ഒറ്റവാവചകത്തില്‍ - മലയാളത്തിലുണ്ടായിട്ടുള്ള സകല ഹൊറര്‍ സിനിമകളുടെയും അടിസ്ഥാന പ്രമേയത്തില്‍ നിന്ന് തീരേയും വ്യതിചലിക്കാത്ത ആവര്‍ത്തവിരസതയാണ് എസ്ര. അതായത് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നര്‍ത്ഥം.
മെച്ചങ്ങള്‍ :
1 , മലയാളത്തിലെ ബഹുഭൂരിപക്ഷം ഹൊറര്‍ സിനിമകളിലും കണ്ട് ചെടിച്ച വൈകൃത ഹാസ്യം എസ്രയില്‍ ഇല്ല.
2, ജെയ് . കെ യുടെ മെച്ചപ്പെട്ട സംവിധാനം കണ്ടിരിക്കാവുന്ന സൃഷ്ടിയാക്കി എസ്രയെ മാറ്റുന്നു.
3, സുജിത് വാസുദേവിന്റെ ഛായാഗ്രാഹണം സിനിമ ആവശ്യപ്പെടുന്ന ദൃശ്യഭംഗി സൃഷ്ടിക്കുന്നു.
4, പലപ്പോഴും പലയിടങ്ങളിലും സംശയങ്ങള്‍ ബാക്കിയാകുന്നുവെങ്കിലും വി
വേക് ഹര്‍ഷന്റെ എഡിറ്റിംഗ് ശ്രദ്ധേയം.
5, പൃഥ്വിരാജ് , പ്രിയ ആനന്ദ്, ഹരി, ടൊവീനോ തോമസ്, വിജയരാഘവന്‍, സുദേവ് നായര്‍ തുടങ്ങി ്രപധാന കഥാപാത്രങ്ങളായി അഭിനയിച്ചവരൊക്കെ തങ്ങളുടെ ഭാഗം ഭംഗിയാക്കി.
കഥാസാരം :
മുംബൈയില്‍ നിന്ന് തൊഴില്‍ സംബന്ധിയായി കൊച്ചിയിലെത്തുന്ന രഞ്ജന്‍ - പ്രിയ ദമ്പതികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട് മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി വാങ്ങുന്ന പുരാവസ്തുക്കളില്‍ ഒരു പ്രത്യേക തരം പെട്ടിയുണ്ട്. ജൂതന്‍മാരുടെ ആത്മാവിനെ ആവാഹിച്ച് തളച്ചിരിക്കുന്ന ഈ പെട്ടി പ്രിയ തുറക്കുന്നു. അതോടെ അവരുടെ വീട് ഒരു ജൂതനായ പ്രേതത്തിന്റെ വിഹാരകേന്ദ്രമാകുന്നു. അതോടെ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായി. തുടര്‍ന്ന് ഈ പ്രേതത്തിന്റെ കഥ തേടിയും, അതിനെ നിയന്ത്രണത്തിലാക്കുവാനുള്ള മാര്‍ഗങ്ങളന്വേഷിച്ചും സിനിമ വികസിക്കുന്നു.
പുതുമ :
ജൂത മത പശ്ചാത്തലവും, അതിനെ ചുറ്റിപ്പറ്റിയുള്ള മിത്തുകളുമാണ് കഥാഗതിയെ നിര്‍ണ്ണയിക്കുന്നത്. ജൂത മതത്തില്‍ നിലനിന്നിരുന്ന വിശ്വാസങ്ങളും, ആഭിചാര കര്‍മ്മങ്ങളും സിനിമയിലുണ്ട്. പ്രതികാര ദാഹിയായ എബ്രഹാം എസ്രയെന്ന പ്രേതം നാട് തന്നെ നശിപ്പിക്കുവാനാണെത്തുന്നത്. അത് ആരുടെ ശരീരത്തിലാണ് കയറിപ്പറ്റിയതെന്ന ദുരൂഹതയാണ് സിനിമയുടെ ക്ലൈമാസിന് ബലം നല്‍കുന്നത്.
കോട്ടങ്ങള്‍ :
1, ഹൊറര്‍ സിനിമകളില്‍ ആവര്‍ത്തിക്കപ്പെടുന്ന പ്രേതപ്പകയുടെ ആവര്‍ത്തനമാണ് എസ്രയും. പ്രേതബാധയുണ്ടായ മനുഷ്യനും, അയാളെ അതില്‍ നിന്ന് രക്ഷിക്കുവാനെത്തുന്ന പുരോഹിതനും, ബാധയൊഴിപ്പിക്കല്‍ ചടങ്ങായ ക്ലൈമാക്‌സും, ഒടുവില്‍ പ്രേതത്തെ പെട്ടിയിലടച്ച് കടലില്‍ കളഞ്ഞ് ശുഭപര്യവസായിയും.
അതിനിടേ പ്രേത സിനിമകളിലെ അത്യന്താേപക്ഷിത ഘടകങ്ങളായ കണ്ണാടി പൊട്ടല്‍ , പട്ടി കുര, കണ്ണു മുഴപ്പിക്കുന്ന കുട്ടി, പഴകിയ പാവ, മുടിക്കഷ്ണം, കുരിശുമാല, പ്രേതത്തെ പേടിപ്പിക്കുന്ന മാലയും ലോക്കറ്റും, കീറിയ വെള്ളത്തുണി, പ്രേതത്തെ പ്രതികാരദാഹിയാക്കുന്ന ദുരന്ത പ്രണയ കഥ ഒക്കെ പാകത്തിന് ചേര്‍ക്കാനും സംവിധായകന്‍ മറന്നില്ല.
2, ദുര്‍ബലമായ തിരക്കഥ. മലയാള സിനിമയ്ക്ക് മുന്‍പരിചിതമല്ലാത്ത ജൂത മത പശ്ചാത്തലം കഥ പറയുവാന്‍ തിരഞ്ഞെടുത്തതും, അതുമായി ബന്ധപ്പെട്ട ആചാരങ്ങളിലേക്കും, കാഴ്ചകളിലേക്കും ്രേപക്ഷകരെ ക്ഷണിച്ചു എന്നതുമൊഴിച്ചാല്‍ മറ്റൊരു പുതുമയും അതിനില്ല. പശ്ചാത്തല സംഗീതം ഭേദമാണെന്നേ പറയാനാകൂ. രാഹുല്‍ രാജ് ഈണമിട്ട ലൈലാകമേ എന്ന ഗാനം ആസ്വാധ്യകരം.
3, പ്രേതസിനിമകളില്‍ ആവര്‍ത്തിച്ചു പഴകിയ വെളിച്ച വിന്യാസ പേടിപ്പിക്കല്‍ കല ആവശ്യത്തിനും, അനാവശ്യത്തിനും ചിത്രത്തില്‍ എമ്പാടുമുണ്ട്. അതു മാത്രമല്ല യുക്തിയുടെ കണികാ പോലുമില്ലാത്ത സംഭവവികാസങ്ങള്‍ക്ക് ആഭിചാര ക്രിയയാണ് പരിഹാരമെന്ന് യാതൊരു സംശയവുമില്ലാതെ വിശ്വസിക്കുന്ന ഒരു പോലീസ് ഓഫീസറും.
4, പലയിടങ്ങളിലും സിനിമ പലവിധ സംശയങ്ങള്‍ ബാക്കിയാക്കുന്നു. പ്രതാപ് പോത്തന്‍ അവതരിപ്പിക്കുന്ന കഥാപാത്രവും, അയാളുടെ വീടുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഒരു സംഭവവും അപൂര്‍ണ്ണമായി ഒതുങ്ങി.
5, ക്ലൈമാക്‌സില്‍ മാടമ്പള്ളിയിലെ യക്ഷി ശ്രീദേവിയല്ല ഗംഗയാണ് എന്ന് ഡോക്ടര്‍ സണ്ണി മണിച്ചിത്രത്താഴില്‍ പറയുന്നതിനെ അനുസ്മരിപ്പിക്കുന്ന ചില ട്വിസ്റ്റുകളും, ബാധയൊളിപ്പിക്കല്‍ നാടകവും. സംഗതി ജോര്‍.
വാലറ്റം :
എസ്ര താന്‍ റിലീസിനു മുന്‍പ് നൂറു തവണയെങ്കിലും കണ്ടു എന്ന് പൃഥ്വിരാജ് പറഞ്ഞത് എന്തിനാണാവോ. ബോളിവുഡില്‍ നിന്ന് സിനിമ പഠിച്ച് ജയകൃഷ്ണന്‍ എന്ന ജെയ് കെ മാതൃഭാഷയില്‍ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്തപ്പോള്‍ പ്രതീക്ഷിച്ചതൊന്നും കാണിക്ക് ലഭിച്ചില്ല. മാത്രമല്ല എസ്ര എന്ന പേരും , റിലീസിനു മുന്‍പ് പറഞ്ഞ വേറിട്ട ഹൊറര്‍ ത്രില്ലര്‍ എന്ന പരസ്യ വാചകവുമൊക്കെ കേട്ട് ടിക്കറ്റെടുക്കുന്നവര്‍ എസ്ര കണ്ട് തന്നെ തീരുമാനിക്കണം ഈ സിനിമ നല്ലതോ മോശമോ എന്ന്. എസ്ര എന്ന ജൂത വാക്കിന്റെ അര്‍ത്ഥം പോലെ രക്ഷിക്കൂ എന്നാകരുത് ഒടുവില്‍.........