സുവീരന്റെ മഴയത്ത് കണ്ടിറങ്ങുന്ന ഓരോ ആരാധകന്റെയും കൂടെ വേണുവും കുടുംബവും ഇറങ്ങിവരും. മലയാള സിനിമയിൽ ഇന്നേവരെ ചർച്ചചെയ്യാത്ത വിഷയത്തെ സംവിധായകൻ നല്ല രീതിയിൽ പ്രേക്ഷകനിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചു. രണ്ടര മണിക്കൂർ സുവീരൻ ഓരോ ആരാധകനെയും മഴയിൽ നനയിച്ചു. നല്ലൊരു കുടുംബചിത്രം അതിൽ കൂടുതലൊന്നും സിനിമയെ കുറിച്ച് വിവരണമില്ല.ദേശീയ പുരസ്കാരം നേടിയ ബ്യാരിക്ക് ശേഷമുള്ള സുവീരൻ ചിത്രമാണ് മഴയത്ത്.
വേണുഗോപാലും ( നികേഷ് റാം)ഭാര്യ അനിത (അപർണ ഗോപിനാഥ്) മകൾ ഉമ്മിയും(നന്ദന വർമ്മ ) ചേർന്ന സുന്ദര കുടുംബം. ഒരു നല്ല മഴയത്ത് ഈ സുന്ദര കുടുംബം നനയുന്നത് പ്രേക്ഷകർക്ക് കാണാം. ഒരു കുടുംബ പശ്ചാത്തലത്തിലെ ചെറിയ വഴക്കുകൾ വലിയ പ്രശ്നങ്ങളിലേക്ക് എത്തുന്നു.ഉമ്മിയുടെ വിവരണത്തിലൂടെ ആരംഭിക്കുന്ന ചിത്രം അനിത-വേണുഗോപാൽ ദമ്പതിമാരുടെ ജീവിതവും ഇവർക്കിടയിലുണ്ടാകുന്ന ചില പ്രശ്നങ്ങളുമൊക്കെയാണ് ആദ്യപകുതിയിൽ പറയുന്നത്. എന്നാൽ ചില അപ്രതിക്ഷിതമായ സംഭവങ്ങൾ കുടുംബത്തിന്റെ സൗന്ദര്യത്തിന്റെ മങ്ങൽ ഏല്പിക്കുന്നു. പാതിയിൽ പഠിത്തം നിർത്തേണ്ടിവരുന്ന അനിത നമുക്കിടയിലെ ഭൂരിഭാഗം വീട്ടമ്മമാരെ നമുക്ക് മുന്നിൽ തുറന്നുകാട്ടുന്നു.അപർണയുടെ വ്യത്യസ്ത ഗെറ്റ് ആപ്പ് ആണ് അനിത എന്ന കഥാപാത്രം.സ്വന്തം കാലിൽ നിൽക്കാൻ അനിത കാണിക്കുന്ന കാര്യങ്ങൾ പിന്നിട് ഇവരുടെ കുടുംബത്തിന് മോശമായി ബാധിക്കുന്നുണ്ട്.സ്ത്രീ സൗഹൃദങ്ങളെ സുവീരൻ മനോഹരമായി ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. വേണു എന്ന അച്ഛനെ നികേഷ് റാം മനോഹരമായി ചെയ്തിട്ടുണ്ട്.നികേഷ് കഥാപാത്രത്തിന്റെ പക്വത പൂർണമായി ഉൾക്കൊണ്ടിട്ടുണ്ട്.മകൾക്ക് കൂടുതല്‍ അടുപ്പം അച്ഛനുമായാണ്. അച്ഛനും മകളുമായുള്ള ആത്മബന്ധത്തിൽ അനിതയ്ക്കും സന്തോഷം തന്നെ. എന്നാൽ, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ഈ കുടുംബത്തെ പിടിച്ചുലയ്ക്കുന്നു. ഈ അത്യാഹിതത്തിൽ എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന വേണുഗോപാലിന് സമൂഹത്തിൽ നിന്ന് നേരിടേണ്ടിവരുന്ന പ്രതികരണങ്ങൾ ഞെട്ടിക്കുന്നതാണ്. ഉമ്മി എന്ന കഥാപാത്രത്തെ അതിന്റെ എല്ലാ ഗൗരവത്തോടെ നന്ദന ചെയ്തിട്ടുണ്ട്.
പരിചയപ്പെടുതലൊന്നുമില്ലാത്ത ചില കഥാപാത്രങ്ങൾ സ്‌ക്രീനിൽ മിന്നി മറയുന്നത് പ്രേക്ഷകരിൽ ആശയകുഴപ്പം ഉണ്ടാക്കി.മനോജ് കെ. ജയൻ, ശാന്തി കൃഷ്ണ, നന്ദു, സുനിൽ സുഖദ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ പരിചിതരായ താരങ്ങൾ വേറെയുമുണ്ട് ചിത്രത്തിൽ. എന്നാൽ, ആർക്കും കാര്യമായ പ്രകടനം കാഴചവെക്കാൻ അവസരം ലഭിച്ചില്ല.മഴയത്ത് കണ്ണുനിറക്കുന്ന നല്ല ഗാനങ്ങൾ ചിത്രത്തിൽ ഉണ്ട് .സംഗീത സംവിധാനം നിർവഹിച്ചത് ഗോപി സുന്ദർ ആണ്.