പൊതുവേ മലയാളത്തില്‍ മിക്ക സിനിമകളുടെയും രണ്ടാം ഭാഗങ്ങള്‍ ആദ്യ ഭാഗത്തിന്റെയത്ര മികവ് പുലര്‍ത്താറില്ല എന്നതാണല്ലോ അനുഭവം. ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് നാല് ഭാഗങ്ങള്‍ വരെ വന്നപ്പോഴും ഇതായിരുന്നു സ്ഥിതി. സിനിമയുടെ വിജയവുമായി ബന്ധപ്പെടുത്തിയല്ല ഈ അഭിപ്രായം. എങ്കിലും സി.ബി.ഐ പരമ്പര പോലെ വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമേ തുടര്‍ച്ചകളില്‍ ്രേപക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുമുള്ളു. ദേവാസുരത്തിന്റെ തുടര്‍ച്ചയായ രാവണപ്രഭു മാത്രമാണ് മറ്റൊരു ഉദാഹരണം. ശേഷിക്കുന്നവയില്‍ മിക്കതും തിയേറ്ററുകളില്‍ മുട്ടു കുത്തി. അതിന്റെ പ്രധാന കാരണം ആദ്യ ഭാഗത്തിന്റെ വിജയവുമായി ബന്ധപ്പെടുത്തി പ്രേക്ഷകര്‍ രണ്ടാം ഭാഗം അമിത പ്രതീക്ഷയോടെ കാത്തിരിക്കും എന്നതു തന്നെ. അതായത് വലിയ വിജയമായ ഒരു സിനിമയുടെ രണ്ടാം ഭാഗമാണല്ലോ സാധാരണ ഗതിയില്‍ നിര്‍മ്മിക്കപ്പെടുക. ( ആട് ഒരു ഭീകര ജീവി മറക്കുന്നില്ല ). അതിനാല്‍ മേല്‍ പറഞ്ഞ പ്രേക്ഷക പ്രതീക്ഷ ആദ്യ ഭാഗത്തേതില്‍ ചാര്ത്തപ്പെടുന്നതിലും ഇരട്ടിയാകും രണ്ടാം ഭാഗത്തില്‍. അങ്ങിനെയൊരു ബാധ്യത സിനിമയെയാകെ വിഴുങ്ങുന്നതോടെ ശരാശരി എന്ന അഭിപ്രായം പോലും ദോഷമാകും എന്നതാണല്ലോ സത്യം. മികച്ചതെന്ന അഭിപ്രായത്തിനു മാത്രമേ അങ്ങിനെ ഒരു അവസ്ഥയില്‍ ഏതൊരു രണ്ടാം ഭാഗത്തേയും കരകയറ്റാനാകു. അടുത്തിടേ ഹണീബി 2 ദ സെലിബ്രേഷനൊക്കെ ഈ വിധിയുടെ ഇരയായി ഒടുങ്ങിപ്പോയത് നമ്മള് കണ്ടതാണല്ലോ.
