കവിത പോലെ ആമി

Posted by വി.ജി നകുല്‍ , 10 Feb, 2018

 
 
 
 
 
മാധവിക്കുട്ടി : മറ്റൊരാള്‍ക്കും ഏറെയൊന്നും മനസ്സിലാകാത്ത വിശുദ്ധയായ ഉന്‍മാദി. പ്രണയവും കലഹവുമായിരുന്നു അവര്‍. മാധവിക്കുട്ടിയായും ആമിയായും നാലപ്പാട്ട് കമലയായും കമലാ ദാസായും ഒടുവില്‍ കമലാ സുരയ്യയായും അവര്‍ ഒരു ജന്‍മത്തില്‍ ജീവിച്ചു തീര്‍ത്ത ജന്‍മങ്ങളെത്രയോ. സ്വപ്‌നത്തിനും യാഥാര്‍ത്ഥ്യത്തിനും മധ്യേയുള്ള ഒരു നൂല്‍പാലത്തിലായിരുന്നു അവരിലെ എഴുത്തുകാരിയുടെ ജീവിതം. ആരെയും മനസ്സറിഞ്ഞ് സ്‌നേഹിക്കാനും നിഷ്‌കളങ്കമായി വിശ്വസിക്കാനും അവര്‍ക്കു സാധിച്ചു. ഒരു പക്ഷേ അവരെ ഏറ്റവുമധികം വേദനിപ്പിച്ചതും അങ്ങിനെ ചില ബന്ധങ്ങളായിരിക്കാം. അപ്പോഴും അവരെയാരെയും അവര്‍ വെറുത്തില്ല , ശപിച്ചില്ല. മനുഷ്യരെന്താ ഇങ്ങനെ എന്നതായിരുന്നിരിക്കാം അപ്പോഴും അവരുടെ സംശയം. കാരണം , അവര്‍ക്ക് വെറും മനുഷ്യരുടെ കപടതയോ കുശാഗ്ര ബുദ്ധിയോ വശമില്ലായിരുന്നു. അവര്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതും ജീവിച്ചതുമൊക്കെ അത്രമേല്‍ സത്യസന്ധമായ ഒരു തലത്തിലായിരുന്നു.
 
മാധവിക്കുട്ടിയുടെ ജീവിത കഥ കമല്‍ ആമി എന്ന പേരില്‍ സിനിമയാക്കുന്നു എന്നു പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങളും തുടങ്ങി. ആദ്യം വിദ്യാബാലനെയായിരുന്നു കമല്‍ മാധിക്കുട്ടിയാകാന്‍ തിരഞ്ഞെടുത്തത്. എന്നാല്‍ ഇപ്പോഴും ദുരൂഹമായ ചില കാരണങ്ങളാല്‍ അവര്‍ സിനിമയില്‍ നിന്നും പിന്‍മാറി. സംവിധായകനും നടിയും അതിനു പറയുന്ന കാരങ്ങള്‍ രണ്ട്. പിന്നെ തബുവും , പാര്‍വ്വതിയും , പാര്‍വ്വതി തിരുവോത്തുമൊക്കെ തത്ഥാനത്തേക്കു പറഞ്ഞു കേട്ടു. ഒടുവില്‍ ആമിയായത് മഞ്ജു വാര്യര്‍. അവിടെയും തീര്‍ന്നില്ല. മഞ്ജു മാധവിക്കുട്ടിയായാല്‍ അത് വെറും പ്രച്ഛന്നവേഷമാകും എന്നതായി പുതിയ വിമര്‍ശനം. ഒപ്പം കമലിനെതിരെ ഉയര്‍ന്ന വര്‍ഗീയ വിമര്‍ശനങ്ങളും ചേര്‍ന്നപ്പോള്‍ വിവാദങ്ങള്‍ കൊഴുത്തു. സകല പ്രതിബന്ധങ്ങളെയും ഒരു വിധം മറി കടന്ന് ആമി തിയേറ്ററുകളിലെത്തിക്കാമെന്ന അവസ്ഥയില്‍ പ്രദര്‍ശനാനുമതി തടയണമെന്ന പരാതിയുമായി ഒരാള്‍ കോടതിയില്‍ ചെന്നു. അവിടയും ആമി സുരക്ഷിതയായി. യഥാര്‍ത്ഥ മാധവിക്കുട്ടി ജീവിതകാലത്താകെ നേരിട്ടത്ര വിവാദങ്ങളില്ലങ്കിലും സിനിമയിലെ മാധവിക്കുട്ടിയെയും ചിലര്‍ ഭയന്നു. ഈ സിനിമ ഒരിക്കലും ജനം കാണരുതെന്ന് ചിലര്‍ ആഗ്രഹിച്ചിരുന്നുവോ ...... ? 
 
