Posted by Web Desk, 21 Nov, 2023
അവസാന നിമിഷം എങ്ങുനിന്നോ ശരവേഗത്തില്‍ പറന്നെത്തി വിളവെടുപ്പിന് തയ്യാറായി നില്‍ക്കുന്ന ഗോതമ്പുപാടങ്ങള്‍ നിമിഷ നേരം കൊണ്ട് പാടെ നശിപ്പിക്കുന്ന വെട്ടുകിളിക്കൂട്ടങ്ങള്‍ വടക്കേ ഇന്ത്യന്‍ കര്‍ഷകരുടെ പേടി സ്വപ്‌നമാണിന്നും. ഒരു കര്‍ഷകന്റെ ഒരു വര്‍ഷത്തെ മുഴുവന്‍ അധ്വാനവും സ്വപ്‌നവും പ്രതീക്ഷകളും നശിപ്പിക്കാന്‍ ഈ വെട്ടുകിളികള്‍ എടുക്കുന്നത് വെറും 20 മിനുട്ടിന് താഴെ സമയം മാത്രമാണ്. സമാന രീതിയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്ന സിനിമാ റിവ്യൂ എന്ന വ്യാജേനയുള്ള അഭിപ്രായ പ്രകടനങ്ങള്‍.
തീര്‍ത്തും നെഗറ്റീവ് ആങ്കിളില്‍ മാത്രം നടത്തുന്ന ഇത്തരം റിവ്യൂകള്‍ ഒരു സിനിമയെ മാത്രമല്ല, ഈ വ്യവസായത്തെ പാടെ നശിപ്പിക്കാന്‍ പോന്ന വെട്ടുകിളി ആക്രമണങ്ങളായി മാറുന്നു. അന്യന്റെ അദ്ധ്വാനത്തെ നിസാരവത്്ക്കരിക്കുന്നതും ഇകഴ്ത്തിപറയുന്നതും രഹസ്യമായെങ്കിലും കേള്‍ക്കാനും അത് രസിക്കാനും പാകമായ ഒരു മനസ് നമ്മുടെ പൊതുസമൂഹത്തിനുണ്ട് എന്ന് തിരിച്ചറിയുന്നതുതന്നെയാണ് ഈ വിമര്‍ശകര്‍ക്ക് പ്രോത്സാഹനമാകുന്നതും അവരെ നിലനിര്‍ത്തുന്നതും. ഇവരുടെ വാക്കുകള്‍ മാത്രം കേട്ട് ഒരു സിനിമയെ സംബന്ധിച്ച് അഭിപ്രായ രൂപീകരണം ഉണ്ടാകുന്നത് വലിയ അപകടമായി മാറുന്നു. പക്ഷപാതപരമായ നിലപാടുകളുമായാണ് ഈ വിമര്‍ശകര്‍ എത്തുന്നതെന്ന് അറിഞ്ഞും അതിനും കൈയ്യടിക്കുന്നവരുണ്ട് എന്നതാണ് അതിലും വലിയ ദൗര്‍ഭാഗ്യം.
സോഷ്യല്‍ മീഡിയ വഴിയുള്ള ഇത്തരം ഏകപക്ഷീയമായ വിമര്‍ശനങ്ങള്‍ വലിയ പ്രതീക്ഷയോടെ ഇറങ്ങുന്ന ഒരു സിനിമയെ തകര്‍ക്കുന്നു എന്നു മാത്രമല്ല അതിനനുബന്ധമായി ഈ മേഖലയില്‍ പണിയെടുക്കുന്ന ഒരു പിടി ആള്‍ക്കാരുടെ തൊഴില്‍ സാധ്യതയെപ്പോലും തുടര്‍ച്ചയായി ബാധിക്കുന്നു. സിനിമ കാണാന്‍ കാശുമുടക്കി ടിക്കറ്റെടുക്കുന്ന ഉപഭേക്താവിനെ ബോധവത്ക്കരിക്കുകയും അതുവഴി അയാളെ നഷ്ടത്തില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്ന വലിയ ധര്‍മ്മമാണ് തങ്ങള്‍ നിര്‍വഹിക്കുന്നതെന്നാണ് ഈക്കൂട്ടരുടെ പൊതുവായവാദം. ഈ വലിയ സേവനത്തിന് ആരാണ് ഇവരെ ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല.
