തൃഷയെ 'മൂന്നാംതരക്കാരി' എന്ന് വിളിച്ചു ;ഒടുവിൽ തൃഷയ്‌ക്കെതിരായ പഴയ വീഡിയോ പിൻവലിച്ചു; പുകഴ്ത്തിക്കൊണ്ട് പുതിയ വെളിപ്പെടുത്തൽ നടത്തി പാർഥിപൻ
വിജയിന്റെ രാഷ്ട്രീയ പ്രസംഗം കണ്ട് കണ്ണ് നിറഞ്ഞെന്നും താരം! ചർച്ചയായി പുതിയ വെളിപ്പെടുത്തലുകൾ

നടി തൃഷയ്‌ക്കെതിരെ താൻ നടത്തിയ പരാമർശങ്ങളിൽ വിശദീകരണവുമായി നടനും സംവിധായകനുമായ പാർത്ഥിപൻ രംഗത്തെത്തി. തൃഷയെ വിമർശിച്ചുകൊണ്ട് നേരത്തെ പങ്കുവെച്ച വീഡിയോയുടെ രണ്ടാം ഭാഗത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ആദ്യ വീഡിയോയിൽ തൃഷയെ 'മൂന്നാം തരക്കാരി' എന്ന് വിശേഷിപ്പിച്ച പാർത്ഥിപൻ, പുതിയ വീഡിയോയിൽ നടിയെ പ്രശംസിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. തൃഷയുടെ അവയവദാന തീരുമാനത്തെക്കുറിച്ചറിഞ്ഞപ്പോൾ തനിക്ക് വലിയ അത്ഭുതം തോന്നിയെന്നും ഒരു സെലിബ്രിറ്റി എന്നതിനപ്പുറം അത്തരമൊരു മാതൃകാപരമായ നിലപാടെടുത്ത തൃഷയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് താനും ഭാര്യയും ശരീരം ദാനം ചെയ്തവരാണെന്നും സമാനമായ തീരുമാനം എടുത്ത തൃഷയോട് ആദരവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് താൻ നടത്തിയ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും പാർത്ഥിപൻ വ്യക്തമാക്കി.
അതേസമയം, നടൻ വിജയിന്റെ രാഷ്ട്രീയ പ്രവേശത്തെ പാർത്ഥിപൻ പൂർണ്ണമായി പിന്തുണച്ചു. സിനിമയിൽ കരിയറിന്റെ ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുമ്പോഴാണ് ജനങ്ങളെ സേവിക്കാനായി വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നും അത് വലിയൊരു തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പല നടന്മാരും ശ്രമിച്ചിട്ടും എത്താത്ത ഉയരത്തിൽ ഒരു പാർട്ടി പ്രഖ്യാപിക്കാൻ വിജയിക്ക് സാധിച്ചു. വിജയിനോടുള്ള ഇഷ്ടം കാരണം അദ്ദേഹം ആദ്യമായി രാഷ്ട്രീയ വേദിയിൽ സംസാരിക്കാൻ പോയപ്പോൾ തനിക്ക് വലിയ പേടിയുണ്ടായിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ പ്രസംഗം കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുവെന്നും പാർത്ഥിപൻ വെളിപ്പെടുത്തി. താൻ വിജയിയെ പിന്തുണയ്ക്കുന്നത് കണ്ട് തമിഴക വെട്രി കഴകത്തിൽ (TVK) ചേർന്നുവെന്ന വാർത്തകൾ സന്തോഷത്തോടെയാണ് കേൾക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