എന്തായാലും ആമി തിയേറ്ററുകളിലെത്തി. ചുരുക്കത്തില്‍ പറയാം , ശരാശരിയ്ക്കും മുകളില്‍ നില്‍ക്കുന്ന ഒരു ജീവ ചരിത്ര സിനിമയാണ് ആമി. മികച്ച സംവിധാനവും അതിലും മികച്ച ഛായാഗ്രാഹണവും മെച്ചപ്പെട്ട തിരക്കഥയും അഭിനേതാക്കളുടെ പാടവവും ചേര്‍ന്ന് കവിത പോലെ മനോഹരമായ ഒരു ചെറു സിനിമ. 
 
മാധവിക്കുട്ടിയുടെ ജീവിതമാണ് ആമി. അവരില്‍ മാത്രം കേന്ദ്രീകരിക്കുന്ന , അവരുടെ ജീവിതത്തിലെ പ്രധാനവും പൊതു സമൂഹത്തിന് ഒട്ടൊക്കെ പരിചിതവുമായ സംഭവവികാസങ്ങള്‍ കോര്‍ത്തിണക്കിയതുമായ ആഖ്യാനം. മാധവിക്കുട്ടിയെ അറിയുന്ന അവരുടെ രചനകള്‍ വായിച്ചിട്ടുള്ളവര്‍ക്കാകും ആമി കുറച്ചു കൂടി തീവ്രമായി ആസ്വദിക്കുവാനാകുക. എങ്കിലും ഏതു വിഭാഗം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുവാന്‍ തക്ക ആഖ്യാന ശുദ്ധി സംവിധായകന്‍ കമല്‍ ആമിയില്‍ പ്രയോഗിച്ചിരിക്കുന്നു.
 
മാധവിക്കുട്ടിയുടെ രചനകളില്‍ വിവാദക്കൊടുമുടി കയറിയ എന്റെ കഥയുടെ പശ്ചാത്തലത്തിലാണ് കമല്‍ ആമിയുടെ തിരക്കഥ എഴുതിയതെന്ന് വ്യക്തം. അതിലെ പരാമര്‍ശങ്ങളാണ് സിനിമയുടെ ആദ്യപാതിയില്‍ കഥാഗതിയെ നിയന്ത്രിക്കുന്നത്. എന്നാല്‍ അതൊരിക്കലും വിപണി സാധ്യതകള്‍ക്കനുസരിച്ച് തരം മാറ്റി പ്രയോഗിച്ചിട്ടില്ല എന്നതും എടുത്തു പറയണം. അവരുടെ ബാല്യവും കൗമാരവും വിവാഹ ശേഷമുള്ള ജീവിതവും കല്‍ക്കത്തയും പുന്നയൂര്‍ക്കുളവും എന്റ കഥയും അതിന്റെ തുടര്‍ പ്രശ്‌നങ്ങളുമൊക്കെ ആദ്യ പാതിയില്‍ ഇടകലര്‍ത്തിയവതരിപ്പിച്ചിരിക്കുന്നു. എങ്കിലും ആദ്യ പാതിയുടെ അവസാന രംഗങ്ങളില്‍ ചിലതൊക്കെ അനാവശ്യമായിരുന്നു. സിനിമയെ അവയല്‍പ്പം മന്ദതാളത്തിലാക്കിയെന്നും പറയാം. 
 
രണ്ടാം പാതി കേരളീയ പൊതു സമൂഹത്തില്‍ മാധവിക്കുട്ടി വാര്‍ത്താ ബിംബമായ നിരവധി സംഭവങ്ങളുടെ ചേര്‍ത്തു വയ്പ്പാണ്. കാവ്യ ഭാവത്തില്‍ നിന്നും സിനിമ സങ്കീര്‍ണ്ണമായ മറ്റൊരു തലത്തിലേക്കു പ്രവേശിക്കുന്നതും രണ്ടാം പാതിയിലാണ്. തിരഞ്ഞെടുപ്പില്‍ മത്സരിച്ചതും ജീവിത സായാഹ്നത്തിലെ പ്രണയവും മതം മാറ്റവും അതിന്റെ പ്രതിഷേധങ്ങളും ഒടുവില്‍ രോഗബാധിതമായ അന്ത്യ നാളുകളിലെ പൂനൈ വാസവുമൊക്കെ രണ്ടാം പകുതിയെ ഒട്ടൊക്കെ സിനിമാറ്റിക്കാക്കുന്നു. അപ്പോഴും മാധവിക്കുട്ടിയുടെ എഴുത്തും ജീവിതവും വൃക്തിത്വവും അതിന്റെ തനിമയും തീവ്രതയും ചോരാതെ തന്നെ സംവിധായകന്‍ സിനിമയില്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു. 
 
മാധവിക്കുട്ടിക്കൊപ്പം ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്ന കൃഷ്ണ സാന്നിധ്യമാണ് സിനിമയെ വൈകാരികവും കാവ്യാത്മകവുമാക്കുന്നത്. ചിലയിടങ്ങളില്‍ അത് ആവര്‍ത്തന വിരസത സൃഷ്ടിക്കുന്നുവെങ്കിലും കഥ പറച്ചില്‍ ലളിതവും വേറിട്ടതുമാക്കാന്‍ സംവിധായകന്‍ കണ്ടെത്തിയ മാധവിക്കുട്ടിയുടെ നിത്യകാമുകനായ ശ്രീകുഷ്ണന്‍ സിനിമയുടെ ആകെത്തുകയില്‍ ഭംഗിയുള്ള 
ഘടകമാണ്.
 
മാധവിക്കുട്ടിയായി മഞ്ജു വാര്യരോ എന്നു തല ചൊറിഞ്ഞവര്‍ക്കുള്ള മറുപടിയാണ് ആമി. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ മാധവിക്കുട്ടിയായി സ്വയമറിയാതെ പരുവപ്പെടാന്‍ അവര്‍ക്കു സാധിച്ചു എന്നു തന്നെ പറയാം. സംസാര ശൈലിയിലുള്‍പ്പടെ തന്റെ മുന്‍ കഥാപാത്രങ്ങളുടെ ഭാരം ചുമക്കാതെയാണ് അവര്‍ മാധവിക്കുട്ടിയെ സ്വീകരിച്ചത്. വിവിധ കാലഘട്ടങ്ങളിലെ രംഗങ്ങള്‍ അതിന്റെ തന്‍മയത്വം നഷ്ടപ്പെടുത്താതെയവതരിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു. മാധവദാസായി മുരളി ഗോപിയും അക്ബര്‍ അലിയായി അനൂപ് മേനോനും തിളങ്ങി. ശ്രീകൃഷ്ണന്റെ കാമുക ഭാവങ്ങള്‍ ടൊവിനോ തോമസില്‍ ഭദ്രമായിരുന്നു. മുന്‍പ് പൃഥ്വിരാജിനായി സൃഷ്ടിച്ച കഥാപാത്രമെങ്കിലും ടൊവിനോ മോശമാക്കിയില്ല. മറ്റ് അഭിനേതാക്കള്‍ക്കാര്‍ക്കും തന്നെ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. രാഹുല്‍ മാധവിന്റെ കഥാപാത്രം എന്തിനായിരുന്നു ?
 
