രാജ്യത്തിവേണ്ടിന് വേണ്ടി പോരാടി വീരമൃത്യു വരിക്കുന്ന ജവാന്മാർക്കായുള്ള ആദരവായാണ് ടോവിനോ തോമസിന്റെ "എടക്കാട് ബറ്റാലിയൻ 06" ഇന്ന് തിയേറ്ററുകളിൽ എത്തിയത്. ഒരു പട്ടാളക്കാരന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം ഒരിടവേളയ്ക്ക് ശേഷം പി ബാലചന്ദ്രൻ കഥയെഴുതി നവാഗതനായ സ്വപ്‌നേഷ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ്. കോഴിക്കോടിന്റെ എടക്കാട് എന്ന ഗ്രാമ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ്. ഗ്രാമത്തിന്‍റേയും അവിടുത്തെ കൗമാരക്കാരുടെ വഴി തെറ്റുന്ന ജീവിതത്തിന്‍റേയും നാടിന്‍റെ ഓരോ സ്പന്ദനങ്ങളും അറിയുന്ന ഷഫീഖ് മുഹമ്മദ് എന്ന പാട്ടാളക്കാരന്‍റേയും കഥയാണ്. തന്‍റെ ജീവിതം കൊണ്ട് ഗ്രാമത്തിലെ യുവതലമുറയുടെ ജീവിതത്തിലേക്ക് പുതിയ വെളിച്ചം വീശുന്ന ഷെഫീക്കിന്‍റെ ജീവിതം തീരശിലയിൽ ഒരുക്കിയ സ്വപ്‌നേഷ് പ്രേക്ഷകരിലേക്കും പുതു വെളിച്ചം പകർന്നു.
തന്റെ സ്കൂൾ കാലത്ത് എൻ സി സി യിൽ ആക്റ്റീവായിരുന്ന ഷെഫീഖ് വളരുന്തോറും അവന്റെ രാജ്യത്തോടും ജനങ്ങളോടുമുള്ള സാമൂഹിക പ്രതിപദ്ധത ഏറിവരുന്നതും.അവന്റെ മോഹം പോലെ രാജ്യത്തെ സേവിക്കാൻ പട്ടാളക്കാരനായി. ഇന്ന് ഷെഫീഖ് ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റനാണ് . നാട്ടുക്കാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണി. നാടിൻറെ സ്‌പന്ദനം അറിയുന്നവൻ.നാട്ടുകാരുടെ മനസ്സ് അറിയുന്നവൻ. അഭിമാനമായ ചെറുപ്പക്കാരൻ. നാട്ടിലെ ഉത്സവങ്ങൾക്ക് ലീവ് കണ്ടെത്തി ഓടിയെത്താനും സുഹൃത്തുക്കൾക്കൊപ്പം ഒത്തുകൂടാനും ഒക്കെ ആഗ്രഹിക്കുന്ന ഷെഫീഖിന്റെ ഒരു അവധിക്കാലത്തിൽ നിന്നുമാണ് കഥ തുടങ്ങുന്നത്.

പട്ടാള യൂണിഫോം ഊരിവെച്ച് നാട്ടിലെത്തിയാലും ഉള്ളിന്റെയുള്ളിലെ ഷെഫീഖിന്റെ പട്ടാളവീര്യത്തിനു മാത്രം യാതൊരു മാറ്റവുമില്ല. തന്റെ ചുറ്റും നടക്കുന്ന സാമൂഹിക വിപത്തുകളോടും പ്രശ്നങ്ങളോടുമെല്ലാം ശക്തമായി തന്നെ അയാൾ പ്രതികരിക്കുന്നുണ്ട്. അതാവട്ടെ അയാളെ പുതിയ ചില പ്രശ്നങ്ങളിലേക്ക് നയിക്കുകയാണ്. ഇതൊരു ഇമോഷണൽ മാസ്സ് ആക്ഷൻ സിനിമയെന്ന് പറയാം. ചിത്രത്തിൽ അധ്യാപികയായി എത്തുന്ന നൈന (സംയുക്ത മേനോൻ )യും കുട്ടികളും സഞ്ചരിച്ച സ്കൂൾ ബസ് അപകടത്തിൽപ്പെടുകയും ഷെഫീഖ് അതി സാഹസികമായി ഇവരെ രക്ഷിക്കുന്നുണ്ട്. ഈ ഒരു സംഭവത്തോടുകൂടി നൈനക്ക് ഷെഫീക്കിനോട് പ്രണയം തോന്നുകയും, വീട്ടുക്കാരായി പറഞ്ഞുറപ്പിക്കുകയും ചെയ്യുകയാണ്. ചിത്രത്തിൽ സംയുക്തയും ടോവിനോയും തമ്മിലുള്ള കെമിസ്ട്രി അടിപൊളിയായിട്ടുണ്ട്. ഇവരുടെ പ്രണയ മുഹൂർത്തങ്ങളെല്ലാം ഗംഭീരമായിട്ടുണ്ട്.
