ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം, ഈ നടന് പകരക്കാരനില്ല, പേടിയുണ്ടെന്ന് നായകന്‍

Posted by Web Desk, 27 Aug, 2023

 

ബി.വി. അരുണ്‍ കുമാര്‍

 

2005 ലെ വിഷുദിനത്തില്‍ തിയേറ്ററുകളെ ഇളക്കിമറിച്ച ചിത്രമായിരുന്നു രജനികാന്ത് അഭിനയിച്ച ചന്ദ്രമുഖി. പി. വാസുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം 90 കോടിയിലേറെ രൂപ കളക്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ മണിച്ചിത്രത്താഴ് എന്ന സിനിമയുടെ തമിഴ് പതിപ്പായിരുന്നു അത്.

 

 

 

മോഹന്‍ലാല്‍ അഭിനയിച്ച ഡോ. ഡോ. സണ്ണിയുടെ റോളിലായിരുന്നു ചന്ദ്രമുഖിയില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് എത്തിയത്. ഡോ. ശരവണന്‍ എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ ചന്ദ്രമുഖി ആദ്യപതിപ്പ് ഇറങ്ങി 18 വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം പതിപ്പും എത്തുകയാണ്. ചന്ദ്രമുഖി 2ല്‍ നായകനാകുന്നത് രജനികാന്തല്ല. പകരം ലോറന്‍സാണ് പ്രധാന കഥാപാത്രം. 

 

 

 

തമിഴിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ പി. വാസു തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. എന്നാല്‍ ആദ്യ പതിപ്പില്‍ നിന്നും രണ്ടാം പതിപ്പിലേക്കെത്തുമ്പോള്‍ ഒരാളെ ഒഴിവാക്കാനാകില്ലെന്ന് വാസുവിന് ഉറപ്പായിരുന്നു. അത് വേറെ ആരുമല്ല, തമിഴിലെ സൂപ്പര്‍ താരം വടിവേലു തന്നെ. ചന്ദ്രമുഖി ആദ്യഭാഗത്തില്‍ അദ്ദേഹം അവതരിപ്പിച്ച മുരുഗേശനെ മലയാളികളടക്കം ഇന്നും ഓര്‍ക്കും. മുരുഗേശന് പകരംവയ്ക്കാന്‍ തമിഴില്‍ വേറെ ആളില്ലെന്നായിരുന്നു ആ കഥാപാത്രത്തെ കുറിച്ച് സംവിധായകനായ പി. വാസു പറഞ്ഞത്. ആദ്യഭാഗത്തില്‍ രജനികാന്തിന്റെ ഡയലോഗുകള്‍ ഇന്നും മലയാളികള്‍ക്ക് സുപരിചിതമാണ്. ലക്ക ലക്ക ലക്ക ലക്ക... എന്ന വാക്ക് പലപ്പോഴും മലയാളികള്‍ പോലും ഉപയോഗിക്കുന്നതാണ്.

 

ചന്ദ്രമുഖി രണ്ടിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. ലോറന്‍സിനെ നായകനാക്കുമ്പോള്‍ സംവിധായകന്‍ പി. വാസു എന്താണ് ആ സിനിമയില്‍ കൊണ്ടുവരാനുദ്ദേശിക്കുന്നത് എന്ന ആകാംക്ഷ മലയാളികള്‍ക്കുമുണ്ട്. തന്റെ കഥാപാത്രത്തെ കുറിച്ച് ലോറന്‍സ് തന്നെ കഴിഞ്ഞ ദിവസം വാചാലനായി. ചന്ദ്രമുഖി 2 പോലൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ രജനികാന്തിനോട് നന്ദി പറയുന്നുവെന്ന് രാഘവാ ലോറന്‍സ് പറഞ്ഞു. ഈ ചിത്രം ആരംഭിച്ചതുമുതല്‍ കഴിയുന്നതുവരെ അദ്ദേഹത്തിന്റെ ആശീര്‍വാദം ഉണ്ടായിരുന്നു. വീട്ടില്‍ പോയ ശേഷം ഫോണ്‍ വഴിയും ഓഡിയോ റിലീസിന് വരുമ്പോള്‍ പോലും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയിരുന്നു. 

 

 

 

തലൈവരുടെ വേട്ടയ്യന്‍ വേഷമാണ് ഈ ചിത്രത്തില്‍ ഞാനവതരിപ്പിക്കുന്നതെങ്കിലും കുറച്ച് പേടിയോടെയാണ് ചെയ്തത്. അദ്ദേഹത്തിന്റെ പേര് മോശമാവരുതെന്നാണ് മനസില്‍. ഇനി നിങ്ങളാണ് ചിത്രം കണ്ട് പറയേണ്ടത്. അദ്ദേഹത്തിന്റെ ജയിലര്‍ ആദ്യദിവസം തന്നെ കണ്ടു, സൂപ്പര്‍. ലോറന്‍സ് പറഞ്ഞു. 

 

 

ചന്ദ്രമുഖി 2 നെ കുറിച്ചുള്ള പ്രതീക്ഷകളും താരം പങ്കുവച്ചു. ചന്ദ്രമുഖി 2 ന്റെ കഥ കേട്ടുകഴിഞ്ഞപ്പോഴാണ് ബ്രഹ്‌മാണ്ഡം എന്താണെന്ന് മനസിലായത്. ലൈക്ക പോലൊരു പ്രൊഡക്ഷന്‍ ഹൗസിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. കഥ കേട്ടതും എത്ര മുടക്കുമുതല്‍ വന്നാലും ചെയ്യാമെന്നാണ് അവര്‍ പറഞ്ഞതെന്നും ലോറന്‍സ് കൂട്ടിച്ചേര്‍ത്തു.