അങ്കമാലി ഡയറീസ് - തനി നാടന്‍ കാഴ്ചകളുടെ സ്വാഭാവികത
കട്ട ലോക്കല്‍ എന്ന ടാഗ് ലൈന്‍ തന്നെയാണ് അങ്കമാലി ഡയറീസിന്റെ കൃത്യമായ നിര്‍വ്വചനം. അവതരണത്തിലും, അഭിനയത്തിലും, സംഗീതത്തിലും എന്തിന് ഛായാഗ്രാഹണത്തില്‍ വരെ കേരളീയത്തനിമയുള്ള ഗ്രാമീണ സൗന്ദര്യം അതിന്റെ സകല തീവ്രതയോടെയും സിനിമയില്‍ കലര്‍ന്നിരിക്കുന്നു.
പ്രാദേശിക ജീവിതങ്ങളുടെ കഥ അടുത്തിടേയായി മലയാള സിനിമയില്‍ വീണ്ടും ശക്തമായ സാന്നിധ്യമറിയിക്കുന്നു. മഹേഷിന്റെ പ്രതികാരവും, കമ്മട്ടിപ്പാടവും ഉദാഹരണം. അത്തരത്തില്‍ തന്നെയാണ് അങ്കമാലി ഡയറീസും ഒരുക്കിയത്. അതായത് അങ്കമാലി എന്ന നാടിന്റെ, അവിടുത്തെ കാഴ്ചകളുടെ, ജീവിത രീതികളുടെ, സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, വയലന്‍സിന്റെ സിനിമാരൂപം. അതില്‍ തന്നെ സൗഹൃദവും അതില്‍ നിന്നുരുവം കൊള്ളുന്ന വയലന്‍സും പ്രധാനം. അതിജീവനത്തിനായുള്ള ശ്രമവും, ആവേശവുമാണ് വയലന്‍സിന്റെ പ്രധാന കാരണങ്ങളാകുന്നത്. പലപ്പോഴും അതിന്റെ അമിതമായ പ്രസരണമുണ്ടെങ്കിലും അതെല്ലാം നാടന്‍ കാഴ്ചപ്പാടുകളുള്ള നാട്ടുമ്പുറത്തുകാരുടെ നിഷ്‌കളങ്കതകളില്‍ നിന്നുണ്ടാകുന്നതാണെന്നതും ശ്രദ്ധേയം.
അങ്കമാലിയിലെ ക്രൈസ്തവ ജീവിതം കേന്ദ്രീകരിച്ചാണ് സിനിമ കഥ പറയുന്നത്. അതില്‍ നിന്ന് ശാഖോപശാഖകളായി പടര്‍ന്ന് പല പല സംഭവങ്ങളായിത്തുടരുന്നതാണ് ആഖ്യാനം. എന്നാലവയെ തമ്മില്‍ കണക്ട് ചെയ്യുന്ന ഒരു രേഖ കൃത്യമായി തെളിഞ്ഞുകാണുവാനാകും. നായകന്‍, വില്ലന്‍, നായിക എന്നിങ്ങനെ ടിപ്പിക്കല്‍ ശൈലി പിന്‍തുടരുമ്പോഴും സിനിമ എന്നനിലയില്‍ മലയാളത്തിലെ ശൈലീകൃത ആവര്‍ത്തനങ്ങളെ നിരാകരിക്കുന്നുണ്ട് അങ്കമാലി ഡയറീസ്. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തില്‍ ദളിത് ജീവിതവും ഒടുവില്‍ ആസന്നമായ ദുരന്തത്തിലേക്കെത്തിപ്പെടുന്ന അവരെ ദുരുപയോഗം ചെയ്യുന്ന വരേണ്യതയും ചര്‍ച്ചയായപ്പോള്‍, അതില്‍ നിന്ന് കുറച്ചു കൂടി ലളിതമായി, രസകരമായി മറ്റൊരു തലത്തില്‍ അവതരിപ്പിച്ചിരിക്കുന്നു അങ്കമാലി ഡയറീസിലെ ക്രൈസ്തവ ജീവിതത്തെ.
