Interview with Raj B Shetty മലയാള സംവിധായകരുടെ ആരാധകന്‍, ആദ്യം കണ്ടത് ഉസ്താദ് ഹോട്ടല്‍, അന്‍വര്‍ റഷീദ് ചങ്ക്!

Posted by Web Desk, 27 Nov, 2023

 

ബി.വി. അരുണ്‍ കുമാര്‍

 

എന്നെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുള്ളത് മലയാള സിനിമകളാണ്. ആദ്യ സിനിമ തന്നെ മലയാളത്തില്‍ നിന്ന് കന്നഡയിലേക്ക് ചെയ്തതാണ്. ഒരുപാട് മലയാള സിനിമകള്‍ കണ്ടിട്ടുണ്ട്. അന്‍വര്‍ റഷീദ് എന്റെ ചങ്കാണ്. അദ്ദേഹത്തിന്റെ ഉസ്താദ് ഹോട്ടലാണ് ഞാന്‍ ആദ്യം കണ്ട മലയാള സിനിമ. ഒത്തിരി മലയാള സംവിധായകരുടെ ആരാധകനാണ് ഞാന്‍... പറയുന്നത് സംവിധായകനും നടനുമായ രാജ് ബി. ഷെട്ടി. മമ്മൂട്ടി ചിത്രം ടര്‍ബോയിലൂടെ വീണ്ടും മലയാളത്തിലെത്തുകയാണ് തെന്നിന്ത്യന്‍ സിനിമയിലെ പുതിയ സെന്‍സേഷന്‍!

 

സംസാരിക്കാതെ വാചാലമായ ടോബി

 

സംസാരിക്കാന്‍ സാധിക്കാത്തയാള്‍ക്ക് എപ്പോഴും ഇമോഷന്‍ ഉണ്ടാകും. അവര്‍ക്ക് മറ്റുള്ളവരോട് ആശയവിനിമയം നടത്തണമെന്ന് ആഗ്രഹമുണ്ടാകും. അവരുടെ ശരീരം കൊണ്ടും ശബ്ദം കൊണ്ടും കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കും. ശബ്ദം എന്നുദ്ദേശിച്ചത് പ്രത്യേക സൗണ്ട് എന്നാണ്. മറ്റുള്ളവര്‍ക്ക് അവരുടെ മുഖം കൊണ്ട് ആശയവിനിമയം നടത്താന്‍ സാധിക്കും. സാഹചര്യങ്ങളാണ് അങ്ങനെയൊക്കെ ചെയ്യിക്കുന്നത്. ടോബിയിലും അത്തരത്തിലുള്ള കമ്മ്യൂണിക്കേഷനുണ്ട്. ഭൂമിയിലെ എല്ലാവര്‍ക്കും അവരുടെ കഴിവിനനുസരിച്ച് ആശയവിനിയമം നടത്താന്‍ അറിയാം. ടോബിയിലെ മെയിന്‍ ക്യാരക്റ്റര്‍ സംസാരിക്കുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ എക്സ്പ്രഷനില്‍ എല്ലാമുണ്ട്. സിറ്റുവേഷന്‍സിലൂടെയുള്ള ഇമോഷനാണ് ടോബിയില്‍ ഞാന്‍ വര്‍ക്കൗട്ടാക്കിയത്.

 

 

