നടി ശ്വേത മേനോനെതിരായ അശ്ലീല പ്രദർശനക്കേസ് ഹൈക്കോടതി റദ്ദാക്കി

വ്യക്തിവൈരാഗ്യവും ഗൂഢലക്ഷ്യവുമാണ് പരാതിക്ക് പിന്നിലെന്ന് കോടതി; ആശ്വാസമായി വിധി.

സാമ്പത്തിക ലാഭത്തിനായി സിനിമകളിലും പരസ്യങ്ങളിലും അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്നാരോപിച്ച് നടി ശ്വേത മേനോനെതിരെ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കേരള ഹൈക്കോടതി റദ്ദാക്കി. കേസ് നിലനിൽക്കില്ലെന്നും പരാതിക്ക് പിന്നിൽ വ്യക്തമായ ഗൂഢലക്ഷ്യവും വ്യക്തിവൈരാഗ്യവുമാണെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിട്ടത്. സിനിമകളിലെയും പരസ്യങ്ങളിലെയും നഗ്നതാ പ്രദർശനം ചൂണ്ടിക്കാട്ടി തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരി നൽകിയ സ്വകാര്യ അന്യായത്തെത്തുടർന്ന് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. അനാശാസ്യം തടയൽ നിയമം, ഐ.ടി നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടിക്കെതിരെ കേസ് ചുമത്തിയിരുന്നത്.

താൻ സിനിമാ സംഘടനയായ 'അമ്മ'യുടെ ഭാരവാഹി സ്ഥാനത്തേക്ക് മത്സരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ പരാതി നൽകിയതെന്നും ഇത് തികച്ചും ദുരുദ്ദേശ്യപരമാണെന്നുമായിരുന്നു ശ്വേത മേനോന്റെ വാദം. മജിസ്‌ട്രേറ്റ് കോടതി ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസെടുക്കാൻ ഉത്തരവിട്ടതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങൾ അംഗീകരിച്ചാണ് ഹൈക്കോടതി കേസിലെ തുടർ നടപടികൾ അവസാനിപ്പിച്ചത്. സിനിമാ രംഗത്തെ കലാപരമായ പ്രവർത്തനങ്ങളെ വ്യക്തിഹത്യയ്ക്കായി ഉപയോഗിക്കുന്നതിനെതിരെയുള്ള സുപ്രധാന വിധിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Related Articles
Next Story