മലയാളത്തിലെ നവതലമുറ സംവിധായകരില്‍ ഒന്നാം നിരയിലാണ് ലിജോ ജോസ് പല്ലിശ്ശേരി. നായകനും, സിറ്റി ഓഫ് ഗോഡും, ആമേനും, ഡബിള്‍ ബാരലും ലിജോയുടെ പ്രതിഭ തെളിയിച്ചവയാണ്. അതിന് ഏറ്റവും കടുത്ത പിന്‍ബലമാകും അങ്കമാലി ഡയറീസ്. അങ്കമാലി സ്വദേശിയായ ചെമ്പന്‍ വിനോദ് ജോസ് എഴുതിയ കഥയും തിരക്കഥയും സംഭാഷണങ്ങളും അതിന്റെ നേര്‍ക്കാഴ്ചാഗുണം ചോര്‍ന്നു പോകാതെ അവതരിപ്പിക്കുവാന്‍ സാധിച്ചു എന്നത് തന്നെയാണ് ലിജോയുടെ പ്രസക്തി. മെക്‌സിക്കന്‍ ആക്ഷന്‍ സിനിമകളെ അനുസ്മരിപ്പിച്ച നായകന്‍, സിറ്റി ഓഫ് ഗോഡ്, മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകളെ കാവ്യാത്മകമായി അവതരിപ്പിച്ച ആമേന്‍, മലയാള സിനിമയ്ക്ക് മുന്‍പരിചയമില്ലാത്ത കാഴ്ചയൊരുക്കിയ ഡബിള്‍ ബാരല്‍ എന്നിവയ്കക്കൊപ്പം ഇപ്പോഴിതാ തനി നാടന്‍ ശൈലിലിലൊരുക്കിയ അങ്കമാലി ഡയറീസും. ഓരോന്നും ഓരോതരത്തില്‍, ഓരോ തലത്തില്‍ നിലയുറപ്പിക്കുന്ന സിനിമകള്‍. അങ്കമാലിയുടെ കഥ അഭ്രപാളിയില്‍ പകര്‍ത്തുമ്പോള്‍ എഴുത്തുകാരനൊപ്പം ലിജോയെ സഹായിച്ചത് ഛയാ്യാഗ്രാഹകനും, എഡിറ്ററും, സംഗീത സംവിധായകനും, അഭിനേതാക്കളും അതിലുപരി അങ്കമാലിയുമാണ്. അത് പ്രേക്ഷകര്‍ക്ക് അംഗീകരിക്കുവാനാകുന്ന തരത്തില്‍ സമാസമം കലര്‍ത്തി എന്നതാണ് സംവിധാനത്തിലെ മികവ്.
86 പുതുമുഖങ്ങളാണ് സിനിമയിലുള്ളത്. പഷേ ആദ്യ സിനിമയെന്ന അങ്കലാപ്പുകളില്ലാതെ തങ്ങളുടെ കഥാപാത്രങ്ങളായി അവര്‍ ഏറ്റവും സ്വാഭാവികമായ അഭിനയ ഭംഗി പ്രകടിപ്പിച്ചു. നായകനായ വിന്‍സന്റ് പെപ്പേയും, പ്രതിനായകനായ അപ്പാനി രവിയും, യൂ ക്ലാമ്പ് രാജനും, ടെണ്‍ എംഎല്‍ തോമസും, പോര്‍ക്ക് വര്‍ക്കിയും, ബാബുജിയും, ഭീമനും, കുഞ്ഞൂട്ടിയും, കണകുണാ മാര്‍ട്ടിയും, രാജനും, പരിപ്പ് മാര്‍ട്ടിയും ചേരുന്ന ആണ്‍കൂട്ടത്തിന്റെ ആവേശത്തിന്റെയും, പ്രതികാരത്തിന്റെയും, നിഷ്‌കളങ്കതയുടെയും, അതിജീവനത്തിന്റെയും, ദുരന്തങ്ങളുടെയും കഥ. എന്തിനൊക്കയോ വേണ്ടി ഓടി എങ്ങിനെയൊക്കയോ എന്തൊക്കയോ നേടാന്‍ ശ്രമിച്ച് ഒടുവിലൊരു കത്തി മുനയില്‍ സ്വയം കുരുക്കുന്നവരുടെ കഥ. അതില്‍ നിന്ന് ശ്രമപ്പെട്ട് ഒഴിഞ്ഞു മാറി ജീവിതത്തിന്റെ പച്ചപ്പുകളിലേക്ക് രക്ഷപെടുന്നവരുടെ കഥ. ചുരുക്കത്തില്‍ കുറേ അങ്കമാലിക്കാരുടെ ജീവിത ഡയറിയിലെ കുറിപ്പുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവ കൊരുത്തുണ്ടാക്കിയ ഇന്‍സ്റ്റലേഷന്‍.
