മലയാളത്തില്‍ മികച്ച കാംപസ് സിനിമകള്‍ ധാരാളം നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ചാമരവും, സര്‍വ്വകലാശാലയും, ക്ലാസ്‌മേറ്റ്‌സുമൊക്കെ നമുക്കത്തരത്തില്‍ പ്രിയപ്പെട്ടവ തന്നെ. അവയിലൊക്കെ പല വട്ടമാവര്‍ത്തിച്ച പ്രണയവും, രാഷ്ട്രീയവും, സൗഹൃദവുമൊക്കെയാണ് മെക്‌സിക്കന്‍ അപാരതയുടെയും കഥാഗതിയെ നിര്‍ണ്ണയിക്കുന്നത്. എന്നാല്‍ ഒരു ഘട്ടം മുതല്‍ സിനിമ കടുത്ത ഏകപക്ഷരാഷ്ട്രീയ പ്രചരണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പിന്നീടങ്ങോട്ട് കെ.എസ്.ക്യൂ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനവും, അതിന്റെ പ്രവര്‍ത്തകരും പ്രതിസ്ഥാനത്ത്് പ്രതിഷ്ഠിക്കപ്പെടുന്ന തരത്തില്‍ വിശാലമായ ഒരു ക്ലൈമാക്‌സും.
ടൊവീനോ തോമസ് എന്ന യുവനടന്റെ കരിയര്‍ ഒരു മെക്‌സിക്കന്‍ അപാരതയോടെ താരപദവിയുള്ളതാകുന്നു. കാരണം ചിത്രം നേടുന്ന ആദ്യ ദിന സ്വീകാര്യതയും, സ്‌ക്രീനില്‍ ടൊവീനോയുടെ മുഖം തെളിയുമ്പോള്‍ ലഭിക്കുന്ന കയ്യടികളും, ആര്‍പ്പു വിളികളും അത് തെളിയിക്കുന്നതാണ്. അഭിനയത്തിലും അദ്ദേഹം സമകാലികരില്‍ ഒന്നാം നിരയിലാണ്. പോള്‍ വര്‍ഗീസ് , കൊച്ചനിയന്‍ എന്നീ കഥാപാത്രങ്ങളായി ടൊവീനോയുടെ ആയാസരഹിതമായ അഭിനയശൈലി ശ്രദ്ധേയമാണ്.
മഹാരാജാ കോളേജിലെ കെ.എസ്.ക്യുവിന്റെ അക്രമ ഭരണത്തിനെതിരെ എസ്.എഫ്.വൈയുടെ യൂണിറ്റ് സ്ഥാപിക്കുവാനും, ഇലക്ഷനില്‍ മത്സരിക്കുവാനുമുള്ള കുറച്ച് ചെറുപ്പക്കാരുടെ ശ്രമമാണ് കഥ. ടൈറ്റില്‍ കാര്‍ഡിന് മുന്‍പ് ഫ്‌ളാഷ് ബാക്ക് രംഗങ്ങളായി അതേ കോളേജില്‍ ആദ്യമായി എസ്.എഫ്.വൈയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട കൊച്ചനിയന്റെ ആവേശവും, മരണവും ദൃശ്യവത്കരിക്കുന്നുണ്ട്. അതിനും വര്‍ഷങ്ങള്‍ക്കു ശേഷമാണ് പോളും, സുഭാഷും, കൃഷ്ണനും, രാജേഷുമടങ്ങുന്ന എസ്.എഫ്.വൈ അനുഭാവികള്‍ മഹാരാജാസിലെത്തുന്നത്. അവര്‍ അവിടെ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ശ്രമിക്കുമ്പോള്‍ നേരിടുന്ന പ്രതിസന്ധികളും, പ്രശ്‌നങ്ങളുമാണ് സിനിമ. രാഷ്ട്രീയത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കും മുന്‍പ് പോള്‍ ഒരു പ്രണയപരാജയത്തിനിരയാകുന്നു. അതും അയാളെ ആവേശപ്പെടുത്തുന്നുണ്ട്. ഒടുവില്‍ നായകപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ വിപ്ലവചിന്തകളുടെ ആവേശം കലര്‍ത്തിയവതരിപ്പിച്ച് സിനിമ തനതു വഴിയിലോടിത്തീരുന്നു.
ദുര്‍ബലമായ തിരക്കഥയും, അവതരണത്തിലെ ദൗര്‍ബല്യങ്ങളും എഡിറ്റിംഗിലെയും, ഛായാഗ്രാഹണത്തിലെയും മികവിനാല്‍ മറികടക്കുന്നു. അഭിനേതാക്കളായ നീരജ് മാധവും, രൂപേഷ് പീതാംബരനും, മനുവും, സുധീ കോപ്പയും, ബാലാജിയും, കലാഭവന്‍ ഷാജോണും, ഗായത്രി സുരേഷും, സുധീര്‍ കരമനയും ഒക്കെ തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി. ഹരീഷ് പേരടി ആവര്‍ത്തനത്തിന്റെ ചെടിപ്പാണ് സൃഷ്ടിക്കുന്നത്. സംവിധാനത്തില്‍ നിന്ന് നിര്‍മ്മാണത്തിലേക്ക് കടന്ന അനൂപ് കണ്ണന് ചിത്രം സാമ്പത്തിക നേട്ടമാകും എന്നുറപ്പ്. നവാഗതനായ സംവിധായകന്‍ ടോം ഇമ്മട്ടിക്കും സിനിമ ഗുണകരമാണ്. എഴുത്തും സംവിധായകന്റെത്. എങ്കിലും കാലഘട്ടത്തിന്റെ വേര്‍തിരിവ് ചിത്രത്തില്‍ വിശ്വാസയോഗ്യമായ തരത്തില്‍ സാധ്യമായില്ല എന്നുറപ്പ്. എന്നാല്‍ ചിത്രത്തെ ഏറ്റെടുത്ത ആവേശക്കമ്മറ്റിക്കാര്‍ക്ക് അതൊന്നും പ്രശ്‌നമാകുവാനിടയില്ല. കുടുംബങ്ങള്‍ മെക്‌സിക്കന്‍ അപാരതയ്ക്ക് ടിക്കറ്റെടുക്കാനും പ്രയാസം. അവര്‍ക്ക് ഈ അപാരത അസഹനീയമാകും എന്നതിനാല്‍ കൂടുതല്‍ വിശധീകരണത്തിന് മുതുരുന്നില്ല.
ചുരുക്കത്തില്‍ അഭിനയിക്കുവാനറിയാവുന്ന ഒരു നടന് താരപദവി സമ്മാനിച്ച് ജനപ്രീതി നല്‍കുമെന്നതാണ് ഒരു മെക്‌സിക്കന്‍ അപാരതയുടെ പ്രധാന ഗുണം.