഒരു മുഖ്യ ഘടകമാക്കി നിര്‍ത്തി അതിലാരുടെയെങ്കിലുമൊക്കെ കഥ പറഞ്ഞു പോകുന്നതാണ് പതിവെങ്കില്‍ ജേക്കബ്ബിന്‍റെ സ്വര്‍ഗ്ഗരാജ്യം ആറംഗങ്ങളുള്ള ഒരു കുടുംബത്തിന്‍റെ സന്തോഷവും, സങ്കടവും, വിജയങ്ങളും, പരാജയവും, അതിജീവനവുമൊക്കെയാണ് രണ്ടര മണിക്കൂറില്‍ വരച്ചിടുന്നത്. അതിനിടേയുള്ള തമാശകളും, പ്രണയവും, സംഘര്‍ഷങ്ങളും ഒക്കെ ചിത്രത്തെ ആസ്വാധ്യകരമാക്കുന്നുണ്ട്.

 

മലയാളിയും, ദുബായില്‍ സ്ഥിര താമസമാക്കിയ ബിസിനസ്സുകാരനുമായ ജേക്കബ്ബ് സഖറിയ എന്ന പ്രവാസിയുടെയും അയാളുടെ ഭാര്യയും, മൂന്നാണ്‍മക്കളും, ഒരു മകളുമടങ്ങുന്ന കുടുംബത്തിന്‍റെയും കഥയാണ് ജേക്കബ്ബിന്‍റെ സ്വര്‍ഗരാജ്യം. തികഞ്ഞ അദ്വാനിയും, സഹൃദയനും, ഉത്തമ കുടുംബനാഥനുമായ ജേക്കബ്ബ് ജീവിക്കുന്നതു തന്നെ തന്‍റെ മക്കള്‍ തന്നേക്കാള്‍ ഉയരത്തില്‍ വളരുന്നതു കാണാനാണ്. അയാളുടെ സ്വപ്നങ്ങള്‍ക്കൊപ്പം ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നത് മൂത്ത മകനായ ജെറിയാണ്. അവന്‍ യുകെയിലേക്ക് പോയി എം.ബി.എ പഠിക്കുവാന്‍ തയ്യാറെടുക്കുകയാണ്. രണ്ടാമത്തെ മകന്‍ എബിന്‍ സംഗീതത്തില്‍ തത്പരനും, സുഹൃത്തുക്കള്‍ക്കൊപ്പം ചുറ്റി നടക്കുവാനാഗ്രഹിക്കുന്നവനുമാണ്. മകള്‍ അമ്മു കേരളത്തിലേക്ക് എം. ബി. ബി. എസ് പഠിക്കുവാന്‍ പോകുന്നു. ഏറ്റവും ഇളയ മകനായ ക്രിഷ് ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയും. ശാന്ത സുന്ദരമായി ജീവിതം മുന്നോട്ട് പോകുന്നതിനിടയില്‍ അവരുടെ കുടുംബത്തിന്‍റെ സന്തോഷം തകര്‍ത്ത് ജേക്കബ്ബിന്‍റെ ബിസിനസ്സ് തകരുന്നു. അവര്‍ വലിയ കടക്കെണിയില്‍ പെടുകയും, ജേക്കബ്ബിന് പലവിധ കേസുകള്‍ മൂലം നാടുവിട്ടു പോകേണ്ടി വരുകയും ചെയ്യുന്നു. അതോടെ കുടുംബത്തെ ബാധിച്ച വലിയ സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്വം മൂത്ത മകനായ ജെറിയുടെ ചുമലിലാകുന്നു. അവിടുന്നങ്ങോട്ട് ജേക്കബ്ബിന്‍റെ കുടുംബം നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങളാണ് ജേക്കബ്ബിന്‍റെ സ്വര്‍ഗ്ഗരാജ്യം.

 

മികച്ച തിരക്കഥയും, കയ്യടക്കമുള്ള സംവിധാനവും, ജോമോന്‍ ടി ജോണ്‍ പകര്‍ത്തിയ ദൃശ്യങ്ങളുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഒരു ഫാമിലി ഇമോഷണല്‍ ഫീല്‍ ഗുഡ് ഡ്രാമ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം ഒരു സ്ലോ റിഥത്തിന്‍റെ ചുവടുപിടിച്ചാണ് വിനീത് പറഞ്ഞിരിക്കുന്നത്. ജേക്കബ്ബായി വന്ന രഞ്ജി പണിക്കര്‍ തന്‍റെ വേഷം ഗംഭീരമാക്കിയപ്പോള്‍, ജെറിയായി നിവിന്‍ പോളിയും, അബിനായി ശ്രീനാഥ് ഭാസിയും തിളങ്ങി. ഒപ്പം സായ്കുമാര്‍, ടി.ജി രവി, ദിനേശ് പ്രഭാകര്‍, ക്രിസ് എന്ന കഥാപാത്രമായി മാസ്റ്റര്‍ സ്റ്റെസന്‍, അമ്മുവായി ഐമ സെബാസ്റ്റ്യന്‍, ജേക്കബ്ബിന്‍റെ ഭാര്യ ഷേര്‍ലിയായി ലക്ഷ്മി രാമകൃഷ്ണന്‍ എന്നിവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ഒന്നോ രണ്ടോ സീനുകളില്‍ നിവിന്‍പോളിയുടെ ജോഡിയായ ചിപ്പിയായി പ്രത്യക്ഷപ്പെടുന്ന നവാഗത റേബ മോണിക്ക ജോണും, വില്ലന്‍ കഥാപാത്രമായ മുരളി മേനോനായി അശ്വിന്‍ കുമാറും നന്നായി. ഒന്നു പാളിയിരുന്നെങ്കില്‍ ഒരു അറുബോറന്‍ അനുഭവമായേക്കാമായിരുന്ന ചിത്രം വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകന്‍റെ കഴിവിനെ അടയാളപ്പെടുത്തുന്നു. ഒരു കണ്ണീര്‍ കഥയോ, ദുരന്ത നാടകമോ അല്ലാതെ കാഴ്ചക്കാരിലും ദുരന്തങ്ങളെ സമചിത്തതയോടെ നേരിടാനാകുമെന്ന സന്ദേശം ചിത്രം തരുന്നു. രഞ്ജന്‍ എബ്രഹാമിന്‍റെ എഡിറ്റിംഗും, ഷാന്‍ റഹ്മാന്‍റെ സംഗീതവും ചിത്രത്തെ സഹായിക്കുന്നുണ്ട്. ചിത്രത്തിലെ ജേക്കബ്ബ് എന്ന കഥാപാത്രം പറയും പോലെ ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു നില്‍ക്കുമ്പോഴും ആരുടേയും കണ്ണില്‍ നോക്കി ഏതു കാര്യത്തേക്കുറിച്ചും ഗ്രാഹ്യത്തോടെ സംസാരിക്കുന്നവര്‍ക്കേ വിജയിക്കുവാനാകൂ എന്നതാണ് ചിത്രത്തിന്‍റെ ആദ്യന്തികമായ തലം.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram