മാറ്റത്തിന്റെ ആനന്ദം
" ആനന്ദം " പേര് പോലെ ഒരു സിനിമ. രണ്ട് മണിക്കൂര്‍ കണ്ടിരിക്കുന്നവരെ തൃപ്തിപ്പെടുത്തുന്ന മനോഹരമായ ദൃശ്യാനുഭവം. തുടക്കത്തിലേ പറയട്ടേ, ഏകദേശം മുപ്പത് വയസ്സിനു താഴെയുള്ള, അതില്‍ തന്നെ ഇപ്പോള്‍ വിദ്യാര്‍ത്ഥികളായിട്ടുള്ളവരെയാകുമീ സിനിമ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുക. കാരണം അവരുടെ ജീവിതം അതിന്റെ എല്ലാ രസങ്ങളോടെയും പകര്‍ത്തിയിരിക്കുന്നു ആനന്ദത്തില്‍ സംവിധായകന്‍ ഗണേശ് രാജ്.
ആനന്ദത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ആശയം മലയാള സിനിമയില്‍ പുതുമയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെന്നിന്ത്യയാകെ തരംഗമായി പടര്‍ന്ന തെലുങ്ക് ചിത്രം ഹാപ്പി ഡെയ്‌സിന്റെ കഥാഗതിയോടും, കഥാപാത്ര നിര്‍മ്മിതികളോടും തെറ്റില്ലാത്ത സാമ്യമുണ്ട് ആനന്ദത്തിന്. അതിനെ അനുസ്മരിപ്പിക്കുന്നു പല രംഗങ്ങളിലും ഈ ചിത്രം. അതു പക്ഷേ ഒരു പരാതിയായി പറയുവാനോ, പോരായ്മയായി ചൂണ്ടിക്കാണിക്കുവാനോ സാധ്യമല്ല. കാരണം മലയാള സിനിമ അതിന്റെ പഴകി ദ്രവിച്ചു തുടങ്ങിയ കച്ചവട ഫോര്‍മുലയില്‍ നിന്ന് ഏറെയകലത്തേക്ക് ഓടി മാറുന്നുണ്ട് ഈ ചിത്രത്തിലൂടെ എന്നു വ്യക്തം. മലയാളത്തിലെ മുതിര്‍ന്ന സംവിധായകര്‍ക്ക് പോലും സമീപിക്കുവാന്‍ ഭയം തോന്നുന്ന സിനിമയുടെ പുതിയ സാധ്യതകളിലേക്ക് നവാഗതനായ ഗണേശ് രാജ് തന്റെ ആദ്യ സൃഷ്ടിക്ക് ഇടം രേടിയെത്തി എന്നതു തന്നെ ആ ചെറുപ്പക്കാരനെ അഭിനന്ദനിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണമാണ്.
അത്യാവശ്യം സാമ്പത്തികാടിത്തറയുള്ള കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ പഠിക്കുന്ന ഒരു മെച്ചപ്പെട്ട എന്‍ജിനീയറിംഗ് കോളേജാണ് സിനിമയുടെ പ്രധാന പശ്ചാത്തലം. നിലവില്‍ ഏറ്റവും കൂടുതല്‍ ട്രോളടികളേറ്റുവാങ്ങുന്ന സാക്ഷാല്‍ ബി.ടെക് കാരാണ് പ്രധാന കഥാപാത്രങ്ങളെന്നര്‍ത്ഥം. അവരുടെ ജീവിതം, സൗഹൃദം, പ്രണയം, സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍ ഒക്കെയാണ് സിനിമയുടെ വിഷയം. ആനന്ദത്തിന് നിയതമായ ഒരു കഥയില്ല. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് വളരുന്ന തിരക്കഥയാണ് ചിത്രത്തിന്റെത്. അതും അത്ര മെച്ചമല്ലെങ്കിലും അവതരണത്തിന്റെ പുതുമ കൊണ്ട് സംവിധായകന്‍ പ്രശ്‌നങ്ങള്‍ മറികടക്കുന്നു. ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഇന്‍ഡസ്ട്രിയല്‍ വിസിറ്റിനും, അതിനൊപ്പം അത്യാവശ്യം ആഘോഷങ്ങള്‍ക്കുമായി നാല് ദിവസത്തെ യാത്ര തുടങ്ങുന്നിടത്താണ് സിനിമ അതിന്റെ ട്രാക്കിലേക്കിറങ്ങുന്നത്. എല്ലാ കാംപസ് കഥകൡലുമാവര്‍ത്തിക്കുന്ന സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങള്‍ ആനന്ദത്തിലുമുണ്ട്. അതായത് ഒരു കോളേജ് ബ്യൂട്ടി, ബഫൂണ്‍, അവളോടുള്ള അഗാധമായ പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവന്‍, പാട്ടുകാരന്‍, കമിതാക്കള്‍, ചിത്രകാരി, പ്രണയബദ്ധരായ യുവ അദ്യാപകര്‍ അങ്ങനെയങ്ങിനെ...... ഇന്‍ഡസ്ട്രിയല്‍ വിസിറ്റൊക്കെ കഴിഞ്ഞ് ഹംപിയിലും, ഗോവയിലുമായി നടക്കുന്ന വിനോദയാത്രാഘോഷങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ആകെ സിനിമ. ഒരു ടിപ്പിക്കല്‍ കോളേജ് ടൂറിന് പോകുന്ന അനുഭവം ആനന്ദം പ്രേക്ഷകന് പകരുന്നു എന്നതാണ് ഹൈലൈറ്റ്.
എന്തായാലും ആനന്ദം കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമയാണ്. ഭൂരിപക്ഷവും പുതു മുഖങ്ങളെ പ്രധാന അഭിനേതാക്കളാക്കിയ ചിത്രം കാഴ്ചയ്ക്ക് നവ്യാനുഭവം തന്നെ. ഏറ്റവും വലിയ പ്രത്യേകത പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പുതിയ നടീ നടന്‍മാരോരോരുത്തരും പരിചിതരെപ്പോലെ തങ്ങള്‍ക്കു ലഭിച്ച വേഷം മനോഹരമാക്കി എന്നതു തന്നെ. ചിത്രത്തില്‍ കണ്ടു പഴകിയ അഭിനേതാക്കളുടെ സാന്നിധ്യം അധികമില്ല താനും. കാഴ്ചകളാണ് ആനന്ദത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണീയത. മനോഹരമായ ഛായാഗ്രാഹണം. ഹംപിയുടെയും, ഗോവയുടെയും, മൈസൂറിന്റെയുമൊക്കെ സൗന്ദര്യം ഒട്ടും ചോരാതെ ഒപ്പിയെടുത്തു ആനന്ദ് സി ചന്ദ്രന്‍. മറ്റൊന്ന് സംഗീതം. കാതിനേലാസരമാകാത്ത ശാന്തസുന്ദരമായ ഈണം സച്ചിന്‍ വാര്യര്‍ എന്ന സംഗീത സംവിധായകന് അഭിമാനിക്കുവാനുള്ള വകയാണ്. എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായികിനും അഭിനന്ദനങ്ങള്‍.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെശാഖ് നായര്‍, അരുണ്‍ ആന്റണി, തോമസ് മാത്യു, അരുണ്‍ കുര്യന്‍, സിദ്ധി മഹാജന്‍ കട്ടി, റേവഷന്‍ മാത്യു, അനാര്‍ക്കലി മരിക്കാര്‍ എന്നീ പുതുമുഖങ്ങളൊക്കെയും തങ്ങളുടെ ഭാഗം വെടിപ്പാക്കി. കഥയും, തിരക്കഥയും സംവിധായകന്റെത്. ഹാബിറ്റ് ഓഫ് ലൈഫിന്റെയും, കാസ്റ്റ് ഇന്‍ ക്രൂവിന്റെയും ബാനറില്‍ വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ നിറമ്മാതാവ്. വിനീത് ശ്രീനിവാസന്‍ എന്ന ബ്രാന്‍ഡിന്റെ വാല്യൂവാണ് ആനന്ദനത്തിന്റെ ആദ്യ ദിന സ്വീകാര്യതയ്ക്ക് പ്രധാന കാരണം.
ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ പ്രത്യക്ഷപ്പെടുന്ന നിവിന്‍ േപാളി തീയേറ്ററില്‍ ആരവമുണ്ടാക്കുന്നു. ആ സസ്‌പ്രൈസ് കാമിയോ ഗറ്റപ്പ് താരത്തിന്റെ ജനസമ്മിതി കണക്കിലെടുത്തുള്ളതാകാനാണ് സാധ്യത. ചെറുപ്പക്കാര്‍ ചിത്രത്തിലെ ഓരോ രംഗത്തിനും നിറഞ്ഞ കയ്യടി സമ്മാനിച്ച്, ആസ്വദിച്ച് സിനിമ കാണുന്നു. സിനിമ തീരുമ്പോള്‍ ആരവത്തോടെ തിയേറ്റര്‍ വിട്ടിറങ്ങുന്നു. ഉറപ്പ്, മലയാളത്തില്‍ മറ്റൊരു സസ്‌പ്രൈസ് ഹിറ്റ് കൂടി ജനിക്കുന്നു......