മലയാളികൾക്ക് മറക്കാൻ കഴിയാത്ത, ഗൃഹാതുരത്വം സമ്മാനിച്ച പ്രിയകവി പി.ഭാസ്‌കരന്റ പന്ത്രണ്ടാം ചരമ വാർഷികം അനന്തപുരി കാവ്യാഞ്ജലി അർപ്പിച്ച് ആചരിച്ചു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് നടന്ന അനുസ്മരണസമ്മേളനവും കലാപരിപാടികളും പി.ഭാസ്‌ക്കരന്റെ സ്മരണകൾ പുതുക്കി. പ്രണയവും വിരഹവും കമിതാക്കളുടെ മുഗ്ദസങ്കല്പങ്ങളും പാട്ടിന്റെ ഈണങ്ങളോട് ചേർത്ത് വികസിപ്പിച്ച കവിയെ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷവും ഹൃദയപൂർവം ആദരിച്ചു.
സംസ്ഥാന സർക്കാറിന്റെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ചെന്നൈയിലെ മലയാളി കൂട്ടായ്മയായ ദക്ഷിണയും തിരുവനന്തപുരത്തെ ശ്രുതി സാഗരയും കൈകോർത്ത് നടത്തിയ സ്മരണാഞ്ജലിയുടെ ഉദ്ഘാടനം നിർവഹിച്ചത് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരനാണ്. ദക്ഷിണയുടെ സെക്രട്ടറി ജനറൽ എസ്.എസ്.പിള്ള സ്വാഗതം ആശംസിച്ചു.
ഷാജി എൻ കരുൺ, ടി.പി.ശാസ്തമംഗലം, ഡോ.വിജയരാഘവൻ ചെന്നൈ എന്നിവർ പി.ഭാസ്‌കരന്റെ കവിതയിലെ കവിത്വത്തെയും ഭാവനയെയും അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന വരികളിലൂടെ അനുസ്മരിച്ചു. ഭാസ്ക്കരൻ മാഷിന്റെ തൂലിക പടവാളാക്കിയ വയലാർ ഗർജ്ജിക്കുന്ന എന്ന കവിത ആ കലഘട്ടത്തിന്റെ തരംഗമായിരുന്നു.
വെറും സിനിമ പാട്ടെഴുത്തുകാരനായി പി ഭാസ്ക്കരനെ ആരും തള്ളിക്കളഞ്ഞില്ല; അദ്ദേഹത്തിന്റെ ബഹുമുഖ പ്രതിഭയ്ക്ക് പകരം വയ്ക്കുവാൻ യാതൊന്നിനും കഴിഞ്ഞില്ല. കേരളത്തിൽ കമ്മ്യൂണിസം കെട്ടിപ്പടുക്കുവാൻ യത്നിച്ചവരിൽ ഒരാളാണ് പി.ഭാസ്‌കരൻ മാസ്റ്റർ. രാത്രികാലങ്ങളിൽ ഉറക്കമിളച്ച്, സി.പിയുടെ പൊലീസിന്റെ കണ്ണ് വെട്ടിച്ച്, കുഗ്രാമങ്ങൾ തോറും സഞ്ചരിച്ച് പാർട്ടിയുടെ രഹസ്യ സർക്കുലർ വിതരണം ചെയ്യുന്ന ദൗത്യമാണ് ഭാസ്‌കരൻ മാസ്റ്റർ
അക്കാലത്ത് നിറവേറ്റിയത്. പൊലീസിന്റെ അടിയും ഇടിയും ജയിൽവാസവും ആ സമരവീര്യത്തെ തളർത്തിയില്ല. അധഃകൃതരുടെ ഉന്നമനത്തിനു വേണ്ടി രചനകളിലൂടെയും അല്ലാതെയും മാഷ് പൊരുതി. എല്ലാം കഴിഞ്ഞ് നേട്ടങ്ങൾക്കു കണക്കു പറയാതെ അവകാശങ്ങൾ ഉന്നയിക്കാതെ മാഷ് സിനിമയുടെ ലോകത്ത് നടനായും സംവിധായകനായും ഗാനരചയിതാവായും നിർമ്മാതാവും കഴിഞ്ഞുകൂടി.
കേരളത്തിന്റെ സാംസ്‌കാരിക, രാഷ്ട്രീയ, സാഹിത്യ, കലാവേദികളിൽ ഒരു പോലെ നിറഞ്ഞു നിന്ന പി.ഭാസ്‌കരന്റെ ഓർമ്മകൾ പങ്കിട്ട്ടതിനൊപ്പം അദ്ദേഹം രചിച്ച ഗാനങ്ങളെ അവലംബമാക്കിയുള്ള നൃത്ത സംഗീത ശില്പവും ഗാനമേളയയും സദസ്യരുടെ പ്രശംസ നേടി. ആസ്വാദകരുടെ മനോനില ഇപ്പോഴും പഴയഗാനങ്ങളുടെ ശ്രേഷ്ഠതയും തനിമയും ഇഷ്ടപ്പെടുന്നു എന്നതിന് തെളിവായി പി.ഭാസ്‌കര സ്മൃതി സന്ധ്യയിൽ തിരുവനന്തപുരം ശ്രുതി സാഗര നേതൃത്വം നൽകിയ കലാപരിപാടികൾ