പോര്‍ക്കും, മദ്യവും, ആഘോഷങ്ങളും, സൗഹൃദക്കൂട്ടായ്മകളും, പ്രിയപ്പെട്ടവര്‍ക്കു വേണ്ടി സ്വന്തം ജീവന്‍ പണയപ്പെടുത്തുവാന്‍ തയ്യാറായവരും, പെരുന്നാളും, പ്രണയവും അത്രമേല്‍ സ്വാഭാവികമായി സിനിമയിലുണ്ട്. നായകനായ പെപ്പെ കഥ പറയുന്ന തരത്തില്‍ സിനിമ അതിന്റെ കഥാഗതിയിലേക്ക് കടക്കുകയും പിന്നീട് ആ വഴി വിട്ട് നായകന്റെ അതിജീവിനത്തില്‍ അവസാനിക്കുകയും ചെയ്യുന്നു. അതിനിടേ ചോര വീഴ്ത്തിയും, തോട്ടയെറിഞ്ഞും കുറേ സാധാരണക്കാര്‍ അസാധാരണമായ അനുഭവങ്ങളിലൂടെ പ്രേക്ഷകരെ കൈ പിടിച്ച് നടത്തുന്നു. പരസ്പരം കടിച്ചു കീറാന്‍ ശ്രമിച്ച് , വലിയ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ പരസ്പരം സ്‌നേഹം പകര്‍ന്ന് ഒന്നായ് ചേര്‍ന്ന് പെരുന്നാളിന്റെ മദ്യസത്കാര രാവില്‍ പരസ്പരം പുറണുന്ന നായകന്‍മാരും, പ്രതിനായകന്‍മാരും. ഒടുവില്‍ പ്രതിനായകന്‍ കൊല്ലപ്പെടേണ്ടവനാണെന്ന നിയമത്തെ അനുസരിച്ച് പാലുകൊടുത്ത കൈക്ക് തന്നെ കൊത്തുന്ന വില്ലനായി മറ്റൊരുത്തനെ അവതരിപ്പിച്ച് ഒടുവില്‍ വില്ലനെ കൊല്ലുമ്പോഴും, വില്ലനെ കൊല്ലുന്ന വില്ലന്‍ നായകന്‍മാരാല്‍ ആക്രമിക്കപ്പെട്ട് മരണത്തിലേക്ക് സ്വയം കയറിപ്പോകുമ്പോഴും സിനിമ അല്‍പ്പം പഴഞ്ചനാണ്. അതൊരു ന്യൂനതയല്ല താനും.
വിലാസമുള്ള , കരുത്തുള്ള പെണ്ണുങ്ങളാണ് അങ്കമാലി ഡയറീസിലുള്ളത്. നായകന്റെ മൂന്ന് പ്രണയിനികളും, നായകന്റെ സുഹൃത്തിന്റെ പോലീസുകാരി ഭാര്യയും, അമ്മമാരും, നായകന്റെ സഹോദരിയും ഒക്കെ പൂര്‍ണ്ണമായും പെണ്ണെന്ന അനുഭവം പകരുന്ന പാത്രസൃഷ്ടികള്‍ തന്നെ. ലിച്ചി എന്ന തന്നെക്കാള്‍ പ്രായക്കൂടുതലുള്ള, തന്റെ സഹോദരിക്കു തുല്യമായവള്‍ പ്രണയം തുറന്നു പറയുമ്പോള്‍ നായകന്‍ അനുഭവിക്കുന്ന അസാമാന്യമായ ലഹരിയും, പൊതുസമൂഹത്തിന് അയ്യോ എന്ന ഭാവമുണ്ടാകുവാന്‍ സാധ്യതയുള്ള ഇരുവരുടെയും വീട്ടുകാര്‍ പൂര്‍ണ്ണസമ്മതമറിയിക്കുന്ന വിവാഹവും സിനിമയിലെ വേറിട്ട കാഴ്ചകളാണ്.
