മൂന്നു കഥകളിലൂടെ മൂന്ന് വ്യത്യസ്ത ജീവിതങ്ങൾ നമുക്ക് മുന്നിൽ തുറന്നു കാട്ടുകയാണ് ആണും പെണ്ണും എന്ന ചിത്രം. ഓരോ കഥയിലും മുന്നിലേക്ക് എത്തുന്ന കഥാപാത്രങ്ങൾ സിനിമ കണ്ടിരിക്കുന്നവരുടെ ഉള്ളിൽ ചോദ്യങ്ങളുടെ ഒരു നീണ്ട നിര സൃഷ്ടിച്ചേക്കാം. നമുക്കുള്ളിൽ പല താരതമ്യങ്ങൾക്കും അവർ വഴിവെച്ചേക്കാം. ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിൽക്കാനുള്ള കരുത്ത് ആണിനാണോ പെണ്ണിനാണോ എന്ന് പോലും നമ്മളെ കൊണ്ട് പലക്കുറി ചിന്തിപ്പിക്കാൻ പ്രാപ്തിയുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
മൂന്ന് പെണ്ണുങ്ങളിലൂടെ തന്നെയാണ് ചിത്രം കഥ പറഞ്ഞ് പോയിരിക്കുനത്. പ്രണയത്തിൻ്റെയും, ലൈംഗികതയുടെയും ഒക്കെ വിവിധ ഭാവങ്ങൾ അവരിലൂടെയാണ് പ്രേക്ഷകർ അനുഭവിക്കുന്നത്. വ്യക്തമായ കാഴ്ചപ്പാടുകളും നിലപാടുകളും ഉള്ള മൂന്ന് സ്ത്രീകളിലൂടെ തീയേറ്റർ വിട്ടാലും പ്രേക്ഷകരുടെ ഉള്ളിൽ നിറഞ്ഞ് നിൽക്കും ചിത്രം.
മുന്നണിയിലും പിന്നണിയിലും ചിത്രത്തിനായി അണിനിരന്നവരുടെ സാന്നിധ്യം കൊണ്ട് തന്നെ റിലീസിന് മുന്നേ വലിയ ശ്രദ്ധ നേടിയിരുന്നു ആണും പെണ്ണും. വേണു, ആഷിഖ് അബു, ജയ് കെ എന്നിവരാണ് ചിത്രത്തിലെ മൂന്ന് കഥകൾ സംവിധാനം ചെയ്തിരിക്കുന്നത്.
സന്തോഷ് എച്ചിക്കാനത്തിന്റെ തിരക്കഥയിലാണ്
ജെ.കെ "സാവിത്രി" ഒരുക്കിയത്. നേരിടേണ്ടി വരുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് കൂടുതൽ ശക്തയാകുന്ന സ്ത്രീയെ ആണ് ചിത്രത്തിൽ കാണുന്നത്. ജോജു ജോർജ്ജ്, സംയുക്ത മേനോൻ, ഇന്ദ്രജിത്ത് എന്നിവരുടെ പ്രകടന മികവും ചിത്രത്തിൽ എടുത്ത് പറയേണ്ടതാണ്.
ഉറൂബിന്റെ രാചിയമ്മയെ ആസ്പദമാക്കിയാണ് വേണു തന്റെ ചിത്രം ഒരുക്കിയത്. പാർവതിയും ആസിഫ് അലിയും ചേർന്ന് ജീവനേകിയ കഥാപാത്രങ്ങൾ
കുറച്ച് കാലത്തേക്കെങ്കിലും നമ്മുടെ മനസ്സിനെ പിടിച്ചുലയ്ക്കും. സ്നേഹിച്ച പുരുഷൻ മറ്റൊരു സ്ത്രീയുടെ സ്വന്തം ആയിട്ടും, അയാളുടെ കുഞ്ഞിനായി തന്റെ സമ്പാദ്യം കാത്തുവെയ്ക്കുന്ന സ്ത്രീയിലൂടെ കാരുണ്യത്തിന്റെ ഒരിക്കലും വറ്റാത്ത മുഖം പ്രേക്ഷകർക്ക് മുന്നിൽ വരച്ചു കാട്ടുന്നുണ്ട് ചിത്രം.
കോളേജ് കാലത്തെ പ്രണയവും, ആ പ്രണയത്തിൽ നിന്ന് ലൈംഗികതക്കുള്ള ആണിന്റെ ആവേശവും ഒക്കെ വിഷയമാകുന്ന റാണി ആണ് ഈ ആന്തോളജി ചിത്രത്തിലെ മൂന്നാം ഭാഗം. ഉണ്ണി ആറിന്റെ രചനയിൽ ആഷിഖ് അബു ആണ് ചിത്രം അണിയിച്ചൊരുക്കിയത്. ആണിന്റെ ഉള്ളിലെ ചില പൊള്ളതരങ്ങൾക്ക് നേർക്കും വെളിച്ചം വീശുന്നുണ്ട് ചിത്രം. റോഷൻ മാത്യുവും ദർശന രാജേന്ദ്രനും ആണ് "റാണി"യിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്. നെടുമുടി വേണുവും, കവിയൂർ പൊന്നമ്മയും പ്രകടന മികവ് കൊണ്ട് അടയാളപ്പെടുത്തുന്നുണ്ട് ചിത്രത്തിൽ.
ഇന്നും പുരുഷ കേന്ദ്രീകൃതമായി തുടരുന്ന നമ്മുടെ സമൂഹത്തിൽ പെണ്ണിന്റെ വീക്ഷണ കോണിൽ നിന്നുള്ള ചിത്രങ്ങൾ ഈ കാലത്തിന്റെ കൂടി അനിവാര്യത ആണ്. മലയാള മുഖ്യധാരാ സിനിമയിൽ "ആണും പെണ്ണും" ഒരു തുടർച്ച ആണ്, പെണ്ണിന്റെ കരുത്തും അതിജീവനവും പ്രമേയമായി ഇനിയും വരാനിരിക്കുന്ന ചിത്രങ്ങൾക്കുള്ള തുടർച്ച..