യുദ്ധസമാനമായ സാഹചര്യത്തിൽ ദുബൈയിൽ കുടുങ്ങിയ നടൻ അജിത് കുമാർ സുരക്ഷിതമായി ചെന്നൈയിൽ തിരിച്ചെത്തി

മോട്ടോർ സ്പോർട്സ് പരിശീലനത്തിനായി യു.എ.ഇയിലെത്തിയതായിരുന്നു താരം;

പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ദുബൈയിൽ കുടുങ്ങിപ്പോയ തമിഴ് നടൻ അജിത് കുമാർ ചെന്നൈയിൽ തിരിച്ചെത്തി. മോട്ടോർ സ്പോർട്സ് പരിശീലനത്തിന്റെ ഭാഗമായി യു.എ.ഇയിൽ എത്തിയതായിരുന്നു അദ്ദേഹം. എന്നാൽ അപ്രതീക്ഷിതമായി മേഖലയിൽ യുദ്ധസാഹചര്യം ഉടലെടുക്കുകയും വിമാന സർവീസുകൾ തടസ്സപ്പെടുകയും ചെയ്തതോടെ താരം അവിടെ കുടുങ്ങുകയായിരുന്നു. അജിത് സുരക്ഷിതനാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ മാനേജർ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. സാഹചര്യം അനുകൂലമായതോടെ വിമാന സർവീസുകൾ പുനരാരംഭിക്കുകയും താരം സുരക്ഷിതമായി നാട്ടിലെത്തുകയും ചെയ്തു. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ താരത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേലും അമേരിക്കയും ബോംബിങ് തുടരുന്നതിനിടെ, ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനും തിരിച്ചടി നൽകിയിരുന്നു. ഇതേത്തുടർന്ന് സുരക്ഷാ കാരണങ്ങളാൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അൽ മക്തൂം വിമാനത്താവളത്തിൽ നിന്നുമുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ അജിത്തിനെ കൂടാതെ നിരവധി ഇന്ത്യക്കാരാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയത്. നിലവിൽ സ്ഥിതിഗതികൾ ഭാഗികമായി ശാന്തമായതോടെ പലരും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്

Related Articles
Next Story