എഴുത്തുകാരന്‍ ടി.കെ. ദയാനന്ദിന്റെ ഒരു കഥയില്‍ നിന്നാണ് ടോബിയുടെ ഉത്ഭവം. ആ കഥയില്‍ ഊമയായ ഒരു കഥാപാത്രമുണ്ട്. അതാണ് ടോബി. പുസ്തകം വായിച്ചപ്പോള്‍ എതെനിക്കിഷ്ടപ്പെട്ടു. അങ്ങനെ സിനിമയാക്കി. ഇതൊരു ഇമോഷന്‍ ഡ്രാമയാണ്. ഒരു അച്ഛന്റെയും മകളുടെയും ബന്ധത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നൊരു സിനിമ. വളരെ താഴെത്തട്ടിലുള്ള ആള്‍ക്കാരുടെ കൂടി സിനിമയാണ് ഇതെന്ന് നിസ്സംശയം പറയാം. എന്റെ കഥകള്‍ എപ്പോഴും അത്തരം ആളുകള്‍ക്കു വേണ്ടിയുള്ളതാണ്. പ്രേക്ഷകര്‍ക്ക് അത് ഇഷ്ടപ്പെടുന്നുമുണ്ട്. ഞാനും അത്തരം ലെവലിലുള്ള ഒരാളാണ്. ഒരിക്കല്‍ ഞാന്‍ എന്റെ സുഹൃത്തിന്റെ വിവാഹത്തിനു പോയിരുന്നു. അവിടെ മറ്റൊരു സുഹൃത്തിന്റെ അച്ഛന്‍ വന്നു. അദ്ദേഹം നന്നായി മദ്യപിച്ചിട്ടാണ് വന്നത്. അവിടെ വച്ച് അദ്ദേഹം ഡാന്‍സ് ചെയ്യുന്നതു കണ്ടു. ആ സമയം അദ്ദേഹം എന്റെ ഹീറോയാണ്. കാരണം, അദ്ദേഹം ഒരു വീടുവച്ചു, കല്യാണം കഴിച്ചു, സന്തോഷമായി ജീവിച്ചു. പക്ഷേ അവിചാരിതമായി അദ്ദേഹം അങ്ങനെയൊരു സാഹചര്യത്തിലായിപ്പോയി. അതു കാണുന്ന മറ്റൊരാള്‍ക്ക് കോമഡിയായി തോന്നും. പക്ഷേ അതൊരു ദാരുണമായ സംഭവമാണ്. അദ്ദേഹവും എന്നെപ്പോലൊരു ആളാണ്. ടോബിയും അതുപോലൊരു കഥാപാത്രമാണ്. സിനിമയില്‍ ടോബി സംസാരിക്കാന്‍ സാധിക്കാത്ത ആളാണ്. സംസാരിക്കാന്‍ സാധിക്കാത്ത സമൂഹത്തിന്റെ പ്രതിരൂപം കൂടിയാണ് ടോബി. അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങളെ കുറിച്ച് ഫീലിംഗുകളുണ്ട്. പക്ഷേ അത് എക്സ്പ്രസ് ചെയ്യാന്‍ പറ്റില്ല. അതാണ് ടോബിയുടെ പ്രത്യേകത.

 


വയലന്‍സിന്റെ ലക്ഷ്യം നോണ്‍വയലന്‍സ്!

 

എന്റെ കാഴ്ചപ്പാടില്‍ എല്ലാ വയലന്‍സ് സിനിമകളുടെയും ഇന്റന്‍ഷന്‍ നോണ്‍ വയലന്‍സാണെന്നാണ്. ആന്റി വാര്‍ സിനിമ ചെയ്യുന്നൊരാള്‍ക്ക് വേണമെങ്കില്‍ ഒരു യുദ്ധമൊക്കെ അതില്‍ കാണിക്കാം. അതില്ലെങ്കില്‍ ഒരുപക്ഷേ കഥയിലെ വസ്തുത കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കില്ല. പല വയലന്‍സ് സിനിമകളും സ്‌റ്റൈലിഷായിട്ടാണ് വന്നിട്ടുള്ളത്. എന്റെ എല്ലാ സിനിമകളിലും വയലന്‍സുണ്ട്. ഞാന്‍ അതു ചെയ്യുന്നത് എന്തിനെന്നുവച്ചാല്‍, നാം ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം അവനവനു തന്നെ കിട്ടും എന്ന സന്ദേശം കൊടുക്കാന്‍ വേണ്ടിയാണ്. അതാണ് എന്റെ വിശ്വാസം. ഫോര്‍ എവരി ആക്ഷന്‍ ദെയര്‍ ഈസ് ആന്‍ ഈക്വല്‍ ആന്‍ഡ് ഓപ്പോസിറ്റ് റിയാക്ഷന്‍ എന്നു പറയുന്നതുപോലെയാണത്.