ഷെഫീഖിന്റെ വേഷത്തിൽ ജീവിക്കുകയായിരുന്നു ടോവിനോ തോമസ്. ഈ വർഷത്തെ ടൊവിനോയുടെ ഏഴാമത്തെ ചിത്രമാണിത്. പട്ടാള വേഷത്തിലെ ടോവിനോയുടെ ഗെറ്റപ്പ് ഏറെ കൈയ്യടിനേടി. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഏറെ മികച്ചതാക്കി മാറ്റിയിട്ടുണ്ട് ടോവിനോ തോമസ്. ഡ്യൂപ്പ് ഇല്ലാതെയുള്ള ടോവിനോ തോമസിന്റെ സ്റ്റണ്ട് സീനുകളെല്ലാം തിയേറ്ററുകളെ പൂരപറമ്പാക്കി.
ആദ്യപകുതി ഷെഫീക്കിന്റെ വീടും നാടും നാട്ടുകാരും സ്കൂളും പ്രണയവും എല്ലാമാണെങ്കിൽ രണ്ടാം പകുതി കണ്ണിന് കുളിരണിയിക്കുന്ന ഹിമാലയൻ കാഴ്ചകളാണ്. ചിത്രത്തിൽ ഷെഫീഖിന്റെ വാപ്പയായി എത്തിയിരിക്കുന്നത് തിരക്കഥാകൃത്ത് പി ബാലചന്ദ്രൻ തന്നെയാണ്. നിര്‍മ്മല്‍ പാലാഴി ഷെഫീക്കിന്റെ ഊറ്റസുഹൃത്തായി കാണിക്കുന്നുണ്ട്. നർമ്മ രംഗങ്ങളും ഇമോഷണല്‍ രംഗങ്ങളിലും മികച്ച പ്രകടനമാണ് നിര്‍മ്മല്‍ കാഴ്ചവച്ചിരിക്കുന്നത്. ശങ്കരന്‍ എന്ന കഥാപാത്രം നിര്‍മ്മലിന് കരിയറില്‍ മുതല്‍ക്കൂട്ടാകും. മുൻകാലനായിക രേഖയാണ് ടൊവിനോയുടെ അമ്മയുടെ വേഷത്തിലെത്തുന്നത്. ശക്തമായി സ്ത്രീ കഥാപാത്രമായാണ് രേഖ എത്തിയിരിക്കുന്നത്.

കൈലാസ് മേനോന്‍ ഒരുക്കിയ ഗാനങ്ങള്‍ ചിത്രത്തോട് നീതി പുലര്‍ത്തുന്നതും ആസ്വാദ്യകരമായിരുന്നു. നീ ഹിമമഴയായി എന്ന ഗാനം മികച്ച ദൃശ്യാനുഭവമായി. സിനു സിദ്ധാര്‍ത്ഥാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കാതലായ ചില വിഷയങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ഒരു മികച്ച കുടുംബ ചിത്രമാണ്. അതിര്‍ത്തിയില്‍ ജീവിന്‍ പൊലിഞ്ഞ ഓരോ പട്ടാളക്കാരനേയും സ്മരിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.സന്തോഷ് കീഴാറ്റൂര്‍, പൊന്നമ്മ ബാബു, സലീം കുമാര്‍, സരസ ബാലുശേരി, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂഢന്‍, ഷാലു റഹീം, ജോയ് മാത്യു, തുടങ്ങി നീണ്ട താരനിരയും ചിത്രത്തിലെത്തുന്നുണ്ട്.റൂബി ഫിലിംസ് ആന്റ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.