ഇവിടെ വന്‍ വിജയമായ പുണ്യാളന് അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡിനെക്കുറിച്ചാണ് പറയുന്നത്. ഒരു വരിയില്‍ ആദ്യം കാര്യം വിശധമാക്കാം. ആദ്യ ഭാഗത്തിനേക്കാള്‍ മികവുള്ള മലയാള സിനിമയിലെ ആദ്യ രണ്ടാം ഭാഗം. ഇത് ഒരു അതിഭാവുകത്വം കലര്‍ന്ന പുകഴ്ത്തലല്ല. ആ സിനിമ അര്‍ഹിക്കുന്ന അഭിനന്ദനമാണ്. കച്ചവട ലക്ഷ്യത്തിനപ്പുറം ഒരു നല്ല കഥ അതും സമകാലിക പ്രസക്തിയുള്ള ഒരു ആശയം അതിന്റെ ഗരിമ ഒട്ടും ചോര്‍ന്നു പോകാതെ ദൃശ്യവത്കരിക്കുവാന്‍ സംവിധായകനും തിരക്കാകൃത്തുമായ രഞ്ജിത്ത് ശങ്കറിന് സാധിച്ചു. മികച്ച തിരക്കഥയും അതിന്റെ മെച്ചപ്പെട്ട അവതരണവും ചിത്രത്തെ മടുപ്പേതുമില്ലാതെ കണ്ടിരിക്കാവുന്ന നല്ല അനുഭവമാക്കി. ഹാസ്യത്തിനും അതിന്റെ പരിധികള്‍ വിടാത്ത മാന്യമായ ആഖ്യാനവും കഥാഗതിയില്‍ മുഴച്ചു നില്‍ക്കാത്ത തരത്തില്‍ തുന്നിച്ചേര്‍ത്തു സംവിധായകന്. അയ്യേ .... മോശം എന്നു പറയാനാകുന്ന ഒന്നും തന്നെ ഈ സിനിമയിലില്ല. പകരം ഏതു തരം പ്രേക്ഷകര്‍ക്കും അണ്ടാസ്വദിക്കുവാനാകുന്ന ഒരു സോഷ്യല്‍ പൊളിറ്റിക്കല്‍ സറ്റയര്‍. ഒന്നു കൂടി വ്യക്തമാക്കിയാല്‍ മലയാളത്തില്‍ അടുത്തിടേ ഉണ്ടായതില്‍ വച്ച് ഏറ്റവും മികച്ച പൊളിറ്റിക്കല്‍ എന്റര്‍ടൈനര്‍.
ജയസൂര്യ അവതരിപ്പിച്ച നായകകഥാപാത്രം ജോയ് താക്കോല്‍ കാരന് ഈ സമൂഹത്തിലെ സാധാരണക്കാരന്റെ പ്രതിനിധിയാണ്. നമ്മള് ഓരോരുത്തരും പറയണമെന്നാഗ്രഹിക്കുന്നതാണ് ജോയി പറയുന്നത്. നമ്മള് പ്രതികരിക്കണമെന്നാഗ്രഹിക്കുന്ന ഇവിടുത്തെ ജനവിരുദ്ധ വ്യവസ്ഥിതികള്‍ക്കെതിരെയാണ് ജോയി പൊരുതുന്നതും. സമകാല ഇന്ത്യ നേരിടുന്ന , ഭരണപരിഷ്ക്കാരങ്ങളെന്ന പേരില്‍ സാധാരണക്കാരന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട പല നിലപാടുകള്‍ക്കുമെതിരെ നിര്‍ഭയമായി സംസാരിക്കുന്ന ഒരു കഥാപാത്രം. അയാള്‍ നമ്മളില്‍ ഓരോരുത്തരിലും പുകയുന്ന അമര്‍ഷത്തിന്റെ പ്രതിഫലനമാണെന്നു തോന്നിക്കുവാന്‍ സംവിധായകനായി.
ഭരണവര്‍ഗത്തിന്റെ നെറികേടുകള്‍ക്കും താന്‍പോരിമയ്ക്കും എതിരാണ് സിനിമയുടെ ആഖ്യാനം. നോട്ട് നിരോധനം , ഹര്‍ത്താല്‍ , സ്ത്രീ സുരക്ഷ എന്നു വേണ്ട സാധാരണക്കാരന്റെ ചെറിയ ചെറിയ പ്രശ്നങ്ങളിലേക്കു വരെ പല തരത്തില്‍ കടന്നു ചെല്ലുവാന്‍ സിനിമയ്ക്കായി. ആദ്യ ഭാഗത്തില്‍ വളര്‍ത്തി വലുതാക്കിയ ജോയ് താക്കോല്‍കാരനെ രണ്ടാം ഭാഗത്തില്‍ എങ്ങിനെ ഉപയോഗിക്കണമെന്നതില്‍ സംവിധായകന് കൃത്യമായ ആസൂത്രണമുണ്ടായിരുന്നു.
ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയാണ് രണ്ടാം ഭാഗവും. എന്നാല്‍ ജോയി ഉള്‍പ്പടെ ചുരുക്കം കഥാപാത്രങ്ങള്ക്കൊഴികെ കാര്യമായ മാറ്റങ്ങളുണ്ടായി. പുതിയ ചില കഥാപാത്രങ്ങളും വന്നു. എന്നാല്‍ അതൊന്നും സിനിമയെ ഒരു തരത്തിലും ബാധിക്കുന്നതായില്ല. എന്നു മാത്രമല്ല അവരൊക്കെ സിനിമയുടെ ആവശ്യ ഘടകങ്ങളാണെന്നുറപ്പു വരുത്താനും സംവിധായകനായി.
ആദ്യ പാതി ശാന്ത താളത്തില്‍ കഥയിലേക്കു കടക്കുമ്പോള്‍ രണ്ടാം പാതി സംഘര്‍ഷ സമ്പന്നവും ഉദ്യോഗഭരിതവുമായി ചടുലവേഗത്തിലാണ് കടന്നു പോകുന്നത്. എങ്കിലും ആദ്യാവസാനം ഹാസ്യത്തിന്റെ ഒരു നേര്‍ത്ത വര സിനിമയിലാകെ കാണാം. ഒരുപാട് സ്വപ്നങ്ങളുമായി ജീവിക്കുന്ന ഒരു മനുഷ്യന് നേരിടുന്ന എല്ലാ പ്രതിബന്ധങ്ങളെയും ജോയ് താക്കോല്‍ കാരനും അഭിമുഖീകവിക്കുന്നു. അപ്പോഴും ആത്മവിശവാസം തന്നെ ആയുധമെന്ന അയാളുടെ മനസ്സും ചിന്തയും സിനിമയുടെ കരുത്താകുന്നു.
ജോയി താക്കോല്‍കാരനെന്ന കഥാപാത്രത്തെ അത്രയും സ്വാഭാവികവും മനോഹരവുമാക്കി ജയസൂര്യ. ഒപ്പം നിന്നവരില്‍ അജു വര്‍ഗീസിന്റെ ഗ്രീനിഷ് ശര്‍മ്മ മൊബൈല്‍ ഫോണിലെ വീഡിയോ കോളില്‍ മാത്രമായി വരുന്ന കഥാപാത്രമാണ്. ഒപ്പം ശ്രീജിത് രവിയുടെ അഭയനും , ധര്മ്മജന് ബോള്‍ഗാട്ടിയുടെ അഡ്വ പീര്‍ തനീഷും ചിരിയുടെ രസം വിതറി സിനിമയാകെ നിറയുന്നു.
എഡിറ്റിംഗും പശ്ചാത്തല സംഗീതവും സിനിമയുടെ ആകെ ഭാവത്തിനൊപ്പം നിന്നു. അസ്വഭാവികമെന്നു സംശയിച്ച പലതും അങ്ങിനെയല്ല എന്നു തോന്നിപ്പിക്കുന്നതില്‍ സംവിധായകന് വിജയിച്ചു. ചില കഥാപാത്രങ്ങള്‍ കാര്‍ട്ടൂണ്‍ പരുവത്തിലായെങ്കിലും മുഷിപ്പിച്ചില്ല. സ്വാഭാവികമായി വളര്‍ന്ന് ക്ലൈമാക്സിലേക്കുള്ള ചിത്രത്തിന്റെ യാത്ര അതര്‍ഹിക്കുന്ന തരത്തിലായിരുന്നു താനും.
ചുരുക്കത്തില്‍ അടുത്തിടേ മലയാളത്തിലുണ്ടായ നല്ല സിനിമകളുടെ പട്ടികയില്‍ ഇടം പിടിക്കുന്ന പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡിന് ധൈര്യമായി ടിക്കറ്റെടുക്കാം.