 

എന്റെ ആദ്യ പടം ഒണ്ടു മൊട്ടയ കഥൈയില്‍ ഒരു വയലന്‍സും ഉണ്ടായിരുന്നില്ല. മലയാളത്തില്‍ ഇറങ്ങിയ തമാശ എന്ന സിനിമയുടെ കന്നഡ പതിപ്പായിരുന്നു അത്. ആ സിനിമയില്‍ ലഹരി ഉപയോഗം പോലും ഉണ്ടായിരുന്നില്ല. പക്ഷേ ഞാനൊരു ഗ്യാംഗ്സ്റ്റര്‍ സിനിമയെടുത്താല്‍ അതില്‍ വയലന്‍സ് വരും. അത് സ്വാഭാവികമാണ്. ഒണ്ടു മൊട്ടയ കഥൈയില്‍ വയലന്‍സ് ചേര്‍ത്തിരുന്നെങ്കില്‍ അത് ഫോഴ്സ്ഫുള്ളി ചെയ്യുന്നതായിപ്പോകും. ആ കഥ അത് ഡിമാന്‍ഡ് ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ആ സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റും കിട്ടി.

 

ഒണ്ടു മൊട്ടയ കഥൈ എന്റെ ജീവിതം

 

എന്റെ ജീവിതം തന്നെയാണ് ഒണ്ടു മൊട്ടയ കഥൈയിലും കൊണ്ടുവന്നിട്ടുള്ളത്. നമ്മുടെ സമൂഹത്തില്‍ പലര്‍ക്കും കഷണ്ടിയുണ്ട്. കഷണ്ടിയുള്ളവരെ നമ്മള്‍ കളിയാക്കാറുണ്ട്. എനിക്കും നല്ല കഷണ്ടിയുണ്ട്. എന്നെ കളിയാക്കിയാലും ഞാന്‍ അതിനെ വേറെ ലെവലിലാണ് എടുക്കാറുള്ളത്. പക്ഷേ നമ്മുടെ സമൂഹത്തില്‍ വളരെ സോഫ്റ്റായ കഷണ്ടിയുള്ള ഒരാളുടെ റിയാക്ഷന്‍ എന്നെപ്പോലെയായിരിക്കില്ല. അത്തരത്തിലുള്ളവരുടെ ഫീലിംഗ്സ് എനിക്കു മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. അത്തരമൊരു കളിയാക്കല്‍ മറ്റുള്ളവര്‍ക്ക് എങ്ങനെ കോമഡിയായി തോന്നുന്നുവെന്ന് ഞാന്‍ ചിന്തിച്ചു. അതിന്റെ മെയിന്‍ ലക്ഷ്യം ബോഡി ഷെയിമിങ്ങാണ്. എത്രയോ പേര്‍ കഷണ്ടിയുടെ പേരില്‍ ഹരാസ്മെന്റിന് ഇരയാകുന്നുണ്ടാകാം. അങ്ങനെയുള്ളവരുടെ ഉള്ളില്‍ ഒരു വികാരമുണ്ടാകും. അതിനെയാണ് ഞാന്‍ ആ സിനിമയില്‍ എക്സ്പ്രസ് ചെയ്തത്.

 


സ്‌ക്രീനില്‍ എത്താന്‍ ആഗ്രഹിച്ചില്ല

 

