ലവ് ജിഹാദ് ആരോപണങ്ങൾ തള്ളി മോണാലിസയും ഫർമാൻ ഖാനും; മതം മാറിയിട്ടില്ലെന്ന് ദമ്പതികൾ

മഹാകുംഭമേളയിലൂടെ വൈറലായ മോണാലിസയും നടൻ ഫർമാനും തിരുവനന്തപുരത്ത് വിവാഹിതരായി; സ്നേഹത്തിന് മതം മാറേണ്ടതില്ലെന്ന് വെളിപ്പെടുത്തൽ

2025-ലെ മഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ മോണാലിസ ഭോസ്‌ലെയും നടൻ ഫർമാൻ ഖാനും തങ്ങൾക്കെതിരെയുള്ള ലവ് ജിഹാദ് ആരോപണങ്ങൾ തള്ളി രംഗത്തെത്തി. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് വിവാഹത്തെച്ചൊല്ലിയുള്ള വ്യാജപ്രചാരണങ്ങളിൽ ദമ്പതികൾ വ്യക്തത വരുത്തിയത്. വിവാഹത്തിനായി ആരും മതം മാറിയിട്ടില്ലെന്നും താൻ ഹിന്ദുവായി തന്നെ തുടരുമ്പോൾ ഫർമാൻ മുസ്ലീമായി തുടരുമെന്നും മോണാലിസ വ്യക്തമാക്കി. സ്നേഹിക്കാൻ മതം മാറേണ്ടതില്ലെന്ന് കൂട്ടിച്ചേർത്ത ഫർമാൻ ഖാൻ, തന്റെ പങ്കാളിയുടെ ആഗ്രഹപ്രകാരം ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നതെന്നും അറിയിച്ചു. മാതാപിതാക്കൾ നിശ്ചയിച്ച വിവാഹത്തിൽ താല്പര്യമില്ലാത്തതിനാലാണ് സ്വന്തം ഇഷ്ടപ്രകാരം ഫർമാനെ വിവാഹം ചെയ്തതെന്നും മോണാലിസ പറഞ്ഞു.

വിവാഹത്തിൽ പങ്കെടുക്കാൻ മോണാലിസയുടെ പിതാവ് കേരളത്തിൽ എത്തിയെങ്കിലും അദ്ദേഹം ഇപ്പോഴും തീരുമാനത്തിൽ അതൃപ്തനാണെന്ന് ദമ്പതികൾ പറഞ്ഞു. അദ്ദേഹത്തെ പിന്നീട് കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി. ഫർമാൻ ഖാൻ പ്രായപൂർത്തിയാകാത്ത ആളാണെന്ന തരത്തിലുള്ള പ്രചാരണങ്ങളെ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഹാജരാക്കി അദ്ദേഹം നിഷേധിച്ചു. കേരള സർക്കാരിന്റെ കെ-സ്മാർട്ട് ആപ്പ് വഴി വിവാഹം രജിസ്റ്റർ ചെയ്തതായും പൂവാർ പഞ്ചായത്തിൽ നിന്നും അമ്പലത്തിൽ നിന്നും വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിച്ചതായും ഇരുവരും അറിയിച്ചു.

പി. ബിനു വർഗ്ഗീസ് സംവിധാനം ചെയ്യുന്ന 'നാഗമ്മ' എന്ന മലയാള സിനിമയുടെ പൂജയ്ക്കിടെ ആറുമാസം മുമ്പാണ് ഇരുവരും പരിചയപ്പെടുന്നത്. ചിത്രത്തിൽ മോണാലിസ നായികയായും ഫർമാൻ വില്ലനായുമാണ് അഭിനയിക്കുന്നത്. കേരളത്തിലെ ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണയിൽ വലിയ സന്തോഷമുണ്ടെന്നും മോണാലിസയ്ക്ക് താല്പര്യമുണ്ടെങ്കിൽ കേരളത്തിൽ തന്നെ സ്ഥിരതാമസമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഫർമാൻ പറഞ്ഞു. തങ്ങളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതിനും പിന്തുണ നൽകിയതിനും മന്ത്രി വി. ശിവൻകുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.എ. റഹീം എം.പി എന്നിവരോടുള്ള നന്ദിയും ദമ്പതികൾ വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി.

Related Articles
Next Story