കാസര്‍ക്കോടുകാരന്‍ നിത്യാനന്ദ ഷേണായ് എന്ന അധോലോകനായകന്‍ തീയറ്ററുകള്‍ കീഴടക്കുമെന്ന കിടിലന്‍ പ്രഖ്യാപനവുമായാണ് രഞ്ജിത്തിന്റെ പുത്തന്‍പണം റിലീസായിരിക്കുന്നത്. നോട്ട് നിരോധിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ച രാത്രി 8 മണിയ്ക്ക് ശേഷം വിലയില്ലാതായ നോട്ടുകള്‍ ഗോവയില്‍ ജീവിക്കുന്ന കാസര്‍കോട് സ്വദേശിയായ നിത്യാനന്ദ ഷേണായിയെ കോഴിക്കോട്ടേയ്ക്കും തുടര്‍ന്ന് കൊച്ചിയിലേയ്ക്കും എത്തിക്കുകയാണ്. തോക്ക് ആവശ്യത്തിനും അനാവശ്യത്തിനും പൊട്ടിച്ച് കളിക്കുന്ന അധോലോക സിനിമകളില്‍ നിന്നും വ്യത്യസ്തമാണ് പുത്തന്‍പണം. തോക്കിന് സിനിമയില്‍ പ്രധാന്യമുണ്ടെങ്കിലും ഏറെക്കുറെ നിശബ്ദമായ തോക്കിനെ സിനിമയിലുടനീളം പധാനകഥാപാത്രമാക്കുന്ന രഞ്ജിത്തിന്റെ ഇന്ദ്രജാലം തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്.
നിത്യാനന്ദഷേണായി എന്ന അധോലോക നായകന്റെ ജീവിതവും മുത്തുവേല്‍ എന്ന തമിഴ് പശ്ചാത്തലമുള്ള ബാലന്റെ ജീവിതവും രണ്ട് ട്രാക്കുകളിലായി പറയുന്ന ഒന്നാം പകുതി ഗംഭീരമെന്ന് തന്നെ പറയേണ്ടി വരും. ഹ്യൂമറും സംഘര്‍ഷവുമെല്ലാം സമന്വയിപ്പിച്ച് ഒന്നാം പകുതി മാസ് എന്റര്‍ടെയ്‌നറാക്കി മാറ്റാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. രണ്ടാം പകുതിയില്‍ കഥഗതിയില്‍ വരുന്ന മാറ്റങ്ങള്‍ സിനിമയെ ഗൗരവമുള്ള ഘട്ടത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുമ്പോള്‍ ചില കല്ലുകടികള്‍ ഉണ്ടെങ്കിലും സംവിധായകന്റെ കയ്യടക്കവും മമ്മൂട്ടിയെന്ന നായകന്റെ സ്‌ക്രീന്‍ പ്രസന്‍സും അതിനെയെല്ലാം മറികടക്കാന്‍ പര്യാപ്തമാണ്. നോട്ടുനിരോധനത്തിന് ശേഷം സംഭവിച്ച ബുദ്ധിമുട്ടുകള്‍ സരസമായി ചിത്രത്തില്‍ പലയിടത്തും കടന്നു വരുന്നുണ്ട്. നോട്ടുനിരോധനം സിനിമയില്‍ കഥപറയാനുള്ള ഒരു പശ്ചാത്തലമെന്ന നിലയിലാണ് കടന്നു വരുന്നതെങ്കിലും കള്ളപ്പണവും അത് കൈകാര്യം ചെയ്യുന്ന അധോലോകത്തിന്റെ വഴികളുമാണ് പുത്തന്‍പണത്തിലൂടെ രഞ്ജിത് പറഞ്ഞു വച്ചിരിക്കുന്നത്.
കാസര്‍ക്കോടന്‍ ഭാഷസംസാരിക്കുന്ന അധോലോക നായകനായി മമ്മൂട്ടിയുടെ പ്രകടനമാണ് പുത്തന്‍പണത്തിന്റെ പ്രധാനഹൈലൈറ്റ്. ഭാഷാപ്രയോഗത്തിന്റെ തന്മയത്വം കൊണ്ട് മാത്രമല്ല അധോലോകനായകന്റെ വ്യത്യസ്തമായ മാനറിസങ്ങള്‍ കൊണ്ടും മമ്മൂട്ടി തന്റെ കഥാപാത്രത്തെ മികച്ചതാക്കി മാറ്റിയിട്ടുണ്ട്. മമ്മൂട്ടി ആരാധകര്‍ക്ക് ഏറെ ആവേശം പകരുന്ന കഥാപാത്രമാണ് നിത്യനന്ദഷേണായിയെന്ന് നിസംശയം പറയാം.
ബൈജുവിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് പുത്തന്‍പണത്തിലെ കുഞ്ഞപ്പന്‍. ഇന്ദ്രന്‍സും മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുന്നുണ്ട്. ഹ്യൂമറിന്റെ പുതുമയുള്ള അവതരണം കൊണ്ട് ഹരീഷും ശ്രദ്ധേയനായിട്ടുണ്ട്. സിദ്ധിഖ് ജോയിമാത്യു, സായികുമാര്‍, പി.ബാലചന്ദ്രന്‍, ഇനിയ തുടങ്ങിയവരും തങ്ങളുടെ ഭാഗം മനോഹരമാക്കിയിട്ടുണ്ട്.ഓംപ്രകാശിന്റെ ഛായാഗ്രാഹണ മികവ് ഒരിക്കല്‍ കൂടി ബോധ്യപ്പെടുന്ന ചിത്രമാണ് പുത്തന്‍പണം. സിനിമയ്ക്ക് ചേരുന്ന പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്ന അച്ചുരാജാമണിയും സംഗീതം ഒരുക്കിയിരിക്കുന്ന ഷാന്‍ റഹ്മാനും പുത്തിന്‍പണത്തിന്റെ ആസ്വാദന മികവില്‍ തങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.
നായകന്റെ മാസ്മരികത കൊണ്ട് പ്രേക്ഷകരെ നിരവധി തവണ കോരിത്തരിപ്പിച്ചിട്ടുള്ള രഞ്ജിത് ഏറെ നാളുകള്‍ക്ക് ശേഷം കാലിക പ്രസക്തിയുള്ള ഒരു വിഷയം പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന സമ്പൂര്‍ണ്ണ മാസ് എന്റര്‍ടെയ്‌നറാണ് പുത്തന്‍പണം. മമ്മൂട്ടി-രഞ്ജിത് കൂട്ടിക്കെട്ടില്‍ പിറന്ന സിനിമകളുടെ പൂര്‍വ്വമാതൃകകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന പുത്തന്‍പണം പ്രേക്ഷകനെ തീര്‍ച്ചായും തൃപ്തിപ്പെടുത്തുന്നതാണ്.