"ആത്മാഭിമാനമാണ് വലുത്, അദ്ദേഹത്തിന്റെ രീതികൾ സഹിക്കാനാവില്ല"; വടിവേലുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി സോന ഹെയ്‌ഡൻ
'കുശേലന്' ശേഷം വന്ന 16 അവസരങ്ങൾ വേണ്ടെന്ന് വെച്ചു; ഷൂട്ടിങ് സെറ്റിൽ പറയാൻ കഴിയാത്ത പല കാര്യങ്ങളും നടന്നുവെന്ന് വെളിപ്പെടുത്തൽ

തെന്നിന്ത്യൻ നടി സോന ഹെയ്ഡൻ ഹാസ്യനടൻ വടിവേലുവിനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നു. 'കുശേലൻ' എന്ന ചിത്രത്തിന് ശേഷം വടിവേലുവിനോടൊപ്പം അഭിനയിക്കാൻ വന്ന 16 അവസരങ്ങൾ താൻ ബോധപൂർവ്വം വേണ്ടെന്ന് വെച്ചതായും ഇതിന് കാരണം തന്റെ ആത്മാഭിമാനമാണെന്നും സോന വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ തുറന്നുപറച്ചിൽ നടത്തിയത്. വടിവേലുവിനൊപ്പം ജോലി ചെയ്യുന്നത് അങ്ങേയറ്റം പ്രയാസകരമാണെന്നും ആത്മാഭിമാനത്തിന് ക്ഷതമേൽക്കുന്ന തരത്തിലുള്ള പെരുമാറ്റം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായെന്നും താരം ആരോപിക്കുന്നു. പരസ്യമായി പറയാൻ കഴിയാത്ത പല കാര്യങ്ങളും സെറ്റിൽ നടന്നിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ രീതികൾ സഹിക്കാൻ കഴിയില്ലെന്നും സോന വ്യക്തമാക്കി.
സിനിമയിൽ ആരെയും വിശ്വസിക്കാൻ കഴിയില്ലെന്നും കാസ്റ്റിങ് കൗച്ച് ഉൾപ്പെടെയുള്ള മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നതായും സോന പറഞ്ഞു. ഇത്തരം വെല്ലുവിളികൾ കാരണം ഒരു ഘട്ടത്തിൽ അഭിനയം നിർത്താൻ പോലും താൻ ആലോചിച്ചിരുന്നു. അജിത് നായകനായ 'പൂവെല്ലാം ഉൻ വാസം' എന്ന ചിത്രത്തിലൂടെയാണ് സോന അരങ്ങേറ്റം കുറിച്ചത്. 'കുശേലനിൽ' വടിവേലുവിന്റെ ഭാര്യയായി അഭിനയിച്ച വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിർമ്മാണ രംഗത്തേക്ക് കടന്നുവെങ്കിലും 'അനിമൊഴി' എന്ന ചിത്രം പരാജയപ്പെട്ടു. നിലവിൽ സിനിമകളിലും സീരിയലുകളിലും സോന സജീവമാണ്.
വടിവേലുവിനെതിരെ ഇതിനുമുമ്പും സഹപ്രവർത്തകർ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സെറ്റിൽ മറ്റു നടന്മാരെ പരിഹസിക്കുന്ന ശീലമുണ്ടെന്നും തന്നേക്കാൾ പ്രാധാന്യം മറ്റുള്ളവർക്ക് ലഭിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെടാറില്ലെന്നും ആക്ഷേപമുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം സിനിമയിൽ നിന്ന് വിലക്ക് നേരിട്ട വടിവേലു, നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയെങ്കിലും പഴയതുപോലെ സജീവമാകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഫഹദ് ഫാസിൽ നായകനായ 'മാരീശൻ' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
