മരണമില്ലാതെ മണിയും, മരണ കാരണവും .. ചാലക്കുടിക്കാരൻ ചങ്ങാതി പറയുന്നു..

Posted by PR, 28 Sep, 2018

സിനിമ എപ്പോഴും ആഘോഷത്തിന്റെ ലോകമാണ്. വെള്ളിത്തിരയിലെ ഓരോ ചലനങ്ങളും അതുകൊണ്ട് തന്നെ വാർത്തയമാകുന്നു. മലയാളികളുടെ പ്രിയപ്പെട്ട നടൻ കലാഭവൻ മണിയുടെ ജീവിതം മരണാനന്തരം വെള്ളിത്തിരയിലേക്ക് പകർത്തപ്പെടുമ്പോൾ മണിയെന്ന മലയാളികളുടെ മാണിക്യം. എത്രത്തോളം സഹന ജീവിതമായിരുന്നു നയിച്ചിരുന്നതെന്ന് പ്രിയസംവിധായകൻ വിനയൻ ഏറെക്കുറെ കൃത്യമായി പറയുന്നു "ചാലക്കുടിക്കാരൻ ചങ്ങാതി" എന്ന ചിത്രത്തിലൂടെ.

നായകനായുള്ള രാജാമണി(സെന്തിൽ കൃഷ്ണ)യുടെ വെള്ളിത്തിര അരങ്ങേറ്റം പാഴകില്ല എന്നു തന്നെ പറയാം അത്ര തന്നെ തൻമയത്തത്തോടെ രാജാമണിയെന്ന കഥാപാത്രത്തെ രാജാമണി അവതരിപ്പിച്ചിരിക്കുന്നു. മലയാള സിനിമ ലോകത്തിന്റെ പിന്നാമ്പുറക്കഥകൾ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെ വിനയൻ വ്യക്തമായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്.

മണിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോൾ അത് സംവിധായകൻ വിനയന്റെ കൂടി ജീവിതമാവുകയാണ്. വിലക്കുകൾ ശാപമായി മാറിയ ഒരു കാലത്തെക്കൂടി വ്യക്തമായി വിനയൻ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു പക്ഷേ ചിത്രത്തിലെ ചില രംഗങ്ങൾ വിവാദത്തിനു കൂടി വഴി തുറക്കാനും സാധ്യതയുണ്ട്. കലാഭവൻ മണിയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച വിവാദ വിഷങ്ങൾ എല്ലാം തന്നെ ചിത്രത്തിൽ പരാമർശിക്കപ്പെട്ടു പോകുന്നു എന്നതും ശ്രദ്ധേയമാണ്. വിലക്കുകൾ മാറി മലയാള സിനിമയിലേക്കുള്ള വിനയൻ എന്ന സംവിധായകന്റെ തിരിച്ചുവരവു തന്നെ തന്റെ കഴിഞ്ഞു പോയകാലങ്ങളിൽ സംഭവിച്ചത് എന്താണെന്ന് പറയുക കൂടിയാണ് ഈ ചിത്രത്തിലൂടെ. മറ്റ് ബയോപ്പിക്ക് സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ചാലക്കുടിക്കാരൻ ചങ്ങാതി

ധർമ്മജൻ, വിഷ്ണു എന്നിവരുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. സൗഹൃദം ഒരു മനുഷ്യന് എത്രത്തോളം ബലവും ബലഹീനതയുമാണെന്ന് മണിയുടെ ജീവിതം വ്യക്തമാക്കുന്നു. സുധീർ കരമന വിനയന്റെ ആത്മാംശമുള്ള സംവിധായകവേഷത്തിൽ തിളങ്ങുന്നു. ചിത്രത്തിൽ കോട്ടയം നസീറിന്റെ സംവിധായകന്റെ വേഷവും ജോജു മാളയുടെ സൂപ്പർ സ്റ്റാർ വേഷവും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. രമേഷ് പിഷാരടിയുടെ പ്രൊഡക്ഷൻ കൺട്രോളറുടെ വേഷവും കൊച്ചുപ്രേമന്റെ ക്യാമറാമനായുള്ള വേഷവും രസകരമായി തോന്നി. ജോയ് മാത്യു, സലിം കുമാർ, ഹണി റോസ്, കൃഷ്ണ തുടങ്ങിയവരും അവരുടെ കഥാപാത്രങ്ങൾ ഭംഗിയായി തന്നെ ചെയ്തു.