മാമാങ്കം വളച്ചൊടിക്കാത്ത ചരിത്രത്തിന്റെ വിജയ കാവ്യം

Posted by ANOOP , 16 Dec, 2019



നിലപാടുതറയിൽ വീഴുന്ന ഓരോ തുള്ളി ചോരയും അന്യന്റ നിലപാടുകൾക്കു വേണ്ടിയാണ്. അധികാരമുള്ളവന്റെ നിലപാടുകൾക്കു വേണ്ടി. ധീര രക്തസാക്ഷിത്വത്തിന്റെ വാഴ്ത്തുപാട്ടുകളിൽ കൊട്ടിഘോഷിച്ചു വിടുന്ന ഓരോ ചാവേറിനും പറയാനുള്ളത് നിസഹായതയുടെയും ചതിയുടെയും കഥകളാണ്. നൂറ്റാണ്ടുകൾക്കു മുമ്പ് തിരുനാവായയിൽ പലകുറി കൊണ്ടാടിയ മാമാങ്കത്തിന്റെ ദൃശ്യാവിഷ്കാരമാണ് കാവ്യ ഫിലിംസിന്റെ ബാനറിൽ വേണുകുന്നപ്പള്ളി നിർമ്മിച്ച് പത്മകുമാർ സംവിധാനം ചെയ്ത മാമാങ്കം. ഇത് യുദ്ധത്തിന്റെ ,അക്രമത്തിന്റെ വാഴ്ത്തുപാട്ടല്ല.മറിച്ച് ചതി മണക്കുന്ന  "അധികാര വഴിയിൽ പിടയുന്ന കാലാളിന്റെ" സന്ദേഹങ്ങളാണ്.ആർക്കോ വേണ്ടി ബലിയാകേണ്ടി വരുന്നവന്റെ ആത്മപീഡനങ്ങളാണ്.


    ചന്ദ്രോത്ത് വലിയ പണിക്കർ (മമ്മൂട്ടി ) ബലിപൂർത്തിയാക്കാതെ പ്രാണനെ പെരുമലക്കത്തോടെ ഉയർത്തി പിടിക്കുന്നതോടെയാണ് മാമാങ്കത്തിന് കൊടി ഉയരുന്നത്.24 വർഷങ്ങൾക്കു ശേഷം പിന്നെയും ഒരു മാമാങ്കത്തിൽ ബലിയാടുകളാകാൻ വിധിക്കപ്പെടുന്ന ശേഷക്കാർ. വലിയ പണിക്കർ ഇളമുറക്കാരുടെ മുന്നിൽ അനാവരണം ചെയ്യുന്നത് അധികാരത്തിനും ഭരണകൂടത്തിനും വേണ്ടി സ്വന്തം  ജീവന്നെ ബലിയർപ്പിക്കുന്ന വിഡ്ഡിത്തവും നിഷ്ഫലതയുമാണ്.വാഴ്ത്തുപാട്ടുകൾ ചതിയുറവകളാണ്. ചിലന്തി വലകളാണ്. അതിൽ ,ലക്ഷ്യമെത്താതെ പിടഞ്ഞു വീഴാനാണ് അഭിമന്യുമാരുടെ വിധി.


     അധികാരം, രാഷ്ട്രിയം ,മതം, ജാതി എന്നിങ്ങനെ എല്ലാ സ്ഥാപനവത്കരിക്കപ്പെടുന്ന പ്രസ്ഥാനങ്ങൾക്കും ഇത്തരം പണിക്കന്മാരെ (ചാവേറുകളെ) ആവശ്യമാണ്. ബർണാഡ് ഷാ യുടെ ആംസ് ആന്റ് ദ മാനിൽ യുദ്ധത്തിന്റെ നിഷ്ഫലതയും പട്ടാളക്കാരന്റെ ജീവിക്കാനുള്ള ത്വരയേയും വളരെ സറ്റയറിക്കലായി അവതരിപ്പിച്ചിട്ടുണ്ട്. വെടിയുണ്ടകൾക്കു പകരം കാട്രിഡ്ജ് ബോക്സിൽ ചോക്കലേറ്റുകൾ കരുതുന്ന പട്ടാളക്കാരൻ .നൃത്തവും പാട്ടും ചിത്രരചനയുമായി വല്യ പണിക്കരും വച്ചുനീട്ടുന്നത് അത്തരമൊരു ജീവിത മധുരമാണ്.


    ജീവിതമാണ് വലിയ ലഹരിയെന്ന പാപമാണ് മാമാങ്കം നിലപാടായി ഉറപ്പിക്കുന്നത്.ചിത്രത്തിലെ ഉയർന്നു പൊങ്ങുന്ന സീനുകൾക്ക് യുക്തി ഭദ്രമായ മറുപടി ചിത്രത്തിൽ തന്നെ സംവിധായകൻ പറയുന്നു.ഓരോ പോരാളിയും താനെന്ന ഭാവം വെടിഞ്ഞു ഭാരമില്ലാതാകമ്പോൾ മലക്കങ്ങൾ പെരുമലക്കങ്ങളാകുന്നു.


   ഒരു വിഷ്വൽ ട്രീറ്റാണ് മാമാങ്കം. അത് ആണധികാരത്തിന്റെ വാഴ്ത്തുപാട്ടല്ല.മറിച്ച് മനുഷ്യത്വത്തിന്റെ പുതു പുലരിക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ്.


അമാനുഷിക ഭാവങ്ങളില്ലാത്ത, വാൾ കൊണ്ടാൽ മുറിയുന്ന പച്ച മനുഷ്യനായി മെഗാസ്റ്റാർ മമ്മൂട്ടി അക്ഷരാർത്ഥത്തിൽ സ്ക്രീനിൽ ജീവിക്കുക തന്നെയാണ്. നിലപാടു തറയിലേക്ക് പാഞ്ഞു ചെന്ന് സാമൂതിരിയെ വെട്ടിക്കൊല്ലുന്ന , ഉറ്റവരെ മരണത്തിനു വിട്ടു കൊടുക്കാത്ത മാസ് ഡ്രാമ ഉണ്ടാക്കി ബോക്സ് ഓഫീസ് പ്രകമ്പനം ലക്ഷ്യമിടാത്ത മാമാങ്കം ടീമിന് നന്ദി പറയണം , സകലരും കൊമേഴ്സ്യൽ വിജയത്തിനു വേണ്ടി ലജ്ജയില്ലാതെ ചരിത്രത്തെ വളച്ചൊടിച്ച്  സിനിമ എടുക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.


അനിതര സാധാരണമായ മെയ് വഴക്കവും രൂപാന്തരവും കൊണ്ട് കൊതിപ്പിച്ചു കളയുന്നുണ്ട് ഉണ്ണി മുകുന്ദൻ. ഉണ്ണിയുടെ അഭിനയ ശേഷിയും മെയ് വഴക്കവും അത്യുഗ്രൻ. മലയാള സിനിമയിൽ ഉണ്ണിക്ക് മാമാങ്കം പുതിയൊരു കിരീടം  കരുതി വെച്ചിരിക്കയാണ് തീർച്ച.


മാമാങ്കം സിനിമ ചന്ദ്രോത്ത് ചന്തുണ്ണി എന്ന ബാലനായ  ചാവേറിന്റെ കഥ കൂടിയാണ്. അച്ചുത് എന്ന അത്ഭുത ബാലൻ അവിസ്മരണീയമാക്കിയ കഥാപാത്രം.  സിനിമയിലെ അച്ചുതിന്റെ അവസാന രംഗങ്ങൾ  വിസ്മയത്തോടെയും കണ്ണീരോടെയും മാത്രമേ കണ്ടിരിക്കാൻ കഴിയൂ. മാമാങ്കം ബാഹുബലി പോലെ ഒരു മാസ്സ് മസാല ചിത്രം എന്നു കരുതുന്നിടത്ത് പ്രേഷകന് തെറ്റാം. ജീവിച്ചിരുന്ന കഥാ പാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ഗ്രാഫിക്സിനും , അമാനുഷിക ഭാവങ്ങൾക്കും പരിമിതിയുണ്ട്. ചാവേറും ഒരു പച്ച മനുഷ്യനാണ്. അവന്റെ കഥയാണ് മാമാങ്കം.  കണ്ണു നനയിക്കുന്നു രണ്ടു മൂന്നീടങ്ങളിൽ എന്നത് സിനിമ വന്ന് പ്രേഷകന്റെ മനസ്സിൽ തൊട്ടു എന്നതിന്റെ അടയാളമാണ്. കേരളം ഇന്നോളം  കാണാത്ത കൂറ്റൻ സെറ്റുകൾ ഒരുക്കി ദൃശ്യ പൊലിമയോടെ ഒരുക്കിയിരിക്കുന്ന മാമാങ്കം പഴയ കാല കേരളത്തിന്റെ നേർ ചിത്രം വരച്ചു വെയ്ക്കുന്നുണ്ട്. ഏറെ കൊട്ടി ഘോഷിക്കപ്പെട്ട നായിക പ്രാചി തെഹ്ളാന് കാര്യമായി ഒന്നും ചെയ്യാനില്ല എന്നത് ശ്രദ്ധിക്കപ്പെടും.
 

മൊത്തത്തിൽ  മാമാങ്കം ഒരുത്സവ കാഴ്ചയാണ്. മലയാളി ഏറ്റെടുക്കേണ്ടുന്ന മനുഷ്യാധ്വാനത്തിന്റെ മഹാ കാവ്യം. മാമാങ്കം കാണാത്തവർ മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാകും കാണാതെ പോവുക.

മാമാങ്കത്തിനെതിരെ ചില കേന്ദ്രങ്ങൾ നടത്തിയ വ്യാജ പ്രചാരണങ്ങൾ തള്ളി കുടുംബങ്ങൾ തിയേറ്ററുകളിലേക്ക് ഒഴുകിത്തുടങ്ങിയത് , സത്യം ആർക്കും മറച്ചു വെയ്ക്കാനാവില്ല എന്നതിന്റെ തെളിവാണ് വേണു കുന്നപ്പിള്ളിക്കും എം. പത്മകുമാറിനും അഭിമാനിക്കാം വളച്ചൊടിക്കാത്ത ചരിത്രവുമായി ഒരു പീരിയഡ് സിനിമ ഒരുക്കിയതിന്.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram