പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര പ്രതിഭ തക്കളി ശ്രീനിവാസൻ അന്തരിച്ചു

നടൻ, സംവിധായകൻ, സംഗീതജ്ഞൻ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ ബഹുമുഖ പ്രതിഭയാണ് ശ്രീനിവാസൻ .

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടനും സംവിധായകനും നിർമ്മാതാവും സംഗീതജ്ഞനുമായ തക്കളി ശ്രീനിവാസൻ അന്തരിച്ചു. 72 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബംഗളൂരുവിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പ്രമുഖ പി.ആർ.ഒ നിഖിൽ മുരുകനാണ് അദ്ദേഹത്തിന്റെ വിയോഗവാർത്ത പുറത്തുവിട്ടത്. സിനിമയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, 'ഇവർകൾ വരുങ്കാല തൂങ്കൽ', 'മനസ്സുക്കുൾ മത്താപ്പ്', 'നാളയ മനിതൻ', 'ജന്മനക്ഷത്രം', 'അതിശയ മനിതൻ', 'വിറ്റ്‌നസ്' തുടങ്ങി നിരവധി ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്. കമൽഹാസൻ നായകനായ 'ശൂരസംഹാരം' എന്ന ചിത്രത്തിലെ വില്ലൻ വേഷം അദ്ദേഹത്തിന് ഏറെ ജനപ്രീതി നേടിക്കൊടുത്തു.

സിനിമയ്ക്ക് പുറമെ മികച്ചൊരു മനുഷ്യസ്നേഹിയും സാമൂഹിക പ്രവർത്തകനുമായിരുന്നു തക്കളി ശ്രീനിവാസൻ. സ്വന്തമായി ഒരു ആശ്രമം സ്ഥാപിച്ച്, അവിടെ ദത്തെടുത്ത കുട്ടികളോടൊപ്പം താമസിച്ച് വരികയായിരുന്നു അദ്ദേഹം. സമൂഹത്തോടുള്ള കാരുണ്യവും സേവനതൽപരതയും അദ്ദേഹത്തെ ജനഹൃദയങ്ങളോട് ചേർത്തുനിർത്തി. സംഗീതരംഗത്തും തനതായ ശൈലി പുലർത്തിയിരുന്ന അദ്ദേഹം, പ്രശസ്തമായ 'പ്രേമി-ശ്രീനി' ജോഡിയുടെ ഭാഗമായി നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്. ജീവിതത്തിന്റെ അവസാനകാലം സ്വന്തം നാട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ 2026 മാർച്ച് 11-ന് ബംഗളൂരുവിൽ നടന്നു.

Related Articles
Next Story