Posted by സൂരജ് സുരേന്ദ്രന്‍, 08 Aug, 2021
ചിത്രം: ആഷിക് എസ്.ആർ
മമ്മൂക്കയുമായി ഒരു ചിത്രം പ്ലാൻ ചെയ്യുന്നുണ്ട്. ഏറ്റവും വലിയ ആഗ്രഹം കമൽ ഹാസനൊപ്പം സിനിമ ചെയ്യണം. ദുൽഖറിനെ നായകനാക്കി ഒരു സിനിമ ഉടനെ സംഭവിച്ചേക്കാം. ജൂഡ് ആന്റണി ജോസഫ് സംസാരിക്കുന്നു.
ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ, സാറാസ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. പ്രേമം, ആക്ഷൻ ഹീറോ ബിജു തുടങ്ങി പതിമൂന്നോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് ജൂഡ്. അടുത്തിടെ അന്ന ബെന്നിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജൂഡ് ആന്‍റണി സംവിധാനം ചെയ്‍ത "സാറാസ്" ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു. ഒരു "ചിരിപ്പട"മല്ല സാറാസ് മറിച്ച് നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ വളരെ സൂക്ഷ്‍മതയോടെ ഒരു പ്രമേയം അവതരിപ്പിക്കുകയാണ് ചിത്രത്തിൽ. മികച്ച പ്രതികരണമാണ് സാറാസ് നേടിയത്. പുത്തൻ സിനിമ വിശേഷങ്ങൾ ജൂഡ് വെള്ളിനക്ഷത്രത്തോട് പങ്കുവെയ്ക്കുന്നു.
മമ്മൂക്ക ചിത്രം പ്ലാനിങ്ങിൽ
ഞാൻ എന്റെ ആദ്യ ചിത്രമായി തീരുമാനിച്ചത് "ചമയങ്ങളില്ലാതെ" എന്ന മമ്മൂട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ഒരു ചിത്രമായിരുന്നു. ഓം ശാന്തി ഓശാനയ്ക്ക് മുൻപ് തന്നെ തിരക്കഥ എഴുതി പൂർത്തിയാക്കിയിരുന്നു. ചില കാരണങ്ങളാൽ അത് തടസപ്പെട്ടു. മമ്മൂക്കയുടെ അനുവാദത്തോടെയാണ് ഓം ശാന്തി ഓശാന എന്ന ചിത്രം ചെയ്യുന്നത്. ചിത്രം വൻ വിജയമായപ്പോൾ ഇനി ഈ സിനിമ ചെയ്യണോ എന്ന് മമ്മൂക്ക ചോദിച്ചു. എന്റെ കഥ സിനിമയാക്കാൻ മാത്രം ആയിട്ടില്ലെന്ന് മമ്മൂക്ക പറഞ്ഞു. മമ്മൂക്ക എപ്പോൾ ഓക്കേ പറയുന്നോ അന്ന് ആ സിനിമ സംഭവിക്കും. ആ കഥ സിനിമയായി കാണണമെന്ന ആഗ്രഹമുണ്ട്. ആ സിനിമ എന്നെങ്കിലും വരും, ഉറപ്പായും വരും.
2403 ft. ആദ്യ ഷെഡ്യൂൾ പൂർത്തിയായി
കേരളത്തിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കി സംവിധാനം ചെയ്യുന്ന 2403 ft.ന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ഫൈനൽ ഷെഡ്യൂൾ കഴിഞ്ഞ വർഷം ജൂൺ ജൂലൈ മാസത്തിലായിരുന്നു പ്ലാൻ ചെയ്തിരുന്നത്. മാർച്ചിൽ സെറ്റ് വർക്കുകൾ ആരംഭിക്കാനിരിക്കെയാണ് കോവിഡ് ലോക്ക്ഡൗൺ വന്നത്. അങ്ങനെ അതിന്റെ പ്രവർത്തനങ്ങൾ നിർത്തിവെച്ചത്. ആ ഇടവേളയിലായിരുന്നു സാറാസ് ചെയ്തത്. ഒക്ടോബറിൽ ഫൈനൽ ഷെഡ്യൂൾ സ്റ്റാർട്ട് ചെയ്യാനിരിക്കെയാണ് മൂന്നാം തരംഗത്തിന്റെ വരവ്. 50 പേർക്ക് മാത്രമാണ് ഷൂട്ടിങ്ങിന് അനുമതി. അത്തരമൊരു സാഹചര്യത്തിൽ ചിത്രീകരണം നടത്താൻ സാധിക്കില്ല. ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ 150 പേരെങ്കിലും ചിത്രീകരണത്തിന് ആവശ്യമുണ്ട്. 2403 ft. ഈ വർഷം സംഭവിക്കുമെന്ന് തോന്നുന്നില്ല.
ആശകൾ ആയിരം
സാറാസ് എന്ന ചിത്രം സംഭവിച്ചില്ലായിരുന്നെങ്കിൽ ഞാൻ സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നത് ആശകൾ ആയിരം എന്ന ചിത്രമാണ്. ഗംഭീര സ്ക്രിപ്റ്റ് ആയിരുന്നു. അച്ഛൻ മകൻ ബന്ധമുള്ള ഒരു സ്ക്രിപ്റ്റ് ആയിരുന്നു. പക്ഷെ ആ സിനിമ ചെയ്യണമെങ്കിൽ ചുരുങ്ങിയത് 45 ദിവസങ്ങളെങ്കിലും വേണം. കൂടുതൽ ലൊക്കേഷനുകൾ വേണം. അതുകൊണ്ടാണ് ഈ ചിത്രം മാറ്റിവെച്ച് സാറാസ് ചെയ്തത്.