അങ്കമാലി ചന്തയില്‍ കോടികളുടെ വരുമാനമുണ്ടാകുന്ന പോര്‍ക്ക് കച്ചവടവും, അതുമായി ചുറ്റപ്പെട്ടുണ്ടാകുന്ന സംഭവങ്ങളും സിനിമയുടെ കഥാഗതി നിര്‍ണ്ണയിക്കുന്നു. തോട്ടയെറിഞ്ഞും, വാളിനാല്‍ വെട്ടിയും, കത്തികൊണ്ട് കുത്തിയും, സ്വാഭാവികമായി തല്ലുകൂടിയും, അബദ്ധത്താല്‍ കൊന്നും, പരസ്പരം വെല്ലുവിളിച്ചും, ഫുട്‌ബോള്‍ കളിച്ചും, പള്ളിപ്പെരുന്നാളാഘോഷിച്ചും, സ്‌നേഹിച്ചും, മദ്യപിച്ചും, പ്രണയിച്ചും ജീവിക്കുന്ന ഒരു സമൂഹമാണ് അങ്കമാലി ഡയറീസിലുള്ളത്. ആരാധനയാലുള്ള ലോക്കല്‍ ഗ്യാംഗുകളുടെ സൃഷ്ടിയും, അവരെത്തിപ്പെടുന്ന ഇടങ്ങളും, സംഘര്‍ഷങ്ങളുമൊക്കെ പകര്‍ത്തുന്ന സിനിമ. നാടന്‍ വാദ്യങ്ങളുടെ മേളപെരുക്കത്തില്‍ തനി നാടന്‍ ശീലുകള്‍ പാടി കുറേ മനുഷ്യര്‍. അവര്‍ കഥാപാത്രങ്ങളല്ല. കഥയിലുള്ളവര്‍ മാത്രം. കൂടത്തിനാല്‍ തലയടിച്ച് പൊളിക്കുമ്പോള്‍ മരണവെപ്രാളത്താലലറുന്ന പന്നികള്‍ക്കു തുല്യമായി അതിനു കാരണക്കാരായ മനുഷ്യര്‍ മാറുന്നതും സിനിമ പലപ്പോഴും അനുഭവപ്പെടുത്തുന്നു. പന്നി അമറുകയും, മുരളുകയും ചെയ്യുന്നതിന്റെ ശബ്ദം പശ്ചാത്തല സംഗീതമായി ഉപയോഗിക്കുന്നത് അതിനെ സാധൂകരിക്കുന്നുമുണ്ട്. ഒപ്പം സ്വാഭാവിക ഹാസ്യത്തിന്റെ തുടര്‍ച്ചയും.
ചിത്രത്തിന്റെ പതിമ്മൂന്ന് മിനിട്ടു നീണ്ടു നില്‍ക്കുന്ന ക്ലൈമാക്‌സ് എടുത്തു പറയേണ്ടതാണ്. സംവിധാനത്തിലെയും, ഛായാഗ്രാഹണത്തിലെയും, അഭിനയത്തിലെയും സ്വാഭാവികതയും, അനായാസതയും അടയാളപ്പെടുത്തുന്നു ഈ സീന്‍.
തമിഴില്‍ ആവര്‍ത്തിച്ചു നിര്‍മ്മിക്കപ്പെടുന്ന ലോക്കല്‍ ഗ്യാംഗ്‌സ്റ്റര്‍ സിനിമകളുടെ മലയാളം ഉദാഹരണവുമാണ് അങ്കമാലി ഡയറീസ്. സുബ്രഹ്മണ്യപുരവും, പുതുപ്പേട്ടയും ഒക്കെ അവതരിപ്പിക്കപ്പെട്ട രീതിയിലാണ് ഈ സിനിമയും അതിന്റെ ആശയത്തെ കൃത്യമായ ഗന്ധങ്ങള്‍ കലര്‍ത്തി ദൃശ്യവത്കരിച്ചത്. എങ്കിലും തമിഴിന്റെ അന്ധമായ അനുകരണമല്ല എന്നതും മറക്കരുത്.
കോസ്റ്റിയൂം, മേക്കപ്പ്, പശ്ചാത്തലം എന്നിവയും സിനിമയെ അതിന്റെ ലാളിത്യവുമായി ചേര്‍ത്ത് കെട്ടുന്നു. ചുരുക്കത്തില്‍ തനതിനാ തന്തി താനേ നാനേ എന്നു തുടങ്ങുന്ന വയലന്‍സിന്റെ കാവ്യാത്മകവും, ചിലപ്പോഴൊക്കെ അപകടകരവുമായ അവതരണവും അതുമായി ബന്ധപ്പെട്ട് തിത്താ തിന്താ തരികിട തിമൃത തെയ് എന്നവസാനിക്കുന്ന പ്രണയം , കുടുംബം, സൗഹൃദം എന്നിവയുടെ നിലനില്‍പ്പും കയ്യൊതുക്കത്തേ അവതരിപ്പിച്ച നല്ല സിനിമയാണ് അങ്കമാലി ഡയറീസ്.