എങ്കിലും അഭിപ്രായസ്വാതന്ത്രത്തിനുള്ള അവകാശം എന്ന മറ ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ നിയമത്തിനുപോലും പലപ്പോഴും ഇവരെ തൊടാനാകുന്നില്ല. എന്നാല്‍ അറിയേണ്ടൊരു വസ്തുത ആത്യന്തികമായി ആനന്ദോപാധി മാത്രമായ ഒരു കലയെന്നതിലുപരി വന്‍ വ്യവസായമായി മാറിക്കഴിഞ്ഞിട്ടുള്ള ഒന്നാണ് ഇന്ന് സിനിമ. ലക്ഷങ്ങളില്‍ നിന്ന് കോടികളിലേയ്ക്ക് അതിന്റെ മുതല്‍മുടക്ക് മാറിയിരിക്കുന്നു. മാത്രമല്ല ഒരാളെ രസിപ്പിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല മറിച്ച് കല എന്ന നിലയില്‍ അതിന്റെ സാമൂഹ്യധര്‍മ്മങ്ങളും കടമകളും ഏറെക്കുറെ മാറ്റിവച്ച് മറ്റേതൊരു കച്ചവട ഉല്പന്നത്തെയും പോലെ മാര്‍ക്കറ്റിലെത്തുന്നതാണ് ഇന്നത്തെ സിനിമ. ലോകത്തെവിടെയും ഇതുതന്നെയാണ് നിലവിലെ അവസ്ഥ. ഈ സത്യം തിരിച്ചറിയുന്നതുകൊണ്ട് തന്നെ സര്‍ക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും വലിയ അളവില്‍ നികുതിയും സിനിമ എന്ന വ്യവസായത്തിന്് മേല്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. ഭീമമായ നികുതി നല്‍കി സര്‍ക്കാര്‍ ഖജനാവുകളെ പരിപോഷിപ്പിക്കുന്ന ഈ വ്യവസായത്തിന് അര്‍ഹമായ സംരക്ഷണം നല്‍കുന്ന നിയമങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപംകൊടുക്കാന്‍ ആഗ്രഹിക്കുന്നതും അതുകൊണ്ടാണ്. എന്നാല്‍ അത്തരം സംരംഭങ്ങള്‍ പൊളിഞ്ഞുകാണണം എന്ന ആഗ്രഹത്താലും സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വരുമാനം പ്രതീക്ഷിച്ചും നിക്പക്ഷ വിമര്‍ശകര്‍ എന്ന പേരിലെത്തി ഒരു പിടി ആള്‍ക്കാരുടെ ചോറില്‍ മണ്ണുവാരിയിടുന്നത് തീര്‍ച്ചയായും മോശം പ്രവര്‍ത്തി തന്നെയാണ്.
ഇത്തരം സിനിമാ വിമര്‍ശകരെ എടുത്തു പരിശോധിക്കുമ്പോള്‍, തീര്‍ത്തും പൊള്ളയായ ഒരു സിനിമാ പശ്ചാത്തലമാണ് കാണാനാകുന്നത്. ലോകസിനിമയെകുറിച്ചോ എന്തിന് മലയാള സിനിമയെക്കുറിച്ചുപോലും അടിസ്ഥാനപരവും വസ്തുതപരവുമായ ഒരറിവും ഇല്ലാതെയാണ് റിലിസിംഗ് ചിത്രങ്ങളെ വിമര്‍ശിക്കുന്നതും അഭിപ്രായങ്ങള്‍ തട്ടിവിടുന്നതും. ഇതിനു പുറമെ ഒരു വ്യക്തിക്ക് ഒരു താരത്തിന്റെ മേലുള്ള ഇഷ്ടക്കേട് പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല വേദിയായി സിനിമ റിവ്യൂ മാറുന്ന കാഴ്ചയും പലപ്പോഴും കാണാനാകും. താരത്തോടുള്ള വെറുപ്പ് മുഴുവന്‍ സിനിമയിലും കലര്‍ത്തി അത് സത്യമെന്ന് തോന്നിപ്പിക്കും വിധമാകും ഇക്കൂട്ടര്‍ അവതരിപ്പിക്കുക. അതിനായി മോശം ഭാഷയിലുള്ള താരതമ്യങ്ങളും വളരെ പരിഹാസ്യപരമായ ഉപമകളും ഒപ്പം ചേര്‍ക്കുന്നു. ഇവര്‍ പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ ഏതെങ്കിലും ഒരു കളത്തില്‍ വീണുപോകുന്ന പ്രേക്ഷകര്‍ ഒരു സിനിമ കാണണ്ട എന്നു തീരുമാനിക്കുമ്പോള്‍ ഒരു ദ്രോഹവും ചെയ്യാത്ത കുറെപ്പേര്‍ക്ക് അത് വലിയ നഷ്ടമുണ്ടാക്കുന്നു.