എന്റെ ആദ്യ പടത്തില്‍ ഞാന്‍ അഭിനയിക്കാന്‍ തയാറായിരുന്നില്ല. എനിക്ക് വലിയൊരു കോംപ്ലക്സുണ്ട്. എങ്ങനെയാണ് എന്നെ സ്‌ക്രീനില്‍ കാണുക, എനിക്ക് നല്ല ലുക്കില്ല എന്നൊക്കെയുള്ള കോംപ്ലക്സ്. പക്ഷേ എന്റെ സിനിമകളിലെ സന്ദേശം കഴിവുകളെ നിങ്ങള്‍ മനസിലാക്കണം, സ്വീകരിക്കണം എന്നൊക്കെയാണ്. അങ്ങനെ സംവിധായകനും എഴുത്തുകാരനുമായ എന്റെ ലുക്ക് ഒരുപക്ഷേ അക്സപ്റ്റ് ചെയ്യില്ല എന്നാണ് ഞാന്‍ കരുതിയിരുന്നത്. ഐ ആം ഗിവിംഗ് മെസേജ്. അതുകൊണ്ട് അഭിനയിക്കാനും തയാറായിരുന്നില്ല. സ്‌ക്രിപ്റ്റ് കഴിഞ്ഞപ്പോഴേക്കും അഭിനേതാക്കളെ അന്വേഷിക്കാന്‍ തുടങ്ങി. ഒരുപാട് അന്വേഷിച്ചിട്ടും അതിനു പറ്റിയ ആളെ കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ എന്റെ നിര്‍മാതാവ് പറഞ്ഞു, വേറെ ഒപ്ഷനില്ല, നിങ്ങള്‍ തന്നെ അഭിനയിച്ചാല്‍ മതിയെന്ന്. അങ്ങനെ ഒണ്ടു മൊട്ടയ കഥൈയില്‍ ഞാന്‍ അഭിനയിച്ചു. അതിനു മുമ്പ് അങ്ങനെയൊരു എക്സ്പിരിയന്‍സ് എനിക്കുണ്ടായിട്ടില്ല. നേരത്തെ ഒരു സ്‌കൂളില്‍ ആക്ടിംഗ് ടീച്ചറായി ജോലി നോക്കിയിരുന്നു. അപ്പോഴും ഞാന്‍ ഹാപ്പി ആയിരുന്നില്ല. അതിനു കാരണം എന്റെ ലുക്കായിരുന്നു.

 

ഋഷഭ് ഷെട്ടിയും ഞാനും

 

ഋഷഭ് ഷെട്ടിയുടെ സര്‍ക്കാരി ഹി. പ്രാ. ഷാലേ എന്ന സിനിമ ഞാനും കൂടി ചേര്‍ന്നാണ് എഴുതിയത്. 2018 ലാണ് ചിത്രം റിലീസ് ചെയ്തത്. 2017 ലാണ് ഒണ്ടു മൊട്ടയ കഥൈ എന്ന എന്റെ ആദ്യ പടം ഇറങ്ങിയത്. അതുകഴിഞ്ഞപ്പോള്‍ എനിക്ക് കുറച്ചുകൂടി എക്സ്പിരിയന്‍സ് വേണമെന്നു തോന്നി. ഒരു സ്വതന്ത്ര ഫിലിം മേക്കറാകാന്‍ ആഗ്രഹിച്ചിരുന്നു. എന്റെ സിനിമ ഋഷഭ് ഷെട്ടി കണ്ടിരുന്നു. അങ്ങനെ അദ്ദേഹം എന്നെ വിളിച്ചു. ആ സമയം ഞാന്‍ അങ്ങോട്ടു ചോദിച്ചിരുന്നു, അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു സിനിമ എഴുതാന്‍ ആഗ്രഹമുണ്ടെന്ന്. അതു കേട്ടപ്പോള്‍ തന്നെ സര്‍ക്കാരി ഹി. പ്രാ. ഷാലേ എന്ന സിനിമ എഴുതാന്‍ അവസരം നല്‍കി. അദ്ദേഹം എനിക്ക് ഐഡിയ തന്നു ഞാന്‍ എഴുതി. അതിനു ശേഷം മറ്റൊരു കഥയും എന്നോട് എഴുതാന്‍ പറഞ്ഞു. അത് ചെയ്തെങ്കിലും റിലീസ് ചെയ്തിട്ടില്ല. പിന്നെ ഗരുഡ ഗമന വൃഷഭ വാഹന എഴുതാന്‍ പറഞ്ഞു. അതും ചെയ്തു. അദ്ദേഹം അപ്പോള്‍ എന്നില്‍ ഹാപ്പിയായി. അങ്ങനെ നമ്മള്‍ ഒന്നിച്ചു വര്‍ക്ക് ചെയ്യാന്‍ തുടങ്ങി.

