ഒന്നിനുപിറകെ ഒന്നായി വമ്പൻ സിനിമകളിൽ നിന്ന് പുറത്തേക്ക്; ദിലീപിനെ രക്ഷിക്കാൻ ഗോപി സുന്ദർ എത്തിയതോടെ ഷാൻ യുഗം അവസാനിപ്പിച്ച് മലയാള സിനിമ
ടീസർ പാളിയതോടെ പോസ്റ്റുകൾ മുക്കി; 'ഭ ഭ ബ'യിൽ നിന്നും പുറത്തായതിന് പിന്നാലെ 'ആട് 3'യും നഷ്ടമായി; സംഗീത ലോകത്തെ ഗ്രൂപ്പിസമോ
മലയാള സിനിമയിലെ ഹിറ്റ് മെലഡികളുടെ തമ്പുരാൻ ഷാൻ റഹ്മാന്റെ കരിയർ ഗ്രാഫ് താഴേക്കോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാകുന്നു. വിനീത് ശ്രീനിവാസൻ ചിത്രങ്ങളിലൂടെയും 'ആട്' പോലുള്ള സിനിമകളിലെ മാസ്സ് ബി.ജി.എമ്മുകളിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ ഷാൻ റഹ്മാനെ ഏറ്റവും പുതിയ ചിത്രമായ 'ആട് 3'യിൽ നിന്നും മാറ്റിയെന്ന വാർത്തകളാണ് ഇപ്പോൾ ആരാധകരെ നിരാശരാക്കുന്നത്. ചിത്രത്തിലെ ഐക്കോണിക് ക്യാരക്ടർ തീമുകൾ ഷാനിന്റേതാണെങ്കിലും, സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കാൻ ഡോൺ വിൻസെന്റിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഷാനിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വർക്കുകളിൽ ഒന്നായിരുന്ന 'ആട്' പരമ്പരയിൽ നിന്നുള്ള ഈ മാറ്റം വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.
സമീപകാലത്തായി പല വമ്പൻ പ്രോജക്റ്റുകളിൽ നിന്നും ഷാൻ റഹ്മാൻ ഭാഗികമായോ പൂർണ്ണമായോ ഒഴിവാക്കപ്പെടുന്നത് പതിവാകുകയാണ്. ബ്ലോക്ക് ബസ്റ്റർ ചിത്രം 'മിന്നൽ മുരളി'യിൽ നിന്ന് ഷാനിനെ മാറ്റിയതും, 'കിംഗ് ഓഫ് കൊത്ത'യിൽ നിന്ന് ഭാഗികമായി ഒഴിവാക്കിയതും നേരത്തെ ചർച്ചയായിരുന്നു. ദിലീപ് ചിത്രം 'ഭ ഭ ബ'യിൽ നിന്നും ഷാൻ പിന്മാറിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ടീസർ സംഗീതത്തിന് വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ ഷാൻ ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിരുന്നു. തുടർന്ന് ദിലീപിന്റെ ആവശ്യപ്രകാരം ഗോപി സുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം പൂർത്തിയാക്കിയത്. അവസാന നിമിഷം രക്ഷകനായി എത്തുകയായിരുന്നുവെന്ന് ഗോപി സുന്ദർ തന്നെ വെളിപ്പെടുത്തുകയും ചെയ്തു.
തമിഴിൽ അനിരുദ്ധ് രവിചന്ദറിന് പകരം സായ് അഭ്യങ്കർ തരംഗമാകുന്നതുപോലെ, സംഗീത ലോകത്തെ സ്വാഭാവികമായ മാറ്റങ്ങളാണോ ഷാൻ റഹ്മാനും നേരിടുന്നതെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. മികച്ച ഫീൽ ഗുഡ് പാട്ടുകൾ സമ്മാനിച്ച ഒരു കലാകാരന്റെ കരിയറിലെ താൽക്കാലികമായ കയറ്റിറക്കങ്ങളായി ഇതിനെ കാണുന്നവരുമുണ്ട്. എങ്കിലും, ഒരു കാലത്ത് മലയാള സിനിമയെ സംഗീതം കൊണ്ട് ഭരിച്ചിരുന്ന ഷാൻ റഹ്മാന് സംഭവിക്കുന്ന ഈ 'ഔട്ടിംഗ്' ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.