ഇതുപോലെ തന്നെ റിവ്യൂവിന്റെ പേരില്‍ പണം വാങ്ങി പ്രമോഷന്‍ നടത്തുന്നവരെയും പ്രേക്ഷകര്‍ സൂക്ഷിക്കേണ്ടതായി വരുന്നു. സ്വാര്‍ത്ഥ ലാഭത്തിനോ പണത്തിനോ വേണ്ടി റിവ്യൂ നടത്തി സിനിമ എന്ന വ്യവസായത്തെ നശിപ്പിക്കുന്നവരെ പൊതുജനം തിരിച്ചറിയേണ്ടതുണ്ട്. ഒരു സിനിമ റിവ്യൂ കാണുമ്പോള്‍ അത് ചെയ്യുന്ന ആളുടെ ഉദ്ദേശം കൂടെ മനസ്സിലാക്കേണ്ട അധിക ബാധ്യത കൂടെ ഇന്നത്തെ സോഷ്യല്‍ മീഡിയ യുഗം പ്രേക്ഷകരില്‍ കെട്ടിവയ്ക്കുന്നുണ്ട്. ഇഷ്ടപ്പെടാത്ത വീഡിയോയ്ക്ക് താഴെ ഇഷ്ടപ്പെട്ടില്ല എന്ന് നമ്മള്‍ കമന്റ് ഇടുമ്പോള്‍ പോലും റിവ്യൂനടത്തുന്നയാള്‍ക്ക് പണം ലഭിക്കുന്നുണ്ട് എന്ന കാര്യം പോലും പലര്‍ക്കും അറിയില്ല. സിനിമ റിവ്യൂ എന്ന പേരില്‍ നടക്കുന്ന ആഭാസത്തിനു പൂട്ടിടാനും മറ്റാരെക്കാളും നന്നായി പ്രേക്ഷകര്‍ക്ക് മാത്രമാണ് കഴിയുക.
മറ്റൊരു പ്രധാന കാര്യം, സിനിമ ആസ്വാദനത്തിന് റിവ്യൂവിനെ കൂട്ടുപിടിക്കണ്ടതില്ല എന്നതാണ്. സിനിമ എപ്പോഴും അത് കാണുന്നവന്റെ മാത്രം അനുഭവമാണ്. അത് മറ്റൊരാളുടെ അഭിപ്രായമോ വിലയിരുത്തലോ കേട്ട് കാണേണ്ടതുമല്ല. കാരണം ഓരോ പ്രേക്ഷകന്റെയും കാഴ്ചപ്പാടും അഭിരുചിയും താല്പര്യങ്ങളും അടിസ്ഥാനപരമായി തന്നെ വ്യത്യസ്തമാണ്. ഈ വ്യത്യസ്തത ആസ്വാദനത്തിലും പ്രകടമാകും. ഒരു വ്യക്തിക്ക് വളരെയധികം ഇഷ്ടപെട്ട ഒരു സിനിമ തൊട്ടടുത്തിരുന്ന് സിനിമ കാണുന്ന ആള്‍ക്ക് അതേ ഇഷ്ടത്തോടെ ആസ്വദിക്കാന്‍ പറ്റണമെന്നില്ല.
സിനിമ നിരൂപണം ഇത്തരം വെട്ടുകിളികളുടെ മാത്രം അഭിപ്രായമാവുകയും അത് ഒരടിസ്ഥാനവുമില്ലാതെ ക്രമേണ പൊതുജനാഭിപ്രായമായി മാറുകയും ചെയ്യുന്നത് സിനിമ എന്ന വ്യവസായത്തിന് ദോഷം ചെയ്യുന്നതാണ്.വൈവിധ്യം നിറഞ്ഞ സിനിമകള്‍ ഉണ്ടാകേണ്ടതും അതിന് വ്യത്യസ്ത തരത്തിലുള്ള ആസ്വാദകരുണ്ടാകേണ്ടതും സിനിമ എന്ന വ്യവസായത്തിന് അനിവാര്യമാണ്.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids