രസകരമായ ഒരു സിനിമാക്കഥ
രണ്ടര മണിക്കൂര്‍ ചെറുചിരിയോടെ കണ്ടിരിക്കാവുന്ന സിനിമ എന്ന് കട്ടപ്പനയിലെ ഴത്വിക്ക് റോഷനെ വിശേഷിപ്പിക്കാം. മലയാള സിനിമയിലെ നവ നിര സംവിധായകരില്‍ ടിപ്പിക്കല്‍ ജനപ്രിയ കച്ചവട ഫോര്‍മുല കൃത്യമായി ഉപയോഗിക്കുവാനും, വിജയിപ്പിക്കുവാനും സാധിക്കുന്നയാളാണ് താനെന്ന് നാദിര്‍ഷ താന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയിലും വ്യക്തമായി തെളിയിച്ചിരിക്കുന്നു. എന്തായാലും ടിക്കറ്റെടുക്കുന്ന സാധാരണക്കാരായ പ്രേക്ഷകര്‍ നിരാശരാകില്ല എന്നുറപ്പ്.
കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍ - പേരു സൂചിപ്പിക്കും പോലെ നടനാകാന്‍ മോഹിച്ച് ജീവിതം അതിനായി ഉഴിഞ്ഞു വച്ച ഒരു ചെറുപ്പക്കാരന്റെ കഥയാണ്. ഒരു സിനിമയില്‍ നായകനാകുക എന്നതാണ് അവന്റെ ഏറ്റവും വലിയ ലക്ഷ്യം. നടനാകാന്‍ കൊതിച്ച് ആകാതെ പോയതിന്റെ നിരാശയില്‍, മകനെ ലോകമറിയുന്ന ഒരു നടനാക്കുക എന്നത് അവന്റെ അച്ഛന്റെ കൂടി വാശിയാണ്. എന്നാല്‍ അവന് ലഭിക്കുന്നതെല്ലാം പേരോ സംഭാഷണമോ ഇല്ലാത്ത ചെറിയ ചെറിയ റോളുകള്‍. എന്നാലവന്‍ പിന്‍മാറാന്‍ തയ്യാറല്ല എന്തിനും ഒപ്പമുള്ള പ്രിയ സുഹൃത്ത് ദാസപ്പനുമായി ചേര്‍ന്ന് അവന്‍ അതിനുള്ള പരിശ്രമം തുടരുന്നു. അതിനിടേ അതിസുന്ദരിയായ ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിക്കുക എന്ന അവന്റെ മറ്റൊരു സ്വപ്‌നത്തിനും സാധ്യതകളുണ്ടാകുന്നു. ഒടുവില്‍ മോഹിച്ചതെല്ലാം സംഭവിക്കും എന്ന് തോന്നുന്നിടത്ത് അവന്റെ ജീവിതം മാറി മറിയുകയാണ്.
ഇതാണ് സിനിമയുടെ അടിസ്ഥാന കഥ. ഇതില്‍ നിന്ന് കിച്ചു എന്ന നായകന്റെയും, അവനു ചുറ്റുമുള്ളവരുടെയും ജീവിതം പകര്‍ത്തുകയാണ് കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍. ഹാസ്യമാണ് സിനിമയെ രസകരമാക്കുന്നത്. ഏറെപ്പുതുമകളൊന്നുമവകാശപ്പെടുവാനില്ലാത്ത കഥയെ നല്ല തിരക്കഥയും, സംവിധാനവും കാഴ്ചയ്ക്കനുയോജ്യമായ സൃഷ്ടിയാക്കുന്നു.
കൃഷ്ണന്‍ നായര്‍ എന്ന കിച്ചുവായി വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകവേഷത്തില്‍. നായകനായ ആദ്യ ചിത്രത്തില്‍ തന്റെ കഥാപാത്രം സുരക്ഷിതമാക്കാന്‍ വിഷ്ണുവിനായി. സ്വാഭാവികമായ അഭിനയശൈലി ഈ ചെറുപ്പക്കാരനെ താരമാക്കും എന്നുറപ്പ്. കിച്ചുവിന്റെ അച്ചന്‍ സുരേന്ദ്രനായി സിദ്ദിഖും എപ്പോഴത്തേയും പോലെ നന്നായി. ഏറെക്കാലത്തിനു ശേഷം സലിം കുമാര്‍ തിയേറ്ററുകളില്‍ നിര്‍ത്താതെ ചിരി വിതറുന്നു നക്‌സലൈറ്റ് ചന്ദ്രന്‍ എന്ന കഥാപാത്രമായി. നായികമാരായ പ്രയാഗ മാര്‍ട്ടിനും, ലിജി മോളും തങ്ങളുടെ ഭാഗം വ്യത്തിയാക്കി. എടുത്തു പറയേണ്ട ഒരാള്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ്. ദാസപ്പന്‍ എന്ന കഥാപാത്രമായി രസകരമായ പ്രകടനം തന്നെ താരത്തിന്റെത്. വൈകാരിക രംഗങ്ങളില്‍ ധര്‍മ്മന്‍ അനായാസം മികവ് പുലര്‍ത്തി.
അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്ന് തിരക്കഥയെഴുതിയ സിനിമയുടെ നിര്‍മ്മാതാവ് ദിലീപാണ്. ഛായാഗ്രാഹണം, സംഗീതം എന്നിവ നന്നായി. സിജു വില്‍സണ്‍, രാഹുല്‍ മാധവ് എന്നിവരും ചിത്രത്തിലുണ്ട്. ചുരുക്കത്തില്‍ രസകരമായി ആസ്വദിക്കാവുന്ന ഒരു സിനിമ തന്നെ കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍. മറ്റെല്ലാം മറന്ന് ചിരിക്കുന്നവര്‍ക്ക് മേല്‍ പറഞ്ഞ പോലെ ധൈര്യമായി ടിക്കറ്റെടുക്കാം.....