സിനിമയില്‍ കല്‍ക്കത്തയും ബോംബെയുമൊക്കെ അതാത് കാലഘട്ടങ്ങളെ അനുസ്മരിപ്പിക്കും വിധം പുനര്‍ നിര്‍മ്മിച്ചതില്‍ കലാസംവിധായകന്‍ ഗോകുല്‍ ദാസിനും സംഘത്തിനും അഭിമാനിക്കാം. മറ്റൊന്ന് സിനിമയുടെയാകെ ഭംഗി പതിന്‍മടങ്ങാക്കിയ മധു നീലകണ്ഡന്റെ ഛായാഗ്രാഹണം. മാധവിക്കുട്ടിയുടെ ബാല്യകാല രംഗങ്ങള്‍ക്ക് പശ്ചാത്തലമാകുന്ന പുന്നയൂര്‍ക്കുളവും കല്‍ക്കത്തയുമൊക്കെ മധുവിന്റെ കാമറ അതി മനോഹരമായി ഒപ്പിയെടുത്തു. ബിജി പാലിന്റെ പശ്ചാത്തല സംഗീതമാണ് ആമിയുടെ മറ്റൊരു പ്രധാന സവിശേഷത. അവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന ബിജിയുടെ സംഗീതം സിനിമയുടെ മൊത്തം ഭാവത്തെ മിഴിവുള്ളതാക്കി. ജീവ ചരിത്ര സിനിമകളുടെ സ്ഥിരം വൈകാരികതയും നാടകീയതയും ആമിയെയും വിഴുങ്ങി.
 
മാധവിക്കുട്ടിയുടെ പൂനൈയിലെ അന്ത്യ കാലത്താണ് സിനിമ അവസാനിക്കുന്നത്. അവരുടെ മരണത്തിന് തൊട്ടു മുന്‍പ് സിനിമ തീരുന്നു. മാവധിക്കുട്ടി നായികയായ പലവിധ വിവാദങ്ങള്‍ സിനിമയില്‍ കാട്ടുന്നുണ്ടെങ്കിലും അതൊന്നും ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയിലാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. വലിയ വിവാദങ്ങളുണ്ടാക്കിയേക്കാമായിരുന്ന പലതും ഇത്തരത്തില്‍ പറഞ്ഞു പോകാന്‍ കമലിനായത് സംവിധാനത്തിലെ കുശലതയാണ്. കൃഷ്ണനുമായും അക്ബറുമായുമുള്ള ആമിയുടെ പ്രണയ രംഗങ്ങളിലും മാധവദാസുമായുള്ള അവരുടെ സ്വകാര്യ നിമിഷങ്ങളിലും അത്തരമൊരു കൈയൊതുക്കം സൂക്ഷിക്കാന്‍ കമലിനായി. 
 
ചുരുക്കത്തില്‍ ആമി ഒരു നല്ല സിനിമാനുഭവം തന്നെ. കവിത പോലെ ഒരു ചെറിയ സിനിമ. ധൈര്യമായി ടിക്കറ്റെടുക്കാം. 
 
..............................
 
loading...
NEW GEN

Priya Prakash Varrier Has A Huge Crush On This Indian Cricketer

Priya is just 18, but her expressions have generated more conversations than any we have seen in recent times.

Baaghi 3 to go on floors in December

Actor Tiger Shroff will start shooting for the third instalment of Baaghi in China in December

AR Rahman and Sivakarthikeyan to team up.

Now the director is ready with his second script which would be funded by 24 AM Studios and would feature Sivakarthikeyan. The exciting part about this project is that AR Rahman

Box Office: Velipaadinte Pusthakam to Ramaleela

Heres the box office collection of latest releases. The collection notes most of the recent releases had marked hit status in boxoffice despite its reviews.