 

കാന്താരയിലും ഞാന്‍ എഴുതിയിട്ടുണ്ട്. സിനിമയുടെ ഓപ്പണിംഗ് നരേഷന്‍ ഞാന്‍ എഴുതിയതാണ്. മാത്രമല്ല ആ സിനിമയ്ക്ക് കാന്താര എന്ന പേര് ഇട്ടതും ഞാനായിരുന്നു. സിനിമയുടെ ക്ലൈമാക്സില്‍ തെയ്യം കണ്‍സപ്റ്റ് എക്സിക്യൂട്ട് ചെയ്തതും ഞാനായിരുന്നു. നമ്മള്‍ അടുത്ത നാട്ടുകാരാണ്. ഞാന്‍ മംഗലാപുരത്താണ് താമസം, ഋഷഭ് ഷെട്ടി മൂകാംബികയ്ക്കടുത്തും.

 


സിനിമ എന്ന വിസ്മയം

 

ഞാന്‍ ജനിച്ചത് ഭദ്രാവതിയിലാണ്. അന്നൊക്കെ ദൂരദര്‍ശന്‍ മാത്രമാണ് കാണാനുള്ള ടെലിവിഷന്‍ ചാനല്‍. ഒരു സാധാരണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ ഡിഗ്രി സമയത്താണ് ടിവി വീട്ടില്‍ വാങ്ങുന്നതു തന്നെ. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴൊക്കെ ഞാന്‍ ആന്റിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. അവരുടെ വീടിനടുത്ത് തിയേറ്ററുണ്ട്. അന്ന് ഷോ നടക്കുമ്പോള്‍ ആ തിയേറ്ററിനടുത്തേക്ക് പോകും. അക്കാലത്ത് ടിക്കറ്റെടുക്കാന്‍ കൈയില്‍ പൈസയൊന്നുമില്ല. ഞാനും സുഹൃത്തുക്കളും ചേര്‍ന്ന് തിയേറ്ററിന്റെ പുറത്ത് സിനിമയുടെ ശബ്ദരേഖ കേള്‍ക്കുമായിരുന്നു. ഓരോ സംഭാഷണം വരുമ്പോഴും, ഇത് ഇന്നാരാണ്, അത് ഇന്നാരാണ് എന്ന് നമ്മള്‍ പറയുമായിരുന്നു. അങ്ങനെ സിനിമയോടുള്ള ബഹുമാനം കൂടി. എന്റെ വീടിനടുത്ത് ടിവിയുള്ളിടത്തൊക്കെ പോയി കാണുമായിരുന്നു. അങ്ങനെ സിനിമ പ്രചോദനമായി.

 

പഠനം കഴിഞ്ഞ് ഞാന്‍ കുറച്ചുകാലം ആര്‍ജെ ആയി ജോലിചെയ്തു. പരസ്യങ്ങള്‍ ചെയ്തു. പിന്നെ ഷോട്ട് ഫിലിം എഴുതി. പക്ഷേ അത് പൊട്ടിപ്പോയി. അങ്ങനെ വളരെ കഷ്ടപ്പെട്ട പണിയാണ് സിനിമയെന്നു മനസിലായി. പിന്നെ രണ്ടുവര്‍ഷം ക്ലാസിക് സിനിമകള്‍ കണ്ടു. കുറേ സ്‌ക്രിപ്റ്റുകള്‍ വായിച്ചു. അങ്ങനെ എഴുതാന്‍ പഠിച്ചു. പിന്നെ സിനിമ പഠിക്കാന്‍ പോയി. അതിലൂടെയാണ് സിനിമയിലേക്കു വന്നത്. അപ്പോഴും അഭിനയം മനസില്‍പ്പോലും ഇല്ലായിരുന്നു.

 

 

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids