വര്‍ത്തമാന രാഷ്ട്രീയ ചേരുവകളെക്കുറിച്ച് ചിന്തിപ്പിക്കുന്ന ടിയാന്‍..
കേരളത്തിന് അപരിചിതമായ വടക്കേന്ത്യന്‍ സാഹചര്യത്തില്‍ വര്‍ത്തമാനകാല ഇന്ത്യന്‍ രാഷട്രീയത്തിലെ മതചേരുവകളുടെ യാഥാര്‍ത്ഥ്യം പറയാന്‍ ശ്രമിക്കുന്ന സിനിമയെന്ന നിലയില്‍ ടിയാന്‍ ശ്രദ്ധേയമാകുന്നുണ്ട്. മനുഷ്യ ദൈവങ്ങളുടെ നിര്‍മ്മിതി, വളര്‍ച്ച, സമൂഹത്തില്‍ വേരിറക്കാന്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍, സ്ഥാപനവത്കരിക്കപ്പെടുന്ന ആശ്രമങ്ങളുടെ കച്ചവട സാധ്യതകള്‍ തുടങ്ങി തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ ധൈര്യത്തോടെ സിനിമയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. യുക്തിപരമല്ലാത്ത ഭക്തിയുടെ വിഗ്രഹവത്കരണങ്ങള്‍ക്ക് അനുകൂലമായ നിലപാട് തറകള്‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന ചര്‍ച്ച കൂടി ടിയാന്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. അന്ധമായ മതവായനയുടെ അപകടങ്ങളെ തുറന്നു കാണിക്കുന്നതിനൊപ്പം മതം, ഭക്തി എന്നിവയെ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ ശരിയായി വ്യാഖ്യാനിക്കാനുള്ള ശ്രമവും ടിയാനെ വ്യത്യസ്തമാക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ മതത്തെ ശരിയായി വ്യഖ്യാനിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം മതത്തിന്റെ തെറ്റായ വ്യാഖ്യാനങ്ങളുടെ പൊള്ളത്തരം ചര്‍ച്ചയാക്കാനും ടിയാനില്‍ ഗൗരവമായ ശ്രമിച്ചിട്ടുണ്ട്.
വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചയെന്ന നിലയില്‍ ബീഫിന്റെ രാഷ്ട്രീയം ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയേടെ ടിയാനില്‍ പലയിടത്തും പറഞ്ഞു പോകുന്നുണ്ട്. മുതലെടുപ്പുകള്‍ക്കായി തരാതരം പോലെ ഉപയോഗിക്കപ്പെടുന്ന ബ്രാഹ്മണ-ദളിത് സ്വത്വങ്ങളുടെ പ്രയോഗത്തെയും സിനിമ പരിഹസിക്കുന്നുണ്ട്. വലിയൊരു ക്യാന്‍വാസും സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളുടെ ആധിക്യവും ഗൗരവും ചിലയിടത്തെല്ലാം ചെറിയൊരു വലിച്ചില്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും സമകാലിക അവസ്ഥയില്‍ ഇതുപോലെയുള്ള ചിന്തകള്‍ ചര്‍ച്ചയാക്കാന്‍ കാണിച്ച ആര്‍ജ്ജവത്തിന് നിറഞ്ഞ കൈയ്യടി നല്‍കേണ്ടതുണ്ട്.
കഥാപാത്രങ്ങളുടെ ശരീരഭാഷകളിലെ കടുപ്പം സിനിമയുടെ ആസ്വാനത്തില്‍ ചെറുതല്ലാത്ത കല്ലുകടി ചിലപ്പോഴെല്ലാം സൃഷ്ടിക്കുന്നുണ്ട്. വേദങ്ങള്‍ പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പട്ടാഭിരാമനും പലപ്പോഴും ഫാന്റസിയുടെ തലങ്ങളിലൂടെ സഞ്ചരിക്കുന്ന മുഹമ്മദ് അസ്ലമും മഹാശയ് ഭഗവാനെന്ന ആള്‍ദൈവവുമാണ് ടിയാനിലെ പ്രധാന കഥാപാത്രങ്ങള്‍. പട്ടാഭിമരാമനായി ഇന്ദ്രജിത്ത് മികവ് പുലര്‍ത്തിയിട്ടുണ്ട്. മുഹമ്മദ് അസ്ലമിന്റെ കഥാപാത്രത്തിന്റെ മിസ്റ്റിക് എലമെന്റ് പരമാവധി നിലനിര്‍ത്താന്‍ പൃഥിരാജിന് സാധിച്ചിട്ടുണ്ട്. മഹാശയനായ് വരുന്ന മുരളിഗോപി ആള്‍ദൈവത്തിന്റെ മാനറിസങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട്. ഏകലവ്യനില്‍ നരേന്ദ്രപ്രസാദ് അവതരിപ്പിച്ച കഥാപാത്രത്തെ മറികടക്കാനുള്ള മികവ് മുരളീ ഗോപിയില്‍ നിന്നും ഉണ്ടായില്ലെന്നത് നിരാശപ്പെടുത്തുന്നുണ്ട്. പട്ടാഭിരാമന്റെ ഭാര്യയായി അനന്യയും മികവ് പുലര്‍ത്തിയിട്ടുണ്ട്. ഷൈന്‍ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട് എന്നിവരും സ്വന്തം വേഷങ്ങള്‍ ചെറുതെങ്കിലും ഭംഗിയാക്കിയിട്ടുണ്ട്.
ഉത്തരേന്ത്യന്‍ പശ്ചാത്തലത്തിന്റെ മനോഹാരിതയെല്ലാം കാമറയില്‍ പകര്‍ത്തി സതീഷ് കുറുപ്പ് മികവ് തെളിയിച്ചിട്ടുണ്ട്. ഗോപി സുന്ദറിന്റെ സംഗീതവും സിനിമയുടെ താളത്തിന് കരുത്തായിട്ടുണ്ട്. തിരക്കഥയുടെ കരുത്ത് രണ്ടാം പകുതിയില്‍ ചോര്‍ന്നു പോയത് ചെറിയ വലിച്ചില്‍ സമ്മാനിക്കുന്നുണ്ടെങ്കിലും സങ്കീര്‍ണ്ണമായൊരു വിഷയം ബോറടിപ്പിക്കാതെ അവതരിപ്പിച്ചത് എടുത്തു പറയേണ്ടതാണ്.
വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചില ചിന്തകള്‍ ഉത്പാദിപ്പിക്കുന്ന സിനിമ തന്നെയാണ് ടിയാന്‍.